വിവരണം – ബക്കർ അബു.
മഴ ഇതിന് മുന്‍പും ഇവിടെ തിമിര്‍ത്തു പെയ്തിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് കര്‍ക്കിടകനാളിലുണ്ടായ മഹാജലപ്രളയത്തില്‍ ഒരു തോര്‍ത്ത് മുണ്ട് കണക്കെ അന്നത്തെ കേരളം ഇരുപത്തേഴ് ദിവസത്തോളം മുങ്ങിക്കിടന്നിരുന്നു. അന്ന് ഇവിടെ നിവസിച്ചിരുന്ന മനുഷ്യര്‍ പരിസ്ഥിതിയോടുള്ള പരാക്രമമൊന്നും തുടങ്ങിയിട്ടുണ്ടായിരുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ലാത്ത മണ്ണിന്റെ മനുഷ്യക്കൂടുകളില് പ്രകൃതിയെ മതിവരുവോളം ശ്വസിച്ചുകൊണ്ടായിരുന്നു അവരിവിടെ ജീവിച്ചിരുന്നത്, എന്തിനധികം പറയുന്നു, അറുപതിന്റെ അവസാനത്തില്‍ ഞാന്‍ കണ്ടൊരു കേരളമുണ്ട്. ഗ്രാമങ്ങളാല്‍ നിറഞ്ഞ ഒരു ചെറിയ പെരുക്കപ്പട്ടിക പുസ്തം പോലെയുള്ള കേരളം. അന്നൊക്കെ ജനം ഒരിടത്തും നഗരങ്ങളെ കേന്ദ്രങ്ങളാക്കി നിബിഡ ജനവാസത്തിന് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. ഒരു വീട് കഴിഞ്ഞാല്‍ മറ്റൊന്ന് കാണുന്നത് ഒരു ഹൂയ് വിളിയുടെ പ്രതിധ്വനിക്കും രണ്ടോ മൂന്നോ തണ്ണീര്‍പ്പന്തലുകള്‍ക്കും അപ്പുറത്തായിരിക്കും. ചിലപ്പോള്‍ നീണ്ട അതിരുള്ള പറമ്പുകളുടെ ഇടക്കീറുകളിലായിരിക്കും ഒന്നോ രണ്ടോ വീടുകള്‍ കാണപ്പെടുക.
മഴ എങ്ങിനെ തകര്‍ത്ത് പെയ്താലും വെള്ളം കുത്തി ഒഴുകിപ്പോവാന്‍ വേണ്ടുവോളം കര ഭൂമിയുണ്ട്, കാവുണ്ട്, കുളമുണ്ട്, ഇന്നത്തെക്കാള്‍ കൂടുതല്‍ ആഴമുള്ള നദികളുണ്ട്, വെള്ളം കെട്ടി നില്‍ക്കാത്ത മുറ്റങ്ങളുള്ള വീടുകള്‍,മുറ്റത്തിന്റെ അരികില്‍ വെള്ളമിറങ്ങുന്ന ഇടപ്പിരിവുകള്, വയലുകള്‍, തോടുകള്‍, ആറു മാസം തുടര്‍മഴ പെയ്യുന്ന അറുപത്,എഴുപത് കാലങ്ങളിലെ അഴകാര്‍ന്ന കേരളമാണിത്. ചാലിയാര്‍ കവിഞ്ഞൊഴുകിയതോ, മണ്ണിടിച്ചിലോ സംസ്ഥാന ഹൃദയം സ്തംഭിപ്പിക്കുന്ന വാര്ത്തകളേയായിരുന്നില്ല, അങ്ങിനെയുള്ളൊരു കേരളം ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് കര്‍ക്കിടകനാളിലുണ്ടായ മഹാജലപ്രളയത്തില്‍ ഒരു തോര്‍ത്ത് മുണ്ട് കണക്കെ ഇരുപത്തേഴ് ദിവസം എങ്ങിനെ മുങ്ങിക്കിടന്നു?
