രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കൊപ്പം കെ.എസ്.ആര്.ടി.സി. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കില്ലെന്ന് കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി. ‘മിന്നല്‍’ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ‘മിന്നലി’ന് നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് നിയമം. ഇതു ജീവനക്കാര്‍ തെറ്റിച്ചില്ലെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ വ്യക്തമാക്കി. ബസിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തതിനെതിരെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെയും നീക്കം. സൂപ്പര്‍ ക്ലാസ് സര്‍വീസായ ‘മിന്നല്‍’ മനുഷ്യത്വം നോക്കിയാല്‍ കൃത്യസമയത്ത് ഓടി എത്തില്ലന്നാണ് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പക്ഷം.
മിന്നലിന് രാത്രി 11-നുശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേക സ്റ്റോപ്പ് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ പറയുന്നു. കെഎസ്ആര്‍ടിസി എംഡി കഴിഞ്ഞ ജൂലൈ ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. അതാതു സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും മിന്നല്‍ ബസുകള്‍ നിര്‍ത്തേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.
യാത്രക്കാരി ആവശ്യപ്പെട്ട പയ്യോളിയില്‍ സ്റ്റോപ്പില്ലെന്നകാര്യം അറിയിച്ചിരുന്നതായി കണ്ടക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ മിന്നല്‍ ബസിന് പുറകെ പയ്യോളിയില്‍ സ്റ്റോപ്പുള്ള സൂപ്പര്‍ഫാസ്റ്റും ഉണ്ടായിരുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് മിന്നല്‍ ബസിന് സ്റ്റോപ്പുള്ളത്. അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് സുരക്ഷാപ്രശ്നം ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
Source – https://southlive.in/newsroom/kerala/ksrtc-minnal-bus-employees-and-polices/