വിവരണം – രജീബ് ആലത്തൂർ.
കൊളമ്പിയൻ കാലഘട്ടത്തിനു മുമ്പുള്ള അമേരിക്കയിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഇൻകാ സാമ്രാജ്യം. 16ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇൻകാ സാമ്രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, സൈനിക കേന്ദ്രങ്ങൾ ഇന്നത്തെ പെറുവിലെ കുസ്ക്കോയിലാണ് സ്ഥിതി ചെയ്തിരുന്നത്. 13 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെറുവിലെ മലനിരകളിൽ നിന്ന് ഇൻകാ സംസ്കാരം ഉദിച്ചുയർന്നിരുന്നു. ഈ സാമ്രാജ്യത്തിൻറെ അവസാനത്തെ ശക്തികേന്ദ്രം 1572 ൽ സ്പാനിഷുകാർ കീഴടക്കുകയായിരുന്നു.
അക്കാലങ്ങളിൽ ഇൻകാകളുടെ ജനസംഖ്യ ഒരു കോടിയോളം വരുമായിരുന്നുവെന്ന് ചില പണ്ഡിതന്മാർ കണക്കാക്കുന്നു. തലസ്ഥാനവും പ്രധാന നഗരവുമായിരുന്ന കൂസ്ക്കോയിൽ ഏകദേശം 50,000 പേർ വസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. 20ലേറെ ചെറുനഗരങ്ങൾ ഇൻകാ സാമ്രാജ്യത്തിലുണ്ടായിരുന്നു. ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമായിരുന്നു മാച്ചു പിക്ച്ചു (Machu picchu). പെറുവിലെ കുസ്ക്കോ നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 8,000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ് ഉറുബാംബ. ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട വളരെ പ്രശസ്തമായ പ്രദേശമാണ് മാച്ചു പിക്ച്ചു, “ഇൻകാകളുടെ നഷ്ടപ്പെട്ട നഗരം” (The Lost City Of incas) എന്നാണ് ഇതറിയപ്പെടുന്നത്. നിഗൂഢതകളും രഹസ്യങ്ങളും ഉറങ്ങി കിടക്കുന്ന ചരിത്രഭൂമി കൂടിയാണ് മാച്ചു പിക്ച്ചു. അവിടെയുള്ള പലനിർമ്മിതികൾക്കും പിന്നിൽ അന്യഗ്രഹ ജീവികളാണെന്ന് വിശ്വസിക്കുന്നവർ പോലുമുണ്ട്. 1460 ന് അടുത്താണത്രെ ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറു വർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം ഈ പ്രദേശം കൈയ്യൊഴിയപ്പെടുകയായിരുന്നു.
പിക്ച്ചു എന്നാല്‍ സ്പാനിഷ് ഭാഷയില്‍ പര്‍വ്വതമെന്നാണ് അർത്ഥം. മാച്ചു പിക്ച്ചു എന്ന പുരാതന നഗരം ആന്റിസ് പര്‍വതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പുരാതന നഗരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. വിദൂരത്തിൽ പര്‍വതങ്ങള്‍ക്കു നടുവില്‍ ഉയരത്തിലായി ഇങ്ങനെയൊരു സ്വപ്ന നഗരി എന്തിനായിരുന്നുവെന്ന് സാധരണക്കാരായ സന്ദര്‍ശകര്‍ പോലും ഒന്ന് ചിന്തിച്ചുപോകും. മാച്ചു പിക്ച്ചുവിനെ രണ്ട് മുഖ്യ വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. നഗര വിഭാഗവും കാര്‍ഷിക വിഭാഗവും.
ഈ നഗരം കാണുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതിന്റെ കെട്ടിട നിര്‍മാണ രീതിയെയായിരിക്കും. ഇതിന്റെ നിര്‍മാണത്തിന് പൊതുവേ നിശ്ചിത രൂപത്തില്‍ മുറിച്ചെടുത്ത കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും കൊട്ടാരങ്ങൾ, കോട്ടകൊത്തളങ്ങൾ, ദേവാലങ്ങള്‍ തുടങ്ങിയ എല്ലാ പ്രധാന നിര്‍മാണവും ക്ലാസിക്കല്‍ ഇൻകാ ശില്‍പ്പകലാ സംബ്രദായമായ ആശ്ലര്‍ രീതിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. മിനുസ്സപ്പെടുത്തിയെടുത്ത കൂറ്റന്‍ കല്ലുകള്‍ സിമന്റോ ചാന്തോ ഇല്ലാതെ ചേര്‍ത്തുവച്ചുള്ള ഒരു പ്രത്യേക നിർമാണ രീതിയാണിത്. ഒട്ടും സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന ഈ മലകള്‍ക്ക് നടുവില്‍ ചക്രങ്ങളുടെയും യന്ത്രങ്ങളുടെയും മറ്റും സഹായമില്ലാതെ ഇത്തരം കല്ലുകളെത്തിച്ച് പണിതീര്‍ത്ത ഈ മഹാനഗരം ഏവരെയും അത്ഭുതപ്പെടുത്തന്നതാണ്. പെറു, പണ്ട് മുതല്ക്കേ ഭൂകമ്പങ്ങള്‍ക്ക് വളരെ സാധ്യതയുള്ള രാജ്യമായിരുന്നു. സിമന്റും ചാന്തും ഉപയോഗിക്കാത്ത നിര്‍മാണം ഈ കെട്ടിടങ്ങളെ ഭൂകമ്പങ്ങളിൽ നിന്ന് അതിജീവിപ്പിക്കുകയായിരുന്നു. ഭൂചലനങ്ങൾക്കൊപ്പം ഈ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുമെങ്കിലും കല്ലുകള്‍ മുറിച്ചടുത്ത രീതി കാരണം അവ വീണ്ടും യഥാസ്ഥാനങ്ങളില്‍ തിരികെ വന്നുചേരുകയായിരുന്നു. 20 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കുസ്ക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആകെ അതിജീവിച്ചത് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട ഇവിടത്തെ കെട്ടിടങ്ങളായിരുന്നു. ഭൂചലനങ്ങളെ അതിജീവിക്കുന്നതില്‍ ഇൻകാ ചുമരുകൾക്കൊപ്പം ഈ സങ്കേതത്തിന്റെ രൂപകൽപ്പനയും സഹായിക്കുന്നുണ്ട്. വാതിലുകള്‍ക്കും ജനലുകള്‍ക്കും വിഷമചതുർഭുജ (Trapezoidal) ആകൃതിയാണുള്ളത്. അതോടൊപ്പം അവ താഴെനിന്നും മുകളിലേക്ക് ചെരിച്ചാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.
മാച്ചു പിക്ച്ചു പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം (Hiram Bingham) ആണ് 1911 ൽ ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നുവെന്നാണ് അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാം ബിങ്ഹാമിനേക്കാൾ മുമ്പ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്. ഇൻകാകൾ സൂര്യ ആരാധനയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നു, ഇതുതന്നെയായിരുന്നു രാജ്യത്തിന്റെ ഔദ്യോഗികമതവും. ഇൻകാ ദൈവങ്ങൾ മൊത്തത്തിൽ ആദിത്യന്റെ സന്തതികളായി കരുതപ്പെട്ടിരുന്നു. ഇൻകാകൾ മൺമറഞ്ഞവരെ ആദരവോടെ കരുതിയിരുന്നു. അവരുടെ അസ്ഥികൾ ശവകൂടിരങ്ങളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടുപോന്നു. ഇൻകാകൾ അവരുടെ രാജാക്കന്മാരെയും ആരാധിച്ചിരുന്നു, മരണാനന്തരം അവരുടെ “മമ്മി”കളെയും.
കളിമണ്ണ് ഉപയോഗിച്ചുള്ള പാത്രനിർമാണത്തിലും പ്രതിമ നിർമാണത്തിലും ഇൻകാകൾ വിദഗ്ധരായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മാച്ചു പിക്ചുവിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള മൺപാത്രങ്ങൾക്ക് ഗ്രീക്ക് പാത്രങ്ങളോട് സാദൃശ്യമുണ്ടായിരുന്നു. മഴു, പിച്ചാത്തി, കച്ചാടി, ചവണ, സൂചി, കരണ്ടി, വള, മണി, ചിലങ്ക തുടങ്ങിയ ഉപകരണങ്ങളും അലങ്കാരവസ്തുക്കളും ഇവർ പിത്തളയിൽ നിർമിച്ചിരുന്നു. കൊട്ടാരങ്ങൾ ദേവാലയങ്ങൾ എന്നിവയുടെ പ്രധാനമുറികളിൽ, പലതരം രൂപങ്ങളും അനുഷ്ഠാനങ്ങളുടെ രൂപമാതൃകകളും ചിത്രണം ചെയ്യപ്പെട്ടിട്ടുള്ള സ്വർണത്തകിടുകൾ ഇവർ പതിച്ചിരുന്നു. മരങ്ങൾ, ചെടികൾ, പക്ഷികൾ എന്നിവയുടെ രൂപമാതൃകകൾ സ്വർണത്തിലോ വെള്ളിയിലോ ഉണ്ടാക്കി ഉദ്യാനങ്ങൾ അലങ്കരിക്കുന്നതിൽ ഇവർ തൽപ്പരരായിരുന്നു. സ്വർണപ്പണിയിൽ വിദഗ്ധരായിരുന്ന ഇൻകാകൾ നിർമിച്ച പുഷ്പചഷകങ്ങളും ആഭരണങ്ങളും പ്രതിമകളും മറ്റും സ്പെയിൻകാർ ഇവരിൽനിന്ന് ധാരാളമായി പിടിച്ചെടുത്തിട്ടുണ്ട്. അതിൽ അപൂർവം ചിലത് മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
അതിലോലമായ സൂക്ഷ്മോപകരണങ്ങൾ ഉണ്ടാക്കുവാൻ പറ്റിയ ഒരു ലോഹമിശ്രിതത്തിന്റെ നിർമാണരീതികൾ അവർക്കറിയാമായിരുന്നു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയക്കുവരെ ഉപയോഗിച്ചിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇവർ നിർമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർണഭംഗിയുള്ള അങ്കികളും മറ്റു വസ്ത്രങ്ങളും നെയ്യുന്നതിൽ ഇൻകാ വനിതകൾ വിദഗ്ധകളായിരുന്നു. ലോഹപ്പണി, മൺപാത്രങ്ങളുടെയും ആടയാഭരണങ്ങളുടെയും നിർമാണം തുടങ്ങിയവയിൽ ഇങ്കാകൾ പ്രദർശിപ്പിച്ച സാമർഥ്യം അവരുടെ സൗന്ദര്യബോധത്തിന്റെയും കലാവൈദഗ്ധ്യത്തിന്റെയും നിദർശനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
ഇൻകാകൾ സ്വന്തമായ ഒരു അക്ഷരമാലയ്ക്കോ ചിത്രലിപിക്കോ രൂപം നല്‍കിയിട്ടില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്പാനിഷ് കുടിയേറ്റക്കാലത്ത് ആശയവിനിമയത്തിനും ആലേഖനത്തിനുമായി “ഖ്യുപു’ (Quipu) എന്ന സാങ്കേതികമാർഗമാണ് ഇൻകാകൾ ഉപയോഗിച്ചിരുന്നത്. പല നീളത്തിൽ, നിരവധി കെട്ടുകളുള്ള വർണ്ണനൂലുകളെ ഒരു പ്രത്യേക രീതിയിൽ സംവിധാനപ്പെടുത്തിയാണ് ഖ്യുപുകൾ ഉണ്ടാക്കിയിരുന്നത്. ഖ്യുപുകൾ മുഴുവൻ സ്പാനിഷ് ആക്രമണകാരികൾ നശിപ്പിച്ചുകളയപ്പെടുകയായിരുന്നു.
ഇൻകാകളുടെ സൈനികഘടന കെട്ടുറപ്പുള്ളതായിരുന്നു. യുദ്ധവും സൈനികശക്തിയും ഇൻകാ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇൻകാകളുടെ യുദ്ധം ഏറ്റവും അപരിഷ്കൃതമായ രീതിയിലായിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിർമിക്കപ്പെട്ട കോട്ടകൾ ഇൻകാ സമ്രാജ്യത്തിന്റെ യഥാർഥ ശക്തികേന്ദ്രങ്ങളായിരുന്നു, പ്രത്യേക കോണങ്ങളോടും മൂലകളോടുംകൂടി നിർമിക്കപ്പെട്ടിരുന്ന ഈ കോട്ടകളുടെ പാർശ്വങ്ങളിലൂടെ ആക്രമണകാരികൾക്കെതിരെ തീവമിപ്പിക്കുവാൻ വരെ സംവിധാനങ്ങളുണ്ടായിരുന്നത്രെ. വളരെ ഭാരം വരുന്ന ഒറ്റക്കല്ലുകൾതന്നെ ഈ കോട്ടകളുടെ നിർമിതിക്കായി ഉപയോഗിക്കപ്പെട്ടു.
നൂറ്റാണ്ടുകൾക്ക് ശേഷവും ഈ കല്ലുകളുടെ അടുക്കുകൾക്കിടയിലേക്ക് നേർത്ത ഒരു കത്തിപോലും കടത്താൻ സാധിക്കാത്തവിധം അസാമാന്യമായ വൈദഗ്ധ്യം ഇവർ കെട്ടിടനിർമാണത്തിൽ പ്രകടിപ്പിച്ചിരുന്നു. കമാനാകൃതിയിലും അർധകമാനാകൃതിയിലുമുള്ള കെട്ടിടങ്ങളും ഇവർ നിർമിച്ചിരുന്നുവെങ്കിലും സമചതുരാകൃതിയിലുള്ള കെട്ടിടങ്ങളായിരുന്നു അധികവും. പശ്ചാത്തലത്തിന് അനുയോജ്യമായ നിർമാണശൈലിയാണ് ഇവർ പൊതുവേ സ്വീകരിച്ചിരുന്നത്. മാച്ചു പിക്ച്ചുവിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഭീമാകാരങ്ങളായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് എഞ്ചിനീയറിങ്ങിലും ഗൃഹനിർമാണത്തിലും വിവിധ കരകൗശലങ്ങളിലും ഇവർക്കുണ്ടായിരുന്ന അന്യാദൃശമായ കഴിവുകളെക്കുറിച്ച് തെളിവുകൾ ലഭിച്ചിരുന്നു. ഇൻകാ വംശക്കാരുടെ എഞ്ചിനീയറിംഗ് മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാച്ചു പിക്ച്ചുവിലെ കെട്ടിടങ്ങൾ. മതിലുകൾ, മട്ടുപ്പാവുകൾ, ജലശേഖരണത്തിനും വിതരണത്തിനും കൃഷിക്കുമൊക്കെ അവർ കണ്ടെത്തിയ മാർഗങ്ങൾ, മണ്ണൊലിപ്പ് തടയാൻ ഉപയോഗിച്ച വിദ്യകൾ തുടങ്ങിയവയൊക്കെ ആധുനിക കെട്ടിടനിർമാണ വിദഗ്ധരെ പോലും അതിശയിപ്പിക്കുന്നതാണ്. തലസ്ഥാനമായ കൂസ്ക്കോയിൽ നിന്ന് നാനാ ദിക്കുകളിലേക്കും ഇവർ റോഡുകൾ വെട്ടിയിരുന്നു. പ്രധാന റോഡുകൾ ഇടറോഡുകൾ മൂലം പരസ്പരം ബന്ധിക്കപ്പെട്ടുമിരുന്നു. ദുരാരോഹമായ പാറക്കെട്ടുകളിൽകൂടിപ്പോലും അവർ റോഡുവെട്ടിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇൻകാകൾക്ക് ലിപി ഇല്ലാതിരുന്നതുകൊണ്ട് മാച്ചു പിക്ച്ചു നഗരം അവർ എന്തിന് നിർമിച്ചുവെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്, അതിപ്പോഴും ചുരുളഴിയാത്ത രഹസ്യമായാണ് നിലകൊള്ളുന്നത്.
ഇൻകാ സാമ്രാജ്യം അസാധാരണമാംവിധം കെട്ടുറപ്പുള്ളതായിരുവെന്നതിന് നാല് ശതാബ്ദക്കാലത്തെ അന്യൂനമായ അതിന്റെ നിലനിൽപ്പ് തന്നെ തെളിവാണ്. 1533-ൽ ഫ്രാൻസിസ്കോ പിസാറോയുടെ നേതൃത്വത്തിൽ സ്പെയിൻകാർ ഇൻകാകളെ തോല്പിച്ചു കീഴടക്കുകയായിരുന്നു. സ്പാനിഷ് ആക്രമണകാരികൾ ഇവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്തതായി പരാമർശമുണ്ട്, എന്നാൽ അതല്ല ഇൻകാകളിൽ വസൂരി പടരുകയായിരുന്നെന്നും അവരെല്ലാവരും കൂട്ടത്തോടെ മരണപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്, പക്ഷെ യഥാർത്ഥത്തിൽ ഇവർക്കെന്തു സംഭവിച്ചെന്നോ, ഇവരെന്തിന് മാച്ചു പിക്ച്ചു നഗരം ഉപേക്ഷിച്ചുവെന്നോ, അധിനിവേശകരാൽ എന്തുകൊണ്ട് മാച്ചു പിക്ച്ചു തകർക്കപ്പെട്ടില്ല എന്നതിനോ ആർക്കും കൃത്യമായ ഉത്തരമില്ല, ഇവയും ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളായിത്തന്നെ നിലനിൽക്കുന്നു.