രണ്ടു ദിവസത്തെ യാത്രാ വിവരണം ഉണ്ട് അല്പം ദൈർഖ്യവും. സ്വതസിദ്ദയമായ മടി കൊണ്ട് കുറച്ചു ദിവസങ്ങൾ എടുത്താണ് എഴുതിയത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ആണ് ഫേസ്ബുക്കിൽ Red Raw Life ന്റെ ഇങ്ങനെ ഒരു ഇവന്റ് ശ്രദ്ധയിൽ പെടുന്നത്. ആ പേജ് കയറി നോക്കിയപ്പോൾ കൊള്ളാല്ലോ സംഗതി എന്നാപ്പിന്നെ ഒരു കൈ നോക്കാം.
ഇതു വരെ ഉള്ള ട്രിപ്പ് എല്ലാം ബുള്ളെറ്റിലും കാറിലും ആയിരുന്നു. ആദ്യമായിട്ടാണ് ട്രെക്കിങ്ങിനു ഒരു അവസരം വീണു കിട്ടുന്നത്. ഡേറ്റ് സ്ലോട്ട് ഫിക്സ് ചെയ്തു ഓൺലൈനിൽ പണമടച്ചു. 2600Rs ആയിരുന്നു ചാർജ്. ഇതിൽ രണ്ടു ദിവസത്തെ ഭക്ഷണം നൈറ്റ് സ്റ്റേ(tent) എല്ലാം ഉൾപെടും. ഇതിനു മുൻപ് ട്രെക്കിങ് എക്സ്പീരിയൻസ് ഉണ്ടോ എന്ന് ചോദിച്ചാൽ നവംബറിൽ എരുമേലിയിൽ നിന്നും കാനന പാത വഴി ശബരിമല പോയതാണ് അതും ഒറ്റ ദിവസം കൊണ്ട്. അയ്യപ്പാ ഇതും മിന്നിച്ചേക്കണേ എന്നും പറഞ്ഞു പോകേണ്ട ഡേറ്റ് കാത്തിരുന്നു.
ഡിസംബർ 2, 3 ഉം ആയിരുന്നു ഡേറ്റ് പക്ഷെ ഓഖി ചുഴലി കാറ്റ് വില്ലൻ ആയി. മോശം കാലാവസ്ഥ കാരണം ട്രെക്കിങ് മറ്റൊരു ദിവസത്തേക്ക് മാറ്റി(ജനുവരി 13, 14). പോകേണ്ട ദിവസം ആയി. 13ആം തിയതി വെളുപ്പിന് 6.30ക്കു മൂന്നാർ ടൗണിൽ എത്തണം. Red Raw Life ടീം നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ Mail/SMS വഴി അപ്ഡേറ്റ് ചെയ്തിരുന്നു. പാക്കിങ് കഴിഞ്ഞു Alarm set ചെയ്തു എങ്ങിനെയൊക്കെയോ കിടന്നു ഉറങ്ങി.
Day 1. ട്രിപ്പ് പോവുന്ന ദിവസം alarm അടിക്കും മുന്നേ നമ്മൾ റെഡി ആണല്ലോ. വെളുപ്പിന് 3.30ക്കു KSRTC മിന്നൽ ബസ് ഉണ്ട് മൂന്നാർക്ക്. ടിക്കറ്റ് മുൻപേ തെന്നെ ബുക്ക് ചെയ്തിരുന്നു(190Rs). മിന്നൽ ശെരിക്കും മിന്നൽ തന്നെ ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും മൂന്നാർ ടൌൺ എത്തി(6am). ബസ് ഇറങ്ങിയതും നേരെ കണ്ട ചായക്കടയിലോട്ടു ഒറ്റ ഓട്ടം ആയിരുന്നു തണുത്തിട്ട് നിക്കാൻ വയ്യ. ഒരു ചൂട് ചായ കിട്ടിയപ്പോൾ ആശ്വാസം ആയി. ട്രിപ്പിന് മറ്റൊരു യാത്രാ ഭ്രാന്തൻ ആയ ഫ്രണ്ട് Adarsh KS കൂടി ഉണ്ട് കൂട്ടിനു. 7മണി ആയപ്പോ അവനും എത്തി.
Red Raw Life ടീമിലെ Joel ആണ് ഈ ട്രിപ്പിൽ നമ്മുടെ Volunteer. പുള്ളിയെ വിളിച്ചപ്പോൾ നേരെ ടോപ് സ്റ്റേഷൻ വിട്ടോളാൻ പറഞ്ഞു. ബ്രേക്ഫാസ്റ് തട്ടി ടോപ് സ്റ്റേഷനിലോട്ടുള്ള ബസ് പിടിച്ചു. പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ വയ്യ തണുപ്പ് കാരണം ഷട്ടർ ഇട്ടേക്കുവാ. 9.15 ആയപ്പോ ടോപ് സ്റ്റേഷൻ എത്തി. അതേ ബസിൽ തന്നെ ട്രെക്കിങ്ങിനു വന്ന മറ്റുള്ളവരും ഉണ്ടായിരുന്നു. അവിടുത്തെ ഒരു റെസ്റ്റാറ്റാന്റിൽ ചായ കുടിക്കുന്ന നേരം കൊണ്ട് കുറച്ചു പേരെ പരിചയപ്പെട്ടു.
ഇനിയും ഒരു ബാച്ച് കൂടി വരാൻ ഉണ്ട് അവർ വരുമ്പോൾ 10.15 ആകും എന്ന് അറിയാൻ കഴിഞ്ഞു. പല വട്ടം മൂന്നാർ വന്നെങ്കിലും ഞാൻ ആദ്യം ആയിട്ടാണ് ടോപ് സ്റ്റേഷനിൽ കാല് കുത്തുന്നത്. കിട്ടിയ സമയം കൊണ്ട് ഞങ്ങൾ കുറച്ചു പേർ വ്യൂ പോയിന്റ് വരെ പോയി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. മുന്നാറിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആണ് ടോപ് സ്റ്റേഷൻ. പണ്ട് ബ്രിട്ടീഷ് കാരുടെ കാലത്ത് മുന്നാറിൽ നിന്ന് താഴെ ഉള്ള ഗ്രാമങ്ങളിൽ റോപ്പ് മാർഗം തേയില എത്തിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലം ആണ് ടോപ് സ്റ്റേഷൻ. ഇവിടെ നിന്നാൽ ദൂരെ മല മുകളിൽ World’s Higest Organic Tea Factory ഇരിക്കുന്ന കൊളുക്കുമലയും പിന്നെ മ്മടെ ദുൽകർ സൽമാൻ പോപ്പുലർ ആക്കിയ മീശപ്പുലി മലയും കാണാം.
കാഴ്ചകൾ അവിടെ തീരുന്നില്ല പച്ച പുതച്ച മലഞ്ചെരിവുകളും താഴെ ആയി തമിഴ് നാട് അതിർത്തിയിൽ ഉള്ള കൊച്ചു ഗ്രാമങ്ങളും. അതിൽ ഒന്നാണ് കുരങ്ങിണി. അവിടെ ആണ് ആദ്യത്തെ ദിവസത്തെ ക്യാമ്പ്. തിരിച്ചു എത്തിയപ്പോൾ ദാ പോണു നമ്മുടെ കുറച്ചു ടീംസ്. മൊത്തം 51പേർ ഉണ്ടായിരുന്നു. പല ഭാഗത്തു നിന്ന് പല പ്രായത്തിലും ഉള്ളവർ പിന്നെ 3 മഹിളാരത്നങ്ങളും. അവരുടെ ഒപ്പം പിടിക്കാനായി Bag വച്ച സ്ഥലത്തു എത്തിയപ്പോൾ Joel നെ മീറ്റ് ചെയ്തു. അപ്പോൾ ആണ് അറിയുന്നെ ഇനിയും രണ്ടു പേർ എത്താൻ ഉണ്ട്. പോകാൻ ഇനി ബാക്കി ഉള്ളത് ഏകദേശം 17പേർ. ന്നാ പിന്നെ മുന്നേ പോയവർ പൊയ്ക്കോട്ടേ നമുക്ക് 2nd ബാച്ച് ആയി പോകാം എന്ന് Joel പറഞ്ഞു. ശെരി, അങ്ങനെ വരാൻ ഉള്ള ടീംസിനെ വെയിറ്റ് ചെയ്തു ഞങ്ങൾ അവിടെ ഇരുന്നു. ഒന്നും രണ്ടും അല്ല 3മണിക്കൂർ. നല്ല കിടിലൻ പോസ്റ്റ്. പക്ഷെ ബോർ അടിച്ചില്ല ഈ സമയം കൊണ്ട് എല്ലാരും നല്ല കട്ട കമ്പനി ആയി. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ചോദിച്ചറിഞ്ഞും തമാശ പറഞ്ഞും നല്ല ഫ്രണ്ട്സ് ആയി.
