വിവരണം – Kesavan Vjp.
പാലക്കാടായിട്ട് പറമ്പിക്കുളം പോയില്ലല്ലൊ എന്നാലോചിച്ചിരിക്കുബോഴാണ് അവന്റെ വിളി ”നാളെ ഒരു യാത്ര പോയാലോ” എവിടെ പോവണം എന്നായി അടുത്ത ചിന്ത. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തണം എന്നായി അവൻ. നമുക്ക് പറമ്പിക്കുളം പോയാലോ എന്നു ഞാൻ പറഞ്ഞു, അടുത്ത ചോദ്യം അവിടേക്ക് ദൂരമില്ലേ, ഒരു ദിവസം കൊണ്ട് പോയിവരാൻ പറ്റുമോ എന്നൊക്കെയായി.
രാവിലെ 8:00 മണിക്ക് പാലക്കാട് കെ എസ് ആർ ട്ടി സി സ്റ്റാന്റിൽ നിന്നും പൊള്ളാച്ചി വഴി പറമ്പിക്കുളത്തേക്ക് ആനവണ്ടി ഉണ്ട് അതിൽ പോയി അതിൽ തന്നെ തിരിച്ചു വൈകുന്നേരം 4:00 മണിക്ക് പാലക്കാട് എത്താം. അങ്ങനെ കാട് കാണാൻ ഞങ്ങൾ തീരുമാനിച്ചു, രാവിലെ ആനവണ്ടിയിൽ കയറി പറമ്പിക്കുളത്തേക്ക് ടിക്കറ്റെടുത്തു ഒരാൾക്ക് ₹81.8:00 മണിക്ക് കെ എസ് ആർ ട്ടി സി സ്റ്റാന്റിൽ നിന്നും പുറപ്പട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ എത്തി അവിടെ നിന്നും 8:20ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്തേക്ക്(വെള്ളവും കുറച്ചു പഴങ്ങളും ഞങ്ങൾ കരുതിയിരുന്നു).
പൊതുവേ ബസ്സിലെ സൈഡ് സീറ്റിലിരിക്കുമ്പോൾ ഭാവികാര്യങ്ങൾ ചിന്തിക്കാറാണല്ലോ പതിവ്, അങ്ങനെ ചിന്തിച്ചും, വർത്തമാനം പറഞ്ഞിരുന്നപ്പോഴേക്കും പൊള്ളാച്ചി എത്തി. അവിടെ നിന്നും പെട്ടെന്ന് തന്നെ വണ്ടി എടുത്തു, തമിഴ്നാടൻ ഗ്രാമഭംഗി ആസ്വദിച്ചങ്ങനെ സേതുമടൈ ചെക്ക് പോസ്റ്റെത്തി(തമിഴ്നാട്).
ആനവണ്ടിക്കെന്ത് ചെക്കിങ്ങ്, അവിടുന്ന് കാടായി, കാട്ടിനുള്ളിലൂടെ ചെറിയ റോഡ്. കൊടും വളവുകൾ താണ്ടിയാണ് പോക്ക്. ഇത് ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ചേർന്നുകിടക്കുന്ന പ്രദേശമാണ്, പച്ചപ്പിലാണ്ടു നിൽക്കുന്ന പ്രദേശം, ജീവശ്വാസത്തെ ആവാഹിച്ചു അദ്ഭുതത്തോടെ അവിടം വീക്ഷിക്കുന്ന ഞങ്ങളോട് കണ്ടക്ടർ ചേട്ടൻ “നിങ്ങൾ പറമ്പിക്കുളം കാണാൻ വന്നതാണോ, ഞങ്ങൾ വിചാരിച്ചു നിങ്ങൾ ഉദ്യോഗസ്ഥർ ആണെന്ന്”. ആ പറഞ്ഞത് എനിക്കും സുഹൃത്തിനും അങ്ങ് സുഖിച്ചു(ഞങ്ങൾ പി.ജി കഴിഞ്ഞതേ ഉള്ളൂ). വണ്ടിയുടെ വളയം മോഹനേട്ടന്റെ കൈകളിൽ ഭദ്രം, കൊടും വളവുകൾ വളരെ ലാഘവത്തോടെയാണ് അദ്ദേഹം തിരിക്കുന്നത്, ഏഴു വർഷത്തോളം നാടുകാണി ചുരത്തിലായിരുന്നു അദ്ദേഹം .
