വിവരണം – Amesh KA.
പാലക്കാട് -മണ്ണാർക്കാട് -അട്ടപ്പാടി -മുള്ളി -ഊട്ടി -മസിനഗുഡി -ബന്ദിപ്പൂർ -ഗുഡലൂർ -നിലമ്പുർ -തൊടുപുഴ, 3 സംസ്ഥാനങ്ങൾ, 4 നാഷണൽ പാർക്കുകൾ, ഹെയർ പിന്നുകൾ എത്രെയെണ്ണം താണ്ടിയെന്ന് കറക്ട് ഓർമയില്ല.. ഒരു മഴ യാത്ര പോകണമെന്ന് മഴക്കാലം തുടങ്ങിയപ്പോൾ തൊട്ട് മനസിലുണ്ടായിരുന്നതാണ്. ഒറ്റക്ക് പോകണമെന്നായിരുന്നു മനസ്സിൽ, പക്ഷെ പൈസ കൈയിൽ കമ്മിയായതുകൊണ്ട് കസിനെലും വിളിച്ചുകൊണ്ടു പോകാമെന്നായി.. അതാവുമ്പോൾ പൈസ ഷെയർ ചെയ്യാൻ ആളായല്ലോ.. അവനോടു ചോദിക്കേണ്ട താമസം പോയെക്കെന്നായി. അങ്ങനെ ഞങ്ങൾ രണ്ടാളും ആദ്യത്തെ ഡെസ്റ്റിനേഷൻ ആയ അട്ടപ്പാടി ലക്ഷ്യമാക്കി രാവിലെ 4 മണിക്ക് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി..
മുവാറ്റുപുഴ തൊട്ട് മഴ ഞങ്ങടെ കൂടെ കൂടി, പാലക്കാട്വരെ അവൻ ഞങ്ങടെ ഒപ്പമുണ്ടായിരുന്നു.. ആദ്യരാവിലെ മഴ നനഞുള്ള പോക്ക് അത്ര രസമായി തോന്നിയില്ലാ.. കാരണം, നല്ല മഴയും നല്ല തണുപ്പും തന്നെ.. പക്ഷെ ഞങ്ങൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു.. മഴയും ആസ്വദിക്കാൻ ശ്രെമിച്ചാൽ കിടുവാണ്.. പോകുന്ന വഴി നമ്മടെ കുതിരാൻ ടണലിലും ഒന്ന് ചവിട്ടി 2 ഫോട്ടോ എടുത്തു.. ടണലിന്റെ പണി ഇനിയും തീർന്നട്ടില്ല.. പാലക്കാട് കഴിഞ്ഞപ്പോഴേക്കും മഴ മാറി, നല്ല വെയിലായി..
മണ്ണാർക്കാടിൽ നിന്നും വലതു തിരിഞ്ഞു അട്ടപ്പാടി റിസേർവ് ഫോറെസ്റ്റിലേക്ക് കേറി.. Silent valley national park ന്റെ ഭാഗമാണ് അട്ടപ്പാടി പോകുന്ന റൂട്ട്.. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന വനം.. എങ്ങും നിശബ്ദത മാത്രം.. ഇടയ്ക്ക് വാനരന്മാരെ കാണാം.. കാട് കഴിഞ്ഞു അട്ടപ്പാടി എന്ന് ചെറു ഗ്രാമമായി.. വലിയ വീടുകളൊന്നുമില്ല, ഭാഗിയാർന്ന പച്ചപ്പുകൾക്കിടയിൽ ചെറിയ കുടിലുകൾ.. അതൊരു കാഴ്ചയാണ്. അട്ടപ്പാടിയിൽ നിന്നും മുള്ളി വരെയുള്ള കാഴ്ച എത്രകണ്ടാലും മതിവരില്ല.. മലയിടുക്കുകളിലൂടെ ഒരു ആറ് ഒഴുകുന്നുണ്ട്. എവിടെ നോക്കിയാലും പച്ചപ്പും മലനിരകളും. അട്ടപ്പാടിയിൽ നിന്നും മുള്ളിയിലേക്ക് ഏകദേശം 32 km കാണും. മുള്ളിയിൽ ചെന്ന് ഉച്ച ഭക്ഷണം കഴിക്കാമെന്ന് കരുതി വഴിയിൽ ആകെ കണ്ട ഹോട്ടലിൽ നിന്നും ഊണ് കഴിച്ചില്ല.. മുള്ളിയിൽ ചെന്നപ്പോൾ ഒരു ചെറിയ കടയും ഒരു ഫോറെസ്റ് സ്റ്റേഷനും മാത്രം.. അങ്ങനെ ഉച്ചഭക്ഷണത്തിന്റെ കാര്യം തീരുമാനമായി.. മുള്ളി കഴിഞ്ഞു തമിഴ്നാട് ഫോറെസ്റ്റിലേക്ക് കടക്കുകയാണ്.. ബൈക്കിന്റെ ബുക്കും പേപ്പറുമെല്ലാം കാണിച്ചു, നമ്പറും എഴുതിക്കൊടുത്ത തമിഴ്നാട്ടിലെ ഫോറെസ്റ്റിലേക്ക് കടന്നു..
ഇനി നേരെ ഊട്ടി.. കിടിലൻ ഹെർപിന്നുകളൊക്കെ കണ്ടു തുടങ്ങി . വഴിയിൽ ഇടയ്ക്ക് ഇടയ്ക്ക് നല്ല ഫ്രഷ് ആനപിണ്ടം.ആന അടുത്തുള്ള പോലെയൊരു ഫീൽ. ഇടയ്ക്ക് ഒരു ഡാം കണ്ടു, അതിനോടനുബന്ധിച്ച് പവർസ്റ്റേഷനും, പെൻസ്റ്റോക്ക് പൈപ്പും,കറന്റ് ലൈനും മലകളിലൂടെ പോകുന്നു. ഹെയർപിന്നുകൾ കുറെ താണ്ടി.. നീലഗിരി മലനിരകളിലൂടെയാണ് പോക്ക്. മേഘങ്ങൾ ഒപ്പത്തിനൊപ്പം എത്തി നിൽക്കുന്നു. പോകുന്ന വഴി എല്ലാം കിടിലൻ വ്യൂ. ബൈക്ക് നിർത്തി ഫോട്ടോ എടുത്തു കൊതി മാറിയില്ല.പതിയെ റോഡുമുഴുവൻ കോട കേറിത്തുടങ്ങി. മലനിരകൾ കോടമഞ്ഞു മറച്ചു. ഊട്ടി 15 km ബോർഡ് കണ്ടു.ഹെയർപിന്നുകളെല്ലാം താണ്ടി. കൃഷി ഇടങ്ങൾ തേയില തോട്ടങ്ങൾ കണ്ടു തുടങ്ങി. തണുപ്പിന്റെ കാഠിന്ന്യം കൂടി തുടങ്ങി. ഊട്ടിയിലെ കുഞ്ഞു ട്രെയിന്റെ റെയിൽവേ സ്റ്റേഷൻ lovedale.
5 മണിയായപ്പോൾ ഊട്ടി ടൗൺ ആയി. ഉച്ച ഭക്ഷണം കിട്ടാത്തൊണ്ട് വയറു ചീത്ത വിളിച്ചു വിളിച്ചു വിശപ്പെല്ലാം കേട്ടിരുന്നു. എന്നാലും ആ വാശിക്ക് ഊട്ടി ടൗണിൽനിന്നും മലയാളികളുടെ ഒരു ഹോട്ടലിൽ നിന്നും ഒരു ചിക്കൻ ബിരിയാണിയും ഒരു ഡബിൾ ഓംലെറ്റും അങ് തട്ടി. ആ ഹോട്ടലിൽ തന്നെ റൂം ശെരിയാക്കി ഒന്ന് ഫ്രഷായിട്ട് ഊട്ടി ടൗൺ കാണാൻ ഇറങ്ങി. Botanical garden, rose garden നും ജസ്റ്റ് ഒന്ന് പുറത്തു നിന്നും കണ്ടു. 6 മണിക്ക് ഗാർഡൻ എല്ലാം close ചെയ്യും. പിന്നെ ooty lake കണ്ട്, ഒരു കുന്നിന്റെ പൊക്കത്തു കേറി ഊട്ടി ടൗണിന്റെ നൈറ്റ് വ്യൂഉം പകർത്തി. ഊട്ടി പട്ടണം നൈറ്റ് വ്യൂ ഒരു കാഴ്ച തന്നെയാണ്. നമ്മുടെ തൊടുപുഴയെക്കാളും വല്ല്യ പട്ടണമാണ് ഊട്ടി. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ നിൽക്കുന്ന പട്ടണം. ഒരു തട്ടുകടയിൽ നിന്നും ചായയും ഒരു കടിയും അവൻ ഒരു ഓംലെറ്റും കഴിച്, മുറിയിൽ ച ചെന്ന് സ്റ്റാറ്റസെല്ലാം അപ്ഡേറ്റ് ചെയ്തു. പിന്നെ ഉറക്കത്തിലേക്ക് വീണു.
രാവിലെ 7 മണി, ഊട്ടിയിലെ പ്രഭാതം. ജനൽ തുറന്നിട്ടിരുന്നാൽ സൂര്യന്റെ പ്രകാശം കണ്ണിലേക്കു തന്നെ അടിച്ചുകൊണ്ടിരുന്നു. അവനെലും കുത്തിപ്പൊക്കി, തണുപ്പത്തുള്ള ഒരു കുളിയും പാസ്സാക്കി 8 മണിക്ക് തന്നെ ഹോട്ടലിൽ നിന്നും check outayi ഇറങ്ങി. മസിനഗുഡിയിൽ ചെന്നാകാം രാവിലത്തെ ഭകഷണമെന്നു തീരുമാനിച്ചു. മസിനഗുഡി ലക്ഷ്യമാക്കി ബൈക്ക് പായിച്ചു. Google map നോക്കി മസിനഗുഡിക്ക് ഊട്ടി ഗ്രാമങ്ങളിലൂടെയും കൃഷി ഇടങ്ങളിലൂടെയുമുള്ള ഒരു വെറൈറ്റി റൂട്ട് കണ്ട് പിടിച്ചു. അതിമനോഹരമായ ഊട്ടി പ്രാന്തപ്രേദേശങ്ങൾ. ആ കാഴ്ചകൾ എഴുതി അറിയിക്കാൻ പറ്റില്ലാ. റൂട്ട് തെറ്റിയോ എന്ന സംശയത്തിൽ വഴി ചോദിച്ച അണ്ണമ്മാരെല്ലാം പറഞ്ഞത്. “ഇന്ത വളി മസിനഗുഡിക്ക് പോകമാട്ടെ “, എന്നാണ്. പിന്നെ ചോദിക്കാനൊന്നും നിന്നില്ല google map നെ വിശ്വസിച്ചു വണ്ടി വിട്ടു. എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് അവസാനം മസിനഗുഡി എത്തി. അപ്പോൾ മനസിലായി പെണ്ണ് ചതിച്ചാലും google map ചതിക്കില്ലെന്ന്.
മസിനഗുഡിയിൽ ഒരു ഹോട്ടലിൽ കേറി നല്ല ചൂട് നെയ്റോയ്സ്റ്റും വടയും നല്ല കടുപ്പത്തിലൊരു ചായയും കുടിച്ചു. അവൻ 3 ചായ കുടിച്ചു. തമിഴൻ ചായക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. ഞാനും പറഞ്ഞു 2 tea കൂടി. പ്രഭാത ഭക്ഷണമെല്ലാം കഴിഞ്ഞു, മസിനഗുഡിയിൽ നിന്നും right ബന്ദിപ്പൂർ നാഷണൽ പാർക്കും left ഗുഢലുർ നാഷണൽ പാർക്കും. അതായത് right കർണാടക സ്റ്റേറ്റും left തമിഴ്നാട് സ്റ്റേറ്റും. വലതു തിരിഞ്ഞ് നേരെ കർണാടക ചെക്ക്പോസ്റ്റും കഴിഞ്ഞ് Bendipur Tiger Reserve ലൊട്ടു കേറി. മാൻകൂട്ടം ഏതു സമയവും വഴിയരിൽ കാണും. ശാന്തമായ വനം. മയിലുകൾ ഇടയ്ക്ക് ഇടയ്ക്ക് കണ്മുന്നിലെത്തും. ബൈക്ക് വഴിയരികിൽ ജസ്റ്റ് ഒന്ന് നിർത്തിയതിന് പുറകെ വന്ന ഫോറെസ്റ്റുകാരുടെ വായീന്നു ചീത്തയും കേട്ടു. ബന്ദിപ്പൂർ ചെന്ന് നേരെ അതെ റൂട്ടിൽ മസിനഗുഡി , പിന്നെ വീണ്ടും തമിഴ്നാട് കേറി, Mudumalai national parkil കൂടെയായി യാത്ര.
കാടിന്റെ സ്വഭാവമൊക്കെ ഒരുപോലെതന്നെ. സ്റ്റേറ്റ് മാറിയപ്പോൾ പേര് മാറിയെന്നേയുള്ളു. പോകുന്ന വഴി ആനകൂട്ടം മാൻകൂട്ടം എല്ലാവരെയും വഴിയിൽ കണ്ടു. സർപ്രൈസായി ബൈക്കിന്റെ മുന്നിൽ കാട്ടുപോത്തുകളും വന്നു. ഞങ്ങളെ കണ്ട ഭാവം നടിച്ചില്ല അവന്മാര്. ഗുഢലുർ എത്തി 2, 3 ചായ കുടിച്ചു. ഇനി തേക്കുകളുടെ നാടായ നിലബുരിലേക്ക്. തമിഴ്നാട് കാട് കഴിഞ്ഞ്. കേരളത്തിൽ കേറിയപ്പോഴേ മഴ കൂട്ടിനെത്തി ഒപ്പം നല്ല കോടമഞ്ഞും. റോഡിന്റെ ഇരുസൈഡിലും കിടിലൻ കാഴ്ചകൾ. 2 മണിയോടെ നിലമ്പുർ എത്തി. ഉച്ച ഭക്ഷണം കഴിച്ചു. പിന്നെ നേരെ കാലിക്കറ്റ് -പെരിന്തൽമണ്ണ -തൃശൂർ കൂടി വീട് പിടിച്ചു.
മൺസൂൺ റൈഡ് വിചാരിച്ചതിനെക്കാളും ഗംഭീരമായി. ഓർത്തുവെക്കാൻ വീണ്ടും കുറെ നല്ല കാഴ്ചകളും അനുഭവങ്ങളും. ഇനിയും യാത്രകൾ തുടരും.