കായംകുളം: കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ പിങ്ക് പട്രോള്‍ പോലീസിനെ അസഭ്യം പറഞ്ഞ പൂവാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
കോളേജ് വിദ്യാര്‍ത്ഥികളായ യുവതിയും യുവാവും മണിക്കൂറുകളായി ബസ്റ്റാന്റ് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി മാറിമാറി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ചോദ്യം ചെയ്തപ്പോള്‍ കൊല്ലത്തേക്ക് പോകാനെത്തിയതാണെന്നാണ് പറഞ്ഞത്.
കുറെ സമയങ്ങള്‍ക്ക് ശേഷം ഇരുവരും നിര്‍ത്തിയിട്ടിരുന്ന ബസിനുളളിലേക്ക് കയറുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ പിങ്ക് പട്രോള്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി യുവതിയേയും യുവാവിനേയും ബസിനുളളില്നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചതോടെ പിങ്ക് പോലീസിന് നേരേ യുവാവ് ആക്രോശിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പിങ്ക് പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സിഐ കെ. സദന് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകാത്തുനില്‍ക്കുന്ന പെണ്‍കുട്ടികളേയും യുവതികളടക്കമുള്ളവരേയും ശല്യം ചെയ്യുന്ന സംഘങ്ങളും സജീവമായിരിക്കയാണ്. ഇവരോടു പ്രതികരിക്കാന്‍ എത്തുന്ന സെക്യൂരിറ്റി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും നിത്യ സംഭവമാണ്. വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വനിതാ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായില്ല.
കടപ്പാട് – ജന്മഭൂമി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog