വിവരണം : Sabib Kottakkal.
മനസ്സിലെ ഒരുപാട് കാലമായുളള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തനിച്ചൊരു യാത്ര പോകണം എന്നത് …ആരോടും പറയാതെ കൂട്ടിന് എൻ്റെ സ്വപ്നങ്ങൾ മാത്രം…. നാടും നഗരവും ഉണരും മുമ്പേ…. പ്രഭാത സൂര്യന്റെ കിരണങ്ങളെ തലോലിച്…. ആരുമില്ലാത്ത കാനന പാതയിലൂടെ……കിളികളുടെ കളകളാരം കേട്ട്……. കോട മഞ്ഞിനെ വാരി പുണർന്ന്… മല മുകളിലെത്തണം… ആരുടെയും ശല്യമില്ലാതെ പുഞ്ചിരി തൂകി നിൽക്കുന്ന പ്രഭാത സൂര്യനെയും നോക്കി ഇരിക്കണം….സങ്കടങ്ങളും വിഷമങ്ങളും മാറ്റി വച്ചു നാളെ എന്ത് എന്ന് വേവലാതി ഇല്ലാത്ത ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സുമായി ഒരു യാത്ര…..
തിരക്കുകളും സാഹചര്യങ്ങളും പ്രതികൂലമായതിനാൽ എന്നും സ്വപ്നത്തിൽ മാത്രമേ നടക്കൂ…. ഏതായാലും കാത്തിരിപ്പിനൊടുവിൽ ഇന്നലെ ആ സ്വപ്നം യാഥാർതമായി… ഒരു നെല്ലിയാമ്പതി യാത്ര..
അതിരാവിലെ അലാറത്തിനും മുമ്പേ ഞാൻ എണീറ്റപ്പോൾ ഫോൺ തന്നെ ഞെട്ടി കാണും😎😎… അല്ലാത്തപ്പോൾ ചുരുങ്ങിയത് 4 തവണ അടിച്ചാലേ ഒന്നു കണ്ണ് തുറക്കൊള്ളു… എന്താണെന്നറിയില്ല…. ഈ ഗുരുത്വാകർഷണം ഏറ്റവും കൂടുതൽ രാവിലെ ആയതു കൊണ്ടാവും എന്നും അങ്ങനെ…. .. ക്യാമറയും ജാക്കറ്റും ഹെൽമെറ്റും എടുത്തു പുറത്തിറങ്ങി ….സഹ മുറിയനോട് നാളെ പാലക്കാട് ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞാണ് ഈ മുങ്ങൽ…നാട്ടിൽ ഉള്ള അടുത്ത ഒരു സുഹൃത്തിനോട് മാത്രം വിവരം പറഞ്ഞു…..പുറത്തിറങ്ങി bike സ്റ്റാർട്ട് ചെയ്യുമ്പോൾ വെളിച്ചം പരക്കുന്നതെ ഉളളൂ……നടക്കാൻ ഇറങ്ങിയ കുടവയറന്മാരെയും ജോലിക്ക് പോകാൻ നിൽക്കുന്ന കുറച്ചു ബംഗാളികളെയും ഒഴിച്ചാൽ റോഡ് വിജനമായിരുന്നു ….main റോഡിൽ നിന്നും വണ്ടി പാലക്കാടൻ ഗ്രാമ വീഥികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി …അങ്ങകലെ സൂര്യൻ ഉദിക്കാനനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നു…
.ആ കുളിരണിയിക്കുന്ന കാഴ്ച മനസ്സിനെ കുറച്ചു പിറകോട്ടു നയിച്ചു…. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ചിത്രം വരയ്ക്കാൻ പറഞ്ഞാൽ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ക്യാൻവാസ് ഉണ്ട്…പച്ച വിരിച്ച വയലുകൾക്ക് മീതെ രണ്ടു മലകൾക്കിടയിൽ നിന്നും ഉദിച്ചു വരുന്ന സൂര്യൻ…ഞമ്മളെല്ലാം ഒരുപാട് വരച്ചൊരു ചിത്രം…പാലക്കാടിന്റെ ഉൾ ഗ്രാമ വഴികളിലൂടെല സഞ്ചരിച്ചാൽ പലപ്പോഴും ആ മനോഹര ദൃശ്യം നേരിൽ കണ്ടു ആസ്വദിക്കാം….ചില വയലുകളിൽ ഇടക്ക് മയിലിനെ കാണാം…..വഴിയരികിലെ ഒരു തട്ടുകടയിൽ നിന്നും ഒരു കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചപ്പോൾ .മനസിനും ശരീരത്തിനും ഒരു ഉണർവ്വ് കിട്ടി…യാന്ത്രികമായ ദൈനം ദിന ശൈലിയിൽ നിന്നും ഇന്നൊരു ദിവസം വ്യത്യസ്തമാവുകയാണ്…കോട പുതച്ചു കിടക്കുന്ന പാലക്കാടൻ വയലുകളും മല നിരകളും കണ്ടാസ്വദിച്ചു 7-30 നു മണിക്ക് നെല്ലിയാമ്പതി ചെക്ക് പോസ്റ്റിൽ എത്തി…വിവരങ്ങൾ നൽകി സ്ഥലം എഴുതിയപ്പോൾ ഫോറെസ്റ്റ് ഓഫീസിലെ ഒരു ചേച്ചി ഒറ്റക്കാണോ എന്ന് ചോദിച്ചു…അതെ എന്ന് പറയുമ്പോൾ ….ഈ വെളുപ്പാൻ കാലത്ത് ഇത്രയും ദൂരം ഒറ്റക്ക് വന്നു മല കയറാൻ ..ഇവനൊക്കെ എന്താ വട്ടാണോ എന്ന ഭാവം ആ ചേച്ചിയുടെ മുഖ ഭാവത്തിൽ നിന്നും മനസ്സിലായി….
അതെ ഇതും ഒരു ഭ്രാന്ത് തന്നെയാണ് രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു നട്ട പിരാന്ത് ..അതിന്റെ സുഖം അറിയണമെങ്കിൽ ഒരിക്കലെങ്കിലും ഒറ്റക്കൊരു യാത്ര പോകണം ..എന്നൊക്കെ ആ ചേച്ചിയോട് . പറയണം എന്നുണ്ടായിരുന്നു… പറഞ്ഞിട്ട് കാര്യമില്ല ഒരു ഭ്രാന്തനല്ലേ മറ്റൊരു ഭ്രാന്തനെ തിരിച്ചറിയൂ….
ഇനിയുളള 25 km യാത്ര കടിനുളളി ലൂടെയാണ്…. ഏകദേശം ഒന്നര മണിക്കൂർ ആനയും വന്യ മൃഗങ്ങളും ഉളള കാട്ടിലൂടെ…ദൂരെ കോട മൂടി കിടക്കുന്ന വശ്യ മനോഹരിയായി നിൽക്കുന്ന മലനിരകൾ എന്നെ സ്വാഗതം ചെയ്യുമ്പോൾ മറ്റെല്ലാം ഞാൻ മറന്നിരുന്നു……വർഷ കാലം ആയത് കൊണ്ട് തന്നെ എല്ലായിടത്തും മഴയിൽ കിളിർത്ത പുല്ലുകളും പൂത്തു നിൽക്കുന്ന മരങ്ങളും ഒക്കെയാണ് കാണാൻ കഴിഞ്ഞത് …..വഴിയിലുടനീളം ചെറുതും വലുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങൾ ഉണ്ട്….രാവിലെ ശാന്ത ഭാവം കാണിച്ചിരുന്ന പലതും മഴ കഴിഞ്ഞു തിരിച്ചു വരുമ്പോൾ അതിന്റെ യതാർത്ഥ മുഖം കാണിച്ചിരുന്നു….6 km സഞ്ചരിച്ചു കഴിഞ്ഞാൽ പോത്തുണ്ടി ഡാം കാണാം. നീലകാശത്തിന്റെയും പരന്ന് കിടക്കുന്ന മലനിരകളുടെയും പ്രതിഭിംഭം ഒരു കണ്ണാടിയിൽ നോക്കുന്ന പോലെ ഡാമിലെ വെള്ളത്തില് കാണാൻ സാധിക്കുമായിരുന്നു…..കുറച്ചു മുന്നോട്ടു പോയാൽ ഡാം വ്യൂ പോയിന്റ് ഉണ്ട്… സഞ്ചാരികൾക്കുള്ള ഇരിപ്പിടമെല്ലാം വാനരപ്പട കയ്യടക്കി വച്ചിട്ടുണ്ട്…. .
ഡാമും കഴിഞ്ഞു മുകളിലേക്ക് കയാറുംതോറും തണുപ്പ് ജാക്കറ്റിനുളളിലേക്ക് ഇരച്ചു കയറാൻ തുടങ്ങിരുന്നു…. വഴിയിൽ വെളളച്ചാട്ടങ്ങളുടെയും ചീവിടുകളുടെയും ശബ്ദ കൊലഹലങ്ങൾ മാത്രം ….ഇടക്ക് മലയണ്ണാനും പേരറിയാത്ത ഒരുപാട് കിളികളും…..വണ്ടിയുടെ വേഗത കുറച്ചു കാഴ്ചകളിൽ മതി മറന്നു ഏകദേശം ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ നെല്ലിയാമ്പതി town എത്തി..വഴിയരികിൽ കെട്ടിയുണ്ടാക്കിയ ഹോട്ടലുകളിൽ നിന്നും യാത്രക്കരെ ഭക്ഷണം കഴിക്കാനായി മാടി വിളിക്കുന്നുണ്ടായിരുന്നു……എന്തായാലും പ്രഭാത ഭക്ഷണത്തിനായി ഒരു ഹോട്ടലിൽ ഇറങ്ങി ……നല്ല ചൂടുളള കപ്പയും മത്തി കറിയും പിന്നെ നല്ല ചുട്ടരച്ച മുളക് ചമ്മന്തിയും ഒരു കട്ടൻ ചായയും…. .മനസ്സും വയറും ഒരു പോലെ നിറക്കുന്ന ഭക്ഷണം……ഹോട്ടൽ നടത്തുന്ന ഇത്തയോട് വഴികളൊക്കെ ചോദിച്ച മനസ്സിലാക്കി അവിടെ നിന്നിറങ്ങി…ഇത്ത പറഞ് തന്ന അടുത്തുളള ഓറഞ്ച് തോട്ടം പുതുമായുളള കാഴ്ചയായിരുന്നു….കൂടുതലും പച്ചയാണെങ്കിലും ഇത് വരെ കാണാത്ത ഒരു കാഴ്ചയായിരുന്നു അത്..എന്തായാലും ഇറങ്ങി പുറത്തു നിന്നു കുറച്ച ഫോട്ടോസ് എടുത്ത് പോന്നു ….
തുടർന്നങ്ങോട്ടുളള വഴിയിലുടനീളം തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും ആണ്….AVT യുടെ ഒരു ഫാക്ടറിയും ഉണ്ട്…. കോടകൾക്കുളളിൽ ഒളിച്ചിരിക്കുന്ന മലകൾ അപ്പോഴും എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു… തൂമഞ്ഞിനെയും തഴുകി കാടിന്റെ ഗന്ധവുംആസ്വദിച്ചു യാത്ര തുടർന്നു ….കാത്തിരിപ്പിനൊടുവിൽ സീതർകുണ്ട് view point ൽ എത്തി…പാർക്കിങ് ഫിയും കൊടുത്തു അല്പം നടക്കാനുണ്ട്…..തേയില തോട്ടങ്ങള്ക്ക് നടവിലൂടെ പോകുമ്പോൾ അങ്ങിങ്ങായി സഞ്ചാരികളുടെ ക്രൂര വിനോദങ്ങൾക്ക് ഇരയാക്കപ്പെട്ട നെല്ലിമരങ്ങളെ കാണാം….. view point ൽ എത്തുമ്പോൾ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു…….വർണിക്കാൻ കഴിയാത്ത കാഴ്ചകൾ ആയിരുന്നു അവിടെ എന്നെ കാത്തിരുന്നത്..ആദ്യമായി കാണുന്ന ആർക്കും അതൊരു അത്ഭുത കാഴ്ച്ച തന്നെ ആയിരിക്കും…എന്നെ മാടി വിളിച്ച ആ മല മുകളിൽ ഞാൻ എത്തിയിരിക്കുന്നു….പരന്ന് കിടക്കുന്ന മേഘങ്ങൾക്കും മുകളിൽ നിന്നുളള കാഴ്ച …പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ആയിരുന്നു…..താഴേക്ക് ഒന്ന് കാലിടാറിയാൽ ഒരു പൊടി പോലും കിട്ടാൻ സാധ്യത ഇല്ല…. കാരണം.4500 അടി മുകളിലാണ് ഈ view point…പക്ഷികളെ പോലെ രണ്ട് ചിറകുകൾ എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ കാഴ്ചകൾ എല്ലാം എനിക്ക് ഒപ്പി എടുക്കാമായിരുന്നു….ഇവിടെയും ഉണ്ട് കുസൃതിക്കാരായ വാനരപ്പട…. വ്യൂ പോന്റിൽ ഒരു സുരക്ഷാ വേലി പോലും ഇല്ല എന്നതാണ് ഏറെ അപകടവും സങ്കടകരവും…..
അരിച്ചിറങ്ങുന്ന കോടകളുടെ ഉൽഭവം തേടി പോകുമ്പോൾ ആയിരുന്നു ആ മനോഹര കാഴ്ച്ച എനിക്ക് കാണാനായത് മല മുകളിൽ താഴേക്ക് പതിക്കുന്ന ഒരു അതി മനോഹര വെളളച്ചാട്ടം…മല മുകളിൽ നിന്നും പാലൊഴുകുന്നത് പോലെ വെള്ളം താഴോട്ട് പതിക്കുന്നു….. ഇടക്ക് ചെറിയ ഒരു ചാറ്റൽ മഴ തുടങ്ങിരുന്നു…ഒപ്പം നല്ല കാറ്റും…ജാക്കറ്റ് ഉളളത് കൊണ്ട് ആ കാറ്റും മഴയും കൊണ്ട് കുറച്ചങ്ങനെ നിന്നു…താഴെയുളള കാഴ്ചകളെല്ലാം കോടയും മേഘങ്ങളും മറച്ചിരുന്നു… ബാക്കിയുള്ളവരെല്ലാം മഴ കാരണം പോയിരുന്നു….ആ മലമുകളിൽ ഇപ്പോൾ ഞാനും കോടയും ചെറിയ ഒരു ചാറ്റൽ മഴയും മാത്രം….പിന്നെ നല്ല അടിപൊളി കാറ്റും …ഞാൻ മനസ്സിൽ ആഗ്രഹിച്ച നിമിഷങ്ങൾ…വലിയൊരു പാറകല്ലിന്റെ മുകളിൽ ഇരുന്ന് കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന മേഘങ്ങളെ അവക്ക് മുകളിൽ നിന്ന് നോക്കുമ്പോൾ താഴെ നിന്ന് കാണുന്നതിനേക്കാൾ ഭംഗിയാണ്…..
“ഈ നെറ്റിലെക്കോ കാണുന്ന സീൻ ഇതാണല്ലേ” എന്ന ചോദ്യം ആയിരുന്നു എന്നെ സ്വപ്നങ്ങളിൽ നിന്നും ഉണർത്തിയത്…നോക്കുമ്പോൾ എന്നെ പോലെ ഒരു യാത്രികൻ അയാളും ഒറ്റക്കാണ് 25 km ഓട്ടോ വിളിച്ചാണ് ഇവിടെ എത്തിയത് എന്ന് പറഞ്ഞപ്പോൾ ഈ ഭ്രാന്ത് എനിക്ക് മാത്രമല്ല എന്ന് ബോധ്യമായത്….പരിചയപ്പെട്ടപ്പോൾ പുളളി ഒരു ഡോക്ടർ കൂടി ആണ്… കൂടുതൽ സംസാരിച്ചപ്പോൾ ആണ് അറിയുന്നത് നമ്മുടെ ഗ്രൂപ്പിലെ അംഗം കൂടി ആൺ…കുറച്ചു നേരം സംസാരിച്ചിരുന്നു…..വീണ്ടും ഇത് പോലെയൊക്കെ എവിടെയെങ്കിലും വച്ചു കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു….ഞാൻ കുറച്ചു നേരം അവിടെ ചിലവഴിച്ചു വീണ്ടും യാത്ര തുടർന്നു…കുന്നിൻ മുകളി ലെ ഒരു ഫാം ഹൌസാണ് അടുത്ത ലക്ഷ്യം …എമുവും വിവിധയിനം ആടുകളും…പട്ടികളും പ്രാവുകളും കോഴികളും ഉളള ഒരു ചെറിയ ഫാം house…..അതിന് താഴെയായി ഒഴുകുന്ന അരുവിയിൽ നീന്തി കളിക്കുന്ന അരയന്ന കൂട്ടങ്ങൾ …തൊട്ടടുത്തു കോഴികൾക്ക് കൂട്ടായി ഒരു പെൺ മയിലും വിരുന്നെത്തിയിട്ടുണ്ട്…..
കുറച്ചകലെ തൊഴുത്തിനടുത്ത് കൊക്കുരുമ്മി പ്രണയം പങ്കു വയ്ക്കുന്ന പ്രാവുകൾക്കു എന്റെ വരവ് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു… .നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലെടായ് എന്ന് പറയുന്ന പോലെ ഒരു കുറുകൽ…. ..അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആവാൻ ഞാനും നിന്നില്ല….മടങ്ങാൻ നിൽക്കുമ്പോഴേക്കും മഴ തുടങ്ങിയിരുന്നു…. വഴിയരികിലെ ഓല മേഞ്ഞ ഒരു ഷെഡിൽ അഭയം തേടി…….പച്ച പുൽ വിരിച് പരന്നു കിടക്കുന്ന കാട്ടിൽ യൂക്കാലി മരങ്ങൾ മാനം മുട്ടെ വളർന്ന് കിടക്കുന്നു…ഒരു ഭാഗത്ത് തേയില തോട്ടവും …വീശിയടിക്കുന്ന .തണുത്ത കാറ്റിനൊപ്പം നൃത്തം വെക്കുന്ന പച്ചപ്പുല്ലുകൾക്ക് കൂട്ടായി യൂക്കാലി മരങ്ങളുംഅവക്കൊപ്പം ആടുന്നുണ്ടായിരുന്നു…. കാറ്റിനു പോലും തേയിലയുടെയും യൂകാലിയുടെയും ഗന്ധം ആയിരുന്നു…അപ്പോൾ മനസ്സിൽ ഓടി വന്നത് വയലാറിന്റെ ആ വരികൾ ആയിരുന്നു.”ഇവിടെ കാറ്റിനും സുഗന്ധം ഇതിലെ പോയത് വസന്തം”…..പിന്നെ ഒന്നും നോക്കീല ഞമ്മളും അങ് പാടി..😏😏😏..വേറെ അരും കേൾക്കില്ലല്ലോ…
മനം നിറക്കുന്ന കാഴ്ച്ചയിൽ അലിഞ്ഞു എത്ര നേരം ഇരുന്നെന്ന് എനിക്ക് തന്നെ ഓർമയില്ല …മഴ മാറിയപ്പോഴും കാറ്റും കോടയും കുറഞ്ഞിരുന്നില്ല….വഴിലൂടെ പോകുമ്പോൾ ആണ് രണ്ട് മാൻ കുട്ടികളെ കണ്ടത്….വണ്ടി നിർത്തി ക്യാമറ എടുക്കുമ്പോഴേക്കും അവ കോടക്കുളിലേക്ക് മറഞ്ഞിരുന്നു….അപ്പോഴാണ് ഞാൻ ആ സ്ഥലം ശ്രദ്ധിക്കുന്നത് …. പച്ച വിരിച്ച പുല്ലുകൾക്കിടയിൽ ചുവന്ന ഗുൽമോഹർ പൂക്കൾ അങ്ങിങ്ങായി വീണു കിടക്കുന്നു….. വലിയ വാഗ മരങ്ങളും തൂമഞ്ഞിൻ തുളളികളും കണ്ണിനെയും മനസ്സിനെയും കുളിരാണിയിപ്പിച്ചു കൊണ്ടിരുന്നു….
വന്ന വഴികളെല്ലാം കോട മൂടി കിടന്നതിനാൽ മുന്പിലുളള റോഡ് പോലും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു…
അടുത്ത ലക്ഷ്യം കേശവൻ പാറ ആണ്…. മഴക്ക് അല്പമൊരു ആശ്വാസമായി….സമയം 12 മണി കഴിയുന്നു…മഴയും കോടയും ഒക്കെ മാറി വെയിൽ വന്നു തുടങ്ങി…തെളിഞ്ഞ നീലാകാശം….സീതാര് കുണ്ട് നിന്നും തിരിച്ചു വരുമ്പോൾ കൈകാട്ടി ജംഗ്ഷനിൽ നിന്നും left ലേക്കുള്ള റോഡ് ആണ് കേശവാൻപറയിലേക്കുള്ള വഴി….(നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് ഓഫിസ് റോഡ്) അവിടെ നിന്നും ഏകദേശം 1.5 km സഞ്ചരിച്ചാൽ കേശവൻപാറ എത്താം…ഗൂഗിൾ മാപ്പ് നോക്കി പോയാൽ വഴി കറക്ടായി കാണിക്കില്ല…ഒരു ഹോട്ടലിനും പിന്നെ ചെറിയൊരു കടയും അതിന്റെ ഓപ്പോസിറ്റ് Right സൈഡിൽ ആണ് entrance…. വണ്ടി നിർത്തി അല്പം നടക്കാൻ ഉണ്ട്…എപ്പോഴും ആന ഇറങ്ങുന്ന സ്ഥലമാണ് അത്കൊണ്ട് ഒറ്റയ്ക്ക് പോവുന്നത് നല്ലതല്ല എന്ന് കടയിലെ ചേട്ടൻ… എവിടെ പോയാലും ആ നാട്ടുകാർ പറയുന്നതിന് ഞമ്മൾ വില കല്പിക്കണമല്ലോ… അത് കൊണ്ട് വേറെ ഒരു ടീം വരുന്നത് കാത്തു നിന്നു…
Entrance ഗേറ്റിലൂടെ കേശവൻ പാറ ലക്ഷ്യമാക്കി നടന്നു…വഴിയുടെ ഇരു വശങ്ങളും കുറ്റി കാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു…നട്ടുച്ച ആയിട്ടു പോലും വെയിൽ കണങ്ങൾ താഴേക്ക് പതിക്കുന്നില്ലയിരുന്നു… അല്പം മുന്നോട്ട് പോയപ്പോൾ ആനപിണ്ഡത്തിന്റെ രൂക്ഷമായ ഗന്ധം…ചെറിയൊരു പേടി തോന്നിയെങ്കിലും ശ്രദ്ധിച്ചു മുന്നോട്ട് നടന്നു… മരചില്ലകളിലൂടെ കരിംകുരങ്ങുകൾ ചാടി കളിക്കുന്നുണ്ടായിരുന്നു…കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കേശവൻ പാറ എത്തി…ഒരു ഭാഗത്ത് കാടും മറ്റൊരു ഭാഗത്ത് മലകളും ദൂരെ പോത്തുണ്ടി ഡാമും കാണാം…എങ്ങോട്ട് നോക്കിയാലും അടിപൊളി ഫ്രെയിം.. വെയിൽ ആയതിനാൽ നല്ല view ഉണ്ട്..പാറയുടെ ചില ഭാഗങ്ങളിൽ നല്ല വഴുക്കൽ ഉണ്ട്..ചിലയിടത്ത് നിന്നും ഉറവകൾ വരുന്നുണ്ട്….ഒരു വശത്തയി അനധികൃത മായി നിർമ്മിച്ച രണ്ടു റിസോർട്ടുകൾ ഉണ്ട്…പൊളിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് എന്ന് തോന്നുന്നു..കുറച്ചു നേരം അവിടെ ചിലവഴിച്ചു തിരിച്ചിറങ്ങി…
റോഡിൽ എത്തുമ്പോഴേക്കും ചെറിയ മഴ തുടങ്ങിരുന്നു….കുറച്ചു നനഞ്ഞു പോകാൻ തന്നെ തീരുമാനിച്ചു..ഫോണും പഴ്സും ക്യാമറയും ഒരു കവറിൽ കെട്ടി…നല്ല തണുത്ത മഴ തുള്ളികൾ കൊണ്ട് ചുരമിറങ്ങാൻ തുടങ്ങി. തണുത്തു വിറച്ചു താഴെ എത്തുമ്പോഴും മനസ്സിൽ ഒരുപാട് സന്തോഷം ആയിരുന്നു…നാളുകയുളള ഒരു സ്വപ്നമെങ്കിലും പൂവാണിഞ്ഞതോർത്ത്…..