ഞങ്ങൾ വെയിറ്റ് ചെയ്തിരിക്കുന്ന രണ്ടു പേർ വരുന്ന വഴിക്ക് മരം വീണു റോഡ് ബ്ലോക്ക് ആയതു കൊണ്ട് ടാക്സി പിടിച്ചാണ് വരുന്നത്. അവിടെ മൊബൈലിനു റേഞ്ച് കുറവായത് കൊണ്ട് കോൺടാക്ട് ചെയ്യാൻ ഒരു മാർഗവും ഇല്ല. ഓരോ ടാക്സി വരുമ്പോഴും പ്രതീക്ഷയോടെ നോക്കും. അവസാനം അവർ എത്തി ട്രെക്കിങ് തുടങ്ങുമ്പോ സമയം 1.30 ആയി. താഴോട്ട് 12km ഉണ്ട് നടക്കാൻ കുരങ്ങിണി വരെ. നടത്തം തുടങ്ങി കുറച്ചു ദൂരം ആയപ്പോ തെന്നെ കാണാം മലഞ്ചെരിവുകളും പുൽമേടുകളും ഇടതൂർന്ന വനങ്ങളും…ഹോ ട്രിപ്പ് മുതലായി. എങ്കിലും ഉൾകാടിന്റെ ഒരു ഫീൽ കിട്ടുന്നില്ല. എതിരെ കുറച്ചു വിദേശ ടൂറിസ്റ്റുകളേം കണ്ടു അവർ കുരങ്ങിണി നിന്ന് ടോപ് സ്റ്റേഷനിലോട്ടു ട്രെക്ക് ചെയ്യുന്നവർ ആണ്. നമ്മുടെ വഴി കാട്ടി(guide) ആയി കൂടെ ഉള്ളത് മനു ആണ്. അവനും കുരങ്ങിണി village ൽ ആണ്, +2 വിദ്യാർത്ഥി ഒഴിവ് ദിവസങ്ങളിൽ ഇതാണ് പുള്ളിടെ പണി. കക്ഷിടെ പുറകെ ഞങ്ങൾ വരി വരിയായി നടന്നു.
കോടമഞ്ഞു ഇല്ലാത്ത സമയം ആയത് കൊണ്ട് കണ്ണിനു പച്ച ബൾബ് കത്തിച്ച പോലെ ആയിരുന്നു കാഴ്ച്ചകൾ. ഈ താഴ്വരയിൽ മനുഷ്യൻ എങ്ങനെ താമസം ആക്കി എന്നത് ശെരിക്കും അത്ഭുതം തോന്നുന്ന ഒന്നാണ്. ഹാ അല്ലേലും ചന്ദ്രനിൽ വരെ ചായക്കട ഇടുന്ന ടീമാ ഹിസ്റ്ററി തപ്പാൻ നേരം ഇല്ല. ലേറ്റ് ആണ് ഇരുട്ടും മുന്നേ ക്യാമ്പ് പിടിക്കണം. പുല്മേടുകളെ വകഞ്ഞു മാറ്റി നടന്നു നടന്നു ഒരു village ൽ എത്തി. നമ്മുടെ നാട്ടിലെ പോലെ ഒരു മാടക്കടയുടെ മുന്നിൽ ഇരുന്നു ലഞ്ച് കഴിച്ചു. അവിടുന്നു വീണ്ടും നടത്തം.
ചില സ്ഥലങ്ങളിൽ നല്ല കുത്തനെ ആണ് ഇറക്കം. നീളം ഉള്ള പുല്ലിൽ പിടിച്ചു ബാലൻസ് തെറ്റാതെ ഇറങ്ങി. ഒറ്റയടിപ്പാതയാണ് മിക്ക സ്ഥലത്തും. നല്ല വ്യൂ കിട്ടുന്ന സ്ഥലത്തു ബ്രേക്ക് എടുക്കും ഇരുന്നു തമാശ പറയും. ഇറക്കം ആയത് കൊണ്ട് വെള്ളം വളരെ കുറച്ചേ വേണ്ടി വരുന്നുള്ളു ക്ഷീണം തോന്നിയില്ല. 4മണി ആയപ്പോ മറ്റൊരു ഗ്രാമത്തിൽ എത്തി. എല്ലാവരും ഒന്ന് നന്നയി വിശ്രമിച്ചു. ഇരുട്ട് വീണാൽ വഴിയിൽ കാട്ടു പോത്ത് ഉണ്ടാവും എന്ന് മനു മുന്നറിയിപ്പ് തന്നു. ശെരിയാണ് കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
ഇനി നടക്കാൻ 4km കൂടി ഉള്ളു എന്നതും വീണ്ടും നടക്കാൻ പ്രേരിപ്പിച്ചു. മുൻപിൽ ഞാനും മനുവും ആണ് നടന്നത്. ചില സ്ഥലങ്ങളിൽ കാട്ടിലേക്കു ചൂണ്ടി കാണിച്ചിട്ട് അവൻ പറഞ്ഞു അത് കാട്ടുപോത്തിന്റ വാസസ്ഥലം ആണെന്ന്. അവ വഴിയിൽ നിന്ന് കാട്ടിലേക്കു മണ്ണ് ഇടിച്ചു നടന്നു കയറിയ കാല്പാടുകളും കാട്ടി തന്നു. കയ്യിൽ ക്യാമറ ഉണ്ട് കാട്ടുപോത്ത് വന്നാൽ ഫോട്ടോ എടുക്കാൻ റെഡി ആണ് പക്ഷെ ഉള്ളിൽ നല്ല ഭയവും ഉണ്ട്. ഭാഗ്യമോ നിർഭാഗ്യമോ ഒന്നിനെ പോലും കണ്ടില്ല.
6 മണി അടുപ്പിച്ചു കുരങ്ങിണി ട്രെക്കിംഗ് ക്യാമ്പ് പിടിച്ചു. ആദ്യം വന്ന ബാച്ച് ഫ്രഷ് അപ്പ് ആയി ടെന്റ് ഒക്കെ സെറ്റ് ആക്കി വട്ടം കൂടി വർത്തമാനം പറയുന്നു. ടെന്റ് കണ്ടപ്പോൾ തന്നെ ഉള്ളിൽ സന്തോഷം കാരണം ആദ്യം ആയിട്ടാണ് ടെന്റിൽ സ്റ്റേ ചെയ്യാൻ പോകുന്നത്. 7പേർക്ക് കിടക്കാൻ പറ്റിയ ടെന്റ് ഞങ്ങൾ സെറ്റ് ആക്കി. കാരണം ഞാനും ആദർശും കൂടാതെ 5 ഫ്രണ്ട്സ് നെ കൂടെ കിട്ടി. അതുപിന്നെ ഒരേ mindset ആണെങ്കിൽ ആളുകൾ പെട്ടന്നു അടുക്കുമെല്ലോ. നാളെ അതിരാവിലെ യാത്ര തുടങ്ങണം അതിനാൽ dinner കഴിച്ചു. ടെന്റിൽ ഇരുന്നു മുൻപ് പോയ യാത്രകളുടെ വിശേഷം പരസ്പരം പങ്കുവച്ചു 10മണിയോടെ ഉറങ്ങാൻ കിടന്നു.
Day 2 : Joel വാക്ക് പാലിച്ചു. 3.30ക്ക് തന്നെ എല്ലാരേം വിളിച്ചു എണീപ്പിച്ചു. മടിയോടെ ആണെങ്കിലും എണീറ്റു പോകാൻ റെഡി ആയി. അവിടുന്ന് 2hrs അവർ arrange ചെയ്ത van ൽ ആണ് യാത്ര. ഇടക്ക് നിർത്തി ആവശ്യത്തിന് വെള്ളവും ചോക്ലേറ്റ്സും കരുതി. കയറ്റം കയറുമ്പോൾ നല്ലൊരു ഊർജസ്രോതസ് ആണ് ചോക്ലേറ്റ്. Van യാത്ര അവസാനിക്കുന്നത് Kumbakarai water falls ന്റെ entry gate ൽ ആണ്. 7.30ആയി, 8 മണിക്കേ Gate തുറക്കൂ ഇനിയും സമയം ഉണ്ട് ബ്രേക്ഫാസ്റ് കഴിച്ചോളാൻ Joel ന്റെ നിർദേശം. എല്ലാരും വട്ടം കൂടി ഇരുന്നു ഫുഡ് കഴിക്കാൻ നല്ല രസമാ.
Gate തുറന്ന് Kumbakarai falls എത്തി. വെള്ളം നന്നേ കുറവാ എങ്കിലും സന്ദർശകർ ഉണ്ട്. ഇവിടെ നിന്നാണ് അടുത്ത നടത്തം തുടങ്ങുന്നത്. ആദ്യത്തെ ഒരു മണിക്കൂർ കാട്ടിൽ കൂടി ആണ് നടത്തം പിന്നെ നല്ല കയറ്റം ഉണ്ട്. Forest Department ന്റെ അനുമതിയോടെ 9.30 ക്ക് trekking തുടങ്ങി. തുടക്കം തന്നെ നല്ല കാട്. ചീവിടിന്റേം പക്ഷികളുടേം BGM. അടിപൊളി തലേ ദിവസം മിസ്സ് ആയ ഫീൽ തിരിച്ചു കിട്ടി. വലിയ ഗ്രൂപ്പ് ആയി പോകുമ്പോൾ മൃഗങ്ങൾക് ശല്യം ഉണ്ടാക്കാതെ പോകാൻ പ്രേത്യേകം ശ്രദ്ധിക്കണം. നമ്മൾ ആണ് അവരുടെ ലോകത്തെ അതിഥികൾ. പറഞ്ഞത് പോലെ 1hr കഴിഞ്ഞപ്പോൾ കയറ്റം ആയി തുടങ്ങി. പലരും വിശ്രമിക്കാൻ ഇരിക്കുന്നു.
ഏറ്റവും പിന്നിൽ നടന്ന ഞങ്ങൾ കുറച്ചു പേർ പതിയെ ഏറ്റവും മുന്നിൽ ആയി. ഒപ്പം guide ആയി വേറെ ഒരാൾ ആണ്. ഈ കാട്ടിൽ ആനയും പുലിയും കാട്ടുപോത്തും എല്ലാം ഉണ്ട് പക്ഷെ ഈ സമയത്തു പുറത്തു വരില്ല എന്ന് പുള്ളി പറഞ്ഞു. കയറ്റം പലതും കഴിഞ്ഞപ്പോൾ ഞാനും ഗൈഡും മാത്രം ഉള്ളു ബാക്കി ഉള്ളവർ നന്നേ പുറകിൽ ആണ്. അവർ വരാൻ വേണ്ടി കുറച്ചു നേരം ഇരുന്നു. ഈ വഴി പണ്ട് ബ്രിട്ടീഷ്കാരുടെ സമയത്തു മുതൽ ഉള്ളതാണെന്നും ഇപ്പോൾ മുകളിൽ ഉള്ള Vellagavi village ൽ നിന്ന് ആളുകൾ വിളകളും മറ്റും താഴെ പെരിയകുളം മാർക്കറ്റിൽ എത്തിക്കാൻ ഉപയോഗിക്കുന്ന വഴി ആണെന്നും പിന്നീട് ഗൂഗിൾ ൽ നിന്ന് മനസിലാക്കി. കാൽനടയായി മാത്രമേ ഈ വഴി യാത്ര സാധ്യമാകു.
പതിയെ കുറച്ചു ആളുകൾ എത്തി തുടങ്ങി. ഞാൻ നടന്നു തുടങ്ങി കയറ്റം എന്നു പറഞ്ഞാ നല്ല ഉഗ്രൻ കയറ്റം. 14km ഉണ്ട് നടന്നു കയറാൻ. മുകളിലോട്ടു നോക്കാതെ ചെറിയ ചുവടുകൾ വച്ചു മുന്നോട്ടു പോയി. ചുറ്റും കാടും വന്മരങ്ങളും. പാറകൾ അടുക്കി വച്ച ഹെയർപിൻ കയറ്റങ്ങൾ. ചില സ്ഥലങ്ങളിൽ നല്ല വ്യൂ ആണ് താഴോട്ട്. ദൂരെ കാട്ടു കോഴിയുടെ കൂവൽ കേൾക്കാം. വന്യ മൃഗങ്ങളുടെ ദർശനം മാത്രം കിട്ടിയില്ല. കാടിന്റെ സംഗീതവും വശ്യതയും ആസ്വദിച്ചു നടന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി ഏറെ ദൂരം ഒറ്റയ്ക്ക് ആണ് നടന്നതെന്ന്. ആസ്വാദനം കൂടി പോയോ.
യോദ്ധ സിനിമയിൽ ജഗതി ചേട്ടൻ കെണിയിൽ പെട്ട് തലകീഴായി തൂങ്ങി കിടക്കുന്ന scene ഒന്ന് മിന്നി. വിശ്രമിക്കുമ്പോൾ മറ്റുള്ളവർ വരാൻ കാക്കണോ എന്നു ആലോചിച്ചു. നോക്കിയപ്പോ വേറെ diversion ഒന്നും ഇല്ല മുന്നോട്ടു പോവാൻ തന്നെ ഉറപ്പിച്ചു. പോകുന്തോറും ഏകാന്തതയും കാടിന്റെ വന്യതയും ഉള്ളിലെ ഭയം ഇരട്ടിപ്പിച്ചു. ഇനീം മുന്നോട്ടു പോണോ എന്നു ആലോചിച്ചു നിന്ന ഞാൻ പിന്നിൽ ഒരു അനക്കം കേട്ടു. തിരിഞ്ഞു നോക്കിയപ്പോ ആശ്വാസമായി അത് Manu(guide) ആയിരുന്നു. പിന്നെ ഉള്ള ദൂരം ഞങ്ങൾ ഒന്നിച്ചു നടന്നു. 3മണിക്കൂർ ആയി നടക്കാൻ തുടങ്ങിയിട്ട് മുകളിൽ ആകാശം അല്ലാണ്ട് വേറെ ഒന്നും കാണുന്നില്ല. എത്താറായോ എന്ന ചോദ്യത്തിന് മലമുകളിൽ വലതു വശത്തു കോണിൽ ഉള്ള ഒരു വീട് കാണിച്ചു തന്നിട്ട് അവിടെ ആണ് നമുക്ക് എത്തേണ്ടത് എന്നു മനു വളരെ നിസ്സാരമായി പറഞ്ഞു.
ധൈര്യം ചോർന്നു പോയോ. എയ്. നടക്കാം വേറെ വഴി ഇല്ല. ഒരു side ൽ തോട്ടം ആണ്. കാപ്പി, ചക്ക, കൊക്കോ അങ്ങനെ പലതും. മനു തോട്ടത്തിൽ ചാടിക്കടന്നു കൊക്കോ പറിച്ചു തന്നു. അതും നുണഞ്ഞു 1മണി അടുപ്പിച്ചു Vellagavi എത്തി. സമുദ്ര നിരപ്പിൽ നിന്നും 4200അടി ഉയരത്തിൽ ഒരു മലമുകളിൽ സ്ഥിതി ചെയുന്ന ഈ ഗ്രാമം ഇപ്പോഴും അത്ഭുതം ആയി മനസ്സിൽ അവശേഷിക്കുന്നു.14 കിലോമീറ്ററോളം പിന്നിട്ടു ഇവിടെ എത്താൻ. വെള്ളഗവി എത്തുമ്പോൾ തന്നെ തമിഴ്നാട് ഫോറെസ്റ്റിന്റെ ക്യാമ്പ് കാണാം. ഇത് വഴി ട്രെക്കിങ്ങ് നടത്തുന്നവർക്ക് ഒരു വിശ്രമസ്ഥലം. വളരെ സ്നേഹം ഉള്ള നാട്ടുകാർ. ആകെ 100 കുടുംബങ്ങളിൽ ആയി 300 ആളുകൾ ഉണ്ടാവും വെള്ളഗവിയിൽ. ഏതു വീട്ടിലും നമുക്ക് കയറിച്ചെല്ലാം അവർ എന്തു സഹായവും ചെയ്തു തരും.
ക്യാമ്പിൽ ചെന്നപാടെ കഴിക്കാനും കുടിക്കാനും എന്താ വേണ്ടേ എന്ന സ്നേഹത്തോടെ ഉള്ള ചോദ്യം. കയ്യിൽ ലഞ്ച് ഉണ്ട് അപ്പോഴാണ് അറിയുന്നത് മനുവിന് ലഞ്ച് ഇല്ല. എന്റെ ലഞ്ച് ഞങ്ങൾ രണ്ടും കൂടി ഷെയർ ചെയ്തു കഴിച്ചു എന്നിട്ടും വിശപ്പു മാറാത്ത കൊണ്ട് ഒരു നൂഡിൽസ് ഓർഡർ ചെയ്തു. അതും ഞങ്ങൾ ഷെയർ ചെയ്തു. കഴിച്ചു തീർന്നപ്പോൾ മറ്റുള്ളവർ എത്തിത്തുടങ്ങി. അടങ്ങി ഇരിക്കുന്ന ശീലം പണ്ടേ ഇല്ല. അത്യാവശ്യം തമിഴ് അറിയുന്നത്കൊണ്ട് പുറത്ത് ഇറങ്ങി നാട്ടുകാരോട് സംസാരിച്ചു. തമിഴ്നാട്ടിൽ പൊങ്കൽ ദിവസം ആണ് പുറത്ത് അതിന്റെ ആഘോഷങ്ങൾ നടക്കുന്നു. അതെല്ലാം കണ്ടു അവരുടെ കൂടെ കൂടി.
നാട്ടുകാരിൽ നിന്ന് ഇനി 7km ബാക്കിയുള്ളു എന്നും 2 മണിക്കൂർ കൊണ്ട് Dolphin Nose എത്താം എന്നും മനസിലാക്കി. വഴിയും എളുപ്പം ആണെന്ന് അവർ പറഞ്ഞു. കേട്ടതും ഞാനും മനുവും ബാഗും തൂക്കി പോകാൻ റെഡി ആയി. ഇത് കണ്ടു ഒപ്പം പോരാൻ മറ്റു 3 പേർ കൂടെ റെഡി ആയി. 2 മണിയോടെ ഞങ്ങൾ 5പേർ ഡോൾഫിൻ നോസ് ലക്ഷ്യമാക്കി നടന്നു. വഴി വല്യ മാറ്റം ഒന്നും ഇല്ല നല്ല കയറ്റം തന്നെ. തേനി മൊത്തം അവിടെ നിന്നാൽ കാണാം.
