തിരുവനന്തപുരം∙ പെന്ഷന് വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്. വായ്പയായി ലഭിച്ച 50 കോടി രൂപകൊണ്ട് ഒരു മാസത്തെ പെന്ഷന് വിതരണം ചെയ്തു. ഇനി നാലുമാസത്തെ പെന്ഷന് വിതരണം ചെയ്യാനുണ്ട്.
വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കില്‍നിന്നുള്ള വായ്പ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 12 ശതമാനമാണ് പലിശ. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെന്ഷന് പൂര്‍ണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും ബാങ്കുകളില്‍ പണയം വച്ചാണ് കെഎസ്ആര്‍ടിസി ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയായി എടുത്തിട്ടുള്ളത്. സഞ്ചിത നഷ്ടം 8,031 കോടി. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായി. തിരിച്ചടവ് മുടങ്ങി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. കൂടിയ പലിശനിരക്കിലും കുറഞ്ഞ കാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ ഒരു മാസം 60 കോടിരൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
Source – Manorama Online
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog