ഒടുവിൽ നെടുമങ്ങാട് നഗരമദ്ധ്യത്തിൽ വാഹന പാർക്കിംഗിനൊരിടമായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ കടമുറികൾക്ക് മുന്നിൽ ഒഴിച്ചിട്ടിരിക്കുന്ന ഭാഗത്താണ് പേ ആന്റ് പാർക്ക് സംവിധാനം ആരംഭിച്ചത്.
നെടുമങ്ങാട് സൂര്യാറോഡിലെ നോ പാർക്കിംഗ് മേഖലയിൽ അനധികൃത വാഹന പാർക്കിംഗ് സംബന്ധിച്ച് ജൂലൈ 5ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. നോ പാർക്കിംഗ് മേഖലയിൽ പാർക്കിംഗ് ഒഴിവാക്കി പകരം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലെ സ്ഥലത്ത് പേ ആന്റ് പാർക്ക് സംവിധാനം ആരംഭിക്കാനായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം.
വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഡി.വൈ.എസ്.പി ഇടപെട്ട് സൂര്യറോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിയിരുന്നു. ഈ മേഖലയിൽ പുതുതായി ഒരു ഹോംഗാർഡിനെ ഡ്യൂട്ടിക്കിട്ടാണ് പാർക്കിംഗിന് തടയിട്ടത്.
തുടർന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ തീരുമാന പ്രകാരം കഴിഞ്ഞ ദിവസം മുതൽ പാർക്കിംഗിനായി ഡിപ്പോയുടെ മുന്നിൽ പേ പാർക്കിംഗിനായി തുറന്ന് കൊടുത്തത്. ഇതോടെ ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹന പാർക്കിംഗിന് ഒരിടമായി.
നോ പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ പെറ്റി ചുമത്താനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതോടെ ഏറെ തിരക്കുള്ള ടൗണിലെ റോഡുകളിൽ ഗതാഗതം സുഗമമായിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുന്ന ബോയ്സ് യു.പി സ്കൂളിന് സമീപമുള്ള പാർക്കിംഗ് യാർഡ് കൂടി തുറക്കുന്നതോടെ നെടുമങ്ങാട്ടെ ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
News : Kerala Kaumudi