കെഎസ്ആർടിസിയുടെ കോട്ടയം ലിമിറ്റഡ് സ്റ്റോപ് ചെയിൻ സർവീസിനു തടയിട്ട് സ്വകാര്യ ബസുകൾ. ഇന്നലെ സ്വകാര്യ ബസ് കുറുകെയിട്ട് ചെയിൻ ബസിൽ തട്ടി. റാന്നിയിൽ നിന്നു രാവിലെ 11.40ന് റാന്നി–കോട്ടയം റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്. 11.50ന് മണിമല, കറുകച്ചാൽ വഴി ചെയിൻ സർവീസുമുണ്ട്. കഴിഞ്ഞ ദിവസം ചെയിൻ സർവീസ് പുറപ്പെട്ട ശേഷമാണ് സ്വകാര്യ ബസ് ഇട്ടിയപ്പാറ സ്റ്റാൻഡിൽ നിന്നു തിരിച്ചത്. 11.40ന് ശേഷമുള്ള സ്വകാര്യ ബസില്ലാത്തതിനാൽ വൈകിപ്പിക്കുകയായിരുന്നു. കരിക്കാട്ടൂർ എത്തിയപ്പോൾ സ്വകാര്യ ബസ് മുന്നിലിട്ട് ചെയിൻ സർവീസിനെ വിലങ്ങി. ഇതിനിടെ ചെയിൻ ബസിന്റെ മുൻഭാഗത്തിടിക്കുകയും ചെയ്തു.
ക്ഷുഭിതരായ യാത്രക്കാർ സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറെ കൈകാര്യം ചെയ്യാനും മുതിർന്നു. കടയിൽ കയറി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മണിമല പൊലീസ് ഇരുബസുകളും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് കേസെടുത്തു. കറുകച്ചാൽ, കൊടുങ്ങൂർ എന്നിവിടങ്ങളിലൂടെയുള്ള കോട്ടയം–റാന്നി റൂട്ടുകൾ അടുത്തകാലം വരെ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു. ചെയിൻ സർവീസ് ആരംഭിച്ചതോടെ കുത്തക പൊളിഞ്ഞു.
ദിവസമെന്നോണം ചെയിൻ സർവീസിന്റെ വരുമാനം കൂടുകയാണ്. ഇതോടെയാണ് സ്വകാര്യ ബസ് ജിവനക്കാർ ചെയിൻ സർവീസുകൾക്കു മുന്നിലും പിന്നിലുമായി മൽസരിച്ചോടാൻ തുടങ്ങിയത്. ചെയിൻ സർവീസുകളെ നഷ്ടത്തിലാക്കി നിർത്തിക്കുകയാണ് അവരുടെ ലക്ഷ്യം. അതു മുന്നിൽ കണ്ട് കെഎസ്ആർടിസി ജീവനക്കാർ കാര്യക്ഷമമായിട്ടാണ് ഓട്ടം നടത്തുന്നത്.
Source – http://localnews.manoramaonline.com/pathanamthitta/local-news/2017/12/14/pr-tharkkam-har.html