വിവരണം – Aslam OM.
പലരും ചോദിക്കുന്നത് കൊണ്ട് കശ്മീർ വഴി ലഡാക്ക് എങ്ങനെ പോകും എന്ന് ഒരു ഐഡിയ പറഞ്ഞു തരാം…
ഈ പറയുന്നത് രാവിലെ എണീറ്റ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വേണ്ടി ആണ്.. രാവിലത്തെ ആ എനർജി ഒന്നു ബല്ലാത്തത് തന്നെ ആണ്… കേരളത്തിൽ നിന്നും വണ്ടികൾ ട്രെയിനിൽ കയറ്റി ഡൽഹി വരെ കൊണ്ടുപോകാവുന്നതാണ്. അപ്പൊ ഡൽഹിയിൽ നിന്നും നമുക്ക് യാത്ര തുടങ്ങാം.

Day :1 ഡൽഹി -പത്താൻകോട്ട് (490km). പത്താൻകോട്ട് എത്തിയാൽ വണ്ടി ഒന്നു ചെക്ക് ചെയ്തു പോയാൽ നല്ലത്.. അവിടെ നല്ല റോയൽ എൻഫീൽഡ് ന്റെ സർവീസ് സെന്റർ ഉണ്ട്. സമയം ഉണ്ടേൽ അമൃത്സർ വാഗാ ബോർഡർ ഒക്കെ കണ്ടു 2 ദിവസം ചെലവഴിച്ചു പോകാം.. പത്താൻകോട്ടിൽ 700 മുതൽ റൂം കിട്ടും..
Day :2 പത്താന്‍കോട്ട് -ശ്രീനഗർ (10 മണിക്കൂർ എടുക്കും (335km). ഒരു 3 ദിവസം ശ്രീനഗർ ചെലവിട്ടാൽ ആദ്യ ദിവസം ദാൽ തടാകവും മുഗൾ ഗാർഡനും കാണുക. അടുത്ത ദിവസം പെഹൽഗാം പോവുക. മൂന്നാമത്തെ ദിവസം ഗുൽമർഗും കണ്ടു കശ്മീർ ഒന്ന് പൊളിക്കാം. കാരണം കശ്മീർ പോലെ മൊഞ്ചുള്ള സ്ഥലം വേറെ ഇല്ല. 800 മുതൽ റൂം കിട്ടും.
Day:3 ശ്രീനഗർ -കാർഗിൽ (202 km) 6 മണിക്കൂർ. പോകുന്ന വഴിയിൽ സോനാമാർഗ് കാണാം, സോചില പാസ്സ് കാണാം, മനോഹരം ആയ ദ്രാസ്സ് കാണാം. കാർഗിൽ യുദ്ധത്തിന്റെ സ്മരണകൾ കാണാം. എല്ലാം ആസ്വദിക്കണം എങ്കിൽ ഒരു ദിവസം കൂടി അധികം ഇവിടെ കരുതുക..
Day:3’4 കാർഗിൽ -ലേഹ് (220km) 6 മണിക്കൂർ. പോകുന്ന വഴികൾ മൊഞ്ചുള്ള ദൃശ്യം മാത്രം തരുന്നതാണ്.. ഇത് പതുക്കെ ആസ്വദിച്ചു ഒരുപാട് ഫോട്ടോകൾ പകർത്തി പോയാൽ സംഭവം കളർ ആകും..അന്ന് ലേഹ് തങ്ങി പിറ്റേന്ന് രാവിലെ തന്നെ ഓൺലൈൻ വഴി പാസ്സ് എടുത്തു. പ്രിന്റ്ഔട്ട് എടുത്തു ഓഫീസിൽ കൊണ്ട് കൊടുത്ത ശേഷം എല്ലാം ശരിയാകാൻ ഒരു 11 മണി ആകും. ബുള്ളറ്റ് ഒന്ന് വീണ്ടും ലേഹ്യിൽ ചെക്ക് ചെയ്യുക.ശേഷം ലേഹ് പാലസ്, ലേഹ് മൊണാസ്റ്റി, ശാന്തി സ്തൂഭ, മാർക്കറ്റു ഇവ ഒക്കെ കണ്ടു നേരെത്തെ കിടന്നുറങ്ങുക 1000 രൂപയ്ക്കു മുകളിൽ റൂമുകൾ ലഭ്യമാണ്.

