തൃശൂര്‍ ജില്ലയിലെ മുണ്ടത്തിക്കോട് രാജഗിരി എല്‍പി സ്കൂളില്‍ കെഎസ്ആര്‍ടിസി ബസിന്റെ മാതൃകയില്‍ ശുചിമുറി (കക്കൂസ്) നിര്‍മ്മിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. യുവതലമുറക്കുമുന്നില് കെഎസ്ആര്‍ടിസിയെ അപമാനിക്കലാണ് നടപടിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും സോഷ്യല്‍മീഡിയയില്‍ ആവശ്യമുയര്‍ന്നു.
പൊതുഗതാഗത സംവിധാനത്തെ വെറും ശൗചാലയമാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് ഭാവിയില്‍ കുട്ടികളുടെ മനസില്‍ കെഎസ്ആര്സിയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുമെന്നും സോഷ്യല്‍മീഡിയയില്‍ ആരോപണമുയരുന്നുണ്ട്.
ഈ സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതികരണം താഴെ വീഡിയോയില്‍ കാണാം…
ഇതിനിടെ സ്കൂളിലെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്കൂള്‍ അധ്യാപകര്‍ പറയുന്നു.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു ശുചിമുറി നിര്‍മ്മിച്ചുനല്‍കുന്നതിന്റെ ചുമതല. ശുചിമുറിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി ബസിന്റെ മാതൃകയില്‍ പെയിന്റിങ് പൂര്‍ത്തീകരിക്കുകയായിരുന്നു. പി.കെ.ബിജു എംപി ഫണ്ടില്‍നിന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണു ശുചിമുറി തയാറാക്കിയത്.
കൊച്ചുകുട്ടികള്‍ ഇനി നാളെ വഴിയില്‍ കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ “ദേ ഞങ്ങളുടെ കക്കൂസ് പോകുന്നു” എന്നു പറയുവാന്‍ ഇടവരുത്തരുതേ എന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം. കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ആനവണ്ടിപ്രേമികളും എല്ലാം ഫേസ്ബുക്കിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്.
കടപ്പാട് – തേജസ്