കെ.എസ്.ആര്.ടി.സി.യില്‍ ഓണക്കാലത്ത് രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് ഇരട്ടി ബോണസും ഉത്സവബത്തയും നല്കിയ സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കം. ചീഫ് ഓഫീസിലെ ശമ്പളവിതരണം കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടര്‍ വിഭാഗത്തിന് സംഭവിച്ച പിഴവാണ് കോര്പ്പറേഷന് ഒന്നരക്കോടി രൂപയോളം നഷ്ടമാക്കിയത്. അധികം നല്കിയ തുക ഇതുവരെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സപ്തംബറിലെ ശമ്പളത്തിനൊപ്പം അധികം നല്കിയ തുക തിരികെ പിടിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നെങ്കിലും നടപടി പൂര്‍ത്തിയായിട്ടില്ല. 30 നുള്ളില്‍ ശമ്പളം നല്‍കേണ്ടതുണ്ട്.
അധികതുക ലഭിച്ചവരുടെ പട്ടിക അപൂര്‍ണമാണ്. ഇവരുടെ വിവരങ്ങള്‍ അതത് യൂണിറ്റ് മേധാവികള്‍ക്ക് നല്കേണ്ടിയിരുന്നു. ഇതിനൊന്നും നടപടി സ്വീകരിച്ചിട്ടില്ല. ശമ്പളവിതരണത്തില്‍ ക്രമക്കേട് സംഭവിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ വിഭാഗത്തിനാണ് പിഴവ് സംഭവിച്ചത്. ഇവരെ രക്ഷിക്കാന്‍ വേണ്ടിയുള്ള നീക്കം ശക്തമാണ്. ചീഫ് ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്ലിനാണ് ശമ്പളവിതരണ ചുമതല. ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയപ്പോഴാണ് പിഴവ് സംഭവിച്ചത്.
ഒരാളുടെ അക്കൗണ്ടിലേക്ക് രണ്ട് തവണ പണം കൈമാറി. ആദ്യത്തെ പണമിടപാട് പൂര്‍ത്തിയായിട്ടുണ്ടെന്ന് പരിശോധിക്കാതെ വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ ഓഫീസ് വിടുകയും ചെയ്തു. 40,000 ജീവനക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്. നാല് അക്കൗണ്ട് ഹെഡ്ഡുകളില്‍ നിന്നാണ് പണം കൈമാറിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചെങ്കില്‍ അപ്പോള്‍തന്നെ ഇരട്ടിപ്പ് വ്യക്തമാകുമായിരുന്നു. പിഴവ് സംഭവിച്ചെന്ന് വ്യക്തമായാല്‍ ബാങ്കിന് സ്റ്റോപ്പ് മെമ്മോ നല്‍കാം. പണം കൈമാറ്റം മരവിപ്പിക്കാം. ഇതിനുള്ള അവസരം ചുമതലപ്പെട്ടവര്‍ നഷ്ടമാക്കി.
ഓണത്തിന് മുമ്പ് തിരക്ക് പിടിച്ചാണ് ശമ്പള ആനുകൂല്യവിതരണം പൂര്‍ത്തിയാക്കത്. ഇതിനിടെ രണ്ടായിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും വിട്ടുപോയിരുന്നു. ഓണം അവധിക്കുശേഷമാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയത്. വായ്പവാങ്ങിയ തുക കൊണ്ടാണ് കെ.എസ്.ആര്.ടി.സി. ശമ്പളവും ബോണസും നല്‍കിയത്. ഇതില്‍ നിന്നാണ് രണ്ടരക്കോടി അധികമായി നല്‍കേണ്ടിവന്നത്. ജീവനക്കാര്‍ പിന്‍വലിക്കാതിരുന്നതിനാല്‍ ഒരു കോടിരൂപയോളം കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് തിരികെയെത്തി. ജനറല്‍ മാനേജരാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. പിഴവ് സംഭവിച്ചത് ചീഫ് ഓഫീസില്‍ നിന്നായപ്പോള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ജീവനക്കാരിലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
News: Kerala.com
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog