വിവരണം – സൂരജ് പി.എസ്.
ജൂലൈ 1, തൃശൂരിന്റെ ജന്മദിനത്തിൽ പോവാൻ പ്ലാൻ ചെയ്തൊരു യാത്ര.. അധികമാരും അറിയാത്ത, പോയിട്ടില്ലാത്ത തൃശൂരിലെ 4 സ്ഥലങ്ങളിലേക്ക്.. എന്നാൽ അന്നത് നടന്നില്ല..
ദിവസങ്ങൾക്ക് ശേഷം, 21 ന് ശനിയാഴ്ച രാവിലെ തിരിക്കുന്നു, വീട്ടിൽ നിന്ന്, ഒരു അനിയന്റെ കൂടെ ബൈക്കിൽ..
ആദ്യം മണ്ണുത്തിയിൽ നിന്നു തിരിഞ്ഞ്, മാടക്കത്തറ അടുത്ത് ഒരു പട്ടത്തിപാറ വെള്ളച്ചാട്ടം.. Google Map ന്റെ സഹായത്തോടെ കാടിനുള്ളിലുടെ കുറേ Offroad യാത്ര.. പോകുന്ന വഴിയിൽ കുറേ നീരൊഴുക്കുകൾ.. ആ വെള്ളത്തിലൂടെയും വണ്ടി ഓടിച്ചാണ് അവസാനം വെള്ളച്ചാട്ടത്തിന് അടുത്തെത്തിയത്.. പണ്ട് ഒരു ബ്രാഹ്മണ സ്ത്രീ (പട്ടത്തി) കാട്ടിൽ വിറകു വെട്ടാൻ പോയി, തിരിച്ചു വരുമ്പോൾ ഇൗ വെള്ളച്ചാട്ടത്തിൽ പാറയിൽ വഴുതി വീണു താഴേക്ക് പോയി മരിച്ചുവെന്നും അതിനു ശേഷമാണ് പട്ടത്തിപാറ വെള്ളച്ചാട്ടം എന്ന പേര് വന്നതെന്നുമാണ് കഥ..കഥ വായിച്ചത് ആനവണ്ടി യുടെ ഫേസ്ബുക്ക് പേജിൽ നിന്നായിരുന്നു..
ഞങ്ങളെ കൂടാതെ വേറേ കുറേ പേരും ഇൗ വെള്ളച്ചാട്ടം അന്നേഷിച്ച് വന്നിട്ടുണ്ടായിരുന്നു.. വെള്ളച്ചാട്ടത്തിന് താഴെ കുളിക്കുന്ന നേരത്ത് ഒരുത്തൻ പാറയിൽ വഴുതി, അടുത്തുള്ള വലിയ പാറയിലേക്ക് വന്നിടിച്ചു.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല അവന്.. കാട് കയറി വീണ്ടും ഞങൾ റോഡിൽ എത്തി.. പൂമല ഡാം ആയിരുന്നു അടുത്ത ലക്ഷ്യം..മൊബൈലിൽ Range ഇല്ലാത്തതിനാൽ അടുത്ത് കണ്ട കുറച്ചു ചേട്ടൻമാരോടു വഴി ചോദിക്കാൻ നിർത്തി.. ഒരു വലിയ പച്ച നിറത്തിലുള്ള ഓന്തിനേയും പിടിച്ചു കൊണ്ടായിരുന്നു അവരുടെ വരവ്.. ഒരു മരച്ചില്ലയിൽ അതിനെ ഇരുത്തികൊണ്ട് വരുന്നു.. നല്ല ഭംഗിയായി ഫോട്ടോക്ക് പോസ് ചെയ്തു തന്നു, ആ പച്ച ഓന്ത്..
10 കിലോമീറ്റോളം യാത്ര ചെയ്തു കഴിഞ്ഞ് പൂമലയിൽ എത്തി.. ഡാമിന് അടുത്ത് രണ്ടു മൂന്നു കുതിരകൾ പുല്ലു തിന്നു കൊണ്ടിരിക്കുന്നു, കുറച്ചുപേർ മീൻ പിടിക്കുന്നു, അവരുടെ അടുത്ത് കുറേ വാത്തകൾ നടക്കുന്നു.. ഡാമിൽ പെഡൽ ബോട്ടിൽ കയറാനുള്ള സൗകര്യമുണ്ട്.. ഞങ്ങൾ നേരെ പോയത് ഡാമിന്റെ അങ്ങേ അറ്റത്ത് ഷട്ടർ ന്റെ അടുത്തേക്കാണ്.. ഡാമങ്ങനെ നിറഞ്ഞു നിൽക്കുകയാണ്.. കുറേ ഫാമിലീസും കൂട്ടുകാരുമൊക്കെ വന്നിട്ടുണ്ടായിരുന്നു ഡാം കാണാൻ.. കുറച്ചു Steps ഇറങ്ങി താഴെ ചെന്നാൽ തട്ടു തട്ടായി ഒഴുകി വരുന്ന ഡാമിലെ വെള്ളത്തിന്റെ ഭംഗി കാണാം..
സമയം ഒരു 2.30 ആവുമ്പോഴാണ് ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നത്.. അടുത്തു കണ്ട ഹോട്ടലിൽ നിന്നും പൊറോട്ടയും ബീഫും കഴിച്ചു.. പിന്നെയും യാത്ര തുടർന്നു.. പത്താഴക്കുണ്ട് ഡാമിന് മുകളിലൂടെ വണ്ടിയിൽ പോയി, തൃശൂർ- ഷൊർണൂർ റോഡിൽ കയറി, പിന്നെയും കുറെ ദൂരം സഞ്ചരിച്ച് വിലങ്ങൻ കുന്നിൽ എത്തി.. അതായിരുന്നു മൂന്നാമത്തെ Stop. തൃശൂരിന്റെ അടുത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു കുന്നാണ് വിലങ്ങൻ കുന്ന്.. തൃശൂർ – കുന്നംകുളം റോഡിൽ.. ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച ശരിക്കും കിടുവാണ്.. ചുറ്റും പരന്നു കിടക്കുന്ന പാടങ്ങളും, അകലെ മല നിരകളും, ഏതോ പള്ളിയും, ശോഭ സിറ്റി മാളും എല്ലാം കാണാം, വിലങ്ങൻ കുന്നിന്റെ മുകളിൽ നിന്ന്..
10 രൂപ Entry Fee ഉണ്ട്.. അവിടെ ഓരോ കോണിലും കാണാം, കുറേ കാമുകീ കാമുകന്മാരെ.. കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഉണ്ട്, ഇപ്പൊ കുറച്ചു പണികൾ നടക്കുന്നതിനാൽ പാർക്ക് മാത്രം അടച്ചിട്ടിരിക്കുകയാണ്.. നടക്കാനുള്ള പാതകളും view point കളും മനോഹരമായി പണിതു വച്ചിരിക്കുന്നു, കുന്നിന് മുകളിൽ.. അകലെ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന പാടങ്ങളിൽ വെള്ളം കയറി റോഡ് പോലും മുങ്ങി കിടക്കുന്നത് കാണാമായിരുന്നു.. ആ പാടങ്ങളുടെ അങ്ങേ അറ്റത്തായിരുന്നു ഞങ്ങൾ പോവാനിരുന്ന നാലാമത്തെ സ്ഥലം.. പുള്ള്.. പാടത്ത് വെള്ളം കയറി കിടക്കുന്നതിനാൽ അവിടെ പിന്നെ ഒരു ദിവസം പോകാമെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് തിരിച്ചു..