ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ മുഖത്ത് തട്ടുന്ന കാറ്റിന്റെ മര്‍മരം ആസ്വദിച്ച് പോകുമ്പോള്‍ ഇരുവശത്തും നീണ്ടുകിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളുടെ പെരുമ. കാന്തല്ലൂരില്‍ എത്തുംമുമ്പ് സാക്ഷാല്‍ കള്ള് ലഭിക്കുന്ന ഒരു ഓലച്ചാര്‍ത്ത് കരിമ്പിന് ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതു കാണാം. അസ്തമയപ്രഭയില്‍ ഇഡ്ലിത്തട്ടുകളെ ഓര്‍മപ്പെടുത്തുന്ന തട്ടുതട്ടായ കൃഷിയിടങ്ങള്‍… കാറ്റിന്റെ സീല്‍ക്കാരം നിലയ്ക്കാത്ത മലയുടെ ഉച്ചിയില്‍ നില്ക്കുമ്പോള് വായുവില്‍ പറന്നുപോകുന്ന പ്രതീതി… താഴെ ഇഡ്ലി നിരത്തിയപോലെ തട്ടുകളായി മലനിരകള്‍… ഇടുക്കി ജില്ലയിലെ ‘ഇഡ്ലിമൊട്ട’ നല്‍കുന്നത് സ്വാദേറിയ കാഴ്ചകള്‍.
സുന്ദരകാഴ്ചകളുമായി ഒരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കുളിരിടങ്ങള്‍… മൂന്നാറിലെ തണുപ്പു മാറുംമുമ്പ് മലനിരകള്‍ കോട്ട തീര്‍ത്ത മഴനിഴല്‍ പ്രദേശമായ മറയൂരിലെത്താം. നാല്‍പ്പതു കിലോമീറ്റര്‍ റോഡിനിരുവശവും മൂന്നാറിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം കാഴ്ചയില്‍ നിറയുന്നു. മറയൂരില്‍ നിന്ന് ‘ഇഡ്ലിമൊട്ട’യുടെ നെറുകയിലെത്താന്‍ പഴത്തോട്ടമായ കാന്തല്ലൂരില്‍ എത്തണം. കോടമഞ്ഞില്‍ മറഞ്ഞിരിക്കുന്ന ‘മന്നവന്‍ ചോല’ യില്‍ നിന്ന് മെത്താപ്പ് ചെക്ക് പോസ്റ്റ് കടന്നാല്‍ പുല്‍മേടുകള്‍ അതിരിടുന്ന ഇഡ്ലിമൊട്ടയായി. മാട്ടുപ്പെട്ടിയില്‍ നിന്നും കുളമെത്താപ്പ് വഴി ഒറ്റക്കൊമ്പുമല താണ്ടിയും ഇവിടെയെത്താം. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ കാന്തല്ലൂര്‍ വഴി തിരഞ്ഞെടുക്കുകയാണ് ഉത്തമം.
കരിമ്പിന്‍പാടത്ത് ചൂളംകുത്തി കടന്നുപോകുന്ന കാറ്റിന് ശര്‍ക്കരയുടെ ഗന്ധം. ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ മുഖത്ത് തട്ടുന്ന കാറ്റിന്റെ മര്‍മരം ആസ്വദിച്ച് പോകുമ്പോള്‍ ഇരുവശത്തും നീണ്ടുകിടക്കുന്ന പച്ചക്കറിത്തോട്ടങ്ങളുടെ പെരുമ. കാന്തല്ലൂരില്‍ എത്തുംമുമ്പ് സാക്ഷാല്‍ കള്ള് ലഭിക്കുന്ന ഒരു ഓലച്ചാര്‍ത്ത് കരിമ്പിന് ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതു കാണാം. കലര്‍പ്പില്ലാത്ത കള്ളിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന് നാം തിരിച്ചറിയുന്നു. ഷാപ്പുകറികള്‍ ഏറെയില്ലാത്ത, കപ്പയും മീന്‍കറിയും മാത്രം കിട്ടുന്ന ഇവിടെ ഒരിക്കല്‍ കയറിയവര്‍ വീണ്ടുമെത്തുമെന്ന്, രണ്ടു സായിപ്പുമാരോടൊപ്പം നാലുകുപ്പി കള്ളുമായി ഇരിക്കുന്ന കാന്തല്ലൂര്ക്കാരന് രാജന് പറയുന്നു. കാന്തല്ലൂര്‍ മലനിരകളിലാണ് വെളുത്തുള്ളിയും സവാളയും ഉരുളക്കിഴങ്ങും ബീന്‍സും ക്യാബേജും അടക്കമുള്ള പച്ചക്കറികള്‍ വിളയുന്നത്. ആപ്പിള്‍ വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ യാത്രയില്‍ ദൃശ്യമാകും. ഒരു ‘പഴത്തോട്ടം’ എന്ന് കാന്തല്ലൂരിനെ വിശേഷിപ്പിക്കാം. മലനിരകള്‍ക്കു താഴെ തട്ടുതട്ടായി കൃഷിചെയ്യുന്ന ബീന്‍സും മുളകും ചീരയും.
കാന്തല്ലൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ‘മന്നവന്‍ചോല’ ആയി. വീണ്ടും ഏഴു കിലോമീറ്റര്‍ താണ്ടിയാല്‍ ‘മെത്താപ്പ്’ ചെക്പോസ്റ്റ്. മലകയറ്റത്തിനൊരുങ്ങുമ്പോള് ഗ്രാന്റീസ് ഇലകളെ തഴുകി കാറ്റ് കുന്നുകടന്നുപോകുന്നത് ദൃശ്യമാകും. മേഘകിരീടമണിഞ്ഞ മൊട്ടക്കുന്നുകളും പുല്‍മേടുകളും… കലിതുള്ളും കാറ്റിന്റെ താണ്ഡവം കൊണ്ട് ഉരുവംകൊണ്ട ചോലവനങ്ങള്‍ യൂക്കാലിക്കാടുകള്ക്ക് വഴിമാറുന്നു… പ്രകൃതിയുടെ ആവാസവ്യവസ്ഥതന്നെ താറുമാറാകുന്ന ഈ വിളകള്‍ക്കു വേണ്ടി ഇടിച്ചുനിരത്തിയ പുല്മേടുകള്ക്കു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. മലയുടെ നെറുകയില്‍ വെട്ടിനിര്‍ത്തിയ മുടിച്ചാര്ത്തുപോലെ കാണപ്പെടുന്ന പുല്‍ത്തകിടിയില്‍ കാറ്റിന്റെ കൈവേല.
നാച്ചിവയലിലും മുനിയറയുടെ താഴ്വരയിലും നിന്നാല്‍ ‘ഇഡ്ലിമൊട്ട’യുടെ വാലറ്റം കാണാമെങ്കിലും ഉയരങ്ങളില്‍ നിന്നുള്ള കാഴ്ചയാണ് മനസ്സില്‍ തങ്ങിനില്ക്കുന്നത്. വടക്കുനിന്നും വീശുന്ന കാറ്റില്‍ പുല്മേടുകളാകാന് വിധിക്കപ്പെട്ട മലനിരകള്‍ക്ക് പുതിയൊരു പേരിട്ടത് ലേശം വികൃതിയോടെയാവണം. പുല്ത്തകിടികളിലൊളിച്ച് ഇഡ്ലിയും മൊട്ടയുമായി രൂപപ്പെടുന്ന കുന്നിന്‍നിരകള്‍. ‘ഇന്ദിരാഗാന്ധിമല’ എന്നുപറഞ്ഞ് ഒരു മുതുവാന്‍ പാറപ്പുറത്തിന്റെ അറ്റത്തെത്തി ഇഡ്ലിമൊട്ടയുടെ ശിരസ്സ് ചൂണ്ടിക്കാണിച്ചു. ‘മുടി ക്രോപ്പ് ചെയ്ത ഇന്ദിരാഗാന്ധിയുടെ മുഖം തന്നെ’ എന്നു സമ്മതിച്ച് ഏവരും ചിത്രങ്ങളും സെല്‍ഫികളും എടുത്തു. പുല്‍മേടുകളുടെയും ചോലകളുടെയും സങ്കലനത്തില്‍ കൈവന്ന ‘പ്രകൃതിയുടെ ഒരു ഇന്സ്റ്റലേഷന്’ എന്ന് ഇന്ദിരാഗാന്ധിയുടെ മുഖം സാക്ഷ്യപ്പെടുത്തുന്നു. ചെക്പോയിന്റില് ബൈക്ക് വച്ച് കുത്തനെയുള്ള കയറ്റം കയറി. ഇഡ്ലിമൊട്ടയുടെ ഉച്ചിയില്‍ നിന്നാല്‍ പക്ഷേ, ഇന്ദിരാഗാന്ധിയുടെ മുഖം ദൃശ്യമാകില്ല. പകരം, കോവില്‍ക്കടവും നാച്ചിവയലും മറയൂരും കാന്തല്ലൂരും അടങ്ങുന്ന താഴ്വര കണ്ടു മടങ്ങാം.
കട്ടിയേറെയില്ലാത്ത വായു ശരീരത്തിനും മനസ്സിനും നല്കുന്ന ഉന്മേഷം കൊണ്ട് വിശപ്പുപോലും തോന്നിയില്ല. ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന പ്രതീതി. തട്ടുതട്ടായ കൃഷിയിടങ്ങള്‍ അസ്തമയപ്രഭയില്‍ ഇഡ്ലിത്തട്ടുകളെ ഓര്‍മപ്പെടുത്തുന്നു. കാറ്റിന്റെ സീല്‍ക്കാരം നിലയ്ക്കാത്ത മലയുടെ ഉച്ചയില്‍ നില്ക്കുമ്പോള് വായുവില്‍ പറന്നുപോകുന്ന പ്രതീതി. താഴെ ഇഡ്ലി നിരത്തിയ പോലെ തട്ടുകളായി മലനിരകള്‍… അവയ്ക്കു മീതെ മേഘകിരീടം ചൂടിയ കൊടുമുടിയുടെ കാഴ്ച… പുല്‍മേടുകളില്‍ കോടമഞ്ഞ് ആടചാര്ത്തുന്ന, ചൂളം കുത്തിയടിക്കുന്ന കാറ്റ്… ഏറെ കാലടികള്‍ പതിയാത്ത പുല്‍മേടുകള്‍ അലങ്കരിച്ച് ഭൂമിയുടെ തളികയില്‍ പ്രതിഷ്ഠിച്ച ഈ മലയ്ക്ക് ‘ഇഡ്ലിമൊട്ട’ എന്നു പേരിട്ട പൂര്‍വികന്റെ ഭാവനയ്ക്ക് നൂറുമാര്‍ക്ക് തന്നെ കൊടുക്കണം. ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ആ പേര് ഇഡ്ലി കാണുമ്പോഴൊക്കെ മനസ്സില്‍ നിറയുകയും ചെയ്യും.
കടപ്പാട് – വര്‍ഗ്ഗീസ് അങ്കമാലി (മാതൃഭൂമി).