തിരുവനന്തപുരം- ബെംളുരു ട്രെയിൻ വിവാദം പുതിയ വഴിത്തിരിവിൽ. 2014ൽ പ്രഖ്യാപിച്ച സമയക്രമത്തിൽ ട്രെയിനോടിക്കണമെങ്കിൽ കേരളത്തിനു അടിയന്തരമായി ദക്ഷിണ റെയിൽവേ കോച്ചുകൾ അനുവദിക്കണം. മുൻപ് അനുവദിച്ച കോച്ചുകൾ തിരികെ കൊണ്ടുപോയത് ദക്ഷിണ റെയിൽവെ ആയതിനാൽ ഇനി റെയിൽവേ ബോർഡിന്റെ കനിവിൽ മാത്രമാണ് കേരളത്തിന്റെ പ്രതീക്ഷ.
2014 മുതൽ തുടങ്ങിയതാണ് ബെംഗളുരു ട്രെയിനിന്റെ വാർത്തകൾ. അന്നത്തെ റെയിൽവേ ബജറ്റിൽ തിരുവനന്തപുരം- ബെംഗളുരു കന്റോൺമെന്റ് പ്രീമിയം ട്രെയിൻ പ്രഖ്യാപിച്ചു. 2015 മുതലുള്ള ഒാൾ ഇന്ത്യ ടൈംടേബിളിൽ ട്രെയിൻ ഇടം നേടി. ട്രെയിനിനായുള്ള ആധുനിക എൽഎച്ച്ബി കോച്ചുകൾ കൊല്ലം റെയിൽവെ സ്റ്റേഷനിൽ എത്തി. സർവീസ് ആരംഭിക്കാതെ ആറു മാസം കോച്ചുകൾ കൊല്ലത്തു കിടന്നു കാടുകയറി. ട്രെയിനിലെ ഇലക്ട്രിക് വയറുകൾ എലി കരണ്ടതിനാൽ കൊല്ലത്തുനിന്നു അറ്റകുറ്റപ്പണിക്കായി കോച്ചുകൾ ചെന്നൈയിലേക്ക്.

എന്നാൽ, അറ്റകുറ്റപ്പണി കഴിഞ്ഞ ശേഷം കോച്ചുകൾ തിരികെ നൽകിയില്ല. പകരം ചെന്നൈ-ജയ്പൂർ റൂട്ടിൽ സ്പെഷൽ ട്രെയിനായി ഒാടിച്ചു. പിന്നീട് ഈ കോച്ചുകൾ ചെന്നൈ-വാരണാസി ട്രെയിനിനു നൽകി. തുടർന്നുള്ള വർഷങ്ങളിലും ട്രെയിനോടിച്ചില്ല. യാത്രക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ കൊച്ചുവേളി-മൈസൂരു റൂട്ടിൽ ട്രെയിനോടിക്കാമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. പ്രീമിയം സർവീസുകൾ റെയിൽവെ ഒഴിവാക്കിയതിനാൽ സാധാരണ എക്സ്പ്രസ് ഒാടിക്കാമെന്നായിരുന്നു ധാരണ.
തിരുവനന്തപുരം– ബെംഗളുരു കന്റോൺമെന്റ് ട്രെയിനിന്റെ സമയക്രമം മൈസുരു ട്രെയിനിനായി ദക്ഷിണ റെയിൽവെ കൈമാറി. പഴയ സമയക്രമം അംഗീകരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവെ തയാറായില്ല. പകരം നിർദേശിച്ച സമയങ്ങളൊന്നും സ്വീകാര്യവുമായില്ല. അവരുടെ കയ്യിലുള്ള കോച്ചുകൾ കേരളത്തിനു നൽകിയതുമില്ല. 2014ൽ പ്രഖ്യാപിച്ച ട്രെയിൻ ഒാടിക്കേണ്ടത് ദക്ഷിണ റെയിൽവെയാണെന്നും തങ്ങളല്ലെന്നും ദക്ഷിണ പശ്ചിമ റെയിൽവേ വാദിക്കുന്നു.
തങ്ങൾക്ക് മൈസൂർ-ഹൈദരാബാദ് ട്രെയിനിനുള്ള കോച്ചുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടു ട്രിപ്പ് ഹൈദരാബാദിലേക്കും വേണമെങ്കിൽ ഒരു ട്രിപ്പ് കേരളത്തിലേക്കു വ്യാഴാഴ്ചയും ഒാടിക്കാം. എന്നാൽ, വ്യാഴാഴ്ച അല്ല, ഞായറാഴ്ചയാണ് ട്രെയിൻ വേണ്ടതെന്നു യാത്രക്കാർ പറയുന്നു. വാരാന്ത്യങ്ങളിൽ ബസുകാരെ സഹായിക്കാനായി ട്രെയിൻ ഒാടിക്കാതിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം– ബെംഗളൂരു (22657/58) ട്രെയിൻ കേരളത്തിന് കിട്ടാൻ പോകുന്നില്ലെന്നു ചുരുക്കം.
തിരുവനന്തപുരം റെയിൽവേ ഡിവിഷനു പുതിയ കോച്ചുകൾ റനൽകിയാൽ മാത്രമേ ഈ ട്രെയിൻ ഒാടിക്കാനാകൂ. ചെന്നൈ പല്ലവാരത്തു നാലു മാസമായി പുതിയ എൽഎച്ച്ബി കോച്ചുകൾ വെറുതെ കിടക്കുന്നുണ്ട്. അതിലൊന്നു കേരളത്തിനു നൽകിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അങ്ങനെയെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം ഒരു റേക്ക് കൊണ്ടു സർവീസ് നടത്താം. രണ്ടു റേക്ക് ലഭിച്ചാൽ ബെംഗളുരുവിന് പ്രതിദിന ട്രെയിൻ ഒാടിക്കാനാകും. അതിനു ദക്ഷിണ റെയിൽവെയും ദക്ഷിണ പശ്ചിമ റെയിൽവെയും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.
Source – http://www.manoramaonline.com/news/latest-news/2018/01/05/trivandrum-bangalore-train-service-indian-railway.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog