പാലക്കാട് ജില്ലയിലെ പല്ലാവൂർ എന്ന അഗ്രഹാരത്തിൽ നിന്നുള്ള പ്രശസ്ത തായമ്പക വാദകരായിരുന്ന സഹോദരൻമാരായ അപ്പുമാരാർ, മണിയൻ മാരാർ, കുഞ്ഞിക്കുട്ടൻ മാരാർ എന്നിവരാണ് പല്ലാവൂർ ത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. ചെണ്ട, തിമില, ഇടയ്ക്ക എന്നിവയിലെല്ലാം ഇവർ കഴിവുതെളിയിച്ചിരുന്നു. മൂന്ന് സഹോദരന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല.
1928-ൽ ഇടയ്ക്ക വിദ്വാനായിരുന്ന പട്ടാരത്ത് ശങ്കരമാരാരുടെയും പുറത്തുവീട്ടിൽ നാരായണി (അമ്മിണി) മാരസ്യാരുടെയും മകനായി ജനിച്ച അപ്പുമാരാരായിരുന്നു ഇവരിൽ മൂത്തവൻ. അപ്പുമാരാർക്ക് രണ്ടുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ ശങ്കരമാരാർ അദ്ദേഹത്തെയും അമ്മയെയും ഉപേക്ഷിച്ചുപോയി. തുടർന്ന്, പല്ലാവൂർ ഗ്രാമത്തിൽ സുബ്രഹ്മണ്യ അയ്യരെ നാരായണി മാരസ്യാർ വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് അപ്പുമാരാരുടെ അനുജന്മാരായ മണിയൻ മാരാരും കുഞ്ഞിക്കുട്ടൻ മാരാരും ജനിച്ചത്.
എട്ടം വയസ്സിൽ നാട്ടിലെ ശിവക്ഷേത്രത്തിൽ ചെണ്ടമേളം നടത്തിക്കൊണ്ട് അരങ്ങേറ്റം കുറിച്ച അപ്പുമാരാർ തിരുവില്വാമല കോന്തസ്വാമിയുടെ കീഴിൽ തായമ്പകയും പുറത്തുവീട്ടിൽ നാരായണമാരാരുടെ കീഴിൽ തിമിലയും പഠിച്ചു. പിന്നീട്, തന്റെ അറിവ് അദ്ദേഹം അനുജന്മാർക്കും പകർന്നുകൊടുത്തു. പതിനേഴാമത്തെ വയസ്സിൽ, കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റിക്കൊണ്ട് അപ്പുമാരാർ കേരളമൊട്ടുക്കുമുള്ള ക്ഷേത്രങ്ങളിൽ പോയി കൊട്ടാൻ തുടങ്ങി. മിക്ക ഉത്സവങ്ങളിലും അദ്ദേഹത്തിന്റെ വക ചെണ്ടമേളമുണ്ടാകുമായിരുന്നു. പിന്നീട്, മണിയൻ മാരാരും കുഞ്ഞിക്കുട്ടൻ മാരാരുമൊന്നിച്ച് ഡബിൾ തായമ്പകയോടെ അരങ്ങേറ്റം കുറിച്ചു.
പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക സോപാനസംഗീതം തുടങ്ങിയവയിലെല്ലാം മൂവരും കഴിവ് തെളിയിച്ചിരുന്നു. മൂവരുടെയും വാദ്യപ്രകടനങ്ങൾക്കായി കേരളം എന്നും കാതോർത്തിരുന്നു. പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം കൊട്ടിക്കയറിയ മൂവരും വളരെപ്പെട്ടെന്നുതന്നെ ആസ്വാദകഹൃദയങ്ങൾ കീഴടക്കി. കേരളത്തിൽ മാത്രമല്ല, പുറത്തും മൂവരുടെയും പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും, ഇവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് വേദിയായത് തൃശ്ശൂർ പൂരം തന്നെയാണ്. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് അപ്പുമാരാർ പാറമേക്കാവ് പക്ഷത്തും അനുജന്മാർ തിരുവമ്പാടി പക്ഷത്തും സ്ഥാനമുറപ്പിച്ചു.
നാലുപതിറ്റാണ്ടോളം കാലം പൂരത്തിന് ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൂരപ്രേമികളുടെ മനസ്സിൽ ഇന്നും മായാത്തൊരോർമ്മയാണ് സഹോദരന്മാരുടെ വാദ്യപ്രകടനങ്ങൾ. 1962 മുതൽ പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനുണ്ടായിരുന്ന അപ്പുമാരാർ 1984 മുതൽ 2002 വരെ പഞ്ചവാദ്യപ്രമാണിയായിരുന്നു. ഇടയ്ക്കയിലാണ് അദ്ദേഹം സാന്നിദ്ധ്യമുറപ്പിച്ചത്. തിരുവമ്പാടിയുടെ മഠത്തിൽ വരവിന് മണിയൻ മാരാരും കുഞ്ഞിക്കുട്ടൻ മാരാരും നടത്തിയിരുന്ന പഞ്ചവാദ്യപ്രകടനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. ഇരുവരും തിമിലയിലാണ് സാന്നിദ്ധ്യമുറപ്പിച്ചത്.
‘ചെത്തി മന്ദാരം തുളസി’ എന്ന പ്രസിദ്ധ ചലച്ചിത്രഭക്തിഗാനം ഇടയ്ക്കയിൽ വായിച്ചിരുന്ന അപ്പുമാരാർ ഇന്നും ഒരു അത്ഭുതമാണ്. അനുജന്മാരുമൊത്ത് അദ്ദേഹം നടത്തിയിരുന്ന ട്രിപ്പിൾ തായമ്പകയും ആദ്യകാലത്ത് തൃത്താല കേശവപ്പൊതുവാൾക്കും പിന്നീട് അനുജന്മാർക്കൊപ്പം മാറിമാറിയും നടത്തിയിരുന്ന ഡബിൾ തായമ്പകയും വളരെയധികം പ്രസിദ്ധമായിരുന്നു. രണ്ടാമനായിരുന്ന മണിയൻ മാരാർ തുടക്കം മുതലേ അനുജൻ കുഞ്ഞിക്കുട്ടൻ മാരാർക്കൊപ്പമാണ് ഡബിൾ തായമ്പക നടത്തിവന്നിരുന്നത്.
വളരെ പെട്ടെന്നാണ് മരണം മൂന്ന് സഹോദരന്മാരെയും കൊണ്ടുപോയത്. ഇവരിൽ ആദ്യം പോയത് മണിയൻ മാരാരാണ്. 2001 ജൂൺ 20-ന് 68-ആം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. മരണത്തിന് ഒന്നരമാസം മുമ്പ് അദ്ദേഹം തിരുവമ്പാടിയുടെ മഠത്തിൽ വരവിന് പ്രമാണിയായി നിന്നിരുന്നു. തൊട്ടടുത്ത വർഷത്തെ തൃശ്ശൂർ പൂരത്തിൽ മഠത്തിൽ വരവിന് പ്രമാണം വഹിച്ച കുഞ്ഞിക്കുട്ടൻ മാരാർ തുടർന്ന് 2002 ഓഗസ്റ്റ് 24-ന് 67-ആം വയസ്സിൽ അന്തരിച്ചു. പ്രതിഭ കൂടിയവർക്ക് ആയുസ്സ് കുറവായിരിയ്ക്കുമെന്നായിരുന്നു അനുജന്മാരുടെ വേർപാടുകളിൽ ജ്യേഷ്ഠൻ അപ്പുമാരാരുടെ പ്രതികരണം. എന്നാൽ, 2002 ഡിസംബർ 8-ന് 74-ആം വയസ്സിൽ അദ്ദേഹവും യാത്രയായതോടെ പല്ലാവൂർ ത്രയം ഓർമ്മയായി. മൂവരും തിരുവില്വാലമല ഐവർമഠം ശ്മശാനത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ അവർ കൊണ്ടുവന്ന വാദ്യശൈലി അവരുടെ മക്കളിലൂടെയും പേരക്കുട്ടികളിലൂടെയും ഇന്നും ജീവിയ്ക്കുന്നു.