Day;5 ലേഹ് -ഹുണ്ടർ (126km) രാവിലെ 5 മണിക്ക് എണീറ്റു കർഡുങ്ക പിടിക്കുക റെന്റ് വണ്ടി തടയാതിരിക്കാൻ ഇത് സഹായിക്കും. ശേഷം നുബ്ര വാലി ഒക്കെ കണ്ടു അവിടെ സ്റ്റേ ചെയ്യുക..
Day-6 ഹുണ്ടർ -പാങ്കോങ് (240) km 7 മണിക്കൂർ -ഹുണ്ടറിൽ നിന്നും കൽസാർ വഴി പാങ്കോങ് പിടിക്കുക. ഇത് പൊളി റൂട്ട് ആണ് ഫോട്ടോ എടുത്തോണ്ട് പോവുക.. പാങ്കോങ് ന്റെ അടുത്ത് താമസിക്കാം, ടെന്റ് അടിക്കാം.
Day -7 പാങ്കോങ് -debring 280 km. 8 മണിക്കൂർ -ഹെമിസ് വഴി വന്നു sakthi പിടിച്ചു debring വരുക അവിടെ താമസിക്കുക..
Day:8 Debring-manali (350 km) 10 മണിക്കൂർ.. keylong ജിസ്പ രോഹ്താങ്പാസ്സ് അങ്ങനെ കാണാനും അനുഭവിക്കാനും ഒരുപാട് ഉണ്ട് ഈ റൂട്ടിൽ.. മണാലി എത്തിയാൽ വേണേൽ അവിടെ ഒന്ന് കറങ്ങാം, ഷിംലയിലേക്ക് പോകാം. ഷിംലയിലേക്ക് പോകുന്ന വഴി പൊളി ആണ്.
Day:9 Manali delhi (540 km) . 11 മണിക്കൂർ. കുളുവും മണ്ടിയും ഒക്കെ കടന്നു വേണം ഡൽഹി എത്താൻ വേണേൽ ആസ്വദിച്ചു രണ്ടു ദിവസം കൊണ്ട് ഡൽഹി പിടിക്കാം..
ദിവസങ്ങൾ കൂട്ടുമ്പോൾ മൊഞ്ചു കൂടും.. 2 ദിവസം പ്ലാനിങ്ങിൽ നിർബന്ധം ആയും അധികം കരുതുക കാരണം എന്തും സംഭവിക്കാം. രാത്രി വാഹനം ഓടിക്കരുത് കാരണം അപകടം സംഭവിക്കാം മറ്റൊന്ന് കാണുന്ന കാഴ്ചകൾ മിസ്സാവും. പോകുമ്പോൾ കാണുന്ന ദൃശ്യം ആണ് ലഡാക്കിലെ അത്ഭുതം അതു ഒന്നിന് ഒന്ന് മെച്ചം ആണ്.. ടെന്റ് അടിച്ചാൽ ചെലവ് കുറക്കാം സമയം ലാഭിക്കാം.. ഒരു 15000 രൂപ മുതൽ 20000 രൂപ വരെ ഉണ്ടെങ്കിൽ നന്നായി പോയി വരാം.. വണ്ടിയെ പൊന്നു പോലെ നോക്കുക. പോസ്റ്റ്പെയ്ഡ് സിം കരുതുക.. റൈഡിങ് ഗിയർ, ബൈക്ക് ആക്സസറീസ്, മെഡിക്കൽ കിറ്റ് ഇവ കരുതുക.. രണ്ടാൾ പോകുന്നുണ്ടേൽ 500 cc കൊണ്ട് പോവുക..13000 അടി മുതൽ 18000 വരെ അടി വരെ ഉള്ള പീക്കിൽ അധികം സമയം നില്കാതെ താഴോട്ട് ഇറങ്ങുക..
വണ്ടിയുടെ ബുക്ക് പേപ്പർ, ലൈസൻസ്, id കാർഡ്. ക്ലെച്, ആക്സിലറേറ്റർ കേബിൾ ഓരോന്നു, പഞ്ചർ കിറ്റ്, ചെറിയ എയർ പമ്പ് കിട്ടും (ചവിട്ടി എയർ അടിക്കുന്ന തരം) അതും കയ്യിൽ കരുതുക. പോകുന്നതിനു മുൻപായി വണ്ടി നല്ലപോലെ ഒന്ന് സർവീസ് ചെയ്യുക…

ലഡാക്ക് : സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്റെ സ്ഥാനം. ലോകത്തെ പ്രമുഘ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഒരു ബൈക്ക് വാടകക്കെടുത്ത് കറങ്ങിയാല്‍ ലഡാക്ക് നല്ലവണ്ണം ആസ്വദിക്കാനാവും. സന്ദര്‍ശനത്തിനെത്തുവര്‍ സ്വന്തം വാഹനങ്ങളിലെത്തുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. പരുക്കന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്ടുകളും കരുതേണ്ടത് അത്യന്താപേക്ഷിതമാണ്. തുപ്കാ സൂപ്പ് ന്യൂഡില്‍സ്, മോമോ അഥവാ കൊഴുക്കട്ട എന്നിവ സുലഭമായ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും മേഖലയിലുടനീളമുണ്ട്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമാണെന്ന് മാത്രമല്ല 33 ഡിഗ്രിയില്‍ കൂടാത്ത ചൂട് മാത്രമേ ഇക്കാലത്ത് അനുഭവപ്പെടുകയുള്ളൂ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog