പാലസ്തീൻ രണ്ടായി വിഭജിക്കുവാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചതോടുകൂടി ഇസ്രായേലിനെ നശിപ്പിക്കുവാനും, ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനം നടപ്പിൽ വരുത്താതിരിക്കാനും ഇസ്രായേലിനു ചുറ്റുമുള്ള ഈജിപ്റ്റ്, ജോർദ്ദാൻ, ലബാനോൻ, സിറിയ, ഇറാക്ക് എന്നീ അഞ്ചു അറബ് രാജ്യങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ കുരുത്ത ചെറിയ രാജ്യമായ ഇസ്രായേൽ ഈ അഞ്ചു രാജ്യങ്ങളുടെ സൈന്യത്തെ എങ്ങനെ നേരിടും എന്ന ആകാംക്ഷയോടെ ലോക രാഷ്ട്രങ്ങൾ നോക്കി നില്ക്കുകയാണ് ചെയ്തത്. പലസ്തീന്റെ പ്രശ്നത്തിൽ ഈ അറബിരാജ്യങ്ങൾ ഐക്യത പ്രകടിപ്പിച്ചുവെങ്കിലും സംയോജിച്ചുള്ള ഒരു യുദ്ധത്തിനു ആവശ്യമായ പ്ലാനും പദ്ധതിയും ഇവർക്കില്ലായിരുന്നു. ഓരോരുത്തരും സ്വതന്ത്രമായി ഇസ്രായേലിനെ നേരിടുവാനാണ് തീരുമാനിച്ചത്.
അറബ് രാഷ്ട്രങ്ങളിൽ ഏറ്റവും വിപുലമായ സൈനിക ശക്തിയായ ഈജിപ്ത് 10,000 സൈനികരെ യുദ്ധത്തിനായി അണിനിരത്തി. മെയ് 15 ന് സൈന്യത്തിലെ ഒരു വിഭാഗം കയ്റോയിൽ നിന്ന് സീനായി ലക്ഷ്യമാക്കി പുറപ്പെട്ടു.
ഇസ്രായേലിന്റെ തെക്കുവശത്തുള്ള സീനായിൽ കൂടി നിരീം(Nirim), കഫർ ഡറോം (Kfar Darom) തുടങ്ങിയ ജൂത സെറ്റിൽമെന്റ്കൾ ആക്രമിച്ച് ഹെബ്രോൺ ലക്ഷ്യമാക്കി മുന്നേറുക എന്നതായിരുന്നു യുദ്ധ തന്ത്രം. ഇതേ സമയം ഈജിപ്ത് സൈന്യത്തിന്റെ മറ്റൊരു വിഭാഗം ഗാസാ സ്ട്രിപ്പ് വഴി ടെൽ അവിവ് ലക്ഷ്യമാക്കി നീങ്ങി. ഈജിപ്റ്റിലെ ഫറൂക്ക് രാജാവു തന്റെ സൈന്യം സീനായി കടന്നു ഇസ്രായേലിന്റെ പ്രധാന നഗരമായ ടെൽ അവീവ് ആകമിച്ചു നശിപ്പിക്കുന്നതു സ്വപ്നം കണ്ടുകൊണ്ടിരുന്നു.
സിറിയയിൽ നിന്നും മെയ് 14 ന് 4000 സൈനികർ കവിചിത വാഹനങ്ങളിൽ വടക്ക് ഗലീലി തീരം കടന്ന് ഇസ്രായേലിൽ പ്രവേശിച്ചു ആക്രമണം ആരംഭിച്ചു. ഇറാക്കിലെ ഭരണാധികാരിയായിരുന്ന നൂറിപാഷ രണ്ടായിരം ഇറാക്കു ഭടന്മാരെ പലസ്തീനിലേക്കു അയച്ചു. ജോർദാന്റെ വടക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ജോർദാൻ നദി കടന്ന് ഇസ്രായേൽ പ്രവിശ്യയിൽകൂടി അവർ ആക്രമണങ്ങൾ തുടങ്ങി. അറബ്- ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുത്തവയിൽ ഏറ്റവും ചെറിയ സൈനിക നിരയായിരുന്നു ലെബനോൻന്റെത് . 1000 സൈനികർ വരുന്ന ലെബനൻ സൈന്യം ഇസ്രായേലിന്റെ വടക്ക് നിന്നും ഗലീലിയായിൽകൂടി ആക്രമിച്ചു.
യോർദ്ദാന്റെ ഇരുകരയേയും ബന്ധിപ്പിക്കുന്ന അല്ലൻബി പാലത്തിന് സമീപം 4500-ഓളം വരുന്ന ജോർദ്ദാന്റെ സൈന്യം യുദ്ധത്തിനായി ഒരുങ്ങിനിന്നു. എന്നാൽ മറ്റു രാജ്യങ്ങളുടെ സൈനീക നീക്കത്തെക്കുറിച്ചു ജോർദ്ദാന്റെ സൈന്യാധിപനായിരുന്ന ഗ്ലബ് പാഷായിക്കു യാതൊരറിവും ഇല്ലായിരുന്നു. പുണ്യഭൂമിയായ ജറുശലേമിനെ ആക്രമിക്കുന്നതിനോ നാശനഷ്ടങ്ങൾ വരുത്തുന്നതിനോ ജോർദ്ദാന്റെ രാജാവായിരുന്ന അബ്ദുള്ളക്ക് മനസ്സില്ലായിരുന്നു. ഭീഷണി മുഴക്കുന്നതിനും ഒരു ആക്രമണത്തിന്റെ ഭാവം നടിക്കുന്നതിനുമേ അബ്ദുള്ള ആഗ്രഹിച്ചുള്ളു.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തിലും സ്വാധീനത്തിലും കഴിയുന്ന ജോർദ്ദാൻ ജറുസലേമിനെ ആക്രമിക്കുകയില്ലെന്ന് അബ്ദുള്ള രഹസ്യമായി ബ്രിട്ടനു വാക്കു കൊടുത്തിരുന്നു. ജോർദ്ദാൻ സൈന്യമായ അറബ് ലീജിയന്റെ സർവ്വ സൈന്യാധിപനായിരുന്ന സർ ജോൺ ബാഗോത്ത് (ഗ്ലബ്പാഷ) ഒരു ബ്രിട്ടീഷ് ജനറൽ ആയിരുന്നു.
അറബി രാജ്യങ്ങളുടെ ഈ പ്രതികരണത്തിൽ അറബ് ലീഗിന്റെ സെക്രട്ടറി ജനറലായിരുന്ന “അസാം പാഷ” വളരെ സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു ‘നശീകരണത്തിന്റെയും നരഹത്യയുടെയും ഒരു ഭീകര യുദ്ധമായിരിക്കും ഇത്.’
