ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ് ഗോ എയർ. 2005 ൽ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ഗോ എയർ പ്രവർത്തനമാരംഭിച്ചത്. എയർബസ് A320 വിമാനമുപയോഗിച്ചായിരുന്നു ഗോ എയറിന്റെ ആദ്യത്തെ പറക്കൽ. മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് ആയിരുന്നു ഈ സർവ്വീസ്.
സിംഗിൾ എയർക്രാഫ്റ്റ് ഉപയോഗിച്ചുകൊണ്ട് മുംബൈ, അഹമ്മദാബാദ്, ഗോവ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളെ കോർത്തിണക്കിയായിരുന്നു ഗോ എയർ തുടക്കത്തിൽ സർവ്വീസ് നടത്തിയിരുന്നത്. 2008 ൽ 11 എയർക്രാഫ്റ്റുകൾ ഉപയോഗിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളിലേക്കും സർവ്വീസുകൾ ആരംഭിച്ചു.
2009 ജനുവരിയിൽ ബ്രിട്ടീഷ് എയർവേയ്സ് ഗോ എയറിന്റെ ഓഹരികൾ വാങ്ങുവാനായി താല്പര്യപ്പെടുകയുണ്ടായി. 2009 അവസാനത്തോടെ മറ്റൊരു ഇന്ത്യൻ ലോകോസ്റ്റ് എയർലൈനായ സ്പൈസ് ജെറ്റുമായി സംയോജിക്കുവാൻ ഗോ എയർ പദ്ധതിയിടുകയും, എന്നാൽ ഇത് നടക്കാതെ പോകുകയുമുണ്ടായി.
2011 ൽ 72 Airbus A320neo എയർക്രാഫ്റ്റുകൾക്ക് ഗോ എയർ ഓർഡർ നൽകുകയുണ്ടായി. 2012 ൽ മാർക്കറ്റ് ഷെയറുകളുടെ അടിസ്ഥാനത്തിൽ ഗോ എയർ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ എയർലൈനായി മാറി. എങ്കിലും മറ്റ് ലോകോസ്റ്റ് എയർലൈനുകളെ അപേക്ഷിച്ച് ഗോ എയറിന്റെ വളർച്ച പതുക്കെയായിരുന്നു.
2016 ൽ 20 ആമത്തെ എയർക്രാഫ്റ്റ് ഗോ എയർ ഫ്ലീറ്റിലേക്ക് എത്തിച്ചേരുകയും ഇന്റർനാഷണൽ റൂട്ടുകളിൽ സർവ്വീസ് നടത്തുവാൻ കമ്പനി യോഗ്യത നേടുകയും ചെയ്തു. അക്കൊല്ലം തന്നെ ഗോ എയറിലേക്ക് A320 Neo എയർക്രാഫ്റ്റുകൾ കൂടി എത്തിച്ചേർന്നു. 2018 ൽ ഗോ എയർ അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ചു. 2018 ഒക്ടോബർ 11 നു ന്യൂഡൽഹിയിൽ നിന്നും തായ്ലൻഡിലെ ഫുക്കറ്റിലേക്ക് ആയിരുന്നു ആദ്യ സർവ്വീസ്. പിന്നീട് മുംബൈ- ഫുക്കറ്റ്, മുംബൈ – മാലി, ഡൽഹി – മാലി തുടങ്ങിയ റൂട്ടുകളിലും സർവ്വീസ് തുടങ്ങി.
ഗോ എയർ ലോകോസ്റ്റ് എയർലൈൻ ആയതിനാൽ വിമാനത്തിലെ യാത്രക്കാർക്ക് ഫ്രീ മീൽസ് ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഗോ ബിസിനസ്സ് എന്നു പേരുള്ള പ്രീമിയം ക്ലാസ്സിലെ യാത്രക്കാർക്ക് ഫ്രീ ഭക്ഷണം ഉൾപ്പെടെയുള്ള എക്സ്ട്രാ സർവ്വീസുകൾ ലഭ്യമാണ്.
2008 ൽ മികച്ച ആഭ്യന്തര എയർലൈനിനുള്ള പസഫിക് ഏരിയാ ട്രാവൽ റൈറ്റേഴ്സ് അസോസിയേഷന്റെ അവാർഡ് ഗോ എയർ കരസ്ഥമാക്കിയിരുന്നു. അതുപോലെതന്നെ 2011 ൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ എയർബസ് A320 ഉപയോഗിക്കുന്ന എയർലൈനുകളിൽ മികച്ച എയർലൈനായി ഗോ എയറിനെയാണ് എയർബസ് കമ്പനി തിരഞ്ഞെടുത്തത്.
മുംബൈ ഛത്രപതി ശിവജി എയർപോർട്ടാണ് ഗോ എയറിന്റെ പ്രധാന ഹബ്ബ്. നിലവിൽ 28 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും ബാങ്കോക്ക്, ഫുക്കറ്റ്, ദുബായ്, മാലി, അബുദാബി തുടങ്ങി 11 ഇന്റർനാഷണൽ ലക്ഷ്യകേന്ദ്രങ്ങളിലേക്കും ഗോ എയറിനു സർവ്വീസുകളുണ്ട്. Airbus A320, Airbus A320neo എന്നീ രണ്ടു മോഡൽ എയർക്രാഫ്റ്റുകളാണ് ഗോ എയർ ഫ്ലീറ്റിലുള്ളത്.
നിലവിൽ യാത്രക്കാരുടെയിടയിൽ മികച്ച പേരുള്ള ഇന്ത്യയിലെ ഉയർന്നു വരുന്ന ഒരു ലോകോസ്റ്റ് എയർലൈനായി ജൈത്രയാത്ര തുടരുകയാണ് ഗോ എയർ.