എത്ര കണ്ടാലും മതിവരാത്ത ചില ഇടങ്ങളുണ്ട് എത്ര തവണ പോയാലും മടുക്കാത്ത ഇടങ്ങൾ, വീണ്ടും.. വീണ്ടും പോകുവാൻ കൊതിക്കുന്നൊരിടം…. അതാണ് കടൽ തീരങ്ങൾ, മനുഷ്യ മനസ്സുകളുടെ സങ്കടങ്ങൾ തിരതള്ളി ഒഴുക്കുന്ന കടൽ തീരങ്ങളിൽ കഥകളോത്തിരിയുണ്ട് കടലിനും പറയുവാൻ രൗദ്ര ഭാവത്തോട് കൂടെയുള്ള തിരമാലകളിൽ തീരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന കടലിന്റെ സങ്കടങ്ങൾ അറിയുവാൻ കോവളം മുതൽ ത്രിസംഗമ വേദിയായ കന്യാകുമാരി വരെ ചിലവ് ചുരുക്കി നടത്തിയ ചെറിയൊരു യാത്ര.
ഒരിക്കൽ കിട്ടിയ ഒരു സുവർണ്ണാവസരം തലേ ദിവസം ബഡ്ജറ്റ് ആയി ഒരു ട്രിപ്പ് ഞങ്ങൾ പ്ലാൻ ചെയ്തു മുഹ്സിൻ, ഷബീർ, ജുനൈസ്, ഫഹദ്, ഈയുള്ളവൻ മൊത്തം അഞ്ചുപേർ ട്രെയിൻ ഡീറ്റൈൽ ഒന്ന് ചെക്ക് ചെയ്തു. നൈറ്റ് 12 മണിക്ക് മാവേലി എക്സ്പ്രസ്സ് ഉണ്ടെന്നറിഞ്ഞു. സമയം ഒട്ടും വൈകിച്ചില്ല. എല്ലാവരും വീട്ടിൽ പോയി യാത്രക്കുള്ള പാക്കിങ് ചെയ്തു യാത്ര പറഞ്ഞിറങ്ങി. അടുത്ത റെയിൽവേ സ്റ്റേഷനായ കുറ്റിപ്പുറത്തു നിന്നും തലസ്ഥാന നഗരിയെ ലക്ഷ്യമിട്ട് തെക്കോട്ടേക്കൊരു യാത്ര കോവളം വരെ അതായിരുന്നു പ്ലാൻ.

പന്ത്രണ്ട് മണിക്കുള്ള മാവേലി എക്സ്പ്രസ്സ്ന് തലക്ക് 90 രൂപ വെച്ച് സെക്കന്റ് ക്ലാസ്സ് ടിക്കറ്റ് എടുത്തു.. വൈകാതെ ട്രെയിൻ എത്തി ഷൊർണൂർ വരെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഷൊർണൂർ പിന്നിട്ടമ്പോൾ കമ്പാർട്ട് മെന്റെ പകുതി കാലിയായി ഓരോരുത്തരായി മുകളിലത്തെ ബെർത്തുകളിൽ കയറിക്കിടന്നു ഉദ്ദേശം സുഗമായി കിടന്നുറങ്ങലായിരുന്നു 7മണിക്കുള്ള അലാറവും മൊബൈലിൽ സെറ്റ് ചെയ്തു കിടന്നു. ട്രെയിനിൽ യാത്ര തുടർന്നു.
അലാറം അടിക്കുന്ന ശബ്ദം കേട്ടുണർന്ന ഞാൻ നോക്കുമ്പോൾ വണ്ടി ട്രിവാൻഡ്രത്ത് എത്തിയിട്ടില്ല. അര മണിക്കൂർ കൂടെ എടുക്കും തിരുവനന്തപുരത്തെത്താൻ. സഹയാത്രികരെയെല്ലാം വിളിച്ചുണർത്തി.. 7.45 ഓടെ ട്രെയിൻ തലസ്ഥാന നാഗരിയിലെത്തി.. ട്രെയിൻ ഇറങ്ങി 350 രൂപക്ക് ഫ്രഷ് ആകാനുള്ള റൂമെടുത്തു. ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ തട്ടി കോവളം പോകുന്ന ബസ് തിരക്കി നടന്നു. അവസാനം ആനവണ്ടിയിയുടെ ലോ ഫ്ലോർ ബസ്സ് കിട്ടി.