കഴിഞ്ഞ അഞ്ചു മാസങ്ങളിൽ അറബികൾ മുഴക്കിക്കൊണ്ടിരുന്ന ഭീഷണിയുടെ അർത്ഥം അവർ വേണ്ടവിധത്തിൽ മനസ്സിലാക്കിയില്ലെങ്കിലും, ഇസ്രായേൽ മനസ്സിലാക്കി. ഇന്നലെ മുളച്ചുവന്ന ഇസ്രായേലിനെ അഞ്ചു രാജ്യങ്ങൾ ചേർന്നു ആക്രമിച്ചാൽ നിഷ്പ്രയാസം അതിനെ നശിപ്പിക്കാമെന്നായിരുന്നു അറബികൾ കണക്കു കൂട്ടിയിരുന്നത്.
എന്നാൽ ഇപ്പോഴേക്കും ഇസ്രായേൽ ആർജ്ജിച്ച സൈനീകശക്തി അവർക്കു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനം നടത്തിയ അന്നു രാത്രിയിൽ തന്നെ ഈജിപ്റ്റിന്റെ യുദ്ധവിമാനങ്ങൾ ടെൽ അവീവ നഗരത്തിൽ ബോംബുകൾ വർഷിച്ചു. “ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമരത്തിനു തുടക്കം കുറിക്കുകയാണ് ഈ ബോംബുകൾ എന്നു ” റേഡിയോയിലൂടെ ബൻഹൂറിയൻ ഇസ്രായേൽ ജനതയെ അറിയിച്ചു.
രാഷ്ട്രത്തിന്റെ പഖ്യാപനം കഴിഞ്ഞയുടൻ തന്നെ ജറുസലേമിൽ സംഘട്ടനം ആരംഭിച്ചു. ജറുസലേമിലെ മുഫ്തി ഹുസൈനിയുടെ സേന യഹൂദർ താമസിക്കുന്ന പുതിയ ജറുസലേമിലേക്കു നിറയൊഴിച്ചു. മതിൽ കോട്ടക്കകത്തുള്ള “പഴയ ജറുസലേമിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗവും അറബികൾ ആയിരുന്നു”. അവിടെ താമസിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട യഹൂദർക്കും അവരുടെ റബിമാർക്കും ഈ യുദ്ധത്തോട് അശേഷം താല്പര്യമില്ലായിരുന്നു . ന്യൂനപക്ഷമായി താമസിക്കുന്ന ഇവർ അറബികളുമായി സ്നേഹബന്ധത്തിലാണ് കഴിഞ്ഞ കാലങ്ങളിൽ ജീവിച്ചുപോന്നത്. എന്നാൽ സംഘട്ടനം ആരംഭിച്ചതോടുകൂടി ഇവരുടെ നില അപകടത്തിലായി സംഘട്ടനം തുടങ്ങിയപ്പോൾ കവർച്ചയും കൊള്ളയും നഗരത്തിന്റെ പല ഭാഗങ്ങളിൽ ആരംഭിച്ചു. ഗുരുതരമായ പരുക്കുകൾ ഏറ്റു ധാരാളം പേർ ആശുപതികളിലേക്കു മാറ്റപ്പെട്ടു. ഹാഗ്നാഗ് സൈന്യത്തിന്റെ ഒരു ചെറിയ വിഭാഗം പഴയ യരുശലേമിലെ യഹൂദരുടെ സംരക്ഷണത്തിനായി അവിടെ എത്തിയിരുന്നു. ജറുസലേമിൽ ഉണ്ടായിരുന്ന എല്ലാ മതസ്ഥാപനങ്ങളും പള്ളികളും, കോൺവന്റുകളും സുന്നശോഗുകളും ഹാഗ്നാഹിന്റെയും അറബികളുടെയും യുദ്ധസങ്കേതങ്ങളായി മാറി.
കയറോയിൽ നിന്നും സീനായി വഴി ടെൽ അവീവ് ലക്ഷ്യമാക്കി പുറപ്പെട്ട ഈജിപ്ത് സൈനീകർക്കു വഴിയിൽ ഒരു ഇസ്രായേൽ കോളനിയോ ഗ്രാമമോ കാണാൻ കഴിഞ്ഞില്ല. അവർ കണ്ടുമുട്ടിയതെല്ലാം അറബികളുടെ വാസസ്ഥലങ്ങളാണ്. ഒരു സൈന്യത്തിന്റെ കമാൻഡർ യുദ്ധരംഗത്തു യാതൊരു പരിചയവും ഇല്ലാത്ത ഒരു കേണൽ ആയിരുന്നു. ഒരു ഇസ്രായേൽ ഗ്രാമം തേടിപ്പിടിക്കുവാൻ അവരുടെ മാർഗ്ഗം വിട്ടു 9 മൈൽ പോകേണ്ടിവന്നു. ഒരു വിഭാഗം ഈജിപ്റ്റ് സൈനീകർ ഇങ്ങനെ പ്രഭാതത്തോടുകൂടി ഒരു ഇസായേൽ ഗ്രാമം കാണുകയുണ്ടായി. നിസ്സഹായരായി ഒറ്റപ്പെട്ടു കഴിയുന്ന ഈ ഗ്രാമം കൊള്ളയടിച്ചു നശിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി അവർ അതിനെ സമീപിച്ചപ്പോൾ ഗ്രാമത്തിന്റെ നാലു വശവുമുള്ള കിടങ്ങുകളിൽ നിന്നും തോക്കുകളുടെ തുരുതുരായുള്ള വെടിയുണ്ടകളാണ് ഇവരെ സ്വീകരിച്ചത്. ഇവരിൽ ഒരു നല്ല പങ്കു ഇസ്രായേൽ തോക്കുകളുടെ വെടിയുണ്ടകൾക്ക് ഇരയായി .വിശാലമായി കിടക്കുന്ന മണലാരണ്യത്തിൽക്കൂടി അസഹ്യമായ ചൂടിൽ ബാക്കി ശേഷിച്ചവർ തിരിഞോടുവാൻ തുടങ്ങി. ദാഹിച്ചു പൊരിഞ്ഞു വന്നവർക്കു വെള്ളംപോലും അവരുടെ ക്യാമ്പിൽ ലഭ്യമായിരുന്നില്ല. ഇസായേലിനെ കടലിൽ തൂക്കിയെറിഞ്ഞു വിജയരേരി മുഴക്കി തിരികെ വരുവാൻ സ്വപ്നം കണ്ടുകൊണ്ടിരുന്ന ഇവർക്കു ഇനിയും എങ്ങനെയെങ്കിലും മരുഭൂമിയിൽ വെറുതെ ജീവൻ കളയാതെ തിരികെപ്പോയാൽ മതിയെന്നായി.
നാസി ജർമ്മനിയിൽ നിന്നും പരിശീലനം നേടിയ ഫൗസി കട്ടുബ എന്ന അറബി പഴയ ജറുസലേമിലെ യഹൂദരുടെ വീടുകൾ ബോംബ് വെച്ച് തകർക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അറബികൾ യഹൂദരുടെ തെരുവുകളും വീടുകളും വളഞ്ഞു. ഹാഗ്നാഹിന്റെ ഒരു വിഭാഗം അറബികളുടെ ഈ ആക്രമണത്തെ ശക്തിയായി എതിർത്തുവെങ്കിലും സംഖ്യാബലം കൂടുതൽ ഉണ്ടായിരുന്ന ജറുസലേമിലെ മുഫ്തിയുടെ സേന പഴയ യരുശലേമിലെ യഹൂദ സങ്കേതങ്ങൾ തകർത്തു. ഒരു ദിവസത്തെ ആക്രമണം കൊണ്ടുതന്നെ യഹൂദ വിഭാഗത്തിന്റെ പകുതി സ്ഥലങ്ങളും സ്ഥാപനങ്ങളും അറബികൾ കൈവശമാക്കി. ഇവിടെ നിന്നും ഓടിരക്ഷപെട്ട യഹൂദ കുടുംബങ്ങൾ അടുത്തുള്ള സിനഗോഗുകളിൽ അഭയം പ്രാപിച്ചു. മുഫ്തിയുടെ സേന ചുറ്റും വളഞ്ഞതോട് കൂടി കീഴടങ്ങുകയല്ലാതെ വേറേ നിവർത്തിയില്ലാ എന്ന് പഴയ യെരുശലേമിലെ യഹൂദർക്ക് മനസിലായി.
ജോർദ്ദാൻ സൈന്യം ജറുസലേമിൽ കടക്കാൻ മനസ്സുവയ്ക്കാതെ അകന്നു നിൽക്കുകയും മുഫ്തിയുടെ സേനകളുടെ കൈവശമുണ്ടായിരുന്ന എല്ലാ വെടിക്കോപ്പുകളും തിരകളും( Bullet) തീരുകയും ചെയ്തിരുന്ന സന്ദർഭത്തിലാണ് അപ്രതീക്ഷിതമായി ഇങ്ങനെ കീഴടങ്ങലിന്റെ തീരുമാനം അവർക്കു അറിയുവാൻ കഴിഞ്ഞത്. പഴയ ജറുസലേമിലെ യഹൂദർ നിരുപാധികം കീഴടങ്ങുവാൻ തയ്യാറാണെന്നുള്ള സന്ദേശം ഇസ്രായേലിനെ നശിപ്പിക്കുന്നതിൽ അറബികൾക്കു കൈവന്ന ആദ്യത്തെ വമ്പിച്ച വിജയമായി അവർ ഇതിനെ കരുതി. റെഡ്ക്രോസിന്റെ അകമ്പടിയോടുകൂടി പഴയ ജറുസലേമിൽ താമസിക്കുന്ന സകല യഹൂദരും മതിലിനു പുറത്തു പുതിയ ജറുസലേമിലെ അഭയാർത്ഥി ക്യാമ്പുകളിലേക്കു പൊയ്ക്കൊള്ളണമെന്നും, ആയുധങ്ങൾ കൈവശമുള്ളവർ തടവുകാരായി ജറുസലേമിലെ മുഫ്തിയുടെ സേനക്കു കീഴടങ്ങണമെന്നും ആയിരുന്നു അറബി നേതാക്കളുടെ വ്യവസ്ഥ. കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ നിൽക്കുന്ന മുഫ്തിയുടെ സേനക്കല്ല, ജോർദ്ദാൻ സേനയ്ക്കു കീഴടങ്ങുവാനാണ് ജറുസലേമിലെ യഹൂദ റബി “വാറിംഗ്ടൻ’ തീരുമാനിച്ചിരുന്നത്. എന്നാൽ ജോർദ്ദാനിലെ സേന ജറുസലേമിൽ നിന്നും അനേകം മൈൽ അകലെയാണ് ഇപ്പോഴും പാളയമടിച്ചിരിക്കുന്നത്. ജോർദ്ദാൻ സൈന്യം ജറുസമിൽ പ്രവേശിക്കുന്നതുവരെ പഴയ ജറുസലേമിലെ യഹൂദജനം മുഫ്തിയുടെ അനുയായികൾക്കു കീഴടങ്ങാതെ, അവർ അഭയം പ്രാപിച്ചിരുന്ന സിന്ഗോഗുകളിൽ തന്നെ തല്ക്കാലം കഴിഞ്ഞുകൂടുവാൻ തീരുമാനിച്ചു.
ജോർദ്ദാൻ സൈന്യം ജറുസലേമിൽ കടക്കാതെ അകലെ മാറി നിന്നത് ജറുസലേമിലെ ഹാഗ്നാഹ സേനയുടെ കമാൻഡറായ ഷേയ്തത്തലിനു ധൈര്യം നല്കി. പുതിയ ജറുസലേമിൽ നിന്നും പഴയ ജറുസലേമിലുള്ള അറബികളുടെ നേരെ ഹാഗ്നാഹ് സേനയുടെ ആക്രമണം അതിരൂക്ഷമായി പുനരാരംഭിച്ചു. മുഫ്തിയുടെ പലസ്തീൻ സേനക്കു ജറുസലേമിൽ പിടിച്ചു നിൽക്കുവാൻ കഴിയാത്ത ഒരു സ്ഥിതി വന്നുചേർന്നു. അവരുടെ കൈവശമുണ്ടായിരുന്ന തിരകൾ(Bullet’s) എല്ലാം ലക്ഷ്യമില്ലാതെ നിറയൊഴിച്ചു നഷ്ടമാക്കി.ഇനിയും ജോർദ്ദാൻ സേനയുടെ സഹായം കൂടാതെ പഴയ ജറുസലേമിനെ രക്ഷിക്കുവാൻ സാദ്ധ്യമല്ലെന്നു കണ്ടപ്പോൾ, ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലേക്കു അടിയന്തര സന്ദേശങ്ങൾ പലസ്തീനിലെ അറബി നേതാക്കൾ അയയ്ക്കക്കുവാൻ തുടങ്ങി. “ജോർദ്ദാൻ സേനയെ ഉടൻ ജറുസലേമിലേക്കു അയയ്ക്കക്കാത്തപക്ഷം അങ്ങയുടെ പിതാവിന്റെ ശവകുടീരത്തിന്മേൽ യഹൂദന്റെ പതാക ഉയരുവാൻ പോകുന്നു.” ഇതാണ് ജോർദ്ദാനിലെ രാജാവായ അബ്ദുള്ളക്കു കിട്ടിയ സന്ദേശങ്ങളിൽ ഒന്ന്.
അബ്ദുള്ളക്കു തന്റെ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതായി വന്നു. ബ്രിട്ടീഷുകാരുടെ ശിക്ഷണത്തിൽ പരിശീലനം ലഭിച്ചതും, ആധുനിക യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൈവശമുള്ളതുമായ അറബി രാജ്യങ്ങളിലെ ഏറ്റവും സുശക്തമായ തന്റെ സേന ജോർദ്ദാന്റെ കരയിൽ ഉറങ്ങി കിടക്കുന്നതിൽ ഇപ്പോൾ അർത്ഥമില്ലെന്നു അബ്ദുള്ളക്കു തോന്നി. വിശുദ്ധ നഗരമായ ജറുസലേമിനെ താൻ രക്ഷിച്ചില്ലെങ്കിൽ പിന്നെ ആരാണ് രക്ഷിക്കേണ്ടത്? അബ്ദുള്ള സ്വയം ചിന്തിച്ചു .എന്നാൽ ഇക്കാര്യത്തിൽ തന്റെ പ്രധാന മന്ത്രിയുടെ ഉപദേശംകൂടെ അബ്ദുള്ള ആരാഞ്ഞു. ജറുസലേമിൽ ഏതു വിധത്തിലുള്ള ഇടപെടലും ബ്രിട്ടീഷ് ഗവൺമെന്റിനോടു രേഖാമൂലം ചെയ്തിരിക്കുന്ന കരാറിന്റെ ലംഘനം ആയിരിക്കുമെന്നു പ്രധാനമന്ത്രി അബ്ദുള്ളയെ ഓർമ്മിപ്പിച്ചു. ഈ സമയം അബ്ദുള്ളയെ കാണുവാൻ വേറൊരാൾ കാത്തു നിന്നിരുന്നു.
ജറുസലേമിലെ മുഫ്തി ആരബ് ലീഗിന്റെ സെക്രട്ടറി ജനറലായ അസാം പാഷായായിരുന്നു ആ വ്യക്തി. അബ്ദുള്ളക്കു അയച്ചതുപോലെ ഒരു അടിയന്തിര സന്ദേശം ആസം പാഷാക്കും മുഫ്തി അയച്ചിരുന്നു. ഈ സന്ദേശം കിട്ടിയ മാത്രയിൽ തന്നെ അമ്മാനിൽ താമസിച്ചിരുന്ന അറബി രാഷ്ട്രത്തിന്റെ പ്രതിനിധികളും, അസാം പാഷായും അബ്ദുള്ളായുടെ കൊട്ടാരത്തിലേക്കു കുതിച്ചു. ജറുസലേമിലെ ഗുരുതരാവസ്ഥ അസാംപാഷയും രാജാവിനെ അറിയിച്ചു. ജോർദ്ദാൻ സൈന്യം ഉടൻചെന്നു ജറുസലേമിനെ രക്ഷിച്ചില്ലെങ്കിൽ അത് അറബികളോടും അറബി രാഷ്ട്രങ്ങളോടും അബ്ദുള്ള കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്നു പാഷാ രാജാവിന്റെ മുഖത്തുനോക്കി പറയേണ്ടിവന്നു. അറബി രാഷ്ട്രങ്ങളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഒരുനല്ല കാര്യംകൂടി അസാം പാഷ രാജാവിനോടു പറഞ്ഞു ജോർദ്ദാൻ സൈന്യം ഇപ്പോൽ യരുശലേമിനെ രക്ഷിക്കുന്ന പക്ഷം അബ്ദുള്ള ജറുസലേമിന്റെയും രാജാവായി പ്രഖ്യാപിക്കുന്നതിനെ താൻ അനുകൂലിക്കുമെന്നും തന്റെ സ്വന്തം കൈകൾകൊണ്ട് കിരീടം അബ്ദുള്ളായുടെ ശിരസിൽ വയ്ക്കുമെന്നും അറബി രാഷ്ട്ര ലീഗിന്റെ സെക്രട്ടറി ജനറൽ അബ്ദുള്ള രാജാവിനു വാക്കു കൊടുത്തു. അബ്ദുള്ളാ രാജാവ് പിന്നെ മറ്റൊന്നും ചിന്തിക്കാൻ നിന്നില്ലാ , “ഞാൻ നിങ്ങളെ നിരാശപ്പെടുത്തുകയില്ല” എന്ന് ആസം പാഷാക്ക് വാക്ക് കൊടുത്തു.
ഉടൻതന്നെ ബ്രിട്ടീഷ് ജനറലും, ജോർദ്ദാൻ സേനയുടെ സർവ്വ സൈന്യാധിപന്മാരായ ജോൺ ഗ്ലബ് (ഗ്ലബ് പാഷ)-ന്റെ അടുക്കൽ അബ്ദുള്ളായുടെ കൊട്ടാരത്തിൽ നിന്നും അടിയന്തിര സന്ദേശമെത്തി “ജറുസലേമിൽ ജോർദ്ദാൻ സേനയുടെ സൈനീക നടപടി ആരംഭിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടു ഉടൻ രാജാവ പ്രതീക്ഷിക്കുന്നു”. കൊട്ടാരത്തിൽ നിന്നുള്ള ഈ സന്ദേശംകൊണ്ട് ജോൺഗ്ലബിനു വലിയ കുലുക്കമൊന്നും ഉണ്ടായില്ല. ജറുസലേമിലെ മുഫ്തിയും അനുയായികളും പരക്കം പായുന്നതനുസരിച്ചുള്ള ഗുരുതരാവസ്ഥയൊന്നും ജറുസലേമിൽ ഉണ്ടായിട്ടില്ലെന്നു ഗ്ലബ് ചിന്തിച്ചു. അവിടെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി താമസിയാതെ ഒരു വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കുമെന്നും ജറുസലേമിന്റെ കമസമാധാനത്തിനുള്ള ഭരണം ഐക്യ രാഷ്ട്ര സംഘടന ഏറ്റെടുക്കുമെന്നും ഗ്ലബ് കരുതി. മാത്രമല്ല ഒരു തെരുവു യുദ്ധത്തിൽ യാതൊരു പരിചയവും ഇല്ലാത്ത തന്റെ സൈന്യത്തെ ജറുസലേമിന്റെ തെരുവുകളിൽ പ്രവേശിപ്പിച്ചു കൊല്ലുവാനും തനിക്കു അശേഷം മനസ്സില്ലായിരുന്നു. എന്നാൽ രാജകല്പന ലംഘിക്കുവാനും സാദ്ധ്യമല്ല.
ജോർദ്ദാൻ സൈന്യം യരുശലേമിൽ പ്രവേശിക്കാതെതന്നെ യിസ്രായേൽ സൈന്യത്തെ ഭീഷണിപ്പെടുത്തുവാനും ജോർദാൻ സൈന്യത്തിന്റെ സാനിധ്യം അറിയിക്കുവാനും നഗരത്തിനു വെളിയിൽ അല്പം ദൂരെ നിന്നുകൊണ്ട് പുതിയ ജറുസലേമിന്റെ നേരെ തന്റെ പീരങ്കികൾ കെണ്ട് വെടി ഉതിർത്തു. എന്നാൽ ഹാഗ്നാഗ് സേന ജോർദാന്റെ ഈ ആക്രമണത്തെ അത്ര കാര്യമാക്കിയില്ലാ. ജാഫാ കവാടം വഴി ഹാഗ്നാഗ് സൈന്യം പഴയ ജറുസലേമിൽ കടക്കുവാൻ മുഫ്തിയുടെ അർദ്ധ സൈനീകരുമായി തീവപോരാട്ടം നടത്തി. ഒരുകൂട്ടം ഹാഗ്നാഗ് സീയോൻമല കൈവശമാക്കി. പഴയ ജറുസലേം യഹൂദൻ കൈവശമാക്കുവാൻ പോകുന്നുവെന്ന ഭയം ജറുസലേമിലെ അറബികളിൽ വർദ്ധിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ അനുവാദത്തോടുകൂടി പലസ്തീൻ അറബികളുടെ പ്രദേശത്തു ഒരു വിഭാഗം “ജോർദ്ദാൻ സേന’ താവളം അടിച്ചിരുന്നു. ക്രമസമാധാനത്തിനും, പലസ്തീൻ അറബികളുടെ സംരക്ഷണത്തിനുമായി ഈ വിഭാഗം പ്രവർത്തിച്ചിരുന്നു. ഈ വിഭാഗത്തിന്റെ മേധാവി “മേജർ അബ്ദുള്ള തെൽ “ആയിരുന്നു. സംഘട്ടനം നടക്കുന്ന ഈ സമയം തെല്ലിന്റെ സേന യരിഹോവായിൽ ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു. ‘ജറുസലേം വീഴുവാൻ പോകുന്നു” എന്ന് ഒരുകൂട്ടം ജറുസലേം നേതാക്കൾ ഓടിക്കിതച്ചുവന്നു തെല്ലിനെ വിവരം അറിയിച്ചു. ജറുസലേമിൽ തനിക്കു ഇടപെടണമെങ്കിൽ തന്റെ സൈന്യാധിപനായ ഗ്ലബ് പാഷായുടെയോ, ജോർദ്ദാൻ രാജാവിന്റെയേ അനുവാദം വേണം. തെൽ ഉടൻതന്നെ ഇവരെ അമ്മാനിൽ രാജാവിന്റെ അടുക്കലേക്കു പറഞ്ഞിവിട്ടു. ഇവർ ചെന്നു അബ്ദുള്ളാ രാജാവിനെ കാര്യം ബോധിപ്പിച്ചു . ജോർദ്ദാൻ സേന ജറുസലേമിൽ കടക്കുന്നതിന് രാഷ്ട്രീയമായും സൈനീകമായും പല തടസ്സങ്ങളും പറയുന്ന തന്റെ സേനാനായകനായ ഗ്ലബ് പാഷായെ അബ്ദുള്ള ഈ സമയം തഴഞ്ഞു. ആജ്ഞകൾ അയയ്ക്കക്കേണ്ട ചാനലുകൾ എല്ലാം അവഗണിച്ചു രാജാവു ഈ സമയം അബ്ദുള്ള തെല്ലിനെ നേരിട്ടു ഫോണിൽ വിളിച്ചു. “ഇനിയും നോക്കിനിൽക്കേണ്ട കാര്യമില്ല. എത്രയും വേഗം നിന്റെ കീഴിലുള്ള സേനയുമായി ജറുസലേമിൽ പ്രവേശിച്ചു. അതിനെ രക്ഷിക്കുക.”
തന്റെ നയത്തിനു വിപരീതമായ ഈ നീക്കത്തിൽ സഹകരിക്കുവാൻ ഗ്ലബ്പാഷ നിർബന്ധിക്കപ്പെട്ടു. തെല്ലിന്റെ സൈന്യത്തെ സഹായിക്കുവാൻ രണ്ടു ബ്രിട്ടീഷ് സൈനീക മേധാവികളുടെ കീഴിൽ ആയിരം യോർദ്ദാൻ സേനയെക്കൂടി യരുശലേമിലേക്കു അയച്ചു. പഴയ ജറുസലേമിനെ രക്ഷിക്കുക, പുതിയ ജറുസലേമിനെ നശിപ്പിക്കുക എന്ന രണ്ട് ഉദ്ദേശ്യങ്ങളോടെ യോർദ്ദാൻ സൈന്യം ജറുസലേമിൽ പ്രവേശിച്ചു. ഇതോടു കൂടി അവിടുത്തെ അറബികളുടെ ധൈര്യം വർദ്ധിച്ചു. മൂന്നു പുരാതന സിന്നഗോഗുകളും, അതിനടുത്തുള്ള ഒരു ആശുപത്രിയുമാണ് ഇപ്പോൾ പഴയ യരുശലേമിൽ യഹൂദരുടെ കൈവശം ശേഷിച്ചത്. ഈ സിന്നഗോഗുകളിലും, ആശുപത്രിയിലും അഭയം പ്രാപിച്ച 1700 യഹൂദരും, പഴയ ജറുസലേമിലുള്ള ഹാഗ്നാഗ് സേനയും കീഴടങ്ങാത്ത പക്ഷം ഈ സ്ഥാപനങ്ങൾ സമ്പൂർണ്ണമായി നശിപ്പിക്കുമെന്നു അബ്ദുള്ള തെൽ ഭീഷണി മുഴക്കി. ഹാഗ്നാഹിന്റെ കമാൻഡർ അവസാനം വരെ ചെറുത്തു നിൽക്കുവാൻ തീരുമാനിച്ചു. .
1948 മേയ് 28-ാം തീയതി ഈ സുന്നശോഗുകളിൽ തമ്പടിച്ചിരുന്ന യഹൂദന്മാർ തെല്ലിന് കിഴടങ്ങുവാൻ തീരുമാനിച്ചു. നഗരത്തിലുള്ള ഹാഗ്നാഗ് ഭടന്മാരും ആരോഗ്യമുള്ള പുരുഷന്മാരും തടവുകാരാകണമെന്നും, മറ്റുള്ളവർ മുറിവേറ്റവരും സ്ത്രീകളും ഉൾപ്പെടെ പുതിയ ജറുസലേമിലേക്കു മാറിക്കൊള്ളണമെന്നും തെൽ നിർദ്ദേശിച്ചു.
പഴയ ജറുസലേം സമ്പൂർണ്ണമായി അറബികളുടെ ജറുസലേമായി മാറി. അന്നുരാതി അബ്ദുള്ള തെല്ലിനു അമ്മാനിൽ നിന്നും രാജാവിന്റെ ഒരു ഫോൺ സന്ദേശം ലഭിച്ചു. തെല്ലിന്റെ ഈ വിജയത്തിൽ രാജാവു തെല്ലിനെ മുക്തകണ്ഠം പ്രശംസിച്ചു.