അങ്ങനെ വണ്ടി പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ടോപ്സ്ലിപ്പിലൂടെയാണ് കടന്നു പോകുന്നത്, സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 240മീറ്റർ ഉയരമുണ്ട്, സസ്യജീവജാലങ്ങളാൽ സമൃദ്ധമാണിവിടം. മുളങ്കാടുകൾക്കുള്ളിലൂടെ വളഞ്ഞും പുളഞ്ഞും ഉള്ള പോക്ക്, ഒരു സാഹസിക യാത്രയുടെ അനുഭൂതിയാണ് ഞങ്ങൾക്ക് തന്നത്. പെട്ടെന്ന് അതാ ഒരാന അവൾ ശാന്തയായി കാട്ടിലേക്ക് പോവുകയാണ്, ഞങ്ങളിൽ പ്രതീക്ഷകൾ വാരാരിയെറിഞ്ഞാണവൾ പോയത്.
കേരളത്തിലേക്ക് സ്വാഗതം എന്ന ബോർഡ് കണ്ടു, കേരളത്തിൽ നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് (എന്താല്ലേ..). വണ്ടി ആനപ്പാടി എന്ന സ്ഥലത്തുള്ള ഫൊറസ്റ്റ് റേഞ്ച് ഓഫിസ്സില് എത്തി, ഇവിടെ ഇറങ്ങിയാൽ നമ്മളെപ്പോലെ മുൻകൂർ ബുക്ക് ചെയ്യാതെ വരുന്നവർക്ക് ആകെയുള്ളത് സഫാരിയാണ്, അതും കിട്ടിയാൽ കിട്ടി ( കുറഞ്ഞത് 25 പേർ ഉണ്ടെങ്കിലേ സഫാരി പോകൂ, ഒരാൾക്ക് ₹200, 3 മണിക്കുർ കാനനയാത്ര.). ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ വരുന്നവർക്ക് സഫാരി കിട്ടാനുള്ള സാധ്യത കൂടുതലാണ്. ബസ്സ് പോകുന്ന വഴിയാണ് സഫാരിയും ഉള്ളത്, അതിൽ കൂടുതലായി ഉള്ളത് കന്നിമാരി തേക്ക് കാണലും ഡാം സന്ദർശനവും(ഞങ്ങളുടെ പരിമിതമായ അറിവിൽ നിന്ന്).അതുകൊണ്ട് തന്നെ ഞങ്ങൾ ബസ്സിൽ നിന്നും പുറത്തിറങ്ങിയില്ല. വണ്ടി അവിടുന്ന് പറമ്പിക്കുളത്തേക്കായി യാത്ര, ഇലപൊഴിയും കാടുകളാലും, നീത്യഹരിത വനംങ്ങളാലും സമ്പന്നമാണ് ഇവിടം. കരിങ്കുരങ്ങിനെ കണ്ടാണ് തുടക്കം, അടുത്തത് മരത്തിൽ അലസതയോടിരിക്കുന്ന സിംഹവാലൻ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുള്ളിമാൻ കൂട്ടങ്ങളെ അങ്ങിങ്ങായി ധാരാളം കാണാം, ആട്ടിൻപറ്റങ്ങൾ മേഞ്ഞുനടക്കുന്നപോലെ മാൻ കൂട്ടങ്ങൾ പുല്‍മേടുകളിൽ മേയുന്ന കാഴ്ച്ച, മഴമേഘത്തെ നോക്കി നൃത്തം ചെയ്യുന്ന മയിലുകൾ, കാട്ടുപന്നികൾ, കാട്ടരുവികൾ, തേക്കിൻകാടുകൾ( ഒന്നും പറയാനില്ല കാണേണ്ട കാഴ്ച്ചയാണ്).
അങ്ങനെ ഞങ്ങൾ തുണക്കടവ് ഡാം എത്തി, മുള കൊണ്ടുള്ള ചങ്ങാടങ്ങൾ ധാരാളമായി കാണാം, ഡാമിൽ മുതലകൾ ധാരാളമുണ്ടെന്നാണ് കേട്ടറിവ്. കാടര്‍, മലയര്‍, മുതുവര് എന്നിവരാണ് ഇവിടുത്തെ കാടിന്റെ മക്കൾ അവർക്കായി ചെറിയൊരു സ്കൂളും ഉണ്ട് ഇവിടെ. വീണ്ടും തേക്കിൻ കാടുകൾ (ഒരു ചെറിയ പുലിയെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചുപോയി).ഇപ്പോൾ മോഹനേട്ടനായി ഞങ്ങളുടെ ഗൈഡ്, ”കാട്ടാനക്കൂട്ടത്തെ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് മോഹനേട്ടന്റെ മറുപടി ഇതായിരുന്നു 25ഓളം കാട്ടാനകളുള്ള കൂട്ടത്തെവരെ കണ്ടിട്ടുണ്ട് അവറ്റകൾ പാവങ്ങളാണ്, മഴ പെയ്താൽ കാട്ടാനയെയും, കാട്ടുപോത്തിനെയും, കരടിയെയും, ഭാഗ്യമുണ്ടെങ്കിൽ കടുവയെയും കാണാനുള്ള സാധ്യതയുണ്ട് ” അങ്ങനെ തുണക്കടവ് ഡാം കാണാൻ പറ്റുന്ന ഡാം വ്യൂ പോയിന്റ് എത്തി.വണ്ടി ഒന്ന് സ്ലോ ചെയ്തു “ഫോട്ടോ എടുത്തോ മക്കളെ” എന്ന് മോഹനേട്ടൻ. വളരെ സന്തോഷമായി, വണ്ടി ഞങ്ങൾക്കുവേണ്ടി സ്ലോ ചെയ്തോ?? ( അവിടൊരു ഹംപുണ്ടോ എന്ന് സംശയമില്ലാതില്ല). അടുത്തത് ഹിൽ വ്യൂ പോയിന്റ് അതും ഫോട്ടോ എടുത്ത് മുമ്പോട്ട്.
