വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമൺ അടുപ്പാണ് തന്തൂർ. തുർക്കി, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ട്രാൻസ്കാക്കസ്, ബാൾക്കൻസ്, മദ്ധ്യപൂർവേഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂർ ഉപയോഗത്തിലുണ്ട്.തന്തൂർ അടുപ്പിൽ താപം പടർത്തുന്നതിന് പരമ്പരാഗതമായി മരക്കരിയോ വിറകോ കത്തിച്ചുള്ള തീ ഉപയോഗിക്കുന്നു. അതുവഴി പാചകംചെയ്യേണ്ട വസ്തു തീയിൽ നേരിട്ട് കാണിച്ച് പാചകം ചെയ്യപ്പെടുന്നു. തന്തൂർ അടുപ്പിലെ താപനില 480 °C (900 °F) വരെയാകാറുണ്ട്. പാചകത്തിനുള്ള ഉയർന്ന താപനില നിലനിർത്തുന്നതിനായി ദീർഘസമയം തന്തൂർ അടുപ്പിൽ തീ കത്തിച്ചു നിർത്താറുണ്ട്. പുരാതന മൺ അടുപ്പിൽ നിന്നും ആധുനിക കാലത്തെ അടുപ്പിലേക്കുള്ള മാറ്റത്തിനിടയിൽ വരുന്ന ഒരു രൂപകല്പനയാണ് ഇതിനുള്ളത്.
അഫ്ഗാൻ, പാകിസ്താനി, ഇന്ത്യൻ വിഭവങ്ങളായ തന്തൂരി ചിക്കൻ,ചിക്കൻ ടിക്ക,വിവിധയിനം റൊട്ടികളായ തന്തൂരി റൊട്ടി,നാൻ എന്നിവ പാകംചെയ്യുന്നതിനായാണ് പ്രധാനമായും തന്തൂർ അടുപ്പ് ഉപയോഗിക്കുന്നത്. തന്തൂർ അടുപ്പിൽ പാചകം ചെയ്തെടുത്ത ഭക്ഷണവിഭവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് “തന്തൂരി” എന്ന പദം. തെക്കനേഷ്യയിലെ മുസ്ലിം ഭരണകാലത്താണ് ഇതിന് പ്രചാരം സിദ്ധിച്ചത്. ഭാട്ടി എന്ന പേരിലും ഇന്ത്യയിൽ തന്തൂര് അറിയപ്പെടുന്നു. താർ മരുഭൂമിയിലെ ഭാട്ടി വർഗ്ഗങ്ങൾ തങ്ങളുടെ കൂരകളിൽ ഈ രീതിയിലുള്ള അടുപ്പാണ് ഉപയോഗിച്ചിരുന്നത് എന്നതിനാലാണ് ഈ പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ ഭോജനശാലകളിൽ തന്തൂറിന് മുഖ്യ സ്ഥാനമാണുള്ളത്. ആധുനിക തന്തൂർ അടുപ്പുകളിൽ ചൂടൊരുക്കുന്നതിന് മരക്കരിക്ക് പകരം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കുന്നു.

അപ്പോൾ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തന്തൂരി ചിക്കൻ പോലുള്ള വിഭവങ്ങളുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു തന്തൂരി ഐറ്റമുണ്ട് – ‘തന്തൂരി ചായ.’ നല്ല കനലിൽ പൊള്ളുന്ന മൺകലത്തിൽ പാകപ്പെടുത്തിയെടുക്കുന്ന ചായ – ഈ ചായയുടെ പേരാണ് തന്തൂരിച്ചായ. ഇത് പാക്കിസ്ഥാനികളോ അഫ്ഗാനികളോ കണ്ടുപിടിച്ച ഒന്നല്ല, പിന്നെ ആരാണെന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. പൂനയിലെ ചായ് ലാ എന്ന കൊച്ചു ചായക്കടയിൽ പ്രമോദ് ബാങ്കർ, അമോൽ രാജ്ഡിയോ എന്നീ സുഹൃത്തുക്കളാണ് തന്തൂരിച്ചായയെന്ന കിടു ആശയം കൊണ്ടു വരുന്നത്. ഗ്രാമത്തിൽ അവരുടെ മുത്തശിമാർ തയാറാക്കുന്ന ആവി പറക്കുന്ന ചായയിൽനിന്നാണ് തന്തൂരിച്ചായ എന്ന ആശയം ഉടലെടുത്തത്.
തന്തൂരി അടുപ്പിൽ വച്ചു ചുട്ട മൺകലത്തിൽ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയാറാക്കുന്നത്. മൺകലത്തിലേക്ക് ചായ പകരുമ്പോൾ തിളച്ചുമറിയുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. അതോടെ ചായ പൂർണമായും പാകമാകും. മൺകലമായതിനാൽ ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമായതോടെ രസകരമായ നിരവധി പ്രതികരണങ്ങളും തന്തൂരിച്ചായയ്ക്കുണ്ടായി. ഈ ചായയ്ക്ക് എത്രയും പെട്ടെന്ന് പേറ്റന്റ് നേടിയില്ലെങ്കിൽ പാശ്ചാത്യർ സ്മോക്ക്ഡ് ടീ എന്ന പേരിൽ ഇത് അവതരിപ്പിക്കുമെന്നാണ് പ്രതികരണങ്ങളിലൊന്ന്. സംഭവം ഹിറ്റായതോടെ തന്തൂരിച്ചായ കേരളത്തിലും വന്നു തുടങ്ങിയിരിക്കുകയാണ്. പെരിന്തൽമണ്ണയിലും കോട്ടയ്ക്കലിലും ചാലക്കുടിയിലും ഒക്കെ ഇപ്പോൾ ഈ വെറൈറ്റി ചായ ലഭ്യമാണ്. ചായ കുടിക്കുവാൻ എത്തുന്നവർ ചായ ഉണ്ടാക്കുന്ന വിധം മൊബൈൽഫോണിൽ പകർത്തുവാനും മറക്കാറില്ല. സാധാരണ ചായയേക്കാൾ വിലയൽപ്പം കൂടുതാണെങ്കിലും ലസിയെ കൈനീട്ടി സ്വീകരിച്ച മലയാളി തന്തൂരിച്ചായയെയും സ്വീകരിച്ചു കഴിഞ്ഞു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog