വിശുദ്ധ അല്‍ഫോന്‍സാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നാണ്. എ.ഡി 1004-ല്‍ ഭരണങ്ങാനം പള്ളി സ്ഥാപിക്കപ്പെടുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ സ്ഥലത്തും പരിസരപ്രദേശങ്ങളിലും കച്ചവടക്കാരായ ക്രൈസ്തവരുടെ ചെറിയ ചെറിയ സമൂഹങ്ങള്‍ താവളമടിച്ചിരുന്നു. അന്നു സുലഭമായിരുന്ന കുരുമുളകു തുടങ്ങിയ കാര്‍ഷിക വിഭവങ്ങളും സുഗന്ധദ്രവ്യങ്ങളും വനവിഭവങ്ങളും സംഭരിച്ച് അന്നത്തെ വാണിജ്യകേന്ദ്രങ്ങളിലെത്തിക്കുകയെന്നതായിരുന്നു അവരുടെ മുഖ്യതൊഴില്‍. മലയോരപ്രദേശത്തെ ഏറ്റവും പഴക്കംചെന്ന വാണിജ്യകേന്ദ്രങ്ങളിലൊന്നായ അരുവിത്തുറയില്‍ സ്ഥിരതാമസമാക്കിയിരുന്ന ക്രൈസ്തവരില്‍ ചിലരാണു ഭരണങ്ങാനത്തും സമീപപ്രദേശങ്ങളിലും താവളമടിച്ചു കച്ചവടം നടത്തിയിരുന്നതെന്ന് കരുതപ്പെടുന്നു. കാഞ്ഞിരപ്പള്ളി മുതല്‍ കുറവിലങ്ങാടു വരെയുള്ള പ്രദേശങ്ങളില്‍ കുടിയേറിയിരുന്ന ക്രൈസ്തവര്‍ തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അരുവിത്തുറപ്പള്ളിയിലായിരുന്നെന്നു പഴമക്കാര്‍ പറയുന്നു.
എല്ലാ സ്ഥലത്തും പുതിയ പള്ളികള്‍ രൂപംകൊണ്ടിരുന്നു. കുറവിലങ്ങാടും, പാലായിലും പുതിയ പള്ളി സ്ഥാപിതമായി. താമസിക്കാതെ ഭരണങ്ങാനം പള്ളി സ്ഥാപിച്ചു. ക്രൈസ്തവരുടെ തറവാടെന്ന് വിളിക്കപ്പെടുന്ന കൊടുങ്ങല്ലൂരുനിന്ന് കുടിയേറിപാര്‍ത്തവരാണ് പാല, ഭരണങ്ങാനം ഭാഗത്തുള്ള ക്രിസ്ത്യാനികളെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല അധ്വാനികളായ ക്രിസ്ത്യന്‍ കര്‍ഷകരെ എത്തിപ്പെട്ട നാട്ടിലെല്ലായിടത്തും നല്ല രീതിയിലാണ് സ്വീകരിച്ചത്. അവര്‍ക്ക് എല്ലാ നാട്ടിലും കുറഞ്ഞ വിലയില്‍ കൃഷിഭൂമി പതിച്ചുകൊടുക്കുന്നതിന് ആളുണ്ടായി. അങ്ങനെ ക്രിസ്ത്യാനികള്‍ പ്രബലശക്തിയായി മാറി.
കവണാറ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മീനച്ചിലാറിന്റെ ഇരുകരകളിലുമായി വ്യാപിച്ചു കിടന്നിരുന്ന മീനച്ചില്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്നതു തെക്കുംകൂര്‍ രാജാവിന്റെ സാമന്തന്മാരായിരുന്ന കര്ത്താക്കന്മാരാണ്. പ്രജാക്ഷേമതല്പരന്മാരായിരുന്ന മീനച്ചില്‍ കര്ത്താക്കന്മാര് ക്രിസ്ത്യാനികളോട് പ്രത്യേകമായ വാത്സല്യവും പ്രതിപത്തിയും പ്രകടിപ്പിച്ചിരുന്നു. അവരുടെ പടത്തലവന്മാര് പലരും ക്രിസ്ത്യാനികളായിരുന്നു.
1002-ല്‍ പാലാ വലിയപള്ളിക്കുള്ള സ്ഥലം സൌജന്യമായി നല്കിയതും, സ്ഥലവാസികളില്‍ ചിലരുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നു സ്ഥലത്തു വന്നിരുന്നു പള്ളിപണി നടത്തിച്ചു കൊടുത്തതും അന്നു നാടുവാണിരുന്ന മീനച്ചില്‍ കര്‍ത്താവായിരുന്നു. 1004-ല്‍ നിര്‍മ്മിക്കപ്പെട്ട ഭരണങ്ങാനം പള്ളിയുടെ കാര്യത്തിലും ഇതുപോലുള്ള പ്രതിബന്ധങ്ങളുണ്ടായത്രേ. പള്ളിയുടെ സ്ഥാന നിര്‍ണ്ണയത്തെപ്പറ്റി തര്‍ക്കമുണ്ടായി. ഒടുവില്‍ മീനച്ചില്‍ കര്‍ത്താവ് ഇടപെട്ടു. അങ്ങനെയാണ് പണി സുഗമമായി നടന്നത്.
ഒരു ഉള്‍നാടന്‍ ഗ്രാമം മാത്രമായിരുന്ന ഭരണങ്ങാനത്തിന്റെ പ്രസിദ്ധി ഇന്നു കടലുകടള്ക്കപ്പുറത്തും ചെന്നെത്തിയിരിക്കുന്നു. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെട്ട അല്‍ഫോന്‍സാമ്മയുടെ പുണ്യസമാധിയിലൂടെ ഈ പ്രസിദ്ധി അനന്തകാലം നിലനില്ക്കുകയും ചെയ്യും. പാലയില്‍നിന്ന് 8 കിലോമീറ്റര്‍ ദൂരമുണ്ട് ഭരണങ്ങാനത്തിന്.
സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം.
2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന് മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു. കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു.