എയര്‍ ഇന്ത്യ വിമാനത്തെ മണിക്കൂറുകളോളം പിടിച്ചുവെച്ച് താരമായിരിക്കുകയാണ് ഒരു കുഞ്ഞന്‍ എലി. രണ്ടു ദിവസം മുന്‍പ് പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നും യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എലി മൂലം വൈകിയത് ഒന്‍പത് മണിക്കൂര്‍. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 206 യാത്രക്കാരും ജീവനക്കാരുമായി ബോയിങ് 777 വിഭാഗത്തിലെ വിമാനം പുറപ്പെടാനായി റണ്‍വേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് എലിയെ കണ്ടത്.
തുടര്‍ന്ന് സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വിമാനത്തില്‍ നിന്ന് ആളെ ഇറക്കിയ ശേഷം എലിയെ പുറത്തുചാടിച്ചാണ് യാത്ര തുടരാനായത്. പുലര്‍ച്ചെ 2.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒന്‍പത് മണിക്കൂര്‍ വൈകിയാണ് അമേരിക്കയിലേക്ക് പറന്നത്. ആറ് മണിക്കൂര്‍ സമയമെടുത്തായിരുന്നു എലിയെ പുറത്താക്കിയത്.
യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം എലിയെ പുറത്തിറക്കാനായി വിമാനം പുകയ്ക്കുകയായിരുന്നു. വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ പകരം ജീവനക്കാരെ കണ്ടെത്താനാണ് പിന്നീട് മൂന്ന് മണിക്കൂര്‍ കൂടി വൈകിയത്.
15,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദില്ലിസാന്ഫ്രാന്സിസ്കോ റൂട്ട് ലോകത്തെത്തന്നെ ഏറ്റവും നീളമേറിയ വിമാന റൂട്ടുകളിലൊന്നാണ്. 17 മണിക്കൂറാണ് വിമാനം പറക്കേണ്ടത്. അതുകൊണ്ടുതന്നെ പൈലറ്റും സഹപൈലറ്റുമടക്കം രണ്ട് സെറ്റ് ജീവനക്കാരുമായാണ് വിമാനം യാത്ര തിരിക്കാറുള്ളത്. ഇടയ്ക്ക്വെച്ച് ഇവര്‍ ഡ്യൂട്ടി മാറുന്ന രീതിയിലാണ് യാത്ര.
എലിയോ അത്തരത്തിലുള്ള ഏതെങ്കിലും ജീവികളോ വിമാനത്തിനകത്ത് കയറിയിട്ടുണ്ടെന്ന് മനസിലായാല്‍ ഉടന്‍ തന്നെ യാത്ര വിമാനം പുകച്ച് അവയെ പുറത്തിറക്കണമെന്നാണ് ചട്ടം. വിമാനത്തിലെ ഇലക്ട്രിക് വയറുകള്‍ ഇവ കടിച്ചുമുറിച്ചാല്‍ പൈലറ്റുമാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും അത് വലിയ അത്യാഹിതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയുടെ പുതുതായി ചുമതലയേറ്റ മാനേജിങ് ഡയറക്ടര്‍ രാജീവ് ബന്‍സാല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കാറ്ററിങ് വാന്‍ വഴി വിമാനത്തിനുള്ളില്‍ എലികള്‍ കടക്കുന്നത് സ്ഥിരം സംഭവമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഭക്ഷണ ട്രേകള്‍ കൊണ്ടുവരുന്ന വലിയ സ്റ്റോറേജ് കേസുകളില്‍ എലികള്‍ കയറിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ലോകമെമ്പാടും ഇത് സംഭവിക്കാറുണ്ടെന്നും പറയുന്നു.