“കേരളാംകുണ്ട്” ഏതാണീ വെള്ളച്ചാട്ടം?
# ഇതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേയുള്ള വലത് വശത്തേക്കുള്ള റോഡിലൂടെ പോയാല്‍ കേരളാംകുണ്ടിലെത്താം . പിന്നെ, അങ്ങോട്ട് പോകുമ്പോ യാത്രക്കിടെ വെറുതെ മൊബൈല്‍ ഫോണും വാട്സപ്പും നോക്കി സമയം കളയരുത്. പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം.
* വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ വണ്ടി പോകുമോ? ബസ് സര്‍വീസ് ഉണ്ടോ അങ്ങോട്ട്?
# പിന്നേ…വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്‍വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്റരുറോളം നടത്തം തന്നെ ശരണം. നടക്കാന്‍ തല്പര്യമില്ലാത്തവര്ക്ക് ജീപ്പുകള്‍ ലഭ്യമാണ് (അല്ലെങ്കില്‍ നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വണ്ടികള്‍ വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്‍ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില്‍ പോകാം. അതല്ല, കൂടുതല്‍ പേരുണ്ടെങ്കില്‍ പോക്കറ്റില്‍ നിന്നെടുക്കേണ്ട ഷെയര്‍ കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്‍ക്കും ഗ്രൂപ്പായി പോകുന്നവര്‍ക്കും ഒരു രണ്ടു കിലോമീറ്റര്‍ നടക്കുന്നതാണ് നല്ലത്.
* അവിടെ പ്രവേശന ഫീസ് ഉണ്ടോ? 2 കിലോമീറ്റര്‍ ഒക്കെ നടന്ന് തളര്‍ന്നാല്‍ കഴിക്കാനും കുടിക്കാനുമുള്ള സൌകര്യമോക്കെയുണ്ടോ?
# 10 രൂപ. പഴയ പോലല്ല, ഇപ്പൊ ഭക്ഷണം, വെള്ളം ഒക്കെ അതിനടുത്തു തന്നെ കിട്ടും. പേടിക്കാനൊന്നുമില്ല.
* അത് ശരി…എങ്ങനെയുണ്ട് കേരളംകുണ്ട്? നടന്നതിനു മുതലാവുമോ?
# എന്താ സംശയം? നല്ല മനോഹരമായ വെള്ളച്ചാട്ടം തന്നെ. മലമുകളില്‍ നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ 100 അടിതാഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ് മച്ചാനേ.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല്‍ പിന്നെ ഒരു രക്ഷയുമില്ല.
പക്ഷെ മഴക്കാലം ആയത് കൊണ്ടും അപകടസാധ്യതാ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടും ഇപ്പോള്‍ കുറച്ച് നിയന്ത്രണങ്ങളുണ്ട്. മുമ്പ് പോയപ്പോള്‍ താഴേക്ക് പോകാനുള്ള നടപ്പാത ഇല്ലായിരുന്നു. ഇപ്പോള്‍ ഇരുമ്പ് കോണിപ്പടികളൊക്കെ വെച്ച് വെള്ളച്ചാട്ടത്തിന്റെ ഭംഗി കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരുക്കിയിട്ടുണ്ട്….
കടപ്പാട് – Navas Mohamed Kiliyanni