തീയതി : 09/10/2016
സ്ഥലം : തൃക്കരിപ്പൂർ
എന്നും രാത്രി ഈ ഡയറി എഴുതുമ്പോ ഞാൻ ആലോചിക്കും..
ഈ ഭക്ഷണം ഉണ്ടാക്കിയതും പാത്രം കഴുകിയതും മാത്രം എഴുതാൻ ഉള്ള ഞാനെന്തിനാ ഈ ഡയറി ഒക്കെ എഴുതുന്നത് എന്ന്..
പക്ഷെ ഈ ഡയറി എഴുത്തിനു അർത്ഥം വരുന്നത് ഇത് പോലുള്ള ദിവസങ്ങളിലാ, എന്റെ മോൻ യാത്ര പോകുന്ന ഇത് പോലുള്ള ദിവസങ്ങളിൽ..
അവനിക്ക് ശനിയും ഞായറും അവധി കണ്ടപ്പോഴേ എനിക്ക് തോന്നി അവൻ എങ്ങോട്ടേലും ഇറങ്ങി പോകും ന്ന്…
അവനിക്ക് അവന്റെ ഉപ്പാന്റെ സ്വഭാവമാ.. വീട്ടിൽ ഇരിപ്പുറക്കൂല…
ശനി എവിടെയും കറങ്ങാൻ പോയില്ല എന്ന് കേട്ടപ്പോഴേ എനിക്ക് അത്ഭുതം ആയിരുന്നു… അന്ന് കൊറേ ഷോപ്പിംഗ് ഇണ്ടായിരുന്നത്രെ…
ഞായർ അവൻ പോകും എന്ന് എനിക്ക് അത് കൊണ്ട് ഉറപ്പായിരുന്നു..
കരുതിയത് തന്നെ നടന്നു…
ഞായർ നേരം വെളുത്തതും അവൻ എണീച്ചു വിട്ടു..
ഇത്തവണയും ഏതോ മല തപ്പി തന്നെയാ പോയത്… നെറ്റിൽ ആരോ പോസ്റ്റിയ ഉളുപ്പിണിയും തപ്പി…

ഈ കുന്നും മലയിലും പോയി ഒറ്റയ്ക്ക് ഇരുന്നിട്ട് അവന് എന്താണാവോ ഈ കിട്ടുന്നത്…
അറിഞ്ഞൂടാ, എനിക്കും ഇണ്ടല്ലോ ഇങ്ങനെ ഓരോ ഇഷ്ടം..
ഞാൻ നെയ്ച്ചോറും ഇറച്ചിക്കറിയും ഇണ്ടാക്കി മക്കളെ തീറ്റിക്കുന്നത് പോലെ..
ഇതാകും അവന്റെ സന്തോഷം..
രാവിലെ കാക്കനാട് ഹോട്ടലിൽ നിന്ന് ചായേം ദോശേം തിന്ന് 9 മണി കഴിഞ്ഞിട്ടു ആണ് അവൻ ഇറങ്ങിയത്..
അതും ഒറ്റയ്ക്ക് , ആരെയെങ്കിലും കൂട്ടിയിട്ട് പോടാ കൂട്ടിനുന്ന് പറഞ്ഞാൽ അവൻ ഒട്ടും കേൾക്കത്തും ഇല്ല ..
തൊടുപുഴ വഴി മൂലമറ്റത്തൂടെ ആണ് യാത്ര, അവന്റെ ബുള്ളറ്റിൽ.. അവൻ ഇങ്ങനെ യാത്ര പോയി പോയി ഇപ്പൊ എനിക്ക് ഇടുക്കിയും എറണാകുളത്തേയും സ്ഥലം ഒക്കെ കൊറച്ചൊക്കെ അറിയാം..

തൊടുപുഴ എത്താൻ ആയപ്പോഴേക്ക് അവനിക്ക് ഒരു പണി കിട്ടി…. ഓവർ സ്പീഡിന്ന് പോലീസ് പൊക്കി… 300 രൂപ അങ്ങ് പോയി പാവത്തിന്റെ..
‘ഞാൻ സ്പീഡിലൊന്നും പോയിറ്റാ ഉമ്മാ, പോലീസ്കാർ 51 Kmph സ്പീഡിൽ പോകുന്ന Dio ബൈക്കിന്ന് വരെ ഫൈൻ കൊടുത്തു ‘ എന്നൊക്കെയാ അവൻ പറയുന്നത്… പാവം…
എന്നാലും അവനിക്ക് ഫൈൻ കിട്ടിയത് നന്നായി, ഓന്റെ സ്പീഡ് കുറയും അല്ലോ.. അല്ലെങ്കിലേ ഓനിക്ക് ഇത്തിരി സ്പീഡ് കൂടുതലാ…
ഉളുപ്പുണിയെ പറ്റി അവൻ ചോദിക്കുന്ന ആർക്കും അറിഞ്ഞൂടാ.. നോക്കി വന്ന റൂട്ട് ആണേൽ റോഡ് കൊള്ളൂല ന്നും പറഞ്ഞു ഓട്ടോക്കാർ മുടക്കുകയും ചെയ്തു… അങ്ങനെ ഓട്ടോക്കാർ പറഞ്ഞ വഴിയിലൂടെ ആയി യാത്ര…
അവർ പറഞ്ഞ വഴിയിലൂടെ തന്നെ അവൻ പോയി.. മൂലമറ്റത്ത് നിന്ന് ചേറ്റുപാറ വഴി ഉളുപ്പുണി..
വഴിയിൽ നിന്ന് ഫോട്ടോ ഒക്കെ എടുത്ത് പയ്യെ ആണത്രേ പോയത്.. ഒന്ന് രണ്ട് പ്രാവശ്യം വഴി തെറ്റിയെങ്കിലും ലാസ്റ് കവന്ത എത്തി..

ഇയ്യോബിന്റെ പുസ്തകം ഷൂട്ട് ചെയ്ത സ്ഥലം ആണെന്നാ അവൻ പറഞ്ഞത്… എനിക്ക് അതൊന്നും അറിഞ്ഞൂടാ.. പക്ഷെ അവൻ അയച്ച ഫോട്ടോയിൽ കാണാൻ നല്ല രസം ഉണ്ടായിരുന്നു ആ സ്ഥലം…
സത്യം പറഞ്ഞാൽ ഈ ഭൂമിയിൽ ഇങ്ങനെ ഒക്കെ സ്ഥലം ഉണ്ടെന്ന് എന്റെ മോൻ കാണിക്കുമ്പോഴാ ഞാൻ കാണുന്നത്…
അവൻ എത്തിയത് ബൈക്ക് കയറ്റാൻ പറ്റുന്ന ഒരു സ്ഥലത്തു ആയിരുന്നില്ല.. ബൈക്ക് കയറ്റുന്ന വഴി വേറെ ആയിരുന്നു…
എന്നിട്ടും ഓൻ ബൈക്ക് കയറ്റാൻ നോക്കി എന്ന്..
മുകളിൽ ഉള്ള പയ്യന്മാർ കയറ്റിയാൽ പണി കിട്ടും എന്ന് പറഞ്ഞപ്പോഴാ അവൻ പകുതി വെച്ചു വണ്ടി തിരിച്ചു ഇറക്കിയത്…

പിന്നീട് നടന്നു മല കേറിയപ്പോ അവനിക്ക് തോന്നി ന്ന്, ബൈക്ക് കയറ്റാത്തത് ഭാഗ്യം ആയിന്ന്..
മുകളിൽ എത്തിയപ്പോ നല്ല ഭംഗി ആയിരുന്നത്രെ കാണാൻ… വെയിൽ ആയിരുന്നിട്ട് കൂട്ടി സ്ഥലത്തിന്റെ ഭംഗിയും ആസ്വദിച്ചു അവൻ അവിടെ 3-4 മണിക്കൂർ ഇരുന്ന്…
കള്ളു കുടിക്കാൻ വേണ്ടി മാത്രം കൂട്ടം ആയി ആ മല കാണാൻ വരുന്ന അവിടുത്തെ ലോക്കൽ ആൾക്കാർക്ക് അവൻ ഒരു അത്ഭുതം ആയിരുന്നു ന്ന്..
അല്ലേൽ എന്റെ മോൻ ഒരു അത്ഭുതം തന്നെ ല്ലേ.. ?
അവനീ സ്ഥലത്തെ പറ്റി ഒക്കെ പറയുമ്പോ ഇതൊക്കെ കാണാൻ എനിക്ക് വല്ലാണ്ട് കൊതി ആകണുണ്ട്..
അവനെന്ത് കൊണ്ടാകും എന്നെ എവിടേം കൊണ്ട് പോകാത്തത്…
അല്ലേലും എല്ലാ മക്കൾക്കും അമ്മമാരേ കൂടെ കൂട്ടാൻ നാണക്കേടാ… ഞങ്ങൾ ഈ പ്രായം ആയ ആളൊക്കെ അവർടെ കൂടെ പോണത് അവർക്ക് നാണക്കേട് ആയിരിക്കും ചിലപ്പോ.. ഞങ്ങൾ കൂടെ പോയാൽ അവർക്ക് കൂട്ടുകാരുടെ കൂടെ പോകും പോലെ അടിച്ച് പൊളിക്കാൻ ഒന്നും പറ്റൂലല്ലോ..

അല്ലേലും ഈ വീട്ടിനകത്ത് കിടന്ന് കരിയിലും പുകയിലും തീരാൻ ഉള്ളതാ നമ്മൾ അമ്മമാരുടെ ജീവിതം, നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നതെ തെറ്റാ..
പക്ഷെ ന്റെ മോൻ, അവൻ ഇപ്പൊ കൊച്ചു കുഞ്ഞല്ലേ.. ചെലപ്പോ അവൻ സ്ഥലങ്ങൾ ഒക്കെ കണ്ടു വെക്കുവായിരിക്കും..
കാശ് കൊറേ ഇണ്ടാക്കി അവൻ ഈ ഉമ്മാനേം കൊണ്ട് പോകുവായിരിക്കും ഇവിടെ ഒക്കെ..
എനിക്കീ കുന്നും മലയും ഒക്കെ അവൻ കാണിച്ചു തരും ആയിരിക്കും… അല്ലേ…
അവൻ എന്റെ മോൻ അല്ലേ… ന്റെ സ്വന്തം മോൻ… അവൻ കാണിക്കും…
അത് വരെ ആയുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ എന്നു മാത്രാ എന്റെ പ്രാർത്ഥന…
അള്ളോ, എഴുതി എഴുതി സമയം 11 ആയി…
രാവിലെ എണീച്ചു മക്കള്ക്ക് സ്കൂളില് കൊണ്ടോകാന് ചോറ് വെക്കാനുള്ളതാ..
ഉറങ്ങട്ടെ….
#ഖ്വാദിർ അബ്ദുൽ
Source – http://trip2nature.com/uluppuni-diary/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog