കോഴിക്കോട്: വാടകയ്ക്കു നല്കിയ സ്ഥലത്തിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റിയും കെ.എസ്.ആര്.ടി.സി യും കൊമ്പുകോര്‍ക്കുന്നു.
കെ.എസ്.ആര്.ടി.സി യുടെ പാവങ്ങാട് ഡിപ്പോ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ പേരിലാണ് തര്‍ക്കം. സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ ഒന്നടങ്കം രംഗത്തുവന്നെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് കെ.എസ്.ആര്.ടി.സി. വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പാവങ്ങാട്ടുള്ള രണ്ട് ഏക്കര്‍ 43 സെന്റ് സ്ഥലം 2009 ഏപ്രിലില്‍ വര്‍ഷത്തേക്ക് ഒരുലക്ഷം രൂപ വാടക നിശ്ചയിച്ചാണ് താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സിക്ക് വാടകയ്ക്ക് നല്‍കിയിരുന്നത്. മാവൂര്‍റോഡിലെ പുതുക്കിപണിയുന്ന കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായാല്‍ പ്രസ്തുത സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു തീരുമാനം.

എന്നാല്‍ ഇ. തീരുമാനം അട്ടിമറിക്കുന്ന സമീപനമാണ് പിന്നീട് കെ.എസ്.ആര്.ടി.സി സ്വീകരിച്ചതെന്ന് വാട്ടര്‍ അതോറിറ്റിയിലെ ട്രേഡ് യൂണിയനുകള്‍ പറയുന്നു. വാടകയിനത്തില്‍ ഇതുവരെ ഒന്നുംതന്നെ കെ.എസ്.ആര്.ടി.സി വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടില്ല. പലതവണ അതോറിറ്റി കത്തുമുഖേനയും ഫോണ്‍ മുഖേനയും ആവശ്യപ്പെട്ടിട്ടും യൂസര്‍ഫീ അടയ്ക്കാനോ സ്ഥലം ഒഴിഞ്ഞ്കൊടുക്കാനോ കെ.എസ്.ആര്.ടി.സി അധികൃതര്‍ തയ്യാറായിട്ടില്ല.
മാവൂര്‍റോഡിലെ ടെര്‍മിനലിന്റെ പണികഴിഞ്ഞ് ഉദ്ഘാടനവും കഴിഞ്ഞ് മാസങ്ങളോളമായി. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പല സ്ഥലങ്ങളും ഇതേ രൂപത്തില്‍ മറ്റ് ഏജന്‍സികള്‍ കൈക്കലാക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ട്. കോര്പറേഷന് സീവേജ് പദ്ധതിക്ക് വേണ്ടി അക്വയര്‍ ചെയ്ത 80 ഏക്കര്‍ സ്ഥലം മുമ്പ് ടൂറിസം റിസോര്‍ട്ട് കേരള എന്ന സ്ഥാപനത്തിന് യാതൊരു പ്രതിഫലവും കിട്ടാതെ കൊടുക്കേണ്ടിവന്നിട്ടുണ്ട്.
ഇപ്പോള്‍ കെ.എസ്.യു.ഡി.പി പദ്ധതി പ്രകാരം സീവേജ് പദ്ധതി വന്നപ്പോള്‍ ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം കിട്ടാത്തതുകാരണം അതോറിറ്റിയുടെ സരോവരത്തുള്ള സബ്ഡിവിഷണല്‍ ഓഫീസ് കോംപൗണ്ടില്‍തന്നെ സ്ഥാപിക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ സപ്ലൈ, മെയിന്റനന്‍സ് പൈപ്പുകള്‍ സ്വകാര്യവ്യക്തികളുടെ സ്ഥലം വാടകക്കെടുത്തും റോഡുകളുടെ വശങ്ങലിലായുമാണ് അതോറിറ്റി സൂക്ഷിക്കുന്നത്. മാത്രമല്ല അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ജപ്പാന് കുടിവെള്ളപദ്ധതിയുടെ വെള്ളമുപയോഗിച്ച് കുപ്പിവെള്ള നിര്‍മ്മാണ പ്ലാന്റ് കോഴിക്കോട് തുടങ്ങാനുള്ള പ്ര?ജക്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അതോറിറ്റിക്ക് തന്നെ ഒട്ടേറെ സ്ഥലം ആവശ്യമായി വന്നിരിക്കുന്ന സമയത്താണ് നിലവിലുള്ള സ്ഥലം പോലും അന്യാധീനപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
വാട്ടര്‍ അതോറിറ്റിയുടെ നോര്‍ത്തേണ്‍ റീജ്യണല്‍ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ അതോറിറ്റിയുടെ സ്വത്ത് വകകള്‍ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനും ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ സിറിയക്ക് കുര്യന് ചെയര്‍മാനായി ഒരു കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കുടിവെള്ള വിതരണ മേഖല തകര്‍ക്കുന്ന സമീപനത്തിനെതിരെ ട്രേഡ് യൂണിയന് നേതാക്കളായ എം.ടി സായിപ്രകാശ് (യു.ടി.യുസി), പി. പ്രമോദ് (ഐ.എന്‍.ടി.യു.സി) പ്രതിഷേധിച്ചു.
News: Mangalam
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog