നിങ്ങളുടെ ഡ്രൈവിംഗ് രീതികളിലും വാഹനം കൈകാര്യം ചെയ്യുന്ന സ്വഭാവത്തിലും ചെറിയ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചിലവിനത്തില്‍ വലിയ ലാഭമാകും ഉണ്ടാവുക. അത് നിങ്ങളുടെ പോക്കറ്റിനു മാത്രമല്ല രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗുണകരമായിരിക്കും. എഞ്ചിന് ഓയില്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ ക്ലച്ച് ഉപയോഗിക്കുന്ന രീതി വരെ നിസ്സാരമെന്നു തോന്നുന്ന ചില കാര്യങ്ങളാണ് നമ്മുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നത്.
അമിതവേഗമാണ് പലപ്പോഴും ഇന്ധനം ഊറ്റിക്കുടിക്കുക. മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ ഓടുന്ന വാഹനത്തെ അപേക്ഷിച്ച് 40% കുറവ് ഇന്ധനം മതിയാകും 45-55 കി.മീ വേഗത്തില്‍ ഓടുന്ന വാഹനത്തിന്. ഇതേ വസ്തുത ഇരുചക്ര വാഹനങ്ങള്‍ക്ക് 30-40 കി.മീ യാണ്. ഒരേ വേഗത്തില്‍ വാഹനം ഓടിക്കുന്നതാണ് കഴിയുന്നതും നല്ലത്. നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഇന്നു കാണുന്ന വാഹനാപകടങ്ങളില്‍ മിക്കതും അമിത വേഗത കാരണം ആണ്.
ക്ലച്ച് പെഡലിനു മുകളില്‍ കാല് വെറുതെ വെക്കുന്നത് അനാവശ്യ ഇന്ധനച്ചെലവിനു കാരണമാകും. ഹാഫ് ക്ലച്ച് എന്ന സംഗതി കയറ്റത്തില്‍ മാത്രം ഉപയോഗിക്കുക. ഇന്ധനം നഷ്ടമാകുന്നു എന്നതിനു പുറമെ, യന്ത്ര സംവിധാനത്തിന്റെ തകരാറിനും ഹാഫ് ക്ലച്ച് ഉപയോഗം കാരണമാകുന്നു. കൃത്യമായ ഗിയറില്‍ വാഹനം ഓടിക്കുക എന്നത് വളരെ പ്രധാനമുള്ളതാണ്. അനാവശ്യമായി ഗിയര്‍ ഡൗണ്‍ ചെയ്യുന്നതും ആവശ്യമുള്ളപ്പോള്‍ ഗിയര്‍ ഡൗണ്‍ ചെയ്യാത്തതുമൂലം 20% വരെ ഇന്ധനച്ചെലവ് വര്‍ദ്ധിക്കും. ടോപ്പ് ഗിയറില്‍ വാഹനം ഓടിക്കുന്നതാണ് ഉചിതം.
അനാവശ്യമായി എഞ്ചിന് ഉപയോഗിക്കുക, അതായത് 3 മിനിറ്റില്‍ അധികം നിര്‍ത്തിയിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എഞ്ചിന് ഓഫ് ചെയ്യാതിരിക്കുക എന്നത് അനാവശ്യ ഇന്ധനച്ചെവിന് കാരണമാകും. അതുപോലെ ആവശ്യത്തിലധികം ബ്രേക്ക് ഉപയോഗിക്കുന്നതും ഇന്ധനക്ഷമത കുറക്കും.ബ്രേക്ക് ഉപയോഗിക്കണമെന്നുള്ള നിര്‍ബന്ധമില്ലാത്ത അവസരങ്ങളില്‍ ആക്സിലററേറ്ററില് നിന്ന് കാല് എടുത്താല്‍ മതിയാകും.
എഞ്ചിന് ഓയില്‍ തെരെഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്. വാഹന നിര്‍മ്മാതാവ് നിര്‍ദ്ദേശിക്കുന്ന ഗ്രേഡിലുള്ള എഞ്ചിന് ഓയില്‍ ഉപയോഗിക്കുക. അതിനു വിരുദ്ധമായ എഞ്ചിന് ഓയില്‍ ഉപയോഗം 2% ഇന്ധനച്ചെലവാണ് ഉണ്ടാക്കുക. നിലവാരം കുറഞ്ഞ എഞ്ചിന് ഓയിലില്‍ ലാഭിക്കുന്ന പണത്തേക്കാള്‍ കൂടുതല്‍ ഒരുപക്ഷെ നാം അറിയാതെ ഇന്ധനത്തില്‍ കൊടുക്കേണ്ടിവരും. സമയാസമയങ്ങളില്‍ എഞ്ചിനോയിലും ഫില്‍ട്ടറും മാറ്റുക.
ടയറുകളില്‍ ആവശ്യത്തിനു കാറ്റ് നിറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ടയറുകളിലെ കാറ്റ് കൃത്യമല്ലെങ്കില്‍ ടയറുകളുടെ ആയുസ്സ് കുറയും എന്നു മാത്രമല്ല, ഇന്ധനച്ചെലവ് 25% വരെ കൂടും. കൂടാതെ കാറ്റ് കൃത്യമല്ലെങ്കില്‍ അപകട സാധ്യതയും കൂടുതലാണ്.
സ്ലോ സ്പീഡ് കരക്ട് ചെയ്യുക എന്നതും എഞ്ചിനെ കൃത്യമായി ട്യൂണ്‍ ചെയ്യുക എന്നതും പ്രധാനമാണ്. എഞ്ചിനില്‍ നിന്നും പുറന്തള്ളുന്ന പുക ശ്രദ്ധിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ 6% വരെ ഇന്ധനം ലാഭിക്കാം എന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഇന്ന് എല്ലാവര്ക്കും ബൈക്കും, കാറും, ജീപ്പും ഉള്ള ഈ കാലത്ത് ഇന്ധനം ലാഭിക്കുക എന്നത് എല്ലാവരുടെയും പൊതു താല്പര്യമാണെന്നുള്ള കാര്യത്തില്‍ സംശയം ഇല്ല. നമുക്ക് ഇത് ചെയ്യാന്‍ സാധിക്കും. ഇന്ധനം ലാഭിക്കുക മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തുവാനും, വാഹനാപകടങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കുവാനും സാധിക്കും.
Source – http://www.ariyuka.com/news/factors-to-remember-when-driving-and-handling-vehicles/