സ്വാതന്ത്ര്യത്തിനു ശേഷവും പലതവണ ഇന്ത്യ കരഞ്ഞിട്ടുണ്ട്. പിന്നീട് സംഭവിച്ച പല ദുരന്തങ്ങളും ഇന്ത്യയെ ഒട്ടാകെ കരയിച്ചിട്ടുണ്ട്. ചിലത് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളായിരുന്നു, ചിലത് ആക്രമണങ്ങള്‍, ചിലത് പ്രകൃതിയുടെ ക്രൂരമായ ഇടപെടലുകള്‍… ഇന്ത്യയെ കരയിച്ച ചില സംഭവങ്ങളിലേക്ക്..
1. ഗാന്ധിജിയുടെ മരണം : ഒരു രാഷ്ട്രം മുഴുവന്‍ പൊട്ടിക്കരഞ്ഞ ദിവസമായിരുന്നു 1948 ജനുവരി 30. മഹാത്മ ഗാന്ധിയെ നാഥുറാം വിനായ് ഗോഡ്സേ വെടിവച്ചുകൊന്ന വാര്‍ത്ത ഞെട്ടിത്തരിച്ചാണ് ഓരോ ഇന്ത്യക്കാരനും കേട്ടത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്സേ ആ കൊലപാതകം ചെയ്തത്. “ഹേ റാം, ഹേ റാം” എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
2. ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണം : 1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി.1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. 27 മെയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്ത്യയൊട്ടാകെ കരഞ്ഞ മറ്റൊരു ദിവസമായിരുന്നു അന്ന്.
3. ഇന്ദിരാഗാന്ധിയുടെ മരണം : 1984 ഒക്ടോബർ 31-ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാൽ വെടിയേറ്റ് വധിക്കപ്പെട്ടു. ഇന്ത്യയുടെ ശക്തിയേറിയ പ്രധാനമന്ത്രിമാരിൽ ഒരാളായ ഇന്ദിരാജിയുടെ മരണം രാജ്യത്തെ മൊത്തം ഞെട്ടിക്കുകയും കരയിക്കുകയും ചെയ്തു.
4. ഭോപ്പാൽ ദുരന്തം : 1984 ഡിസംബർ 2 ന് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും 2 ലക്ഷത്തിൽപ്പരം പേർ നിത്യരോഗികളായി മാറുകയും ചെയ്തു. ഭോപ്പാൽ ദുരന്തം എന്നപേരിൽ അറിയപ്പെടുന്ന ഈ സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഞെട്ടിക്കുന്ന അപകടങ്ങളിൽ പ്രധാനമാണ്.
5. രാജീവ് ഗാന്ധിയുടെ മരണം : ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം അധികാരത്തിൽ വന്നതാണ് മകനായ രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി. പൊതുവെ സൗമ്യനും സദ്ഗുണ സമ്പന്നനും ആയിരുന്ന രാജീവ് ഗാന്ധിയുടെ മരണം ഇന്ത്യയെ ഒട്ടാകെ പിടിച്ചുകുലുക്കി.
6. ലത്തൂര്‍ ഭൂകമ്പം : വ്യക്തികളുടെ മരണത്തിനപ്പുറത്തേക്ക് പ്രകൃതി ഇന്ത്യയെ വലിയതോതില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് 1993 ലെ ലത്തൂര്‍ ഭൂകമ്പം മുതലായിരിക്കും. മഹാരാഷ്ട്രയിലെ ലത്തൂരില്‍ അന്നുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് ഇരുപതിനായിരത്തിലേറെ ആളുകളായിരുന്നു.
7. ഒറീസ ചുഴലിക്കാറ്റ് : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു 1999 ല്‍ ഒറീസയില്‍ ഉണ്ടായത്. പതിനായിരത്തിലേറെ ജനങ്ങളാണ് അന്ന് മരിച്ചത്. രണ്ടേ മുക്കാല്‍ ലക്ഷത്തോളം വീടുകള്‍ കാറ്റില്‍ തകര്‍ന്നു.
8. ഗുജറാത്ത് ഭൂകമ്പം : 2001 ജനുവരി 26 നു രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഴുകിയപ്പോള്‍ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥനമായ ഗുജറാത്ത് തകരുകയായിരുന്നു. രാജ്യത്തെ നടുക്കിയ ഈ ഭൂകമ്പ ദുരന്തത്തില്‍ 20,000 ജീവനാണ് പൊലിഞ്ഞത്.റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയിയ ഭൂകമ്പത്തിന്റെ ഉത്ഭവം ഗുജറാത്തിലെ കച്ച് ജില്ലയായിരുന്നു. രാജ്യം അഭിമുഖീകരിക്കണ്ടി വന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് ഗുജറാത്ത് ഭൂകമ്പം.
9. സുനാമി : 2004 ലെ ക്രിസ്മസ് പിറ്റേന്ന് ആയിരുന്നു ലോകത്തെ നടുക്കിയ സുനാമി ദുരന്തം സംഭവിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന 14 രാജ്യങ്ങളിലേക്ക് കടല്‍ ഭീമന് തിരകളായി ആഞ്ഞടിച്ചു. ദുരന്തത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. ഇനിയും എണ്ണിതീരാത്തത്ര പേര് ദുരന്തത്തിന്റെ ഇരകളായി. പതിനേഴായിരത്തോളം ഇന്ത്യക്കാരണ് സുനാമിയില്‍ ഇല്ലാതായത്. നാശനഷ്ടങ്ങള്‍ വേറെയും. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ തിരകള്‍ വിനാശകാരികളായി.
10. മുംബൈ ഭീകരാക്രമണം : മുംബൈയിൽ 2008 നവംബർ 26-ന് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തുകയും 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ദിവസം നീണ്ട ആക്രമണ പരമ്പരയായിരുന്നു അന്ന് നടന്നത്.
11. ഉത്തരാഖണ്ഡ് പ്രളയം : ആത്മശാന്തിക്കായി മലകയറിയ തീര്‍ത്ഥാടകരും, അവിടെ ജീവിച്ചിരുന്ന സാധാരണക്കാരും… എല്ലാവരേയും ഒരുപോലെ ഒഴുക്കിക്കൊണ്ടുപോയ പ്രളയമായിരുന്നു 2013 ല്‍ ഉത്തരാഖണ്ഡില്‍ സംഭവിച്ചത്. ആറായിരത്തോളം പേര് മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
12. APJ അബ്ദുൽ കലാമിന്റെ മരണം : 2015 ജൂലൈ 27ന് ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അബ്ദുൽ കലാം കുഴഞ്ഞു വീഴുകയുണ്ടായി. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. നിറകണ്ണുകളോടെയായിരുന്നു ഇന്ത്യ മുഴുവനും ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്.
കടപ്പാട് – വൺ ഇന്ത്യ മലയാളം , വിക്കിപീഡിയ.