ജോർദാൻ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം പുതിയ ജറുസലേം കീഴടക്കുക എന്നതായിരുന്നു. ജോർദ്ദാൻ സൈന്യത്തിനു പുതിയ ജറുസലേമിനെ കീഴ്പ്പെടുത്തുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഈ നഗരത്തെ ഒറ്റപ്പെടുത്തുകയാണെന്നു അവർക്കു ബോധ്യമായി. അയ്യാലോൻ താഴ്വരയിൽവെച്ച് പുതിയ ജറുസലേമിലേക്കു പോകുന്ന എല്ലാ മാർഗ്ഗങ്ങളും ജോർദ്ദാൻ സേന തടഞ്ഞു. ആഹാര സാധനങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും ടെൽ അവീവിൽ നിന്നും ജറുസലേമിലേക്കു കടത്തിയിരുന്നത് അയ്യാലോൻ താഴ്വരയിൽക്കൂടി കടന്നുപോകുന്ന ഗതാഗതമാർഗ്ഗത്തിൽ കൂടിയായിരുന്നു. ഈ താഴ്വരയുടെ പ്രധാന്യം മനസ്സിലാക്കിയ ഡേവിഡ് ബൻഗൂറിയൻ ഹാഗ്നാഗന്റെ ഒരു സേനാവിഭാഗത്തെ അവിടേക്കയക്കുവാനും ഈ ഭാഗത്തിന്റെ സംരക്ഷണം ഉറപ്പു വരുത്താനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. എന്നാൽ ശക്തിശാലികളായ ജോർദ്ദാന്റെ പീരങ്കിപ്പടയുടെ മുമ്പിൽ ഇതു അസാധ്യമാണ് എന്ന് ഹാഗ്നാഗ് നേതാക്കൾക്കു മനസിലായി. ജോർദ്ദാൻ സേനയുടെ ടാങ്കുകളും, പീരങ്കികളും ഇസ്രായേൽ ഭടന്മാരുടെ നേരെ നിറയൊഴിച്ചു. പീരങ്കികളുടെ മുമ്പിൽ കൈത്തോക്കുധാരികളായിരുന്ന ഹാഗ്നാഹ ഭടന്മാരുടെ നില തികച്ചും ദയനീയമായിരുന്നു. ഇരുട്ടിന്റെ മറവിൽ അവർ പിന്മാറുകയേ നിവർത്തിയുള്ളൂവെന്നു മനസ്സിലാക്കി . യുദ്ധത്തിൽ മരിച്ചവരുടെ ശവങ്ങൾ എടുത്തു കൊണ്ടുപോകാൻ ശ്രമിച്ചവരും യോർദ്ദാൻ സേനയുടെ വെടിയുണ്ടകൾക്ക് ഇരയായി. ശേഷിച്ചവർ ഈ താഴ്വരയിൽ നിന്നും പിന്മാറിയതോടുകൂടി ഈ മർമ്മപ്രധാനമായ സ്ഥലം ജോർദ്ദാൻ സേനയുടെ നിയന്ത്രണത്തിലായി. 800-ൽ അധികം ഹാഗ്നാഹ ഭടന്മാർ ഇവിടെ കൊല്ലപ്പെട്ടതായി ജോർദ്ദാൻ സേന അവകാശപ്പെട്ടു.
പുതിയ ജറുസലേമിന്റെ സ്ഥിതി വളരെ ശോചനീയമായിത്തീർന്നു. ജോർദ്ദാൻ സേനയുടെ പീരങ്കികളിൽ നിന്നും ഷെല്ലുകൾ ഇടതടവില്ലാതെ പുതിയ ജറുസലേമിലെ യഹൂദ സങ്കേതങ്ങളിൽ വീണുകൊണ്ടിരുന്നു. നഗരത്തിലുള്ളവർ ആബാലവൃദ്ധം അർദ്ധപട്ടിണിയിൽ കഴിയേണ്ടിവന്നു. കുടിവെള്ളത്തിന്റെ ക്ഷാമം അതിരൂക്ഷമായി. ചരക്കുവണ്ടികൾ പ്രവർത്തിക്കുവാൻ ആവശ്യമായ ഇന്ധനം ഇല്ലാതെയായി. നഗരത്തിൽ ജനജീവിതം പൊതുവെ സ്തംഭിച്ചു. ഇസ്രായേലിന് ഈ സമയം പറയത്തക്ക ഒരു വ്യോമസേന ഇല്ലാഞ്ഞതു കാരണം ഈജിപ്റ്റിന്റെ യുദ്ധവിമാനങ്ങൾ യഹൂദരുടെ പട്ടണങ്ങളിൽ നിരന്തരം ബോംബുകൾ വർഷിച്ചുകൊണ്ടിരുന്നു. ഇസ്രായേലിന്റെ ആകാശത്തിൽ പറക്കുന്നതെല്ലാം ഈജിപ്റ്റിന്റെ യുദ്ധവിമാനങ്ങൾ ആയിരുന്നു. അവരുടെ പ്രധാനലക്ഷ്യം ആധുനികരീതിയിൽ പടുത്തുയർത്തിയ ടെൽ അവീവ നഗരം ആയിരുന്നു. ഇതിനകം ഇവിടെ 41 പേർ ഈജിപ്റ്റിന്റെ യുദ്ധവിമാനങ്ങളുടെ ആക്രമണം മൂലം മൃതിയടയുകയുണ്ടായി. യഹൂദ ആവറിയേലിന്റെ ശ്രമഫലമായി യൂറോപ്പിൽ നിന്നും വാങ്ങിയ രണ്ടു യുദ്ധവിമാനങ്ങൾ ഇസായേലിൽ വന്നിറങ്ങി.
തെക്കു സീനായി വഴി ഈജിപ്റ്റിന്റെ സേന ടെൽ അവീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പതിനായിരം ഭടന്മാരും, 15 യുദ്ധവിമാനങ്ങളും, പീരങ്കികളും, ടാങ്കുകളും ഉൾപ്പെടെ ഈജിപ്റ്റിന്റെ സേനയെ ചെറുക്കുവാൻ കേവലം 3500 ഹാഗ്നാഹ ഭടന്മാർ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഈജിപ്റ്റിന്റെ ഒരു വിഭാഗം സൈനീകർ ടെൽ അവീവിൽ നിന്നും 30 മൈൽ അകലെവരെ എത്തിക്കഴിഞ്ഞിരുന്നു. വേറൊരു വിഭാഗം അറബികളുടെ വാസസ്ഥാനങ്ങളിൽക്കൂടി മുമ്പോട്ടു കടന്നു ജറുസലേമിനു തെക്കു ഹൈബ്രോൻവരെ എത്തിക്കഴിഞ്ഞു. ഇവരുടെയും ലക്ഷ്യം പുതിയ ജറുസലേമിനെ തകർക്കുക എന്നതായിരുന്നു.
വടക്കു ഭാഗത്തു നിന്നുമുള്ള സിറിയയുടെ ആക്രമണത്തിന്റെ ഫലമായി ഇസ്രായേലിന്റെ മൂന്നു സ്ഥലങ്ങൾ സിറിയയുടെ കൈവശത്തിലായി. മറ്റു രണ്ടു സ്ഥലങ്ങളിൽ കൂടി അവർ വളഞ്ഞു. ഇവിടെയുള്ള യഹൂദ നേതാക്കൾ കൂടുതൽ ആയുധങ്ങൾക്കായി ബൻഗറിയനോടു അഭ്യർത്ഥിച്ചുവെങ്കിലും അദ്ദേഹം നിസ്സഹായനായിരുന്നു. ഈജിപറ്റിൽ നിന്നും ഹൈബ്രോൻവഴി വന്ന സൈന്യം ജറുസലേമിനെ തെക്കു നിന്നും വളഞ്ഞു. പുതിയ ജറുസലേമിലെ ഹാഗ്നാഹ സേന ജോർദ്ദാന്റെയും, ഈജിപ്റ്റിന്റെയും പീരങ്കികളെ നേരിടേണ്ടതായി വന്നു.
ശത്രുക്കളാൽ ചുറ്റപ്പെട്ട ജറുസലേമിനു പിടിച്ചു നിൽക്കുവാൻ കഴിയാത്ത ഒരു സ്ഥിതി വന്നുചേർന്നു. ശത്രുക്കളുടെ പീരങ്കികളെയും ടാങ്കുകളെയും ചെറുക്കുവാൻ അനുയോജ്യമായ ആയുധങ്ങൾ അപ്പോൾ ഹാഗ്നാഹിനില്ലായിരുന്നു. നഗരത്തിൽ ആഹാരത്തിന്റെയും വെള്ളത്തിന്റെയും ക്ഷാമം രൂക്ഷമായി. ടെൽ അവീവിൽ നിന്നും ജറുസലേമിലേക്കുള്ള ഹൈവേമാർഗ്ഗം ജോർദ്ദാൻസേന അയ്യാലോൻ താഴ്വരയിൽ വച്ചു ഖണ്ഡിച്ചതിനാൽ ജറുസലേമിലേക്കുള്ള ആഹാരസാധനങ്ങളുടെയും ആയുധങ്ങളുടെയും വരവു നിലച്ചു. മറ്റുവഴിക്കായി, തൂക്കായി കിടക്കുന്ന യഹൂദ്യ മലകളുടെ ഒരു റോഡു നിർമ്മിച്ചു ടെൽ അവീവും ജറുസലേമും തമ്മിൽ ബന്ധിക്കുവാൻ ഇസ്രായേൽ നിർബന്ധിക്കപ്പെട്ടു. എന്നാൽ ഈ പുതിയ വഴി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ പുതിയ ജറുസലേമിലുള്ള ഒരു ലക്ഷത്തോളം പേർ പട്ടിണിയിലാകുകയും നഗരം അറബികളുടെ കൈയിൽ വിഴുമെന്ന സ്ഥിതിയിലുമായി.
ജറുസലേമിലുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി ഒരു താത്ക്കാലിക വെടിനിർത്തലിനുള്ള നിർദ്ദേശം മുമ്പോട്ടുവച്ചതിനെ അംഗീകരിക്കുകയാണ് ഈ പരിതസ്ഥിയിൽ ഉത്തമമെന്നു ബൻഗുറിയനും മറ്റു യഹൂദ നേതാക്കന്മാർക്കും തോന്നി. ജറുസലേമിനെ രക്ഷിക്കുവാനും അറബിസേനയുടെ മുമ്പോട്ടുള്ള ഗതിയെ തടയുവാനും ഹാഗ്നാഹ് സേനക്കു കൂടുതൽ ശക്തിയും ഒരുക്കവും ലഭിക്കുവാനും ഇത് സഹായിക്കും. ഒരു മാസത്തേക്കുള്ള ഒരു താത്ക്കാലിക വെടിനിർത്തലിനു താൻ തയ്യാറാണെന്നു ബൻഗറിയൻ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയെ അറിയിച്ചു. അറബി രാജ്യങ്ങളിൽ ഈജിപ്റ്റും ജോർദ്ദാനും ഒരു മാസത്തേക്കുള്ള വെടിനിർത്തലിനെ അനുകൂലിച്ചുവെങ്കിലും സെക്രട്ടറി ജനറലായ ആസാംപാഷാ വെടിനിർത്തൽ അംഗീകരിച്ചാലുള്ള അപകടം അറബിനേതാക്കളെ ബോധ്യപ്പെടുത്തി. ഒരു മാസത്തെ അവധികൊണ്ട് ഇസ്രായേൽ ഇരട്ടി ശക്തി ആർജ്ജിക്കുമെന്നും അറബി സേനക്കു കാര്യമായ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
എന്നാൽ ബ്രിട്ടന്റെ സമ്മർദ്ദത്താൽ ജോർദാൻ വെടിനിർത്തലിനു സമ്മതിച്ചു. ഈജിപ്റ്റ് പ്രതീക്ഷിച്ച വിധത്തിൽ പെട്ടെന്നൊരു വിജയം നേടാൻ കഴിയാഞ്ഞതുകൊണ്ടും, മരുഭൂമിയിൽ കഷ്ടപ്പെടുന്ന സൈനീകരുടെ അവസ്ഥ കണക്കിലെടുത്തും താല്ക്കാലിക സന്ധിക്കു ഈജിപ്റ്റിന്റെ പ്രധാനമന്ത്രിയും സമ്മതിച്ചു. യുദ്ധത്തിൽ കാര്യമായ പങ്കു വഹിക്കാതിരുന്ന ഇറാക്കും വെടിനിർത്തലിനോട് അനുകൂലമായിരുന്നു. അറബിരാജ്യങ്ങളുടെ ഈ നിലപാടിൽ പ്രതിഷേധിച്ചു ആസംപാഷ സെക്രട്ടറി ജനറലിന്റെ സ്ഥാനത്തു നിന്നും തന്റെ രാജി സമർപ്പിച്ചുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് ശരിയായ ഒരു താക്കീത് അദ്ദേഹം ഈ അറബി രാജ്യങ്ങളിലെ നേതാക്കൾക്കു കൊടുത്തു. “നിങ്ങൾ കാണിക്കുന്ന ഈ വിട്ടുവീഴ്ച്ചക്ക് അറബ് ജനത ഒരു കാലത്തും നിങ്ങളോടു ക്ഷമിക്കുകയില്ല.”
ഒരു മാസത്തേക്കുള്ള താല്ക്കാലിക വെടിനിർത്തൽ ജൂൺ 11-ാം തീയതി, കാലത്തു പത്തു മണിക്കു നിലവിൽ വരുമെന്നു ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി യരുശലേമിൽ പ്രഖ്യാപനം ചെയ്തു. 11-ാം തീയതി കൃത്യം പത്തു മണിക്കു യരുശലേമിലും പലസ്തീന്റെ എല്ലാ ഭാഗങ്ങളിലും വെടിനിർത്തലിന്റെ സൈറൻ മുഴങ്ങി. ശ്വാസം മുട്ടിക്കിടന്നിരുന്ന ജറുസലേം ഇതോടുകൂടി വീണ്ടും സ്പന്ദിക്കുവാൻ തുടങ്ങി.