അതാ മുന്നിൽ നല്ല ഒരു ഇറക്കം. ഹോ ആശ്വാസം. പക്ഷെ മനു മുന്നിൽ കണ്ട മലമുകളിൽ എന്തോ തിരയുന്നു. നാട്ടുകാർ പറഞ്ഞ പോലെ ഇനി വഴി എളുപ്പം ആണെന്ന് കരുതി സന്തോഷിച്ചു നിന്ന എനിക്ക് അവൻ പറഞ്ഞത് കേട്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി. മലമുകളിൽ ഒരു ടവർ കാണിച്ചു തന്നിട്ട് പറഞ്ഞു അവിടെ ആണ് എത്തേണ്ടത് എന്നു. ജാങ്കോ ഞാൻ പെട്ടു. ഓടി രെക്ഷപെടാനും പറ്റുല്ല. ഇതാണോ എളുപ്പവഴി. ആ പറഞ്ഞവനെ കയ്യിൽ കിട്ടിയാൽ. പടിക്കൽ കൊണ്ട് കലം ഉടക്കാൻ വയ്യ രണ്ടും കല്പിച്ചു നടന്നു. അപ്പോ അടുത്ത പരീക്ഷണം.
മലയുടെ അറ്റത്തു കൂടെ ആണ് നടപ്പ് അതുകൊണ്ട് നല്ല വെയിലും കൊള്ളേണ്ടി വന്നു. പെട്ടന്ന് തളർന്നു തൊണ്ടയും ചുണ്ടും വരണ്ടു. Edge ആയത്കൊണ്ട് നല്ല കാഴ്ചകൾ ആണ് പക്ഷെ നിന്ന് ആസ്വദിക്കാൻ പറ്റാത്ത അവസ്ഥ. കയ്യിലെ വെള്ളവും ചോക്ലേറ്സും നല്ലോണം അകത്താക്കി. 5min rest 15min നടപ്പ് അങ്ങനെ ആണ് അടുത്ത ഒരു മണിക്കൂർ പിന്നിട്ടത്. 5പേർ ഒന്നിച്ചു ആണ് start ചെയ്തത് ഇപ്പോ 3പേർ ഉള്ളു. ഞനും മനുവും മറ്റൊരു friend Adarsh. 3മണി കഴിഞ്ഞപ്പോൾ അല്പം ആശ്വാസം തണൽ കിട്ടി തുടങ്ങി നേരിയ തണുപ്പും. കൊടൈക്കനാൽ എത്താറായി എന്നതിന്റെ സൂചന മനസ്സും ഒന്ന് തണുത്തു.
പിന്നെ ഉള്ള ദൂരം മാമരങ്ങളുടെ തണലിൽ വല്യ കുഴപ്പം ഇല്ലാതെ നടന്നു. പെട്ടന്ന് മുന്നിൽ നടന്ന മനു മെപ്പോട്ട് നോക്കി നിക്കുന്നു. ദേവ്യേ ഇനിയും മല കയറണം എന്നു പറഞ്ഞാ അവനേം കൊണ്ട് ഞാൻ താഴേക്കു ചാടും ഉറപ്പിച്ചു. നമ്മൾ എത്തി ചേട്ടാ എന്നാണ് അവൻ പറഞ്ഞത്. ആഹാ പൊളിച്..അവൻ പറഞ്ഞത് ശെരിയാ മുകളിൽ നിന്ന് ആളുകളുടെ ശബ്ദം കേൾക്കാം. മുന്നോട്ടു പോയപ്പോൾ Dolphin Nose കയറാൻ ഉള്ള പാറകൾ കാണാം മുകളിലായി അവിടെ വന്ന കുറച്ചു സഞ്ചാരികളും ഉണ്ട്. സമയം 4 ആകുന്നതേ ഉള്ളു. കയറി തുടങ്ങിയപ്പോ കാലിലെ muscle പിടിച്ചു കയറാൻ വയ്യ, ദൈവമേ വീണ്ടും പരീക്ഷണം. ജാങ്കോ ഞാൻ പിന്നേം പെട്ടു. 5min rest എടുത്തപ്പോൾ എല്ലാം ശെരി ആയി. താഴെ നിന്ന് കയറി വന്ന ഞങ്ങളെ അത്ഭുതത്തോടെ ആണ് അവിടെ നിന്നവർ നോക്കിയത്. താഴെ നിന്നു നടന്നാ വരുന്നേ എന്നു അവരോടു പറഞ്ഞു. ഇതു sample വെടികെട്ടു ആണ് 48പേർ പുറകെ വരുന്നുണ്ട് എന്നു ഞാൻ മനസ്സിൽ പറഞ്ഞു. Dolphin Nose കയറി വാച്ച് നോക്കി 4.05pm…യാഹൂ…..