അവസാനം പറമ്പിക്കുളം എത്തി, ചെറിയൊരു അങ്ങാടിയാണ് ഇത്. നമ്മുടെ വണ്ടി ഇവിടം വരെയുള്ളു. ചെറിയൊരു സ്തൂപം ഒപ്പം ഒരു ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഏതാനും കടകൾ. 20 മിനിറ്റോളം വണ്ടി ഇവിടെ നിർത്തും, സമയം 12:00 ആയി. കണ്ടക്ടർ ചേട്ടനും മോഹനേട്ടനും കൂടെ ഊണ് കഴിക്കാൻ പോയി( ഞങ്ങളെയും വിളിച്ചിരുന്നു, വയറു നിറച്ചും കാഴ്ച്ചകൾ കിട്ടിയതിനാൽ ഊണ് ഞങ്ങൾ ചായയും കടിയിലുമോതുക്കി).പറമ്പിക്കുളം ഡാം കാട്ടിനുള്ളിലാണ് വനം വകുപ്പിന്റെ അനുമതി വേണം അങ്ങോട്ട് പോകാൻ.12:20 ന് വണ്ടി തിരിച്ചു പാലക്കാടേക്ക്, വീണ്ടും കാഴ്ച്ചകൾ
“മധുരസ്മരണകൾ അല്ലാതെ മറ്റൊന്നും എടുക്കാതിരിക്കുക, കാൽപ്പാടുകൾ അല്ലാതെ മറ്റൊന്നും ഉപേക്ഷിക്കാതിരിക്കുക, സമയത്തെയല്ലാതെ മറ്റൊന്നിനെയും കൊല്ലാതിരിക്കുക” ഈ വാചകങ്ങൾ വായിച്ചു പറമ്പിക്കുളത്തോട് താൽക്കാലികമായി വിടപറഞ്ഞു) അങ്ങനെ വൈകുന്നേരം 4:15ന് ഞങ്ങൾ പാലക്കാട് തിരിച്ചെത്തി.
മോഹനേട്ടനോട് വിടപറയുന്നേരം ” അടുത്ത തവണ വരുബോൾ മൂൻകൂർ ബുക്ക് ചെയ്തു വരാനും, ആനപ്പാടിയിൽ ഇറങ്ങി ഒരു ദിവസം കാട്ടിൽ താങ്ങാമെന്നും പറഞ്ഞു” അങ്ങനെ മോഹനേട്ടന് കൈയ്യും കൊടുത്ത് പിരിഞ്ഞു. ആനവണ്ടിയിൽ കടുവയെ കാണാൻ വീണ്ടും പോകുമെന്ന ഉറച്ചമനസ്സോടെ….
( ശനി,ഞായർ ദിവസങ്ങളിൽ പോകുന്നവർക്ക് സഫാരി കിട്ടാനുള്ള സാധ്യത കൂടുതലാണ്, ആയതിനാൽ 11:30ന് ആനപ്പാടി ഇറങ്ങാം, 3 മണിക്കുർ സഫാരിക്കു ശേഷം വൈകുന്നേരം 5:45ന് പൊള്ളാച്ചിയിൽ നിന്നും വരുന്ന തമിഴ്നാട് ബസ്സിൽ തിരിച്ചു പൊള്ളാച്ചിയിലേക്ക് പോകാം, ശേഷം പൊള്ളാച്ചിയിൽ നിന്നും പാലക്കാടേക്കും. മൻകൂർ ബുക്ക് ചെയ്യുന്നവർക്ക് വനംവകുപ്പിന്റെ ഒരുപാട് മികച്ച പാക്കേജുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.parambikulam.org).