ജൂൺ 11ലെ വെടിനിർത്തലിന് ശേഷം ജൂലൈ 9ന് വീണ്ടും യുദ്ധം തുടരുവാനുള്ള സാധ്യത പരിഗണിച്ച്, ഇസ്രയേൽ എല്ലാ രംഗത്തും ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിച്ചു.ടെൽ അവീവും ജറുസലേമിനെയും തമ്മിൽ ബന്ധിപ്പിക്കുവാൻ ബർമ്മാറോഡിന്റെ പണി പൂർത്തീകരിച്ചു. പുതിയ റോഡ് വെടിനിർത്തൽ കരാറിന്റെ പരിധിയിൽ വരില്ലായിരുന്നു. ഈ റോഡിലൂടെ ജറുസലേമിലേക്ക് നാലു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ അവർ സംഭരിച്ചു.16 മൈൽ അകലെയുള്ള ഒരു ജല സങ്കേതത്തിൽ നിന്നും ബർമ്മാറോഡു വഴി പൈപ്പ് കുഴൽ നീട്ടി.യഹൂദ അവ്റിലേലിന്റെ ഇടപെടലിലൂടെ അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി. പീരങ്കികളും ടാങ്കുകളും യുദ്ധ ഉപകരണങ്ങളും മൂന്ന് കപ്പലുകളിലായി എത്തി. വിവിധ തരത്തിലുള്ള 75 യുദ്ധ വിമാനങ്ങളും എത്തിച്ചേർന്നു.ഇസ്രയേലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആയുധ നിർമ്മാണ ശാലകൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്നു. ഒരു മാസത്തിനുള്ളിൽ അറബ് രാജ്യങ്ങളുടെതിനേക്കാൾ യുദ്ധ സജ്ഞമാകുവാൻ ഇസ്രയേൽ ശ്രമിച്ചു.
ജോർദ്ദാനിലെ അബ്ദുള്ള രാജാവിനും സേനാനായകൻ ഗ്ലബ് പാഷാക്കും വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം യുദ്ധം ആരംഭിക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. വെടിനിർത്തൽ കാലാവധി നീട്ടി വയ്ക്കുവാനും, ഒരു സമാധാന കരാറിൽ ഒപ്പുവയ്ക്കുവാനും ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി ശ്രമിച്ചു. ” ജറുസലേമും പലസ്തീന്റെ മറ്റ് ചില ഭാഗങ്ങളും ജോർദ്ദാനു വിട്ടുകൊടുക്കുവാനും, ജോർദ്ദാന്റെ കൈവശമുള്ള ഗലീലിയ പ്രദേശം ഇസ്രയേലിന് വിട്ടുകൊടുത്തു കൊണ്ടും” യുദ്ധം അവസാനിപ്പിക്കുവാനും സമാധാനം നിലനിർത്താനും ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി ശ്രമിച്ചു.അബ്ദുള്ള രാജാവിന് ഈ നിർദ്ദേശം ഇഷ്ടപ്പെട്ടു. എന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഈ നിർദ്ദേശത്തോട് താൽപര്യമില്ലായിരുന്നു. ജറുസലേം വിട്ടുകൊടുത്തു കൊണ്ട് ഒരു കരാറിന് ഇസ്രയേലും തയ്യാറായില്ല. യുദ്ധം തുടരണമോ എന്ന് തീരുമാനിക്കാൻ അറബ് നേതാക്കൾ കൈറോയിൽ സമ്മേളിച്ചു. ജൂലൈ 9ന് യുദ്ധം പുനരാരംഭിക്കുവാനുള്ള തീരുമാനമായിരുന്നു ഈ സമ്മേളനത്തിൽ അവർ എടുത്തത്.
ജൂലൈ 9 ന് രാത്രി മുഴുവൻ ഇസ്രയേൽ അവരുടെ പുതിയ പീരങ്കി കൊണ്ട് പഴയ ജറുസലേമിലേക്ക് നിറയൊഴിച്ചു കൊണ്ടിരുന്നു. പഴയ ജറുസലേമിൽ മരിച്ചവരുടെയും മുറിവേറ്റവരുടെയും എണ്ണം മണിക്കുറുകൾ കഴിയുംതോറും കൂടിക്കൊണ്ടിരുന്നു. ആശുപത്രികളിൽ ഇടമില്ലാതായി. ഇസ്രയേൽ സേന അറബികളുടെ പട്ടണങ്ങളും ഗ്രാമങ്ങളും കീഴടക്കി. തെക്കുഭാഗത്തുള്ള ഈജിപ്തിതിന്റെ സേനയെ സീനായ് മരുഭൂമിയിലേക്ക് തുരുത്തി. അവിടെ ഏഴ് അറബി ഗ്രാമങ്ങൾ അവർ പിടിച്ചെടുത്തു. വടക്ക് സിറിയൻ സേന നേരത്തേ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം ഇസ്രയേൽ വീണ്ടെടുത്തു. അറബികളുടെ പട്ടണമായിരുന്ന നസറേത്ത് ഇസ്രയേൽ സേന പിടിച്ചെടുത്തു. അയ്യാലോൻ താഴ്വരക്ക് വടക്കുവശത്തുള്ള “റാംല” “ലിഡ” എന്നീ രണ്ട് അറബി പട്ടണങ്ങൾ മോഷെ ദയാൻ ന്റെ നേതൃത്വത്തിൽ ഇസ്രയേൽ സേന പിടിച്ചെടുത്തു.
ഈ പട്ടണങ്ങളിൽ താമസിച്ചിരുന്ന അറബികളോട് വീടൊഴിഞ്ഞ് പോകുവാൻ മോഷേ ദിയാൻ ആജ്ഞ കൊടുത്തു. അവർക്ക് പോകുവാൻ ഇസ്രയേലി സൈന്യം തന്നെ ബസ്സുകളും ട്രക്കുകളും ഏർപ്പാടു ചെയ്തു.പതിനായിരക്കണക്കിന് അറബികൾ പലസ്തീന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭയാർത്ഥികളായി ക്യാമ്പുകളിൽ എത്തി. ഇസ്രയേൽ വ്യോമസേന ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാനിലും ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയും ആക്രമിച്ചു.ഈ പരിതഃസ്ഥിതിയിൽ ഉടൻ യുദ്ധം നിർത്തുവാൻ ഇരുകൂട്ടർക്കും ഐക്യരാഷ്ട്രസംഘടനാ സെക്യൂരിറ്റി കൗൺസിൽ അന്ത്യശാസനം നൽകി. യുദ്ധം നിർത്തുവാൻ തയ്യാറാണന്ന് അറബി രാജ്യങ്ങളുടെ തീരുമാനം ഇസ്രയേലിന് അംഗീകരിക്കേണ്ടി വന്നു. ജൂലൈ 17ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന്, ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധി പ്രഖ്യാപനം ചെയ്തു.
കടപ്പാട് – ജ്യോതിക സമസ്യ, വിക്കിപീഡിയ. റഫറൻസ് : ഇസ്രായേൽ അന്നും ഇന്നും(Book), www.Jewishvirtuallibrary.com ,wikipedia.