മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ. ബി. സി. 2-ം ശതകത്തോടടുത്ത് അലക്സാൻഡ്രിയൻ കാലഘട്ടത്തിൽ (ബി. സി. 356-312) രചിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഹെറഡോട്ടസിന്റെ ചില ചരിത്ര ഗ്രന്ഥങ്ങളിലും പുരാതന ലോകാത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ഏഴിൽ ഈജിപ്തിലെ വൻ പിരമിഡ് മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളു. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്സാൻഡ്രിയൻ കാലഘട്ടത്തിനുശേഷം ഏഴത്ഭുതങ്ങളുടെ പല പട്ടികകൾ പ്രചാരത്തിൽ വന്നു.
പുരാതന ലോകാത്ഭുതങ്ങൾ : ഗിസയിലെ പിരമിഡ് : ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമത്തെ അത്ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു.
ബാബിലോണിലെ തൂക്കുപൂന്തോട്ടം : തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബൂഖദ്നേസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോരുന്നു.
എഫേസസ്സിലെ ഡയാന (ആർട്ടിമീസ്) ക്ഷേത്രം : ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് ”’ആർട്ടെമിസ്സ് ക്ഷേത്രം”’. സുമാർ 104.24 മീറ്റർ നീളവും 49.98 മീറ്റർ വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീറ്റർ ഉയരമുള്ള 127 വൻ ശിലാസ്തംഭങ്ങൽ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി. സി. 356-ൽ തീ പിടിച്ചശേഷം പുനർനിർമിതമായി. എ. ഡി. 262-ൽ ഗോത്തുകൾ ഇതിനെ നശിപ്പിച്ചു.
ഒളിമ്പിയയിലെ സിയൂസ് പ്രതിമ : ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപിടുത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു.
ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം : തന്റെ സോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (ബി.സി. 353) സ്മരണയ്ക്കായി ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്. പിത്തിസ് (പിത്തിയോസ്) എന്ന ശില്പിയും നാലു പ്രമുഖ ഗ്രീക്ക് കൊത്തുപണിക്കാരായ സ്കോപാസ്, ബ്രിയാക്സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിൾ പ്രതിമയ്ക്ക് 42.67 മീറ്റർ ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് ഭൂചനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു.
റോഡ്സിലെ കൊലോസസ് : ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽ നിന്നും ബി. സി. 305-304-ൽ റോഡ്സ് സ്വതന്ത്രമായി. ഇതിന്റെ സ്മരണ നിലനിറുത്തുവാൻ പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. ലിൻഡസിലെ ചാറസ് ആണ് നിർമാതാവ്. പണിപൂർത്തിയാവുന്നതിന് പന്ത്രണ്ടു വർഷമെടുത്തു (292-280). ബി. സി. 225- ലെ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ. ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്ക്കു റൊഡ്സ് ആക്രമിച്ച അറബികൾ ഇതിനെ കഷണങ്ങളാക്കി വിറ്റു. 900 ത്തിലേറെ ഒട്ടകങ്ങൾക്കു വഹിക്കുവാൻ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്ക്ക് ഉണ്ടായിരുന്നു.
അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം) : ഈജിപ്റ്റിലെ ഫാരോസ് ദ്വീപിൽ അലക്സാഡ്രിയ തുറമുഖ കവാടത്തിൽ ടോളമി II ന്റെ ഭരണകാലത്തു നിർമിച്ചു (ബി. സി. 280). നൈദസ്സിലെ സൊസ്റ്റ്റാറ്റസ് ആയിരുന്നു ഇതിന്റെ ശില്പി. ഇതിന് സുമാർ 134.11 മീറ്റർ ഉയരം ഉണ്ടായിരുന്നു. മുന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം മധ്യത്തിലേത് അഷ്ടഭുജം മുകളിലത്തേത് ഗോളസ്തംബാകൃതി (cylindrical). അതിനു മുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകൾക്കു മാർഗസൂചകമായി ദ്വീപസ്തഭം നിർമിച്ചിരുന്നു. എ. ഡി. 955 നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകൾ സംഭവിച്ചു. 14-ം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്തു. 1477-ൽ സുൽത്താൻ ക്വെയ്ത്ബേ ഇതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു കോട്ട നിർമിച്ചു.
മധ്യകാല ലോകാത്ഭുതങ്ങൾ – 16-17 നൂറ്റാനുകളിൽ നിലനിന്നിരുന്ന ലോകാത്ഭുതങ്ങളുടെ പട്ടികയാണ് ഇനി പറയുവാൻ പോകുന്നത്. സ്റ്റോൺ ഹെഞ്ജ്, വെൽഷെയർ ഇംഗ്ലണ്ട് : നിയോലിതിക് രാജാക്കന്മാർ സൂര്യാരാധനയ്ക്കായി പണികഴിപ്പിച്ച സ്ഥലം,ഇവിടുത്തെ പ്രകൃതിയ്ക്ക് മഹാരോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്നു വിശ്വസിയ്ക്കപ്പെറ്റുന്നു. 110 മീറ്ററോളം വ്യാസമുള്ള ശിലാവൃത്തം,2 മീറ്ററ് നീളവും,1-1.6 മീറ്റർ വീതിയും,0.8 മീറ്റർ ഘനവുമുള്ള കൽത്തൂണുകളാൽ ചുറ്റപ്പെട്ടിരിക്കുനു.കൽത്തൂണുകൾ പരന്ന ശിലകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.വടക്കു കിഴക്കായി ഒരു വലിയ കവാടവും,തെക്കു വശത്ത് ചെറിയ കവാടവുമുണ്ട്.
കൊളോസിയം, ഇറ്റലി : പ്രാചീന റോമിലെ വെസ്പാസിയൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ റ്റൈറ്റസും ചേർന്ന് വിനോദപരിപാടികൾക്കായി നിർമ്മിച്ചു.നീറോ ചക്രവർത്തിയുടെ കാലത്ത് കെട്ടിടം പുനരുദ്ധരിച്ചു.നവീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. 189 മീറ്റർ നീളവും,156 മീറ്റർ വീതിയുമുള്ള ദീർഘവൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ പാദവിസ്തീർണം 6 ഏക്കറോളം വരും.കാഴ്ചക്കാർക്ക് ഇരിയ്ക്കാനും പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങൾക്കു പുറമേ,അറകളും,ഗുഹകളും,മനോഹരമായ പ്രകാശ വിതാന സജ്ജീകരണങ്ങളും ജലസംഭരണികളുമുണ്ടായിരുന്നു.റോമിലെ വധശിക്ഷ നടപ്പാക്കിയിരുന്നതും ഇവിടെ വച്ചാണ്.
അലക്സാണ്ട്രിയയിലെ ഭൂഗർഭ ഗുഹകൾ : അലക്സാണ്ട്രിയൻ ജനതയ്ക്കായി നിർമ്മിക്കപ്പെട്ട പൊതുശ്മശാനം. പ്രാചീന ഗ്രീക്ക്-റോമൻ ശൈലിയിലുള്ള പ്രതിമകളാൽ അലംകൃതം.
ഹേജിയ സോഫിയ, കോണ്സ്റ്റാന്റിനോപ്പിൾ: സാന്തസോഫിയ എന്നും അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ഇത്.1453-ല് കോണ്സ്റ്റാന്റിനേപ്പിളിന് പതനം സംഭവിച്ചപ്പോള് മുസ്ലിം ദേവാലയമായി മാറി.
പോർസലൈൻ ടവർ, ചൈന: ചൈനീസ് ചക്രവർത്തി Yongle യുടെ ഭരണകാലത്ത് ബുദ്ധമതപ്രചരണാർത്ഥം നിർമ്മിച്ച സ്തൂപം(പഗോഡ).1853-ൽ തെയ്പിംഗ് വിപ്ലവകാരികൾ നശിപ്പിച്ചു. 97 അടി വ്യാസവും,266അടി ഉയരവുമുള്ള അഷ്ടഭുജ സ്തൂപം,പോർസലൈൻ ഇഷ്ടികകളാൽ നിർമ്മിതം.9 നിലകളുള്ള കെട്ടിടത്തിന് 130 പടികളുണ്ട്.
ചൈനയിലെ വന്മതിൽ: ചൈനയിലെ ക്വിൻ ഷി ഹുവാങ് ചക്രവർത്തിയുടെ ഭരണകാലത്ത് വ്യാപാരാവശ്യങ്ങൾക്കും,പുറമേ നിന്നുള്ള ആക്രമണം തടയുന്നതിനുമായി നിർമ്മിക്കപ്പെട്ടത്. 6700 മീറ്റർ നീളവും,16-19 അടി വീതിയുമുള്ള മതിൽ,ചന്ദ്രനിൽ നിന്നു ഭൂമിയിലേയ്ക്കു നോക്കുമ്പോൾ കാണുന്ന ഏക മനുഷ്യ നിർമ്മിത വസ്തു.
പിസയിലെ ചരിഞ്ഞ ഗോപുരം, ഇറ്റലി:പിസയിലെ ക്രൈസ്തവ ദേവാലയത്തിന്റെ മണിഗോപുരമായി നിർമ്മിക്കപ്പെട്ടു. 54.55 മീറ്റര് ഉയരവും 8 നിലകളുമുള്ള ഗോപുരം 4.88 മീറ്റര് ലംബത്തിൽ നിന്നും ചരിഞ്ഞ് നിലകൊള്ളുന്നു.
ആധുനിക ലോകാത്ഭുതങ്ങൾ : 1931-ലെ പുനർ നിർണയ പ്രകരം കുഫുവിന്റെ പിരമിഡ്, ഹേജിയ സോഫിയ, പിസയിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്മഹൽ, യു. എസ്സിലെ വഷിങ്ടൺ മോണ്യുമെന്റ്, പാരീസിലെ ഈഫൽ ഗോപുരം യു. എസ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംങ് ഇവയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ.
പുതിയ ലോകാത്ഭുതങ്ങൾ : ചിച്ചെൻ ഇറ്റ്സ, Christ the Redeemer, കോളോസിയം, ഗ്രേറ്റ് വാൾ ഓഫ് ചൈന, മാച്ചു പിക്ച്ചു, പെട്ര, താജ്മഹൽ.