വിവരണം – Baboos.
കഴിഞ്ഞുപോയ 15695 സൂര്യോദയവും പുതപ്പിനുള്ളിലായിരുന്നുവെന്ന നഗ്നസത്യം തിരിച്ചറിഞ്ഞത് ഹംപിയിലെ കിരണ്‍ ഗസ്റ്റ് ഹൗസിലെ കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുമ്പോഴായിരുന്നു. ആ ചരിത്ര തീരുമാനം സാക്ഷാത്കരിക്കുന്നതിന് കടുത്ത വെല്ലുവിളികളായിരുന്നു മുന്നില്‍- അഞ്ച് മണിക്കെഴുന്നേല്‍ക്കണം, തണുത്ത വെള്ളം കൊണ്ട് പല്ലുതേച്ച് മുഖം കഴുകണം, ബസാറിലെത്തണം, പട്ടിയും പാമ്പുമുണ്ടോ എന്ന് നോക്കണം. മാതംഗമല കയറണം.
നേരം വെളിച്ചമാകട്ടെ എന്നിട്ട് ചെയ്യാം എന്ന് വേറെവിടെയും കരുതാം, ഇവിടെ പറ്റില്ലല്ലോ. ടോര്‍ച്ചെടുക്കാന്‍ മറക്കരുതെന്ന് പറഞ്ഞുകൊണ്ടിരിക്കേതന്നെ ടോര്‍ച്ചെടുക്കാന്‍ നാരായണേട്ടന് മറന്നുപോയി. വലിയ ചരിത്രനഗരമാണെന്ന് പറഞ്ഞിട്ടെന്താ, ഒറ്റയെണ്ണമില്ല ബസാറില്‍. ഉദയം കണ്ട് സായൂജ്യമടയാന്‍ മാതംഗമലയിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരിക്കുമെന്നും അവരുടെയിടയില്‍ നൂണ്ടുകയറി മുകളിലെത്താമെന്നും കരുതിയ ഞങ്ങള്‍ ശശിയായിപ്പോയി.
ബസാര്‍ റോഡിന്റെ ഇരുട്ടിലൂടെ ഞങ്ങൾ നാല് ചെരിപ്പടിശബ്ദങ്ങള് നീങ്ങിനീങ്ങി പോലീസ് സ്റ്റേഷന് മുന്നിലെത്തി. അവിടെ റോഡ് അവസാനിക്കുകയും മാതംഗമല തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. എങ്ങിനെ കയറും ഏതിലെ കയറും? പിന്നില്‍ നിന്ന് വരുന്ന ഓട്ടോറിക്ഷയിലുള്ളവര്‍ സമീപത്തെ ഹോം സ്റ്റേയിലേക്ക് കയറിയതോടെ ആ പ്രതീക്ഷയും പൊളിഞ്ഞു. നിലാവുണ്ട്, എന്നാല്‍ കാഴ്ച കഷ്ടിയാണ്.
മലയിലേക്കുള്ള ദിശാസൂചി ഒരു വിധം വായിച്ച് ഇടുങ്ങിയ വഴിയിലൂടെ മലകയറ്റം തുടങ്ങി. ആദ്യമാദ്യം കാല്‍നടയ്ക്ക് അനുകൂലമാണെന്ന് തോന്നിച്ചുവെങ്കിലും പിന്നീട് വലിയ പാറക്കല്ലുകള്‍ക്കിടയിലൂടെയും കുറ്റിക്കാടിനും മരങ്ങള്ക്കുമിടയിലൂടെയും ഗുഹയിലൂടെ നൂണ്ടുകയറിയും നടപ്പാത നീണ്ടു.
ചരിഞ്ഞ ഒരു പാറയുടെ വശം പറ്റിയുള്ള വഴി കയറുമ്പോള്‍ താഴേയ്ക്ക് നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത് കയറി വഴിയറിയാതെ കിതച്ചു നിന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ കന്നട ഭക്തിഗാനം വച്ചൊരാള്‍ അതിവേഗത്തില്‍ നടന്നുവന്ന് ഞങ്ങളെ മറികടന്നു. കൈയിലെ സഞ്ചി കണ്ട് ചായക്കാരനാണോ എന്ന് ചോദിച്ചപ്പോള്‍ പൂജാരിയാണെന്നും ചായ മുകളില്‍ കിട്ടുമെന്നും പറഞ്ഞു. വഴിയും പറഞ്ഞുതന്നു.
മേലെ ക്ഷേത്രത്തിലെത്തി, വശത്തിലൂടെ കയറി ക്ഷേത്രക്കെട്ടിടത്തിന്റെ കുമ്മായം കൊണ്ട് വാര്‍ത്ത മെയിന്‍ സ്ലാബിന് മുകളില്‍ ഇരിപ്പുറപ്പിച്ചു. ചുറ്റും നോക്കിയപ്പോഴുണ്ട് ഞങ്ങളെപ്പോലെ പത്തിരുപതെണ്ണം അവിടെയിരിക്കുന്നു. ചിലരിക്കുന്നത് ദേ ഇപ്പം ഞാൻ വീണ് തവിടുപൊടിയാകും എന്ന പരുവത്തിലാണ്. എന്നാല്‍ സൂര്യന് ചെയ്ത ചെയ്ത്താണ് ഭയങ്കരം- മലയ്ക്കു മുകളിലല്ല, മേഘങ്ങള്‍ക്ക് മുകളിലാണ് ടിയാൻ ഉദിച്ചത്. അതും എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്ന് തോന്നിക്കുന്ന ഒരു ചിരിയോടെ.
അല്പം കഴിഞ്ഞപ്പോഴുണ്ട് പൂജാരി ചായപ്പാത്രവും പേപ്പര്‍ ഗ്ലാസ്സും വെള്ളക്കുപ്പികളും കൊണ്ട് വരുന്നു. ഇവിടത്തെ പൂജാരി കം ചായക്കാരന് കം വെള്ളക്കാരന് അയാളാണെന്ന് അറിഞ്ഞിരുന്നില്ല. ഒരു പക്ഷേ ഇങ്ങനെയൊരു ത്രീ ഇന്‍ വണ്‍ പൂജാരിയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രവും അതായിരിക്കും. സൂര്യന് കൈവിട്ടതോടെ ക്യാമറയെടുത്ത് വിദേശികളെ സ്പെഷ്യലൈസ് ചെയ്യാന്‍ തുടങ്ങി. പാവങ്ങളാണ്, കുലത്തില്‍ പിറക്കാത്തവരാണ്, എങ്ങിനെ വേണേലും പോസ് ചെയ്തുതരുന്നവരാണ്. അതിനു ശേഷം കൈയിലുള്ള പഴവും തിന്നാൻ തരുന്നവരാണ്.
തിരിച്ചിറങ്ങുമ്പോള്‍ ഇവനെക്കൂടാതെ തനിക്ക് വരാന്‍ പറ്റത്തില്ലെന്ന് പറഞ്ഞ് ഒരു കന്നഡക്കാരി പെണ്‍കുട്ടി വിത്ത് പപ്പിക്കുട്ടി ഒരു മണ്ഡപത്തിലിരിക്കുന്നു. ക്ഷീണിച്ചിരിപ്പാണ്… പാവം.. അങ്ങനെ സൂര്യോദയം കാണാത്ത 15696 ാമത്തെ പ്രഭാതവും കടന്നുപോയി, ഞങ്ങള്തുംഗഭദ്രയുടെ തീരത്തേക്കും നടന്നുപോയി.