പ്രകൃതി കനിവായി തുടങ്ങി കണ്ണീരായി പെയ്തിറങ്ങിയപ്പോള്‍ പെരിയാര്‍ നിറഞ്ഞു കവിഞ്ഞൊഴുകി. തൃശൂരും എറണാകുളവും ആലപ്പുഴയും കുട്ടനാടും ഇടുക്കിയും കോട്ടയവും മഹാപ്രളയത്തിനടിപ്പെട്ടു. മഴ കനത്ത് ജലം ഉയരങ്ങളിലേക്ക് അടിച്ചേറിയപ്പോള് കരിന്തിരിമലയും മുന്നാറിലേക്കുള്ള പാതയും ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ഇന്ത്യയിലെ ആദ്യത്തെ മോണോറെയില്പാത കടന്നുപോയ കുണ്ടലതാഴ്വര പൂര്‍ണ്ണമായി തകര്‍ന്നു ഉപയോഗശൂന്യമായി. .ഒരേ സമയം കോഴിക്കോടും തൃശൂരും മഴയില്‍ പുതഞ്ഞിരിക്കെ സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരമുള്ള മുന്നാറിന്റെ ഭാഗങ്ങള്‍ പോലും വെള്ളപ്പൊക്കത്തിനടിയിലായി.
പള്ളിവാസലില്‍ പ്രകൃതിയാല്‍ ഉണ്ടായ ജലസംഭരണി നിറഞ്ഞൊഴുകിയതിന്റെ ഫലമായി പള്ളിവാസല്‍ ടൌണ്‍ പ്രളയത്തില്‍ നാമാവശേഷമായി .മുന്നാറിലേക്ക് വൈദ്യുതി നല്കാന് നിര്‍മ്മിച്ച ഹൈഡ്രോ ഇലെക്ട്രിക് പവര്‍ സ്റ്റേഷന് മുങ്ങിപ്പോവുകയും പള്ളിവാസല്‍ ഭൂപടത്തില്‍ പുതിയൊരു മുഖത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
3368mm ജലം ആകാശത്തു നിന്ന് കോരിച്ചെരിഞ്ഞപ്പോള് ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു. അനാഥശവങ്ങള്‍ പക്ഷികളോടും മൃഗങ്ങളോടൊപ്പവും മറ്റു ദിക്കില്‍ നിന്ന് ഒഴുകി മലബാറില്‍ വരെ എത്തിചേര്‍ന്നു, മഴ സംഹാരതാണ്ഡവമാടിയ കര്‍ക്കിടക ഭീകരതയില്‍ മനുഷ്യര്‍ മണ്ണിലും മാനത്തുമല്ലാത്തൊരവസ്ഥയിലായിരുന്നു.
മലനാടിനെ ജലം മുക്കികൊന്ന ചരിത്രത്തിലെ ചിലഭാഗങ്ങള്‍ കാല്‍നൂറ്റാണ്ട് മുന്‍പ് ദീപികയില്‍ പ്രസിദ്ധീകരിച്ചത് ഇവിടെ കടപ്പാടോടെ ഉദ്ധരിക്കുന്നു. കാലടി തലയാറ്റുംപള്ളി മനയുടെ നാലുകെട്ട് ഇന്നില്ല. പക്ഷേ 70 വർഷം മുൻപ് അപ്ഫൻ രാമൻ നമ്പൂതിരി 99-ലെ വെള്ളത്തിന്റെ പൊക്കം വരും തലമുറയ്ക്ക് ഓർമയാകട്ടെ എന്നു പറഞ്ഞ് കൊത്തിവച്ച ജലനിരപ്പടയാളം പിൻഗാമികൾ ഇന്നും സൂക്ഷിക്കുന്നു.
പെരിയാറിന്റെ തീരത്താണ് മനവക പുരയിടം. എല്ലാവർഷവും പുരയിടത്തിൽ വെള്ളം കയറുക പതിവ്. അതിനാൽ കൊല്ലവർഷം 1099 കർക്കടകത്തിൽ ഒരു ദിവസം രാവിലെ മുറ്റത്തു വെള്ളം കയറിയിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിച്ച തലയാറ്റുംപള്ളി പരമേശ്വരൻ നമ്പുതിരി അനുസ്മരിക്കുന്നു. അന്ന് അദ്ദേഹത്തിന് ആറു വയസ്സാണ്. കാണെക്കാണേ വെള്ളം പെരുകുന്നു. ഗുരുതി കലക്കിയ കണക്ക് വെള്ളത്തിന്റെ നിറം. ഭയങ്കര മഴ, ഉഗ്രൻ ഇടിമിന്നൽ. അതിശൿതമായ ഒഴുക്കും. തടികളും തേങ്ങയും പെട്ടികളുമൊക്കെ ഒഴുകി വരുന്നതിനു കണക്കില്ല. വെള്ളം പൊങ്ങിയതോടെ എല്ലാവരും തട്ടിൻ പുറത്തു കയറി. ഒരു രാത്രി അവിടെ. പിറ്റേന്നു നേരം വെളുത്തപ്പോൾ മനയിൽ നിന്നു രക്ഷപ്പെടാനായി കണ്ണപ്പള്ളി കുഞ്ഞുവറീത് എന്നയാളുടെ വലിയ വള്ളം വരുത്തി. കാലടിയിലെ ഉയരം കൂടിയ സ്ഥലമായ മറ്റൂർ കുന്നാണ് ലക്ഷ്യം. ഇന്ന് ശ്രീ ശങ്കരാ കോളജ് ഇരിക്കുന്ന സ്ഥലം.
അദ്വൈതത്തിന്റെ ആദ്യ കാലടികൾ പതിഞ്ഞ മണ്ണിൽ വെള്ളപ്പൊക്കത്തെയും കാലത്തെയും അതിജീവിച്ച് തൊണ്ണൂറ്റൊമ്പതിന്റെ ഒരു സ്മാരകം കൂടിയുണ്ട്. ശൃംഗേരി മഠത്തിനു സമീപമുള്ള ബംഗ്ലാവ്. അതൊരു ധീരന്റെ കൂടി കഥയാണ്. കൊച്ചി, തിരുവിതാംകൂർ, മൈസൂർ രാജ്യങ്ങളിൽ ചീഫ് ജസ്റ്റീസ് ആയിരുന്ന പെൻഷൻ പറ്റിയ രാമചന്ദ്രയ്യനായിരുന്നു അന്ന് അവിടുത്തെ താമസക്കാരൻ. ശൃംഗേരി മഠത്തിന്റെ ക്ഷേത്രപ്പണിയുടെ ചുമതലക്കാരനായിരുന്ന അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് മഠം വകയായിരുന്നു. വെള്ളം പൊങ്ങി എല്ലാവരും ജീവനും കൊണ്ടോടിയപ്പോൾ കാശുമുടക്കി പണിത ഈ കെട്ടിടം തകരില്ലെന്നും പറഞ്ഞ് ജഡ്ജി അവിടെനിന്നു മാറാൻ കുട്ടാക്കിയില്ല. കുന്നിലേക്ക് പോകാൻ വള്ളം വന്നപ്പോൾ തലയാറ്റുംപള്ളി മനയിലെ അപ്ഫൻ നമ്പൂതിരി രാമചന്ദ്രയ്യനെ വിളിക്കാൻ ആളെ പറഞ്ഞയച്ചു. “ ഈ കെട്ടിടം തകർന്നാൽ കൂടെ ഞാനും പൊയ്ക്കൊള്ളാ”മെന്നു പറഞ്ഞ് ജഡ്ജി അവിടിരുന്നു. ബംഗ്ലാവ് മുങ്ങി. ജഡ്ജി മൂന്നു ദിവസം പിടിച്ചിരുന്നത് മേൽക്കൂരയിൽ. മനുഷ്യരും ആനയുമൊക്കെ ഒഴുകിപ്പോകുന്നത് അദ്ദേഹം അവിടിരുന്നു കണ്ടു.
വെള്ളം മാത്രം നോക്കി നിൽക്കെ ഉയർന്നു വരുന്ന വെള്ളത്തിനു ചുവന്നു കലങ്ങിയ നിറം. മലമ്പ്രദേശത്തു നിന്നു കുട്ടനാട്ടിലേക്ക് കാട്ടുമൃഗങ്ങളുടെ ജഡങ്ങൾക്കൊപ്പം സ്ത്രീകളുടെയും വൃദ്ധന്മാരുടെയും കുട്ടികളുടെയും മൃതദേഹങ്ങളൊഴുകി. തീരനഗരങ്ങളിലെ പൊതു നിരത്തിൽ കൂടി നോഹയുടെ പെട്ടകങ്ങൾ പോലെ കെട്ടുവള്ളങ്ങൾ. നാടൊട്ടാകെ ഗതാഗതം മുടങ്ങി. തപാൽ നിലച്ചു. രോഗികളെ ആശുപത്രിയിലാക്കാനാവാതെ ബന്ധുക്കൾ വലഞ്ഞു. അല്പമെങ്കിലും ഉയരമുള്ള പ്രദേശങ്ങളെല്ലാം അഭയാർഥികളെക്കൊണ്ടു നിറഞ്ഞു.
എറണാകുളം, പോഞ്ഞിക്കര, വെണ്ടുരുത്തി, ഞാറയ്ക്കൽ പ്രദേശങ്ങളെല്ലാം സമുദ്രനിരപ്പിലാകാൻ മണിക്കൂറുകളേ എടുത്തുള്ളു. ചൊവ്വര, ഇടപ്പള്ളി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽ പാതകൾക്കു മീതേ വഞ്ചിതുഴയാനും വിധം വെള്ളമുയർന്നു. പലയിടത്തും റെയിൽ പാലങ്ങൾ ഒഴുകിപ്പോയി. റെയിൽ ഗതാഗതം മുടങ്ങിയതോടെ എറണാകുളത്തു യാത്രക്കാർ കുടുങ്ങി. കർക്കടകം ഒന്നാം തീയതി എറണാകുളത്ത് ബ്രോഡ്വേ മൈതാനം സമുദ്ര തുല്യമായി. മുല്ലേപ്പടി റോഡ് മുതൽ ചിറ്റൂർ റോഡ് വരെ രണ്ടു ദിവസം കൊണ്ട് ഒരാൾപൊക്കത്തിൽ വെള്ളമുയർന്നു. എറണാകുളത്തെ നിരത്തുകളിൽ കടത്തു വള്ളങ്ങൾ സ്ഥാനം പിടിക്കൻ അധികം വൈകിയില്ല.
മധ്യതിരുവിതാംകൂറിൽ തിരുവല, തിരുമൂലപുരം, തുകലശേരി തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകളിൽ രണ്ടു ദിവസം കൊണ്ട് 8000 പേരാണ് അഭയാർഥികളായി എത്തിയത്. വെമ്പാല, മുഴക്കീർ, തലയാർ, പാണ്ടനാട്, മണിപ്പുഴ, ചാത്തൻകരി, നിരണം, മാന്നാർ, കാരയ്ക്കൽ, പെരുന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് ആയിരങ്ങൾ ജീവനും കൊണ്ടു പാഞ്ഞു. അന്ന് എല്ലായിടത്തുനിന്നുമുള്ള റിപ്പോർട്ടുകളോടൊപ്പം സ്ഥിരം ഒരു വാചകമുണ്ട് “ശവങ്ങൾ ഒഴുകി നടക്കുന്നു”.
ആടുമാടുകളുടെയും കാട്ടുമൃഗങ്ങളുടെയും ജഡങ്ങൾക്കൊപ്പം മനുഷ്യരുടെ മൃതദേഹങ്ങളും എല്ലായിടത്തും ഒഴുകി. റാന്നി ചന്തയിലെ കെട്ടിടങ്ങളിൽ മിക്കതും മലവെള്ളത്തിന്റെ കരുത്തിനു മുന്നിൽ കീഴടങ്ങി. തട്ടിൻ പുറത്തു കയറിയിരുന്ന 12 പേരുമായാണ് ഒരു വീട് ഒഴുകിപ്പോയത്. മുണ്ടക്കയത്തും മണിമലയിലുമൊക്കെ വീടുകൾ വടമിട്ട് വൻമരങ്ങളിൽ കെട്ടിയിടുകയായിരുന്നു. മരങ്ങൾ വേരോടെ പിഴുതു വീണപ്പോൾ മരവും വീടും ഒരുമിച്ച് മണിമലയാറ്റിലൂടെ ഒഴുകി. കോതമംഗലത്ത് പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ തൊള്ളായിരം ഏക്കർ ഉണ്ടായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി.
കെ.കെ. റോഡിൽ മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ് ഇന്ന് കോട്ടയത്തു നിന്ന് കുമളിക്ക് വാഹങ്ങൾ പോകുന്നത്. ത്രിശൂരിന്റെ ചരിത്രത്തില്‍ കണ്ട ഏറ്റവും വിനാശകരമായ മഹാമാരിയായിരുന്നു ഈ വെള്ളപ്പൊക്കം.. നാടും കുടിയും ഉപേക്ഷിച്ചുപോയ ദേശനിവാസികള്‍ ദൂരങ്ങളില്‍ നിന്നും വെള്ളം തല നിവര്‍ത്തി ഉയരുന്നത് നടുക്കത്തോടെ നോക്കി നിന്നു. മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. മൊത്തം ജില്ലയില്‍ ഇരുപതിനായിരത്തിലേറെ വീടുകള്‍ നിലംപറ്റിപ്പോയിരുന്നു. . ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷി വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞു. രണ്ടു ദിവസം വെള്ളത്തില്‍ മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നതായിരുന്നു.
തീണ്ടലും തൊടീലും കർശനമായി പാലിച്ചിരുന്ന കാലടിയിലും മറ്റും വെള്ളം അയിത്തത്തെ എടുത്തുകൊണ്ടു പോയി. കാലടി തലയാറ്റുംപള്ളി മനയ്ക്കൽ നിന്നു കൊണ്ടുപോയ വലിയ ചെമ്പിൽ അരിവേവിച്ചാണ് അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തത്. തെക്കിനേടത്തു മനയിലെ വാസു നമ്പൂതിരിയാണ് എല്ലാവർക്കും വേണ്ട അരിയും വിറകും നൽകിയത്. പല ഉയർന്ന മലകളിലെയും ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽകെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു.
കൊല്ലവർഷം 1057-ലും (ക്രിസ്തു വർഷം 1882-ൽ) കേരളത്തെ വിഴുങ്ങിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ചുവന്നു കലങ്ങി വെള്ളമൊഴുകിയ ആ പ്രളയത്തെ പഴമക്കാർ “ചെമ്പൻ വെള്ളപ്പൊക്ക”മെന്നു വിളിച്ചു. എന്നാൽ, ചെമ്പൻ വെള്ളപ്പൊക്കത്തെയും മറികടന്നതായിരുന്നു കൊല്ലവർഷം 1099 (1924) കർക്കടകത്തിലെ മഹാപ്രളയം. ഒരു വശത്തു നിന്നു കടൽ വെള്ളവും മറുവശത്തു നിന്നു മലവെള്ളവും കേരളത്തെ വിഴുങ്ങിയ ഈ പ്രളയം കേരള ചരിത്രത്തിലെ ഏറ്റവും വലുത്. അതിനു ശേഷം 1939-ലും 1961-ലും മാത്രമേ അതിനടുത്തു വരുന്ന വെള്ളപ്പൊക്കമുണ്ടായിട്ടുള്ളു “”””””
മഴ മുടിയഴിച്ചു തുള്ളിയ മദനാളുകളില് കേരളം വെള്ളത്തിനടിയില്‍ കിടക്കുമ്പോള്‍ പരിസ്ഥിതിയോട് പരാക്രമം കാട്ടിയ കുറ്റബോധം കേരളക്കരയില്‍ ‘അന്ന്’ ആര്‍ക്കും ഉണ്ടായിരുന്നില്ല, പിന്നെ ഈ മഴ എവിടുന്നു വന്നു? സി.രാമസ്വാമിയുടെ “Review of floods in India for past 75 years” എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഈ മഴയുടെ പിന്നില്‍ അതിശക്തമായ ഒരു ചുഴലികാറ്റ് ഉണ്ടായിരുന്നുവെന്നാണ്. പടിഞ്ഞാറേ തീരത്ത് ഉണ്ടായിരുന്ന ചുഴലിക്കാറ്റുകള്‍, അന്തരീക്ഷത്തിലെ മര്‍ദ്ദവ്യതിയാനം, ട്രോപോസ്ഫിയറിലേ തരംഗ വിക്ഷോഭം, സോളാര്‍ റേഡിയഷന്‍, അന്തരീക്ഷത്തിലെ എയര്‍ കറന്റ്{ Movement of high level easterly jet maxima) ഈ ഘടകങ്ങള്‍ ഒന്നൊന്നായി ഒത്ത് വന്നപ്പോള്‍ ജലം കൊണ്ട് മുറിവേറ്റു കിടക്കാനായിരുന്നു അന്നത്തെ കേരളത്തിന്റെ വിധി.
ദുരന്തനിവാരണത്തിലെ ജലരക്ഷാസൈന്യത്തില് അന്നും വള്ളങ്ങള്‍ ഉണ്ടായിരുന്നു, ഭൂമിയുടെ ഉപ്പും ചോറും തിന്ന് അതിനോട് നന്ദികാണിക്കുന്ന സമുദ്രഖലാസികള് തുഴഞ്ഞ വള്ളങ്ങള്‍. ഒരു നൂറ്റാണ്ട് മുന്‍പുണ്ടായ
മഹാപ്രളയത്തിനൊടുവില്‍ ജനസേവനമെന്ന ജലരക്ഷാദൌത്യം ചുമലിലേറ്റിയവരില്‍ നിന്ന് അവകാശ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നതായി ചരിത്രം റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല. അന്ന് പ്രളയം മാത്രമേ കെടുതിയായിട്ട് അവരുടെ മുന്പില് ഉണ്ടായിരുന്നുള്ളൂ. അവകാശതര്ക്കമെന്ന ജനദുരന്തം അനുഭവിക്കാത്ത മഹാഭാഗ്യവാന്മാരായിരുന്നവര്.