കുമരകം – മുഹമ്മ ബോട്ട് സര്‍വീസ് രണ്ടു ഗ്രാമങ്ങളുടെ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായിരുന്നു. മുഹമ്മയില്‍ നിന്നും യാത്രക്കാര്‍ മത്സ്യ വില്പനക്കും, കൂലിപണികള്‍ക്കും മറ്റുമായി കുമാരകത്തെത്തുവാന്‍ ആശ്രയിച്ചിരുന്നത് ബോട്ട് സര്‍വീസസ്കളെ ആയിരുന്നു. യാത്രക്കാര്‍ തിങ്ങി നിറഞ്ഞുള്ള സര്‍വിസുകള്‍ ആയിരുന്നു മിക്കവാറും. യാത്രക്കാരെ ആശ്രയിച്ചു ധാരാളം വ്യാപാര സ്ഥാപനങ്ങളും കുമരകത്തും മുഹമ്മയിലുമായി ജെട്ടികളില്‍ ഉണ്ടായിരുന്നു. 3 ബോട്ടുകള്‍ ആയിരുന്നു സര്‍വിസുകള്‍ നടത്തിയിരുന്നത്. സംസ്ഥാന ജലഗതാഗതവകുപ്പിനു കീഴില്‍ ദൂരക്കൂടുതലുള്ളതും (9.5 കി.മീ) കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനം നേടിത്തരുന്നതുമായ കടത്ത് സര്‍വീസാണ് മുഹമ്മ-കുമരകം റൂട്ടിലേത്.
2002 ജൂലൈ 27, അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന് കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്ക്കായി കയറിയിട്ടുണ്ടായിരുന്നു. പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോകുകയായിരുന്ന മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും മറ്റും ബോട്ടിലുണ്ടായിരുന്നു. രാവിലെ ആറരയ്ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് കുമരകത്ത് എത്തിയില്ല. ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ ആ ബോട്ട് മുങ്ങുകയായിരുന്നു. അന്നത്തെ ആ അപകടത്തിൽ 29 പേരാണ് മരിച്ചത്. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.
വെള്ളക്കേട് (ബോട്ടിൽ വെള്ളം കയറുന്ന അവസ്ഥ) ഉണ്ടായിരുന്ന ബോട്ടായിരുന്നു അന്ന് സർവ്വീസ് നടത്തിയതെന്ന് പറയപ്പെടുന്നു. ബോട്ട് സര്‍വീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ ബോട്ട് മാസ്റ്ററായിരുന്ന രാജന് റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചു. താങ്ങാനാവുന്നതിലും കൂടുതലാളുകൾ ബോട്ടിൽ കയറിയതിനാൽ ബോട്ടിലേക്ക് കയറിയിരുന്ന വെള്ളത്തെ നിയന്ത്രിക്കുവാൻ ജീവനക്കാർക്കും കഴിഞ്ഞില്ല. അകത്ത് വെള്ളം കയറിക്കഴിഞ്ഞതോടെ ബോട്ട് ആടുവാനും തുടങ്ങി. ഇങ്ങനെ ആടിക്കൊണ്ടിരുന്ന ബോട്ട് കായലിലുണ്ടായിരുന്ന ഒരു മണൽത്തിട്ടയിൽ ശക്തമായി ഇടിക്കുകയായിരുന്നു എന്നാണു ബോട്ടിലുണ്ടായിരുന്ന രക്ഷപ്പെട്ട ആളുകൾ പറയുന്നത്.
സമീപത്തുണ്ടായിരുന്ന വെള്ളക്കാരും മീന്‍പിടുത്തക്കാരും നാട്ടുകാരുമൊക്കെയാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. എങ്കിലും ഒട്ടേറെ പ്രതീക്ഷകളുമായി പട്ടണത്തിലേക്ക് യാത്ര ചെയ്തിരുന്ന 29 പേർ എന്നെന്നേക്കുമായി ഈ കര വിട്ടു പോയിരുന്നു. അപകടവാർത്തയറിഞ്ഞു കേരളമൊന്നാകെ ഞെട്ടി. ഇതിലും ദയനീയമായിരുന്നു മുഹമ്മയിലെ സ്ഥിതി. മരിച്ചവർ എല്ലാംതന്നെ പരസ്പരം അറിയുന്നവരും അടുത്തടുത്തുള്ളവരും ആയിരുന്നത് ആ നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടമായി ഇന്നും കുമരകം ബോട്ടപകടം എല്ലാവരുടെയും ഉള്ളിൽ ഒരു നീറ്റലായി അവശേഷിക്കുകയാണ്.
സ്ഥലവാസികളുടെ ജിവന് പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പേരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഇത് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു അപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്കായി 91.6 ലക്ഷം രൂപ ധനസഹായം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒരുലക്ഷം രൂപ വീതമാണ് ഇതുവരെ നൽകപ്പെട്ടത്. നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ചും അപകടകാരണം സംബന്ധിച്ചും കേസുകൾ ഇപ്പോഴും തുടരുന്നു. അപകടത്തിനു കാരണമായ ബോട്ട് രണ്ടു കൊല്ലം മുൻപ് ജലഗതാഗത വകുപ്പ് ലേലം ചെയ്തു.
ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാർശകൾ ജലരേഖയായി അവശേഷിക്കുന്നു. അപകടത്തിൽപെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ശുപാർശ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെല്ലാം ഇൻഷ്വർ ചെയ്യണമെന്ന ശുപാർശയും നടപ്പിലാക്കിയിട്ടില്ല. കാലഹരണപ്പെട്ട ബോട്ടുകളൊന്നും സർവ്വീസ് നടത്തരുതെന്ന നിർദ്ദേശവും വെറുതെയായി. ദുരന്തമുണ്ടായി വർഷങ്ങൾ കഴിയുമ്പോഴും ജലഗതാഗത വകുപ്പ് പഴയ അവസ്ഥയിൽ തന്നെയാണ്. ദുരന്തമുണ്ടായാല്‍ കായലിലെ നിലയില്ലാ വെള്ളത്തില്‍പ്പെടുന്ന യാത്രക്കാര്‍ക്കു ജീവഹാനി സംഭവിക്കാതിരിക്കുന്നതിന് ബോട്ടില്‍ ലൈഫ് ജാക്കറ്റ് ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അതിശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ പലപ്പോഴും ബോട്ടുകള്‍ ദിശമാറി യാത്ര ചെയ്യാറുണ്ട്. കാലപ്പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ എന്ജിന് തകരാര്‍ മൂലം ബോട്ടുകള്‍ കരയ്ക്കടുക്കാന്‍ കഴിയാതെ കായലില്‍ ചുറ്റിത്തിരിയുന്നത് നിത്യസംഭവമാണ്.
ചീപുങ്കല്‍ പാലം നാടുകാര്ക്ക് തുറന്നുകൊടുത്തതിലൂടെ ആലപ്പുഴയിലേക്ക് റോഡ് മാര്‍ഗം ഗതാഗതം സാധ്യമായത്തോടെ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനു പിൽക്കാലത്ത് പരിഹാരമായി. ദുരന്തത്തിൽ മരണപ്പെട്ട 29 പേരുടെ സ്മരണാർത്ഥം ബോട്ട് ജെട്ടിക്കു സമീപം നിർമ്മിച്ച സ്മാരകമന്ദിരത്തിനു മുന്നിൽ എല്ലാവർഷവും ദുരന്തം നടന്ന ദിവസം പുഷ്പാർച്ചനയും അനുസ്മരണവും നടക്കാറുണ്ട്. കുമരകം- മുഹമ്മ ബോട്ടിലൂടെ ഇന്നും യാത്ര ചെയുമ്പോള്‍ പലരുടെയും മനസ്സില്‍ ആ കറുത്ത ശനിയുടെ ഓര്‍മ്മകള്‍ കൂടെയുണ്ടാകും.