പറഞ്ഞത് പോലെ 2 മണിക്കൂർ എടുത്തുള്ളൂ….15second കണ്ണടച്ച് നിന്നു. എവറസ്റ്റ് കയറിയവരെ സമ്മതിക്കണം. എന്തെന്നില്ലാത്ത സന്തോഷം. പക്ഷെ കൂടുതൽ സന്തോഷിക്കണ്ട കാരണം വഴിയേ മനസിലാവും. ഇവിടെ നിന്നാൽ അങ്ങ് ദൂരെ പശ്ചിമഘട്ട മലനിരകൾ തല ഉയർത്തി നിൽക്കുന്നു മൂന്നാർ മലനിരകളും കാണാം ഇപ്പുറത്തായി കൊടൈക്കനാൽ വ്യൂ. അധികനേരം നിന്നില്ല നടന്നു ആദ്യം കണ്ട കടയിൽ കയറി നൂഡിൽസ് കഴിച്ചു ഷീണം മാറ്റി. നമ്മൾ എത്തി അല്ലെ ചേട്ടാ എന്നു Adarsh പറഞ്ഞു. ഇല്ല ഇനി 1km കൂടി കയറണം എന്നു ഞാൻ. അവൻ വീണ്ടും ഞെട്ടി. You too brutus എന്ന ഭാവം. അതെ ഇവിടെ ഞാൻ മുൻപ് വന്നിട്ടുണ്ട് മേലെ ഉള്ള റോഡിൽ നിന്നു 1km താഴോട്ട് ഇറങ്ങണം വ്യൂ പോയിന്റ് എത്താൻ അതേ പോലെ തിരിച്ചും കുത്തനെ കയറണം.
നടന്നപ്പോൾ വീണ്ടും കിതപ്പ് തുടങ്ങി. നല്ല കയറ്റം ആണ് പക്ഷെ കാര്യമാക്കിയില്ല ഇനി കുറച്ചൂടെ ഉള്ളു. വഴിയിൽ ക്ഷീണിച്ചു നിൽക്കുന്നു സഞ്ചാരികൾ പലരും. അതാ റോഡ് കാണാം സാവധാനം നടന്നു റോഡിൽ എത്തി. എന്തോ വല്യകാര്യം ചെയ്ത പോലെ ഒരു ഫീൽ. രണ്ടു ദിവസത്തെ നടപ്പിന് കർട്ടൻ വീണു.
അവിടുന്നു 6km ഉണ്ട് കൊടൈക്കനാൽ ടൌൺ എത്താൻ. 1hr കഴിഞ്ഞപ്പോൾ മുക്കാൽ ഭാഗത്തോളം ആൾക്കാർ എത്തിക്കഴിഞ്ഞു. എത്തിയവർ പലരും ബൈ പറഞ്ഞു പോയി. എന്റെ കൂടെ ഉള്ളവർ എത്തിയപ്പോൾ ഒരു van പിടിച്ചു കൊടൈക്കനാൽ ബസ് stand എത്തി. ഇവിടുന്നു നേരിട്ട് Ernakulam ബസ് ഇല്ല എന്നാണ് അറിഞ്ഞത് അത് കൊണ്ട് റിട്ടേൺ ബസ് പഴനി നിന്നാണ് ബുക്ക് ചെയ്തത്. രാത്രി 7.30ക്ക് ആണ് പഴനിക്കുള്ള last bus. പത്തരയോടെ പഴനി എത്തി ഭക്ഷണം കഴിച്ചു. 11.10ന് ഞങ്ങൾക്ക് പോകാൻ ഉള്ള bus എത്തി. Sleeper bus ആയിരുന്നു കയറിയപാടെ ഉറങ്ങിപ്പോയി. വെളുപിനെ 5.30ക്ക് Ernakulam ഇറങ്ങി.
വിനോദം മാത്രമല്ല സ്വന്തം ശാരീരിക ക്ഷമത കൂടി തെളിയിക്കുന്ന ഒന്നാണ് ട്രെക്കിങ്. നല്ല കായികാധ്വാനം വേണം. പോകാൻ ഉദ്ദേശിക്കുന്നവർ അതിനു തയ്യാറല്ലെങ്കിൽ പോവരുത്. പക്ഷേ എല്ലാത്തിലും വലുത് മനസ്സ് ആണല്ലോ. മനസ്സ് വെച്ചാൽ കീഴടക്കാൻ പറ്റാത്ത ഉയരങ്ങളില്ല.
വിവരണം – Shyam Raj.