പച്ചപ്പും കടലുമായ് ഒരുമിക്കുന്ന അപൂർവ്വമായ ബീച്ച് , ലോക ഭൂപടത്തിൽ മലയാളിയ്ക്ക് അറബിക്കടൽ സമ്മാനിച്ചതും അത് പോലെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ ബീച്ചാണ് – കോവളം ബീച്ച്. ഇന്ത്യയിലെ അന്താരാഷ്ട്ര ബീച്ചുകളിൽ ഏറ്റവും പ്രശസ്തമായ ” കോവളം”. അനവധി വിദേശികളും , സ്വദേശികളും അവധിക്കാലം ആഘോഷമാക്കാൻ കോവളത്ത് എത്താറുണ്ട്. വസ്ത്രധാരികളായും അൽപ വസ്ത്രധാരികളായും അലയടിക്കുന്ന കടൽത്തിരമാലകളിൽ മുങ്ങിപ്പൊങ്ങുന്നവരെയും ഒട്ടനവധി കാണാം, ഒരിടത്ത് കച്ചവടം പൊടിപൊടിക്കുമ്പോൾ മറ്റൊരിടത്ത് കടൽക്കാറ്റേറ്റ് ഏതോ ലോകങ്ങളിൽ സ്വയം നഷ്ടപ്പെട്ട് ഹണിമൂൺ ആഘോഷിക്കുന്ന ചിലരുമുണ്ട്….

നഗരത്തിൽ നിന്നും16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ബീച്ച് ആയ കോവളത്ത് എത്താം.
നഗരത്തിൽ നിന്നും 30 മിനിറ്റിൽ ഇവിട എത്തുവാൻ സാധിക്കും. ഓരൊ 30 മിനിറ്റിലും കെ എസ് ആർ ടി സി ലോ ഫ്ലോർ സർവീസ് നടത്തുന്നുണ്ട് ..
മൂന്ന് ബീച്ച് സൈടുകളാണ് പ്രധാനമായും കോവളത്ത് ഉള്ളത്, തെക്കേയറ്റത്ത് 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ബീച്ച് ആണ് ഇവിടുത്തെ പ്രത്യേകത. അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്നാനം) ഏറ്റവും ഇഷ്ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. തിരുവനന്തപുരം തീരത്ത് നിറഞ്ഞിരിക്കുന്ന പാറക്കെട്ടുകള്‍ കോവളത്തെ കടലിനെ പ്രക്ഷുബ്ധരഹിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യത കൂറവയാതിനാല്‍ ഇവിടെ കടല്‍സ്നാനത്തിന് ഏറ്റവും അനുയോജ്യമാണ്. 100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും. ഈ ഘടകമാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് കോവളം .
കോവളത്ത് താമസിച്ച് പോകാൻ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയാണ്. ഏറ്റവും അടുത്തുള്ള കോവളം ലൈറ്റ്ഹൗസ് ബീച്ചിലേക്ക് പോയാൽ ലൈറ്റ് ഹൗസിന് മുകളിൽ കയറി കുറച്ച് സമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. താഴെ കടലിൽ കുളിയുമാകാം. ശംഖുമുഖം കടപ്പുറം, വേളിക്കായൽ, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, ബീമാപ്പള്ളി, ആറ്റുകാൽ ക്ഷേത്രം എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ പകൽ സമയങ്ങളിൽ തിരഞ്ഞെടുക്കാം. ജീവിതത്തിൽ ഒരിക്കലെങ്കിലും താമസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്പോട്ടാണ് കോവളമെന്നതിൽ സംശയം ആർക്കുമുണ്ടാകില്ല.

പത്തു മണിയോടടുത്തിരിക്കും കോവളത്തെത്തിയപ്പോൾ. ലൈറ്റ് ഹൌസിൽ മുകളിൽ പോയി കോവളം ബീച്ചിന്റെ മനോഹര ദൃശ്യങ്ങളൊക്കെ പകർത്തി വീണ്ടും ബീച്ചിൽ ഇറങ്ങി. കുറേ സമയം കടലിൽ ചിലവഴിച്ചു. വിശപ്പ് കാരണം കരകയറിയ ഞങ്ങൾക്ക് നല്ലൊരു ഹോട്ടൽ കണ്ടെത്താനായില്ല.
കോവളം ബീച്ചിലെ കാഴ്ചകളൊക്കെ മതിമറന്ന് ആർമാദിച്ചിരിക്കുമ്പോഴാണ് ഈ യാത്ര കന്യാകുമാരി വരേ നീട്ടിയാലോ എന്ന ചർച്ച ഞങ്ങൾക്കിടയിൽ വന്നത്. ഇത്രെയും ദൂരം വന്നിട്ട് അടുത്തുള്ള കന്യാകുമാരി കാണാതെ പോകുന്നത് ശെരിയല്ലല്ലോ ..ചർച്ചയും പ്ലാനിങ്ങും പിരിമുറുകി. ഒട്ടും താമസിയാതെ എല്ലാവരും പുറപ്പെടാൻ തന്നെ തീരുമാനിച്ചു. അവിചാരിതമായ യാത്ര, അല്ലെങ്കിലും യാത്രയിൽ പെട്ടെന്നെടുക്കുന്ന ചില തീരുമാനങ്ങൾ മനോഹരമാകാറുണ്ട്.
ഒരു ദിവസം കന്യാകുമാരി തങ്ങി ഉദയാസ്തമയങ്ങളിൽ അലിഞ്ഞു ചേരാൻ ബഹുഭൂരിപക്ഷവും ബീമാ പള്ളിയും കണ്ടിട്ട് കന്യാകുമാരി പോകാം എന്ന അഭിപ്രായം മുന്നോട്ടു വെച്ചു. എന്നാ സമയം വൈകിക്കേണ്ട അവിടുന്ന് നേരെ അടുത്ത സ്പോട്ട് ആയ ബീമാപള്ളിയിലേക്ക് തിരിച്ചു. ബീമാപള്ളിക്കടുത്ത് നിന്നും ഉച്ചയൂണും കഴിച്ചു. വലിയതുറ കടലോരത്തിലൂടെ സെയ്യിദുന്നിസ ബീമാ ബീവിയുടെയും, മകൻ സയ്യിദ് ശുഹദാ മഹീൻ അബൂബക്കറിന്റെയും സവിതത്തിൽ.. നിറയെ ചെറുതും വലുതുമായ മിനാരങ്ങളും താഴികക്കുടങ്ങളും നിറഞ്ഞ ആ ദർഗ ഒരു വിസ്മയം തന്നെ ചുറ്റു ഭാഗവും നടന്നു കണ്ടു അകത്തു കയറി പ്രാർത്ഥിച്ചു, പ്രവാചക കുടുംബാംഗമായ മഹതി മത പ്രബോധനാർത്ഥം കേരളത്തിൽ എത്തുകയും, അവരുടെ സത്യസന്ധതയും, സൽസ്വാഭാവവും, ദിവ്യ ശക്തിയും കണ്ടനുഭവിച്ച ജനങ്ങളുടെ പ്രീതിക്ക് അവർ പാത്രീഭവിക്കുകയായിരുന്നു.
ഇന്നും മഹതിയുടെ ദിവ്യ ശക്തിയിൽ പ്രതീക്ഷ അർപ്പിച്ചു നാനാ ജാതി മതസ്ഥർ അവിടെ വന്നുകൊണ്ടിരിക്കുന്നു എന്നത് അത്ഭുതമാണ്, രോഗശമനത്തിന് വേണ്ടി വെള്ളം എടുത്ത് ഉപയോഗിക്കുന്ന മരുന്ന് കിണർ അവിടുത്തെ മറ്റൊരു ആകർഷണമാണ്, പുണ്യത്തിന് വേണ്ടി നൽകുന്ന അവിടത്തെ പട്ടും പൂവും കൈപ്പറ്റി നേരെ ധർഗ്ഗയുടെ മുറ്റത്തു നിന്ന് തന്നെ ksrtc ബസിൽ കിഴക്കേ കോട്ടയിലേക്ക്..
തൊണ്ണൂറ് കിലോമീറ്റർ അപ്പുറത്തുള്ള കന്യാകുമാരിയിലേക്കുള്ള ബസ് പിടിച്ചു…..കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക്. മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. വൈകിട്ട് അഞ്ചര ആയിക്കാണും കന്യാകുമാരി എത്തിയപ്പോൾ. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന അത്ഭുതഭൂമി. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പ് അതാണ് കന്യാകുമാരി. കേപ് കോമറിന് എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി ഇപ്പോൾ തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാർ കേരളം, വടക്കും കിഴക്കും തിരുനെല്‍വേലി ജില്ല എന്നിങ്ങനെയാണ് കന്യാകകുമാരിയുടെ അതിര്‍ത്തികള്‍.
കോവളത്ത് നിന്ന് കൊണ്ട് തന്നെ ഞങ്ങൾ പക്കാ പ്ലാനിങ്ങിൽ എത്തിയിരുന്നു. ബാലാജിയെ വിളിച്ചു റൂം സെറ്റാക്കിയിട്ടുണ്ടായിരുന്നു. ഉദയവും അസ്തമയവും കാണാൻ പറ്റുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തിലുള്ള നിലയിൽ ഒരു എ സി റൂം ബാലാജി തരപ്പെടുത്തിയിട്ടുണ്ടായിരുന്നു… കന്യാകുമാരി ഇറങ്ങിയ ഉടനെ ബാലാജിയെ വിളിച്ചു. ഒട്ടും വൈകാതെ അവനെത്തി റൂം കാണിച്ചു തന്നു. നല്ല കിടിലൻ റൂം. അതും ആയിരം രൂപക്ക്.. കൂടെ നാളെ കാലത്ത് വിവേകാനന്ദ പാറയിലേക്ക് പോകുന്ന ബോട്ടിനുള്ള അഞ്ച് ഫ്രീ ടിക്കറ്റും അവൻ ഓഫർ ചെയ്തു.. ( അവൻ ടിക്കറ്റ് കൗഡറിൽ ആണ് ജോലി ) ലഗേജ് എല്ലാം റൂമിൽ വെച്ചു കെട്ടിടത്തിന്റെ മുകളിലേക്ക് നീങ്ങി.. കടലിനെ നല്ല വണ്ണം വീക്ഷിക്കാൻ പറ്റിയ വ്യൂ ഉള്ള ഒരു ലോഡ്ജ് തന്നെ ആയിരുന്നു അത്.
സന്ധ്യ ആവാറായി. സൂര്യൻ പടിഞ്ഞാറ് എത്തി കാർമേഘങ്ങൾക്കിടയിൽ കണ്ണ് പൊത്തിക്കളിക്കുന്നു. പാറക്കെട്ടുക്കൾ നിറഞ്ഞ തീരത്തെ തിരമാലകൾ ആ സായം സന്ധ്യയോടടുക്കുന്ന നിമിഷങ്ങളിൽ എന്തെന്നില്ലാത്ത രൗദ്രഭാവം പ്രകടമാക്കുന്നുണ്ട്. അഴകിന്റെ വർണ്ണക്കാഴ്ചകൾ ഒരുക്കിയ ആകാശം ഇരുട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് വിടവാങ്ങുമ്പോൾ മാനത്തെ ചുവപ്പ് രാശികൾ ഓരോന്നും മങ്ങാൻ തുടങ്ങി. എന്തിനേറെ കടൽ പോലെ തന്നെ മനസ്സും ഇരുട്ടിന്റെ നിശബ്ദതയിലേയ്ക്ക് ഊളിയിട്ട പോലെ തോന്നി.
രാത്രിയുടെ യാമങ്ങളിലേക്ക് ഒളിമങ്ങിയ സൂര്യ തേജസിന് പകരം ഇന്നീ നഗരത്തെ പ്രകാശം പൂരിതമാക്കാൻ നിലാവെളിച്ചം ഞങ്ങൾക്ക് കൂട്ടിനെത്തി. രാത്രി എട്ട് മണിക്ക് ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്ത് പോയി. അടുത്തുള്ള റെസ്റ്റോറന്റിൽ കയറി ഫുഡ് ഒക്കെ അടിച്ചു പുറത്തിറങ്ങിയപ്പഴും നിലാവെട്ടം കൂടുതൽ പ്രകാശം ചൊരിയുന്നുണ്ട്. ഞങ്ങളെല്ലാവരും ആ രാത്രിയുടെ പാതി സമയവും തിരമാലകളോട് സല്ലപിച്ചു കന്യാകുമാരിയുടെ ത്രിവേണി സംഗമതീരങ്ങളിൽ ചിലവഴിച്ചു.

മറക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ സമ്മാനിച്ച മുഹൂർത്തങ്ങളും ഞങ്ങളിലൂടെ കടന്ന് പോയി.. പകൽ കടലിനെ പോലെയല്ല രാത്രിയിലെ കടൽ. ഉറക്കം വരാത്ത ഒരു വായാടിയെപ്പോലെ മറ്റുള്ളവരേയും ഉറക്കാതിരിക്കാൻ ഏതോ നീണ്ട കഥ പറയുന്നത് പോലെ തോന്നും. അസ്തമയവും കണ്ടു രാത്രിയിലെ നിലാവിൽ കടൽ പറഞ്ഞ കഥകളോരോന്നും ഇരു ചെവിയും ഏറ്റുവാങ്ങി തിരിച്ചു റൂമിലോട്ടു നടന്നകന്നു.
ഇനി സൂര്യോദയം കൂടെ കാണണം. അതിനുവേണ്ടിയുള്ള തിരക്കിൽ കണ്ണിറുക്കെ അടച്ച് ഉറക്കം നടിച്ച് കിടന്നു.
ഉറക്കം വരാത്ത രാത്രി പുലരാൻ തുടങ്ങി… മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ട് എത്തി നോക്കി സൂര്യൻ ആകാശത്തേയ്ക്ക് ഉയർന്ന് വരുന്ന സൂരോദയം കാണാൻ എന്ത് ഭംഗിയായിരുന്നു ! ഇത്രയൊക്കെ കണ്ടാൽ മതി എന്നെ എന്ന രീതിയിൽ സൂര്യൻ മേഘത്തിനുള്ളിലേക്ക് വലിഞ്ഞു ആ സൂര്യോദയത്തെ വർണിക്കാൻ എനിക്കറിയില്ല. അത്രമേൽ മനോഹരമായിരുന്നു ആ ഉദയം ,ഇനിയൊരു ഉദയവും കന്യാകുമാരിയോളം അടുത്തെത്താതിരിക്കും വരെ കന്യാകുമാരിയിലെ തെളിഞ്ഞ സൂര്യോദയം ഒരു തീരാക്കടമായി എന്നും നിൽക്കട്ടെ എന്നാഗ്രഹിക്കുന്നു..
ആകാശം കുറച്ചു മേഘാവൃതമായിരുന്നു …. ഉദയവും അസ്തമയവും കണ്ട് ബാലാജിയുടെ ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് നീങ്ങി 8 മണിക്കാണ് വിവേകാനന്ദ പാറയില്ലേക്ക് ബോട്ട് സർവീസ് തുടങ്ങുക … വെയിൽ കുറച്ചു മൂത്തു തുടങ്ങി .. ബോട്ട് ടിക്കറ്റിനു അത്യാവശ്യം വലിയ ക്യു ഉണ്ടായിരുന്നു .. ഉടനെ അവനെ വിളിച്ചു ടിക്കറ്റ് കൗഡറിന്റെ മുമ്പിലോട്ട് വരാന്‍ പറഞ്ഞു ഞങ്ങൾക്കുള്ള അഞ്ച് ടിക്കറ്റ് അവൻ നേരത്തെ മാറ്റി വെച്ചിരുന്നു അങ്ങിനെ ടിക്കറ്റ് ഓകെ. ഇനി വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ടിലാണ് പോകേണ്ടത്. കരയിൽ നിന്നും പാറയിലേക്ക് കഷ്ട്ടിച്ച് ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ.. ബോട്ട് യാത്ര ഇഷ്ടപെടുന്നവരെ ഇത് നിരാശപെടുത്തിയേക്കാം ..

സ്വാമി വിവേകാനന്ദന് തപസ്സിരുന്ന പാറയിലാണ് വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ദേവീ കന്യാകുമാരി ഏകപാദസ്ഥിതയായി തപസ്സനുഷ്ഠിച്ചെന്ന് കരുതുന്ന ശ്രീപാദപാറ ഇവിടെയുണ്ട്. ശ്രീപാദപാറയ്ക്ക് പുറമെ ധ്യാനമണ്ഡപവും പ്രധാനഹാളും മണ്ഡപത്തിലുണ്ട്. വിവേകാനന്ദ കേന്ദ്രത്തിനാണ് സ്മാരകത്തിന്റെ ചുമതല
കൂടുതലും ടൂറിസ്റ്റുകളാണ് ഇവിടെ എത്തണത് ഇൻസ്റ്റന്റ് ഫോട്ടോസ് എടുത്തു കൊടുക്കുന്ന ഫോട്ടോഗ്രാഫേഴ്സിനെ അവിടെ കാണാം. സൺ ഗ്ലാസ് കച്ചോടവും തൊപ്പി ബിസിനസ്സും ഇരു വശവും പൊടി പൊടിക്കുന്നു … പല വിധത്തിൽ ഉള്ള ശംഘു കച്ചോടക്കാരും നിരവധി ഉണ്ട്. കല്ലുകൾ കൊണ്ടു മാല ഉണ്ടാക്കി വിൽക്കുന്നവരും കണ്ണിൽ ഉടക്കി നിന്നു. ഇവിടെ കുറച്ചു അധികം സമയം ചിലവഴിച്ചു .. ചുട്ടു പഴുത്ത ദോശക്കല്ലു പോലെ വിവേകാനന്ദ പാറ ചൂടെടുക്കാൻ തുടങ്ങി. അവിടെ നിന്നും ബോട്ടിൽ കരയിലേക്ക് ഞങ്ങൾ തിരിച്ചു.
കന്യാകുമാരിയിലെ പ്രധാന കാഴ്ചകള്‍ വിവേകാനന്ദപ്പാറ, വട്ടകൊട്ടൈ കോട്ട, പത്മനാഭപുരം കൊട്ടാരം, തിരുവള്ളുവര്‍ പ്രതിമ, ഉദയഗിരി കോട്ട, ഗാന്ധിമ്യൂസിയം എന്നിവയാണ്. ശംഖുത്തര ബീച്ച്, തെങ്കപ്പട്ടണം ബീച്ച്, ചോതാവിളൈ ബീച്ച് തുടങ്ങിയവയാണ് കന്യാകുമാരിയിലെ ബീച്ചുകൾ. അങ്ങനെ ഞങ്ങളുടെ യാത്രയുടെ അവസാനമായി. ഞങ്ങൾ ബാഗുകളും എടുത്തുകൊണ്ട് കന്യകുമാരി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. 10 മണിക്ക് തൃശ്ശൂർ വഴി പോകുന്ന ട്രെയിൻ കിടപ്പുണ്ടായിരുന്നു. അതില്‍ ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്നും മലബാറിലേക്കൊരു സെക്കന്റ് ക്ലാസ്സ് ടിക്കറ്റ്കൂടെ എടുത്തു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog