വിവരണം – ഡോ. മിത്ര സതീഷ്.
സുഹൃത്തുക്കളുമായി ബാലിയിലെ കാഴ്ചകൾ കാണാനും, അടിച്ചു പൊളിക്കാനുമായി പോയ എന്റെ കൗതുകം ഉണർത്തിയ ഒരു അനുഭവമായിരുന്നു ബാലിക്കാരി പുഷ്പ നടത്തുന്ന പാചക ക്ലാസ്. ബാലിയുടെ സംസ്കാര സമ്പന്നതയുടെ നേർകാഴ്ച കൂടിയായിരുന്നു അവരും, അവരുടെ വീടും.
എന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ തിരികെ നാട്ടിൽ പോകുകയും , രണ്ടു സുഹൃത്തുക്കൾ വേറെ തിരക്കിൽ പെടുകയും ചെയ്തപ്പോൾ ബാലിയിൽ ഒറ്റയ്ക്ക് ചുറ്റി കറങ്ങാൻ ഒരവസരം ലഭിച്ചു. എന്റെ ആദ്യത്തെ സോളോ അനുഭവം കൂടിയായിരുന്നു അത്.
തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ച് , ചിലവു ചുരുക്കിയുള്ള യാത്രയായിരുന്നു കഴിഞ്ഞ 5 ദിവസവും . ആ രുചി നാട്ടിൽ വന്നാലും ആസ്വദിക്കാമെന്ന മോഹവും കൂടാതെ ബാലിയുടെ തനത് ആഹാരത്തെ കുറിച്ച് മനസ്സിലാക്കാനും കൂടിയാണ് പാചക ക്ളാസ്സിൽ പോകാൻ ഉറച്ചത്. താമസിക്കുന്നതിന് തൊട്ടടുത്തുള്ള ടൂർ ഓപ്പറേറ്ററെ കണ്ട് ക്ലാസ് ഏർപ്പാടാക്കി.
Paon Bali Cooking Class ന്റെ വണ്ടി 8 രാവിലെ 8.30 ന് താമസ സ്ഥലത്തു വന്ന് എന്നേയും, പോകുന്ന വഴി മൂന്നു വിദേശികളെയും പിക്ക് ചെയ്തു . മാർക്കറ്റിൽ പോകുന്ന വഴിക്ക് ഡ്രൈവറെ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ‘പുട്ടു ‘ ആണെന്ന് പറഞ്ഞത്. പേര് കേട്ടതും ചിരി വന്നു. ഡ്രൈവർ ഞങ്ങളെ മാർക്കറ്റിലെ മറ്റൊരാളുടെ അടുത്തേൽപിച്ചു . അയാളുടെ കൂടെയും 4 – 5 വിദേശികൾ ഉണ്ടായിരുന്നു.
ചെന്ന സ്ഥലത്തെ ആളെ പരിചയപ്പെട്ടു. അയാളുടെ പേരും ‘പുട്ടു’ എന്ന് പറഞ്ഞപ്പോൾ എന്റെ ചിരിയുടെ ശബ്ദം അൽപം ഉച്ചത്തിലായി. ‘പുട്ടിൽ തട്ടി നടക്കാൻ പറ്റില്ലാലോ’ എന്ന് ഞാൻ ആത്മഗതം പറഞ്ഞു. ചിരിയിൽ ഒളിച്ചിരിക്കുന്ന വസ്തുത മനസിലാക്കിയിട്ടാവാം ഡ്രൈവർ ‘പുട്ടു’ ബാലിയിലെ ഒരു പ്രത്യേകത വിവരിച്ചു തന്നു.
ബാലിയിലെ കുട്ടികൾക്ക് പേരിടുന്നത് വിചിത്രമായ രീതിയിലാണ്. ആദ്യത്തെ കുട്ടിയെ Wayang/Putu/ Gede എന്നും, രണ്ടാമത്തെ കുട്ടിയെ Made/ Kadek/ Nengah എന്നും, മൂന്നാമത്തെ Nyoman/Komang എന്നും, നാലാമത്തെ ആളെ Ketut എന്നുമാണ് വിളിക്കുക. അഞ്ചാമത്തെ കുട്ടി മുതൽ ഇതെ ക്രമത്തിൽ വീണ്ടും പേര് വരും. ഇതാണ് ഇവരുടെ ആദ്യത്തെ പേര്.
അതുകൊണ്ട് വീട്ടിൽ അഞ്ചു കുട്ടികൾ ഉണ്ടെങ്കിൽ രണ്ടു പേരുടെ പേര് പുട്ടു ആയിരിക്കും. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഇതേ പേരാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ചുരുക്കി പറഞ്ഞാൽ ആൺപുട്ടും, പെൺപുട്ടും ബാലിയിൽ സുലഭമാണ്. ആചാരപരമായി നിർബന്ധമുള്ള ഈ പേരുകൾക്ക് പുറമെ വീട്ടുകാർക്കിഷ്ടമുള്ള രണ്ടാമത് ഒരു പേരു കൂടി ഉണ്ടാകും ബാലിക്കാർക്ക്. അതു ചിലപ്പോൾ നമ്മുടെ പേരുപോലുള്ളതുമാകാം..
പുട്ടു ഞങ്ങളെയും കൂട്ടി മാർക്കറ്റിലേക്ക് നടന്നു. ബാലിക്കാർ രാവിലെ മാർക്കറ്റിൽ വന്ന് ഫ്രഷ് സാധനങ്ങൾ വാങ്ങിയാണത്രെ പാചകം ചെയ്യുക . അതുകൊണ്ട് തന്നെ പ്രാതൽ തയ്യാറാകുമ്പോഴേക്കും ഏറെ താമസിക്കും. ചാല മാർക്കറ്റിനെ അനുസ്മരിക്കുന്നതായിരുന്നു ഉബൂദിലെ ചന്ത. ഒരു പഴയ കെട്ടിടത്തിൽ തിങ്ങി നിറഞ്ഞ് ആളുകളിരുന്നു സാധനങ്ങൾ വിൽക്കുന്നു. പച്ചക്കറിയും, ഉണക്ക മത്സ്യവും, ഇറച്ചിയും,പഴവർഗങ്ങളും എല്ലാം വില്പനക്കുണ്ട്. പുട്ടു ഓരോ കടയിലും കയറി സാധനങ്ങൾ പരിചയപ്പെടുത്തി. നമ്മുടെ നാട്ടിൽ കിട്ടാത്ത galangal , kaffir lime , white ginger , snake skin fruit എല്ലാം അവിടുന്ന് കാണാൻ പറ്റി.
അതിനു ശേഷം പുട്ടു ഞങ്ങളെ ഒരു നെൽ പാടത്തിന്റെ അരികിൽ കൊണ്ട് പോയി. നെൽ കൃഷിക്ക് ഇവരുടെ ജീവിതത്തിൽ ഒരു പ്രധാന പങ്കുണ്ട്. ബാലിയിലെ നെല്ല് 210 ദിവസം കൊണ്ട് മൂപ്പെത്തുന്നതാണ് . നെൽകൃഷിയെ ആസ്പദമാക്കി ഇവർക്ക് ഒരു സങ്കീർണമായ കലണ്ടർ തന്നെയുണ്ട് .Pawukon എന്നു പേരുള്ള ആ കലണ്ടറിൽ 35 ദിവസങ്ങൾ ഉള്ള 6 മാസങ്ങളാണുള്ളത് . ഒന്ന് മുതൽ പത്തു ദിവസം വരെയാണ് ആഴ്ചയുടെ ദൈർഘ്യം. പരമ്പരാഗതമായ ഉത്സവങ്ങൾ പാവുക്കോൺ പ്രകാരമാണ് കണ്ടു പിടിക്കുക. ബാലിക്കാരുടെ പിറന്നാളും ഇതു പ്രകാരമാണ്. അതായത് 210 ദിവസം കൂടുമ്പോൾ otonan എന്ന് വിളിക്കുന്ന പിറന്നാൾ ആഘോഷിക്കും.
ചന്ദ്ര ഭ്രമണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാക കലണ്ടറാണ് കൂടുതലും ഉപയോഗിക്കുക.സാക കാലണ്ടറിൽ 29 -30 ദിവസം വരെയുള്ള 12 മാസങ്ങളാണുള്ളത്. 30 മാസം കൂടുമ്പോൾ ഒരു മാസം അധികം ചേർക്കും. നമ്മൾ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറുമായിട്ട് ചേർന്ന് പോകാനാണ് ഈ ക്രമീകരണം . സാക കലണ്ടർ വെച്ചിട്ടാണ് ബാലിക്കാരുടെ പുതുവത്സരമായ Nyapei Day തീരുമാനിക്കുന്നത്.
പുട്ടുവിന്റെയ് നെല്ലു ക്ലാസ്സ് തുടർന്നു. ചോറാണ് ഇവരുടെ പ്രധാന ഭക്ഷണം. ഇതിനെ Nazi എന്നാണ് വിളിക്കുക. Nazi goreng വെജിറ്റബിൾ ഫ്രൈഡ് റൈസും, Nazi ayam ചിക്കൻ ഫ്രൈഡ് റൈസും , Nazi campur മിക്സഡ് ഫ്രൈഡ് റൈസുമാണ്. മൂന്നു തരം അരിയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.Ketan എന്നുളള വെള്ള അരിയാണ് ഉപയോഗിക്കുക . കറുപ്പ് നിറമുള്ള Injin എന്ന അരി, പായസം മുതലായ മധുര പദാർത്ഥങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കും. വില കൂടിയ Barak എന്ന ചുമപ്പ് നിറമുള്ള അരി , ക്ഷേത്രങ്ങളിൽ നിവേദ്യം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
ക്ലാസ്സ് കഴിഞ്ഞു ഞങ്ങളെയും കൂട്ടി പുട്ടു പാചക ടീച്ചറായ പുഷ്പയുടെ വീട്ടിലെത്തി. ഉയരം കൂടിയ മതിലു കൊണ്ട് മറച്ചതായിരുന്നു വീട്. Angul Angul എന്ന് വിളിക്കുന്ന പടിപ്പുരയിലൂടെ വേണം അകത്തു കടക്കാൻ. പടിപ്പുരക്ക് വാതിലില്ല . എല്ലാവർക്കും കടന്നു ചെല്ലാം എന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതക്കായി Aling Aling എന്ന് വിളിക്കുന്ന ഒരു സ്ക്രീൻ പടിപ്പുരക്ക് അഭിമുഖമായി വെച്ചിട്ടുണ്ട്.
വീടാണോ കൊട്ടാരമാണോ എന്ന് എനിക്ക് സംശയം തോന്നിപ്പോയി.അത്ര മനോഹരമായ കൊത്തു പണികൾ ആയിരുന്നു ഓരോ കതകിലും ജനാലയിലും എന്തിനു പറയുന്നു ഭിത്തികളിൽ പോലും. ബാലിക്കാരുടെ കൊത്തു പണിയിലുള്ള വൈദഗ്ദ്യം പ്രശസ്തമായിരുന്നെങ്കിലും ബാലി വീടുകൾ പോലും ഈ കൊത്തുപണിയുടെ ഒരു ഉദാത്തമായ ഉദാഹരണമായിരുന്നു എന്നത് ഒരു തിരിച്ചറിവായിരുന്നു.
പുട്ടു ഞങ്ങളെ sake enam എന്നറിയപ്പെടുന്ന ഗസ്റ്റ് റൂമിൽ ഇരുത്തി. ഒരു ഭിത്തി മാത്രമുള്ള തുറന്ന മുറിയായിരുന്നു അത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടിയായ chihuahua ഞങ്ങളെ സ്വീകരിക്കാൻ അവിടെ നിൽപ്പുണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന വിദേശികൾക്ക് ആദ്യം അതിനെ തൊടാൻ പേടിയായിരുന്നെങ്കിലും, ഞാൻ എടുത്തു താലോലിക്കുന്നത് കണ്ട് ഒരോരുത്തരായി എന്റെ ഒപ്പം കൂടി. അതോടെ പല രാജ്യങ്ങളിൽ നിന്നും വന്ന എല്ലാവരും ‘ഐസ് ബ്രേക്കിങ് സെഷൻ’ പോലെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുകയും തമാശകൾ പറയുകയുമൊക്കെ ചെയ്തു.
ആ സമയത്ത് ഞങ്ങൾക്ക് വേണ്ടി ലെമൺ ഗ്രാസ് ചേർത്ത ഡ്രിങ്ക്സുമായി ഒരു പെൺകുട്ടി വന്നു. പുഷ്പയുടെ മകളായ Wayang ആയിരുന്നു. പേരിൽ നിന്ന് മൂത്ത കുട്ടിയാണെന്ന് പിടികിട്ടി. പരമ്പരാഗത വസ്ത്രമായിരുന്നു അവൾ അണിഞ്ഞത്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ നെറ്റ് ബ്ലൗസ് Kebaya ആണെന്നും, കൈലി പോലത്തെ വസ്ത്രം Kamen ആണെന്നും, അരയിൽ കെട്ടിയ തുണിയുടെ ബെൽട്ടിനെ Sabuk എന്ന് വിളിക്കുമെന്ന് പറഞ്ഞു. അവളോട് വീട് കാണിക്കുമോ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ ഞങ്ങളെയും കൂട്ടി വീട് കാണിച്ചു തന്നു.
പല ഒറ്റ നില കെട്ടിടങ്ങൾ ചേർന്നതാണ് വീട്. ഇവരുടെ സ്വീകരണമുറി , കിടപ്പുമുറി, അടുക്കള, ശുചിമുറി എല്ലാം പ്രത്യേകം കെട്ടിടങ്ങളാണ്. ഏറ്റവും മുതിർന്ന വ്യക്തി കിടക്കുന്ന കെട്ടിടത്തിനെ Meten അഥവാ Bale Daya എന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞ ഓരോ വ്യക്തികൾക്കും പ്രത്യേകം ഒറ്റ മുറി കെട്ടിടമുണ്ട്. ഇതിനെ Bale dauh എന്നാണ് വിളിക്കുന്നത്. ഇവർ കിടക്കുന്നത് Mount agung എന്ന മലനിരകളെ അഭിമുഖമായിട്ടാണ് പോലും.
ഇതു കൂടാതെ Lumbung എന്ന നെല്ലറയും, Paon എന്ന് വിളിക്കുന്ന അടുക്കളയുമുണ്ട്. അടുക്കള അപവിത്രമായ സ്ഥലമായാണ് കണക്കാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് വടക്കുകിഴക്കു ഭാഗത്തുള്ള Sanggah / Merjan എന്ന കുടുംബക്ഷേത്രമാണ്. ഇത്രയുമൊക്കെ കണ്ടപ്പോഴേക്കും സാക്ഷാൽ പുഷ്പ പ്രത്യക്ഷപെട്ടു.
ഒരു ബാലി ദേവി പ്രത്യക്ഷപ്പെട്ട പോലെയാണ് തോന്നിയത്. രസമുള്ള പരമ്പരാഗത വേഷം ധരിച്ച് നല്ല തുറന്ന ചിരിയോടു കൂടി ഞങ്ങളെ എല്ലാവരേയും സ്വീകരിച്ചു , പാചക ക്ലാസ്സ് നടത്തുന്ന സ്ഥലത്തു കൊണ്ട് പോയി. അവിടെ ഞങ്ങൾ പാചകം ചെയ്യാൻ പോകുന്ന വിഭവങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാമഗ്രികളും തയ്യാറാക്കി , മനോഹരമായി അലങ്കരിച്ചു വെച്ചിരുന്നു. ആദ്യം ഉണ്ടാക്കാൻ പോകുന്ന ഒമ്പതു സാധനങ്ങളെ കുറിച്ച് ഒരു ലഘു വിവരണം തന്നു. എന്നിട്ടു പച്ചക്കറിയും മറ്റും മുറിക്കാൻ എല്ലാവർക്കും നിർദ്ദേശം തന്നു.
കഷ്ണങ്ങൾ തയാറാക്കിയശേഷം ഓരോ വിഭവങ്ങൾ തയ്യാറാക്കാൻ പറഞ്ഞു തന്നു. അമ്മിയിൽ വെച്ചു അരക്കുന്നതും, ഉരലിൽ പൊടിക്കുന്നതുമൊക്കെ ഞങ്ങൾ ഒരു ആഘോഷമാക്കി. ഫുട്ബോൾ പോലുള്ള തേങ്ങാ ചിരവുന്ന ‘യന്ത്ര’ മായിരുന്നു പുതുമ. തേങ്ങ പൊട്ടിച്ച പൂളുകൾ അടർത്തും . എന്നിട്ട് ഈ പൂളുകൾ ചെറിയ നേർത്ത ആണികൾ തറച്ച ഒരു തടി പലകയിൽ ഉരക്കും അപ്പോൾ നേർത്ത തേങ്ങാ പീര കിട്ടും. കുറച്ചു കൂടി വലിയ പീരയാണ് വേണ്ടതെങ്കിൽ നമ്മൾ ക്യാരറ്റ് ഗ്രേറ്റ് ചെയ്യുന്ന സംവിധാനം വെച്ച് തേങ്ങാ ഗ്രേറ്റ് ചെയ്തെടുക്കും.
ബാലിക്കാരുടെ പ്രത്യേക അരപ്പാണ് base gade യും gado gado യും. എല്ലാ കറികളും ഇതിൽ ഒരെണ്ണം വെച്ചാണ് ഉണ്ടാക്കുക. ആദ്യം തന്നെ ഈ കറി കൂട്ടുണ്ടാക്കി . പുഷ്പയുടെ നിർദ്ദേശമനുസരിച്ച് രണ്ടു പേർ ഒന്നിച്ചു നിന്ന് ഓരോ കറിയും ചെറിയ അളവിൽ പാചകം ചെയ്യണം. എന്നിട്ടു എല്ലാം കൂടി ഒന്നിച്ചു ആക്കും.
ഞങ്ങൾ അങ്ങനെ Kuah Wong or Sup Jamur എന്ന സൂപ്പ് , Be Siap Mesenten Kare ayam എന്ന ചിക്കൻ കറി , Jukut Urab എന്ന അച്ചിങ്ങ പയറിന്റെയ് സാലഡ് , Kacang Me santok എന്ന പച്ചക്കറി കറി , Tempe me Goreng or Tempe Kering എന്ന സോയ കൊണ്ടുള്ള വിഭവം എല്ലാം ഉണ്ടാക്കാൻ പഠിച്ചു.
ഏറ്റവും രസകരമായി തോന്നിയത് അവരുടെ Chicken satay or Sate Lilit ayam or Sate siap എന്ന ഐറ്റമായിരുന്നു. ചിക്കൻ കുറച്ച് മസാലകൂട്ടുകൾ ചേർത്ത് നേർത്ത പേസ്റ്റാക്കി അരച്ച് മുളയുടെ ചീളിൽ ലോലിപോപ് പോലെ ഒട്ടിക്കും. എന്നിട്ടത് ചുട്ടെടുക്കും. പുട്ടുവായിരുന്നു കനലിൽ അത് ചുട്ടെടുത്തത്.
വേറെ ഒരു രസകരമായ വിഭവം Pepesan Be Pasin or Pepes Ikan ആയിരുന്നു. മീൻ അരപ്പു പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ പുഴുങ്ങി എടുക്കും. അവസാന ഐറ്റം പുഴുങ്ങിയ പഴവും , ശർക്കര പാനിയും, തേങ്ങാ പാലും ചേർത്ത് ഉണ്ടാക്കുന്ന Kolak Biu or Kolak Pisang ആയിരുന്നു.
ഇതെല്ലാം ഉണ്ടാക്കിയ ശേഷം buffet പോലെ ഒരുക്കി വെച്ചു .എല്ലാവരും ഒന്നിച്ചിരുന്ന് ആഘോഷമായും ആർഭാടമായും കഴിച്ചു. ബാലി യാത്രയിൽ കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം ആയിരുന്നു അത്. പാചക മൊക്കെ കഴിഞ്ഞപ്പോഴേക്കും എല്ലാവരും നല്ല സുഹൃത്തുക്കളായി. അതിൽ തന്നെ ഓസ്ട്രേലിയക്കാരി അമാൻഡയും, ബംഗാളിയായ ഷാവോനിമയുമായി ഇന്നും സൗഹൃദം തുടരുന്നു. പോകാൻ നേരത്തു റെസിപ്പീ അടങ്ങിയ ഒരു ലഘുരേഖ പുഷ്പ എല്ലാവര്ക്കും സമ്മാനിച്ചു .കുറേ ഫോട്ടോ ഒക്കെ എടുത്ത് എല്ലാവരും രണ്ടു മണിക്ക് പിരിഞ്ഞു. അപ്പോഴും പുഷ്പയെ വിടാൻ ഞാൻ തയ്യാറായില്ല. പുഷ്പയുമായിട്ടിരുന്ന് അവരുടെ ആചാരങ്ങളെ കുറിച്ച് ഒരു നീണ്ട ചർച്ച തന്നെ നടത്തി.
ബാലിക്കാർ ആയുസ്സിൽ പതിമൂന്നു ചടങ്ങുകൾക്ക് ഭാഗമാകണമത്രെ. ഇതിനെ ഇവർ manushya yadnya എന്നാണ് പറയുന്നത്. ഇതിൽ ഏഴെണ്ണം കുട്ടിക്കാലത്തു നടത്തുന്നതാണ്. കുഞ്ഞു നാല്പത്തിരണ്ടു ദിവസം വരെ ദൈവമായാണ് കണക്കാക്കുന്നത്. നൂറ്റിയഞ്ചു ദിവസം വരെ കുഞ്ഞിനെ നിലം തൊടീക്കരുത്. നൂറ്റിയഞ്ചു ദിവസം കഴിയുമ്പോൾ Telubulan എന്ന ചടങ്ങു നടത്തി മാത്രമേ കുഞ്ഞിനെ നിലത്തു കിടത്താൻ പറ്റു.
ആൺകുട്ടികളും പെൺകുട്ടികളും പ്രായപൂർത്തിയാകുമ്പോൾ ചെയുന്ന ചടങ്ങാണ് Mependes. ഈ ചടങ്ങിൽ പൂജാരിയെ കൊണ്ട് മുന്നിലെ പല്ല് (canine teeth ) രാകുന്നു (tooth filing ). ഈ ചടങ്ങു ചെയ്താൽ മാത്രമേ കല്യാണചടങ്ങു (pawiwihan ) അനുവദിക്കു. മനുഷ്യനിലെ തിന്മകളായ അസൂയ, വൈരാഗ്യം, ആർത്തി, വെറുപ്പ് , വിദ്വേഷം മുതലായവ ഇതിലൂടെ വരുതിയിൽ വരും എന്നാണ് വിശ്വാസം. പുരോഹിതൻ ആചാരാനുഷ്ടാനത്തിന്റെഭാഗമായി മുളയുടെ തണ്ട് കൊണ്ട് പല്ലിൽ ഉരക്കുന്നു.
ഏറ്റവും ചിലവേറിയ ചടങ്ങ് Ngaben ആണ്. ബാലിക്കാരുടെ മരണാനന്തര ചടങ്ങുകളെ വിളിക്കുന്ന പേരാണ് ഇത്. മരിച്ചവരെ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. മഞ്ചലിൽ ഇരുത്തി കൊണ്ടു പോകുന്ന മൃതശരീരം മഞ്ചലോട് കൂടിയാണ് ദഹിപ്പിക്കുക. ഇതിന്റെ ഭാഗമായി ചെലവേറിയ പല ചടങ്ങുകൾ നടത്താനുണ്ട്.
സമൂഹ കൂട്ടായ്മയായ ബഞ്ചാറിൽ ഉൾപ്പെട്ട അംഗങ്ങൾ പണം പിരിച്ചാണ് പലപ്പോഴും ഇത് നടത്തുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചിലപ്പോൾ ഈ ചടങ്ങുകൾ അഞ്ചു വര്ഷം വരെയൊക്കെ താമസിച്ചാണ് ചെയ്യാൻ സാധിക്കുക. അങ്ങനെ കാലതാമസം നേരിടുന്നു എങ്കിൽ, അതുവരെ ശവശരീരം കുഴിച്ചിടും. പണം ലഭിക്കുമ്പോൾ ഈ ശവശരീരമെടുത്ത് ദഹിപ്പിക്കും!
ചിലപ്പോൾ ഒരു ബഞ്ചാറിൽ പലരുടെയും Ngaben ചടങ്ങു ഒന്നിച്ചു നടത്താറുണ്ട്. ഇതിനു ngaben massal എന്നാണ് പറയുക. ജന്മികളുടെ Ngaben ചടങ്ങിനെ Plebon എന്നാണ് വിളിക്കുക. പുരുഷ ജന്മിയാണ് മരിക്കുന്നതെങ്കിൽ ശവമഞ്ചൽ ഒരു കൂറ്റൻ കാളയുടെ രൂപത്തിലും ജന്മി സ്ത്രീ ആണെങ്കിൽ ശവമഞ്ചം പശുവിന്റെ രൂപത്തിമായിരിക്കും പണിയിക്കുന്നത്.
ട്രൂണ്യൻ ഗ്രാമത്തിൽ ആളുകൾ മരിച്ചാൽ ദഹിപ്പിക്കില്ല. പകരം മുതദേഹം മുളകൊണ്ടുള്ള കൂട്ടിലാക്കി, അവിടെയുള്ള Taru menyan എന്ന ആൽ മരത്തിന്റെ ചുവട്ടിൽ ഉപേക്ഷിക്കും. ഇവിടെയുള്ള ഒരു പ്രത്യേകത ശവത്തിന്റെ ദുർഗന്ധം വരില്ല എന്നുള്ളതാണ്. കാരണം മരത്തിന്റെ ചുവട്ടിലുള്ള സൂക്ഷ്മാണുക്കളാണ് എന്ന് കരുതപ്പെടുന്നു. മൃതദേഹം ദ്രവിച്ചു കഴിയുമ്പോൾ തലയോട്ടി മാത്രമെടുത്ത് അത്
പ്രത്യേകം തയ്യാറാക്കിയ തറയിൽ വെക്കും. ഈ സ്ഥലത്തിന് skull island എന്നും പേരുണ്ട്. ഒരു മടുപ്പില്ലാതെ പറഞ്ഞു തരുന്ന പുഷ്പയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്.
ബാലിനീസ് പുതുവത്സരത്തിനെ Nyapei day എന്നാണ് വിളിക്കുന്നത്. സാക വർഷം ആരംഭിക്കുന്ന ദിവസമാണ് (മാർച്ചു മാസം) ബാലിക്കാർ പുതുവത്സരമായി ആഘോഷിക്കുന്നത്. സാധാരണ എല്ലാ സ്ഥലങ്ങളിലും പുതുവത്സരാരംഭം ആഘോഷപൂർവം ആണെങ്കിൽ ബാലിക്കാർ ഈ ദിവസം തീർത്തും മൗനമായിട്ടാണ് ആചരിക്കുന്നത്. ആളുകൾ അന്ന് ലൈറ്റ് ഇടുകയോ , ശബ്ദം ഉണ്ടാക്കുകയോ, കറണ്ട് ഉപയോഗിക്കുകയോ ഒന്നും ചെയ്യില്ല. അന്ന് നിരത്തുകളും ഒഴിഞ്ഞു കിടക്കും. എയർപോർട്ട് പോലും പ്രവർത്തിക്കില്ല. മൊത്തത്തിൽ ഒരു ലോക് ഡൗൺ അവസ്ഥ!!
ഈ ദിവസം ആളുകൾ മൗനമായിരുന്ന് സ്വയം വിമർശനാത്മകമായി ചിന്തിക്കുന്നു. പോയ വർഷത്തെ തെറ്റുകൾ മനസിലാക്കാനും, വരും വർഷം എങ്ങനെ സ്വയം നന്നാകാം എന്നുള്ളതിനെ പറ്റിയും ഗഹനമായി ചിന്തിക്കാനും ഈ ദിവസം ഉപയോഗിക്കുന്നു. രാവിലെ ആറു മണി മുതൽ പിറ്റേ ദിവസം ആറു മണി വരെയാണ് ഇങ്ങനെ മൗനമായി ഇരിക്കുക.
Nyapei ക്കു മൂന്ന് ദിവസം മുമ്പ് Melasti ആചരിക്കുന്നു. ആ ദിവസം കടൽ തീരത്തു പോയി ദേഹ ശുദ്ധി വരുത്തണം. ശരീരത്തിലെ തിന്മ വെള്ളത്തിൽ ഒഴുകി പോകും എന്നാണു വിശ്വാസം. Nyapei day യുടെ മൂന്നാമത്തെ രാത്രിയാണ് Tawur Kesanga / ഒഗോഹ് ഒഗോഹ് രാത്രി ആചരിക്കുന്നത്.
ഇത് ഭൂതങ്ങളെ പ്രീണിപ്പിക്കാനായിട്ടാണ് നടത്തുന്നത്. ഈ ദിവസം വൈകുന്നേരം ഒഗോഹ് ഒഗോഹ് എന്ന് പേരുള്ള ഭൂതങ്ങളുടെ കോലം ഏന്തി ഇവർ നിരത്തിൽ പന്തം കൊളുത്തി, വലിയ ബഹളം ഒക്കെ വെച്ച് നടക്കുന്നു. രാത്രിയിൽ ഈ കോലം കത്തിച്ച് ആഘോഷിക്കുന്നു. അങ്ങനെ ചെയ്താൽ പിറ്റേ ദിവസം, മൗനമായി ഇരിക്കുമ്പോൾ ഭൂതങ്ങൾ ഇവരെ ശല്യപെടുത്തില്ല എന്നാണ് വിശ്വസിക്കുന്നത്.
അപ്പോഴേക്കും മൂന്നു മണിയായി. പുഷ്പയെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ച് ഞാൻ പുഷ്പയോട് നന്ദി പറഞ്ഞിറങ്ങി. പാചക ക്ലാസ്സിൽ പഠിച്ച കാര്യങ്ങളെക്കാൾ , ബാലിക്കാരുടെ സംസ്കാരത്തെ മനസിലാക്കാൻ പറ്റിയ ഒരു സുവർണ്ണാവസരമായാണ് എനിക്ക് അത് തോന്നിയത്. ബാലിനീസ് വീടുകളെ പറ്റിയും , ബാലിക്കാരുടെ ആചാരങ്ങളെ പറ്റിയും ഏറ്റവും കൂടുതൽ ഞാൻ മനസിലാക്കിയത് ഈ ഒരു അവസരത്തിലായിരുന്നു.
തിരിഞ്ഞു നോക്കുമ്പോൾ ഒരു ടൂറിസ്റ്റിൽ നിന്നും ഒരു യാത്രികയായിട്ടുള്ള പരിണാമം സംഭവിച്ചത് പുഷ്പയുടെ വീട്ടിൽ വെച്ചാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. പുതിയ ഒരു നാട്ടിലെ സംസ്കാരവും, ആഹാരരീതികളുമൊക്കെ ആഴത്തിൽ ഗ്രഹിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക നിർവൃതി ആദ്യമായി അനുഭവിച്ചത് ബാലിയിൽ വെച്ചാണ് .
വർഷങ്ങൾ കഴിഞ്ഞ് യാത്രകൾ അയവിറക്കുമ്പോൾ മനസിൽ ഒരു കുളിർമയുണ്ടാകുന്നതും, വീണ്ടും പോകാൻ തോന്നുന്നതുമൊക്കെ ഇതുപോലെ നാടിനേയും നാട്ടുകാരേയും അടുത്തറിഞ്ഞു സഞ്ചരിക്കുമ്പോഴാണ് …അല്ലേ??