വിവരണം – ഗീവര്ഗ്ഗീസ് ഫ്രാന്സിസ്.
തൊടുപുഴ പട്ടണത്തിൽ നിന്നും ഏകദേശം 27 കീ.മീ ദൂരത്തായാണ് പ്രകൃതി സൗന്ദര്യവും, ആത്മീയ അന്തരീക്ഷവുംഒത്തുചേർന്ന തുമ്പച്ചി മല. തൊടുപുഴയിൽ നിന്നും മുട്ടം, കാഞ്ഞാർ വഴി മൂലമറ്റം പട്ടണത്തിലേക്ക് എത്തുന്നതിനു ഒന്നര-രണ്ട് കിലോ മീറ്റർ മുൻപുള്ള അറക്കുളം കവലയിൽ നിന്നും ഇടുക്കിയിലേക്ക് ചുരം കയറുമ്പോൾ, കുരുതിക്കുളത്തിനും, കരിപ്പലങ്ങാടിനും ഇടയിൽ 9/12 നമ്പർ ഹെയർ പിൻ വളവ് കഴിഞ്ഞയുടനെ റോഡിന്റ്റെ ഇരു വശത്തും തുമ്പച്ചിമല തീർത്ഥാടന കേന്ദ്രത്തിന്റെ ബോർഡും, വലതു വശം ഒരു കപ്പേളയും കാണാം. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ തുമ്പച്ചി മലയുടെ മുകളിലായാണ് സെന്റ്.തോമസ് മൗണ്ട് എന്നും, കാൽവരി മൗണ്ട് എന്നും നാമമുള്ള തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.
റോഡിനു വലതു വശത്തെ കാപ്പേളക്കരുകിൽ നിന്നും ചെങ്കുത്തായ നടപ്പാത കയറി വേണം മലമുകളിലെത്താൻ. നടപ്പാത തുടങുന്നിടത്ത് തുമ്പച്ചി മല തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള ഒരു സ്വാഗത ബോർഡും കാണാം. അടിവാരത്തിന്റെ വശങ്ങളിലേക്ക് കൈവരികൾ കെട്ടി സുരക്ഷിതമാക്കിയ നടപ്പാതക്കരുകിലായി, ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങളും, മനോഹരങ്ങളായ ശില്പങ്ങളോടു കൂടി സ്ഥാപിച്ചിരിക്കുന്നു.
മലമുകളിലേക്ക് എത്തുമ്പോൾ ഭാരതത്തിന്റെ അപ്പസ്തോലനായ സെന്റ്. തോമസിന്റ്റെ രൂപം, അതിനു മുകളിലായി യാക്കോബിന്റെ കിണർ, അതിനടുത്തായി കൽ വിളക്ക്, മലമുകളിൽ ക്രിസ്തുവിന്റെ ജനനം മുതൽ, ഉയിർപ്പു വരെയുള്ള ജീവിത കാലമത്രയും മനോഹരങ്ങളായ ശില്പങ്ങളിലൂടെ പുനരവതരിപ്പിച്ചിരിക്കുന്നു. മനോഹരമായ പ്രകൃതി സൗന്ദര്യത്തിനു നടുവിൽ, തുമ്പച്ചിമല ആത്മീയതയുടെ ഒരു നിറ കാഴ്ചയനുഭവം കൂടി നമുക്കു നൽകുന്നു.
മലമുകളിലെ സെന്റ്. തോമാസ് ദേവാലയവും, ഉണ്ണിമിശിഹായുടെ ഒരു കൊച്ചു ദേവലയവും, പ്രാർത്ഥനക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. മലമുകളിൽ നിന്നും ഒരാൾക്ക് മാത്രം കടന്നുപോകാവുന്ന ഇടനാഴിയിലൂടെ താഴോട്ടിറങ്ങുമ്പോൾ പ്രകൃതിയിലേക്ക് ഒരു വാതായനം തുറന്ന പോലെ തോന്നും. വലിയ പാറക്കെട്ടുകൾക്ക് നടുവിലൂടെയുള്ള ഇടനാഴി അവസാനിക്കുന്ന ഇടത്തു നിന്നും തഴ്വാരത്തേക്കുള്ള കാഴ്ച അവർണനീയമാണ്.
ഗുഹാ മുഖത്തിന്റെ ഇടതു വശത്തായി മത്സ്യത്തിനുള്ളിൽ അകപ്പെട്ട യോനായുടെ രൂപവും, വലതു വശത്തായി ഗുഹക്കുള്ളിൽ സംസ്ക്കരിച്ച ക്രിസ്തുവിന്റെ രൂപവും കാണാം. ഇവിടെ നിന്നും പടവുകൾ കയറിയാൽ പിറവിയുടെ ഗുഹ. ഗുഹക്കുള്ളിലെ ഒറ്റയടിപ്പാതയിലൂടെ അല്പം കുനിഞ്ഞു നടക്കുമ്പോൾ ഇടതു വശത്തായി ക്രിസ്തുവിന്റ്റെ ജനനവും, പൂജ്യ രാജാക്കന്മാരുടെയും, ആട്ടിടയരുടെയും സന്ദർശനവും, മനോഹരങ്ങളായ ശില്പങ്ങളാൽ ചിത്രീകരിച്ചിരിക്കുന്നു. ഒറ്റയടിപ്പാതയുടെ വലതുവശത്തെ കൈ വരികളുടെ സംരക്ഷണത്തിനും അപ്പുറം കണ്ണെത്താ താഴ്ചയിൽ മൂലമറ്റം പട്ടണം. പ്രകൃതി ഒരുക്കിയ ഈ കുടക്കടിയിൽ നിൽക്കുമ്പോൾ ലഭിക്കുന്ന സംരക്ഷണവും, ആത്മീയ ശാന്തതയും, കണ്ണെത്താ ദൂരേക്കുള്ള കാഴ്ച അനുഭവങ്ങളും ഇവിടെ എത്തി അനുഭവിക്കേണ്ടതു തന്നെയാണ്. പിറവി ഗുഹയിൽ നിന്നും അല്പം മുന്നോട്ട് നടന്നാൽ വീണ്ടും മല മുകളിൽ എത്താം.
തുമ്പച്ചി മല തീർത്ഥാടന കേന്ദ്രത്തിൽ പെസഹാ, ദു:ഖ വെള്ളി, ഈസ്റ്റർ ദിവസങ്ങൾ മാത്രമാണ് ഏറ്റവും പ്രത്യേകമായി ആചരിക്കാറുള്ളത് . ദു:ഖ വെള്ളി ദിവസം, മൂലമറ്റം – അറക്കുളം കവലയിൽ നിന്നും കുരിശുമല വരെ ക്രിസ്തുവിന്റെ പീഡാനുഭവ യാത്ര അത്യധികം ഭക്തി നിർഭരമായി എല്ലാ വർഷവും നടന്നു വരുന്നു. ഇതു കൂടാതെ ഞായറാഴ്ചകളിൽ മാത്രമാണ് മല മുകളിലെ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടത്തപ്പെടാറുള്ളത്.
അധികം അറിയപ്പെടാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് തുമ്പച്ചി മല. സമീപ പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായതു കൊണ്ടുതന്നെ നാലു ദിക്കിലേക്കും തുറന്ന കാഴ്ച്ചകളാണ്. സൂര്യോദയവും, അസ്തമയവും വളരെ പ്രത്യേകതകളോടെ തന്നെ കാണാം. മലമുകളിൽ നിന്നും താഴേക്ക നോക്കുമ്പോൾ കാണുന്ന മൂലമറ്റം പട്ടണത്തിലെ, ബസ് സ്റ്റാന്റ്റും, കെട്ടിടങ്ങളും, പവർ ഹൗസും നന്നേ ചെറുതാണ്. കുളമാവു ഡമിൽ നിന്നും 12 കീ.മീ ദൂരത്തേക്ക് ഭൂഗർഭ തുരഗം വഴി വെള്ളമെത്തിച്ച് വലിയ ടർബയ്നുകൾ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ പവർ സ്റ്റേഷനുകളിൽ ഒന്നായ മൂലമറ്റം പവർ സ്റ്റേഷൻ തുമ്പച്ചി മല തുരന്നാണ് നിർമിച്ചിരിക്കുന്നത്.
വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന ജലം സംഭരിക്കുന്ന ഇടുക്കിയുടെ സബ്ബ് റിസർവോയർ കൂടിയായ മലങ്കര ഡാമും, അവിടെ നിന്നും തൊടുപുഴ ആറിന്റെ ഒഴുക്കും മനോഹരമായ കാഴ്ചയാണ്. വളരെ തെളിഞ്ഞ കാലാവസ്ഥയിൽ പടിഞ്ഞാറു ഭാഗത്തെ അറബിക്കടലിലേക്കുള്ള കാഴ്ചക്ക് തടസങ്ങൾ ഒന്നുമില്ല, പക്ഷെ ദൂര കൂടുതലിന്റ്റെ കാഴ്ചയായതിനാൽ വ്യക്തതയില്ല. എങ്കിലും അത്യപൂർവ്വമായ ചില കാലാവസ്ഥകളിൽ അറബിക്കടലിന്റെ ചക്രവാളത്തോളം കാഴ്ച്ച എത്താറുണ്ട്. ചില വൈകുന്നേരങ്ങളിലും, രാത്രികളിലും പടിഞ്ഞാറൻ പട്ടണങ്ങളൾ വ്യക്തമായി കാണാമെന്ന് ഇവിടത്തുകാർ പറയുന്നു, കൂടാതെ കടലോരത്തെ ലൈറ്റ് ഹൗസുകൾ കറങ്ങി വെളിച്ചം കിഴക്കോട്ട് ഒഴുകുന്നതും കാണാമെന്ന് പറയുന്നു..
മഴക്കാലമാണ് തുമ്പച്ചിമലയിലെ കാഴ്ചകളുടെ പൂരം. മാറി മാറി വരുന്ന കാലാവസ്ഥകൾ, ചില സമയം വെയിലും, മഴയും കൺമുന്നിൽ കാണാം. മഴയുടെ അതിർത്തികളും, പെയ്ത്തും, മഴ മേഘങ്ങളും, നമുക്ക് മലമുകളിൽ നിന്നും കാണാം. മഴക്കാലത്ത് താഴ്വാരത്തിലേക്കുള്ള കാഴ്ചകൾ പലപ്പോഴും മൂടൽ മഞ്ഞിൽ തടസപ്പെടാറുണ്ട്, എന്നിരുന്നാലും മനോഹരമായ ഒരു തെളിഞ്ഞ കാഴ്ചക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. മാരുത സഹായത്തോടെ, ആകെ മൂടിയ മഞ്ഞുമേഘങൾ തുളച്ച് പ്രകൃതി നമുക്ക് കാഴ്ചയുടെ ചെറു വാതായനങൾ തുറന്നു തരും. കോടമഞ്ഞിലെ കിളി വാതിലുകളിലൂടെ താഴ്വാര കാഴ്ചകൾ വെളുത്ത പശ്ചാത്തലത്തിലെ ചിത്രങൾ പോലെ തെളിഞ്ഞു കാണും.
മഴക്കാലത്തെ അപൂർവ്വമായ കാഴ്ചകളിലൊന്ന് താഴ്വാരത്ത് ഒത്തു കൂടുന്ന മഴ മേഘങ്ങളാണ്. മല മുകളിലെ കോൺക്രീറ്റ് കൈ വരികൾക്ക് എതിർ വശത്തായുള്ള ഒരേ ഉയരക്കാരായ മലനിരകളിൽ ഇലവീഴാപൂഞ്ചിറ ഉൾപ്പെടെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ സ്ഥിതിചെയ്യുന്നു. ഈ മലനിരകൾക്കും, തുമ്പച്ചിമലക്കും നടുവിലായി അടിവാരത്ത് മൂലമറ്റം, കാഞ്ഞാർ, മുട്ടം എന്നീ സ്ഥലങ്ങളും. മഴക്കാലത്തെ അത്യപൂർവ്വമായ കാഴ്ചകളിലൊന്ന് അടിവാരത്ത് ഒത്തുകൂടുന്ന മഴ മേഘങ്ങളാണ്. കറുത്തിരുണ്ട ഈ മഴ മേഘങ്ങൾ മുഴുവനായി അടിവാരത്ത് പെയ്ത് തീരാറില്ല. കാറ്റടിച്ച് മുകളിലേക്ക് ഉയരുന്ന മഴ മേഘങ്ങൾ തുമ്പച്ചി മലയിലേക്ക് പറന്നു കയറും. ഇരുട്ടും, തണുപ്പും കൂടെ കൂട്ടുന്ന ഈ മഴമേഘങ്ങൾ തൊടുന്നതെല്ലാം നനഞ്ഞൊഴുകും. ഈ മഴമേഘങ്ങളോട് കൂട്ട്കൂടി അല്പ സമയം നിന്നാൽ കിട്ടുന്ന മഴയനുഭവം ജീവിതത്തിൽ പിന്നീടൊരിക്കലും ഉണ്ടാകാനിടയില്ല. നമ്മുടെ മുടിയിലും, ഒരോ രോമകൂപങ്ങളിലും തട്ടിനിൽക്കുന്ന ജല കണങ്ങൾ, നനഞ്ഞൊതുങ്ങുന്ന വസ്ത്രങ്ങൾ, മണ്ണിനോടും, മരങ്ങളോടും ചേർന്ന് പങ്കുവെക്കുന്ന ഈയൊരു തുല്യത വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത ഒരു പ്രകൃതിയനുഭവം തന്നെയാണ്.
കാറ്റടിച്ച് ഉയരുന്ന കാർമുഖിലിനോട് കൂട്ടുകൂടാൻ പാറിപ്പറന്നു നടക്കുന്ന തൂവെള്ള മേഘങൾ, മഴക്കാല കാഴ്ച്ചകളിൽ മാത്രമായി ഒതുങി നിൽക്കും. മഴക്കാലത്തെ മറ്റോരു കാഴ്ച തുമ്പച്ചി മലയുടെ എതിർ മല നിരകളിൽ തമ്പടിക്കുന്ന മേഘ കൂട്ടങളും, അതിൽ നിന്നും ഉത്ഭവിക്കും വിധം താഴോട്ട് ഒഴുകുന്ന ഏഴോളം നീരൊഴുക്കുകളാണ്. ഉയരങ്ങളിൽ നിന്നും നേർത്ത ഉറവകൾ ഇഴ ചേർന്ന്, ഇണ ചേർന്ന്, എപ്പോഴോ മരങ്ങൾക്ക് ഇടയിലേക്ക് ഒളിച്ച്, ഇരുണ്ട മല മടക്കുകളിലൂടെ പുറത്തു ചാടുന്ന നീരൊഴുക്കുകൾ, താഴേക്കുള്ള പകുതി യാത്രയിൽ തന്നെ ചെറു വെള്ളച്ചാട്ടങ്ങളായി രൂപപ്പെട്ട് കാഞ്ഞാറിലേക്ക് കുത്തി ഒഴുകുന്നത് കാണാം. വെയിലേറ്റാൽ വെട്ടിത്തിളങ്ങുന്ന തൂവെള്ള നിറത്തിലെ ഇക്കൂട്ടർ കടും പച്ചപ്പിലൂടെ ഒളിച്ചും, കണ്ടും നടത്തുന്ന ഈ യാത്ര വളരെ മനോഹരമാണ്.
ഇനി തുമ്പച്ചി മലയിലെ വേനൽ കാഴ്ചകൾ……….. പകൽ മുഴുവൻ എത്രമാത്രം വെയിൽ ഉണ്ടെങ്കിലും, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഇവിടത്തെ പ്രത്യേകതയാണ്. മേഘങ്ങളിൽ സൂര്യപ്രകാശം തടഞ്ഞ് അടിവാരത്തുണ്ടാകുന്ന നിഴലുകൾ നല്ലൊരു കഴ്ചയാണ്. വേനലിൽ നമ്മുടെ സഞ്ചാര പാതകളിൽ അല്പം അശ്വാസം തരുന്ന തണലുകളിൽ പലതും, മേഘ കുടകളാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് വളരെ ഉയരത്തിൽ നിന്നും നോക്കുമ്പോൾ മാത്രമാണ്. സൂര്യനു താഴെ വെള്ളി മേഘങ്ങളും, അതിനു താഴെയായി തുമ്പച്ചി മലയും, ഏറ്റവും താഴെ നിഴൽ പതിക്കുന്ന പച്ചപ്പും, ഒന്നു മുകളിലേക്കും, താഴേക്കും മാറി മാറി നോക്കി നിന്നാൽ എല്ലാ മേഘ കുടകളേയും നമുക്ക് തിരിച്ചറിയാൻ കഴിയും.
മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയുള്ള സൂര്യോദയങളും, സൂര്യാസ്തമയങളും വളരെ പ്രധാനപ്പെട്ട ഒരു കാഴ്ചയാണ്. കിഴക്കു വെള്ള കീറുമെന്ന പദ പ്രയോഗം തുമ്പച്ചി മലയിൽ ഒരു ദൃശ്യാനുഭവമാക്കി മാറ്റാൻ സാധിക്കും. മലനിരളുടെ മുനമ്പുകൾക്കു താഴെ തമ്പടിച്ചിരിക്കുന്ന കോടമഞ്ഞ് അതിരിടുന്ന ചക്രവാളങളിൽ വർണ്ണ വിസ്മയം തീർത്ത് ഉദിച്ചു വരുന്ന ആദിത്യനും, അഴലിന്റ്റെ ആഴങളിലേക്ക് മറയും മുൻപ്, ആകാശത്ത് വർണ്ണ വിസ്മയം തീർക്കുന്ന, ചുവന്ന് തുടുത്ത് തിളങുന്ന ആദിത്യനും നൽകുന്ന ദൃശ്യ വിരുന്ന് അവർണ്ണനിയമാണ്. ഈ സമയങളിൽ ചില പ്രത്യേക കാലാവസ്ഥകളിൽ അറബിക്കടലിന്റെ ചക്രവാളത്തോളം എത്തുന്ന കാഴ്ചകളും ലഭിക്കാറുണ്ട്.
തുമ്പച്ചി മലയിൽ ഇരുട്ടു വീണു കഴിഞ്ഞാൽ, അടിവാരത്തെ ചെറു പട്ടണങ്ങളായ മൂലമറ്റം, കാഞ്ഞാർ, മുട്ടം, പടിഞ്ഞാറു ഭാഗത്തുള്ള തൊടുപുഴ അടക്കമുള്ള വലിയ പട്ടണങ്ങൾ, എതിർ വശത്തെ മലനിരകളിലെ വീടുകൾ, നേരെ താഴെ കാണുന്ന മൂലമറ്റം പവ്വർ ഹൗസ്, ഇവയെല്ലാം കൂടിച്ചേർന്ന് ഒരുക്കുന്ന ദീപക്കാഴ്ച നേരിട്ടു കാണേണ്ട ഒരു കാഴ്ച്ച തന്നെയാണ്. രാത്രി വൈകുന്തോറും അണഞ്ഞുവരുന്ന വെളിച്ചെങ്ങൾ കാഴ്ചയുടെ ഭംഗി കൂട്ടുകതന്നെയാണ് ചെയ്യുന്നത്. കറുത്തപക്ഷ രാത്രികളിൽ ആകാശവും, ഭൂമിയും ഒരു പോലെ മിന്നിത്തിളങ്ങും. മൂലമറ്റം പവ്വർ ഹൗസിലെ വൈദ്യുത വിളക്കുകൾ, മലമുകളിൽ നിന്നും നോക്കുമ്പോൾ ഒരു വലിയ കപ്പലിന്റെ ചിത്രം വരച്ച പോലെ കാണപ്പെടും. മൂടൽ മഞ്ഞുള്ള ദിവസങ്ങളിൽ മൂലമറ്റത്തിനും അപ്പുറം ഒരു ദീപക്കാഴ്ച ലഭിക്കാറില്ല. ഇതും വളരെ രസകരമായ ഒരു അനുഭവമാണ്. പവ്വർ ഹൗസിലേയും, ടൗണിലേയും വൈദ്യുത വിളക്കുകൾ മൂടൽ മഞ്ഞിൽ തട്ടി മങ്ങിയ കാഴ്ച തണുപ്പിന് ആക്കം കൂട്ടും.
രാത്രിക്കാഴ്ചകളിൽ പ്രധാനം പൂർണ്ണ ചന്ദ്രന്റെ വരവു തന്നെയാണ്. പൗർണമി ദിവസം കാലാവസ്ഥയും കൂടി ഒത്തുവന്നാൽ തുമ്പച്ചിമല മറ്റൊരളായി മാറും. പൂർണ്ണ ചന്ദ്രൻ തലക്കു മുകളിൽ വന്നാൽ കഴ്ചകളുടെ പൂർണ്ണതയായി, മലമുകളിലെ വെള്ളച്ചാട്ടങ്ങളും, താഴെ തണുത്തുറഞ്ഞ മൂടൽ മഞ്ഞു പോലും ഈ സമയം ചെറു പ്രകാശം പരത്തും. ഇടക്കൊന്നു മേഘങ്ങൾ പനിമതിക്ക് മറപിടിച്ചാൽ, താഴെ ഭൂമിയിലെ വിളക്കുകൾക്ക് തെളിച്ചം കൂടും. ഇങ്ങനെയെങ്കിൽ രാത്രിക്കണോ, പകലിനാണോ കൂടുതൽ ഭംഗിയെന്ന സംശയം കൂടി വരും, രണ്ടും കണ്ടുതന്നെ അറിയണം, എന്നാലും സംശയം ബാക്കി നിൽക്കും.
രാത്രി സമയം മലമുകളിൽ തങ്ങുന്നതിന്ന് നാളിതു വരെ തടസങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജനവാസമുള്ള പ്രദേശം ആയതുകൊണ്ട് രാത്രിയുടെ നിശബ്ദത കാത്തു സൂക്ഷിച്ചാൽ മതി. മലമുകളിൽ മദ്യം, പുകവലി എന്നിവക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പല ഭാഗങ്ങളിലും നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
തുമ്പച്ചി മല ഒരു തീർത്ഥാടന കേന്ദ്രം കൂടി ആയതുകൊണ്ടാകാം ഇതുവരെ പ്രവേശന ഫീസൊന്നും ഈടാക്കി തുടങ്ങിയിട്ടില്ല. പള്ളിയിലെ കാണിക്ക വഞ്ചിയിൽ സമർപ്പിക്കുന്ന നേർച്ച കാഴ്ചകൾ മാത്രമാണ് ആകെയുള്ള വരുമാനം. വിശുദ്ധ വാരവും, ഞായറാഴ്ച്ചകളിലെ തിരു ക്കർമ്മങ്ങളും കഴിഞ്ഞാൽ വളരെ കുറച്ചുപേർ മാത്രമാണ് മല മുകളിലെത്തുന്നത്. ഇതിൽ വിനോദ സഞ്ചാരം മാത്രമായി എത്തുന്നവർ നന്നേ കുറവാണ്. ആയതു കൊണ്ടുതന്നെ തുമ്പച്ചി മലയും പരിസരവും ഒട്ടും തന്നെ മലിനമാക്കപ്പെട്ടിട്ടില്ല. ഇത് എന്നും നിലനിൽക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ആത്മീയതയും, പ്രകൃതി സൗന്ദര്യവും ഒത്തിണങുന്ന തുമ്പച്ചി മലയിൽ, വിജ്ഞാനവും, വിനോദവും, വിസ്മയവും കൂടിച്ചേർന്ന ഒരു യാത്രാനുഭവം, ഇതു വായിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉണ്ടാകാനിടയാകട്ടെ എന്നുകൂടി ആത്മാർത്ഥമായി ആശംസിക്കുന്നു.