ഒരു തെരുവ് നായ… സ്വന്തമായി ഒരു പേര് പോലും ഇല്ലാത്തവൻ.. ഇവനെ നമുക്ക് “ടിപ്പു” എന്ന് തല്ക്കാലം വിളിക്കാം… ഇവനും ഒരു കഥയുണ്ട്… ഒരു 15 മിനിറ്റുള്ള കഥ…. സ്ഥലം ജോർജിയയിലെ കരിംകടൽ തീരം… നേരം രാത്രിയോടടുത്തിരിക്കുന്നു… അസ്തമയ സൂര്യനെയും കടലിനെയും ഒരുമിച്ചു കാണുവാനുള്ള എന്റെ ആഗ്രഹംമൂലം ഡ്രൈവർ കാർ കടൽത്തീരത്തേക്കു വഴിമാറ്റി വിടുന്നു.. എന്റെ മുന്നറിയിപ്പ് അവഗണിച്ചു അദ്ദേഹം കാർ മണല്പരപ്പിലേക്കു കൂടുതൽ അടുപ്പിച്ചു.. ഇപ്പോൾ കാർ ഏകദേശം കടല്പരപ്പിനടുത്താണ്..
കാറിനു പുറത്തിറങ്ങിയപ്പോൾ അതാ ഒരു ആതിഥേയൻ ഞങ്ങളെ വരവേൽക്കുന്നു… അതെ ഇവൻ.. ഈ പാവം ശ്വാനൻ… അപ്രതീഷിതമായ അഥിതിയെ കണ്ടപ്പോൾ അവനു വളരെ സന്തോഷം.. ഞങ്ങളെ കണ്ടു വാലാട്ടിക്കൊണ്ടു അവൻ എന്തൊക്കെയോ കുശലം ചോദിക്കുന്നു… മീശയില്ലാത്ത മനുഷ്യരുടെ നാട്ടിൽ മീശയുള്ള ഒരു മനുഷ്യമുഖം അവൻ ഒരുപക്ഷേ ആദ്യമായായിരിക്കാം കാണുന്നത്.. കൂടെ അവന്റെ കൂട്ടുകാരിയും ഉണ്ട്….. ദാരിദ്ര്യത്തിന്റെ ചുളിവുകൾ അവന്റെ വയറുകളിൽ കാണാം..
എന്താണെന്നറിയില്ല എനിക്ക് അവനോടു അല്പം വാല്സല്യം തോന്നി.. കടൽത്തീരത്ത് ഞങ്ങളോടൊപ്പം കളിയ്ക്കാൻ അവനും ഉണ്ടായിരുന്നു..
തിരിച്ചു കാറിൽ കേറുമ്പോളാണ് ഒരു കാര്യം മനസിലായത്.. ചക്രങ്ങൾ മണലിൽ പുതഞ്ഞു പോയിരിക്കുന്നു… ഡ്രൈവർ കാർ എടുക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ ആഴത്തിലേക്ക് പോയിക്കൊണ്ടിരുന്നു.. എന്തോ കുഴപ്പമുണ്ടെന്നു നമ്മുടെ ശ്വാനന് മനസിലായിരിക്കുന്നു… അവൻ വണ്ടിക്കു ചുറ്റും ഓടാൻ തുടങ്ങി..
ചക്രങ്ങൾ പുതഞ്ഞു ഞങ്ങൾക്ക് പോകാൻ സാധിക്കുന്നില്ലെന്ന് മനുഷ്യനോളം ബുദ്ധിയില്ലെങ്കിലും അവനു മനസിലായി… ഇരു ചക്രങ്ങളിലും അവൻ മാറിമാറി വന്നു നോക്കുന്നു… പുതഞ്ഞ മണൽ ഞങ്ങൾ മാറ്റാൻ ശ്രമിക്കുമ്പോൾ അവൻ ഞങ്ങളെക്കാൾ ആകാംഷയോടെ അങ്ങോട്ട് നോക്കി തലംങ്ങംവിലങ്ങം ഓടുന്നു.. ഇടക്ക് ചക്രങ്ങളെ നോക്കി കുരക്കുന്നു… വല്ലാത്ത ഒരു വേദന അവന്റെ മുഖത്തു കാണുവാൻ സാധിച്ചു… ഞങ്ങൾ വണ്ടി ആഞ്ഞു തള്ളുമ്പോൾ ഒരു സഹായിയെപോലെ അവൻ ഞങ്ങളുടെ അരികത്തു ഉണ്ടായിരുന്നു…
അവൻ താമസിക്കുന്ന സ്ഥലത്തു സാധാരണ അതിഥികളൊന്നും വരാറില്ല.. വല്ലപ്പോഴും ‘വോഡ്ക’ കഴിച്ചു വിശ്രമിക്കുന്ന സ്വദേശികൾ മാത്രം… അപ്രതീഷിതമായെത്തിയ ഈ മീശയുള്ള അതിഥിക്ക് ഉണ്ടായ ബുദ്ധിമുട്ട് അവൻ മനസ്സിലാക്കിയിരിക്കുന്നു… അവൻ അത് വിവിധ ചേഷ്ടകളിലൂടെ കാണിക്കുന്നുണ്ട്…
നല്ലവരായ നാട്ടുകാർ വണ്ടി കെട്ടിവലിച്ചു മണൽപ്പരപ്പിൽ നിന്നും ഞങ്ങളെ രക്ഷിച്ചു.. എന്തോ സന്തോഷം ഇപ്പോൾ അവനിൽ കാണാം… കുറേദൂരം അവൻ ഞങ്ങളെ അനുഗമിച്ചു.. ഞാൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു..
ക്യാമറ റെഡിയാക്കി ഞാൻ ഇറങ്ങി… അവന്റെ ഒരു ഫോട്ടോ എടുക്കണം… കാറിനോട് ചേർന്ന് അതാ അവൻ നിൽക്കുന്നു… പക്ഷേ അവൻ എന്നെ ഞെട്ടിച്ചു… ഓരോ തവണ അവന്റെ നേരെ ക്യാമറ തിരിക്കുമ്പോളും “ഞാൻ എന്റെ കടമയായ ആദിത്യ മര്യാദ മാത്രമേ ചെയ്തോളു അതിന്റെ പ്രശസ്തി ഞാൻ ആഗ്രഹിക്കുന്നില്ല” എന്നപോലെ അവൻ കുനിഞ്ഞു നിന്നു… ഒരിക്കൽപോലും അവൻ എനിക്ക് ക്യാമെറക്കായി മുഖം തന്നില്ല…
ഏതോ ആഢ്യത്തമുള്ള വീട്ടിൽ ജനിക്കേണ്ടിരുന്ന അവൻ എങ്ങനെയോ ഈ കടൽത്തീരത്ത് ജനിച്ചു… അവന്റെ ലോകത്തു മൊബൈൽ ഇല്ല, കമ്പ്യൂട്ടർ ഇല്ല, ബിസിനസ്സുകൾ ഇല്ല, തിരക്കുകളില്ല, ചതിയില്ല., വഞ്ചനയില്ല… ഉള്ളത് “സ്നേഹം” മാത്രം… അവന്റെ സഹജീവിയായ മനുഷ്യനോട് തോന്നുന്ന യഥാർത്ഥ സ്നേഹം.. അതെ… അവന്റെ ലോകത്തു “അവൻ ഒരു രാജകുമാരനാണ്”… “അതിഥി സ്നേഹമുള്ള രാജകുമാരൻ”…
ഞങ്ങളുടെ കാർ അവന്റെ കണ്ണുകളിൽനിന്നും അപ്രത്യക്ഷമാകുവോളം അവൻ അവിടെനിന്നു നോക്കികൊണ്ടിരുന്നു….. അവനെ അവന്റെ ലോകത്തു തനിച്ചാക്കി വീണ്ടും ഞാൻ യാത്ര തുടർന്നു…
വരികളും ചിത്രങ്ങളും : Jyothis Paul.