യു.എ.ഇ. യിലെ (ഐക്യ അറബ് എമിറേറ്റ്സ്) ഏഴ് എമിറേറ്റുകളിൽ ഏറ്റവും ചെറിയ എമിറേറ്റ്സ് ആണ് അജ്മാൻ. ഒരു ഭാഗം പേർഷ്യൻ ഗൾഫ് സമുദ്ര തീരവും മറ്റു ഭാഗങ്ങൾ ഷാർജ, ഉം അൽ കുവൈൻ എന്നീ പ്രവിശ്യകളും അജ്മാന്റെ അതിർത്തി പങ്കിടുന്നു.
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യുടെ ഇന്റർ എമിറേറ്റ്സ് ബസ്സുകൾ അജ്മാനിലേയ്ക്ക് സർവ്വീസ് നടത്തുന്നു. ദുബായ് കരാമ, ബർദുബായ്, സത്വ, ദുബായ് യൂണിയൻ മെട്രോ സ്റ്റേഷൻ തുടങ്ങിയ ബസ് സ്റ്റേഷനുകളിൽ നിന്ന് ഇവിടേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്. കൂടാതെ ഷാർജ ഇന്റർ എമിറേറ്റ്സ് ബസുകളും നിരവധി ടാക്സികളും അജ്മാനിലേയ്ക്കും തിരിച്ച് യു.എ.യി.ലെ മറ്റ് എമിറേറ്റുകളിലേയ്ക്കും സർവ്വീസ് നടത്തുന്നുണ്ട്.
യു.എ.യി.ലെ മറ്റൊരു എമിറേറ്റ് ആയ റാസൽഖൈമയിൽ നിന്നും അജ്മാനിലേക്കുള്ള ബസ് യാത്രയുടെ വീഡിയോ താഴെ കൊടുത്തിരിക്കുന്നു.
Video – Prasanth Paravoor
ദുബായ് എമിറേറ്റ്സിൽ നിന്നും 25 കിലോമീറ്ററോളം റോഡ് മാർഗ്ഗം ഷാർജ വഴി അജ്മാനിലേയ്ക്ക് എത്തിച്ചേരാം. ഷാർജയും അജ്മാനുമായി അതിർത്തി പങ്കിടുന്നതിനാൽ നിരവധി ടാക്സികളും ഇന്റർ സിറ്റി ബസ് സർവ്വീസുകളും അജ്മാൻ – ഷാർജ ബോർഡർ വരെ സർവ്വീസ് നടത്തുന്നു അജ്മാൻ ഷാർജ അതിർത്തിയിൽ നിന്നും അജ്മാനിലെ പ്രധാന സിറ്റിയായ അജ്മാൻ സിറ്റിയിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.
260 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അജ്മാൻ പ്രവിശ്യ, യു.എ.ഇ എന്ന രാജ്യത്തിന്റെ മൊത്തവിസ്തൃതിയുടെ 0.33 ശതമാനം മാത്രമേയുള്ളൂ. തുപ്പുനിലങ്ങളും, സമുദ്രതീരവും, വ്യവസായിക മേഖലകളും മരുപ്രദേശവും നിറഞ്ഞ ഭൂപ്രകൃതിയാണ് അജ്മാൻ പ്രവിശ്യയ്ക്കുള്ളത്.
അജ്മാൻ മ്യൂസിയം : 18-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന അറേബ്യൻ സംസ്കാരത്തിൻറെ തിരുശേഷിപ്പികളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇന്നത്തെ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം ഏറെക്കാലമായി അജ്മാൻ കോട്ടയായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. 1980ൽ അജ്മാൻ ഭരണാധികാരിയായ ശൈഖ് ആയ ശൈഖ് ഹുമൈദ ബിൻ റാഷിദ് അൽ നുയ്മി ഈ കെട്ടിടം മ്യൂസിയത്തിനായി വിട്ട് കൊടുക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുധങ്ങൾ,ആഭരണങ്ങൾ, എഴുത്തുലിപികൾ എന്നിവയാണ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. അഞ്ച് ദിർഹം ആണ് പ്രവേശന നിരക്ക്. വിദ്യാർഥികൾക്ക് ഒരു ദിർഹം.
കിലോമീറ്ററുകളോളം നീളമുള്ള പേർഷ്യൻ ഗൾഫ് കടൽത്തീരം, അജ്മാൻ എമിറേറ്റിന് മനോഹരമായ സമുദ്രതീര ദൃശ്യങ്ങൾ പകർന്നു നൽകുന്നു. അജ്മാൻ ബീച്ച് ഷാർജ, അജ്മാൻ ഭാഗത്തുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വിനോദ സഞ്ചാര മേഖലയിൽ നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. അജ്മാൻ മ്യൂസിയം,റാഷിദീയ്യ പാർക്ക്, ചൈന മാൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog