ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടി ഇടക്കിടെ വാർത്തകളിൽ നിറഞ്ഞപ്പോളൊക്കെ ഒരിക്കൽ അവിടെക്കൊന്നു പോകണം എന്നുള്ള ആഗ്രഹം കൂടി കൊണ്ടിരുന്നു , പക്ഷെ സംരക്ഷിത ഗ്രാമമായ ഇടമലക്കുടിയിലേക്കു എത്തി പെടണമെങ്കിൽ കടമ്പകൾ ഏറെയുണ്ടായിരുന്നു അവിടേക്കുള്ള വാഹനത്തിൽ പോകാവുന്ന ഒരേ ഒരു വഴി ഇരവികുളം നാഷണൽ പാർക്കിൽ കൂടിയുള്ളതാണ് എന്നാൽ നാഷണൽ പാർക്കിൽകൂടി ഒരിക്കലും പുറമെനിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല കുടിയിലിലേക്കുള്ള വാഹനങ്ങളും , ഡിപ്പാർട്ടുമെന്റ് വാഹനങ്ങളും മാത്രമാണ് നാഷണൽ പാർക്കിനുള്ളിലൂടെ കടത്തി വിടുന്നത് , പിന്നീട് പോകാവുന്ന വഴി മാങ്കുളം വഴി ആനക്കുളത്തുനിന്നും ട്രെക്കിങ്ങ് റൂട്ടാണ് ,വാൽപ്പാറയിൽ നിന്നും ട്രെക്കിങ്ങ് റൂട്ട് ഉണ്ട് , വേണമെങ്കിൽ അത് വഴി ബൈക്ക് കടത്തിക്കൊണ്ടു പോകാൻ ആകുമെങ്കിലും , ഒരിക്കലും 4 വീൽ സാധ്യമല്ല, ഏതെല്ലാം കൊണ്ടുതന്നെ ഇടമലക്കുടി എന്ന കാടിനുള്ളിലെ ഗ്രാമം ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു.
മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതക വിഷയം കത്തി നിൽക്കുന്ന ദിവസങ്ങളിലാണ് എന്റെ ആത്മ സുഹൃത്തായ ബിജോയ് ജോണിന്റെ വിളിയെത്തിയത് , ഇടമലകുടിയിലേക്കു ഒന്ന് പോകാം , അവിടെ 37 ഓളം ആദിവാസി കുട്ടികൾ ഉണ്ട് , അവർക്കു കുറച്ചു പഠന ഉപകരണങ്ങൾ കൊടുക്കണം , വിദ്യാഭാസ ഉദ്യോഗസ്ഥർക്ക് ഒപ്പം പോകുവാൻ ചാൻസ് ഉണ്ട് , അതാകുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം വാഹനത്തിൽ പോകാനാകും , കാട്ടിൽ കൂടിയുള്ള ഓഫ് റോഡിങ് ഒരു പ്രതേക അനുഭവം തന്നെയാണ് , അതും ഇരവികുളം നാഷണൽ പാർക്കിലൂടെ സ്വന്തം വാഹനം ഓടിക്കാൻ കഴിയുക , അത് കൊണ്ട് തന്നെ പോകുവാൻ തീരുമാനിച്ചു , പോകുന്നുവെങ്കിൽ ഈ മാർച്ചു മാസം തന്നെ പോകണം , മഴ തുടങ്ങി കഴിഞ്ഞാൽ ഒരുക്കലും ജീപ്പ് യാത്ര നടക്കില്ല , അത് കൊണ്ട് തന്നെ വർഷത്തിൽ 6 , 7 മാസം മാത്രമാണ് ജീപ്പ് യാത്ര സാധ്യമാകുക. കഴിഞ്ഞ വർഷം മഴക്കാലത്ത് മന്ത്രി MM മണിയുമായി വന്ന ജീപ്പുകൾ അവിടെ വഴിയിൽ പെട്ട് പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് കാടിന് പുറത്തു കടന്നത് എന്ന വിവരം ബിജോയ് പറഞ്ഞപ്പോൾ യാത്ര ഈ മാസം തന്നെ ആക്കാം എന്ന് തീരുമാനമായി .
ദിവസങ്ങൾക്കു ശേഷം വീണ്ടും ബിജോയുടെ വിളിയെത്തി ഈ മാസം 28 നു പോകാം , അതിനായി ജിപ്സിയുടെ RC ബുക്ക് കോപ്പിയും , ID പ്രൂഫും അയച്ചു തരിക , നമ്മുടെ പേരിൽ പ്രതേകം പാസ് റെഡിയാകണം അത് റെഡിയായാലേ പോകുവാനാകു , ഒപ്പം കുട്ടികൾക്കായി സ്കൂൾ ബാഗും വാട്ടർ ബോട്ടിലും നല്കുവാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു , തൊടുപുഴ മുട്ടം പഞ്ചായത്തു ജനപത്നിധിയായ ബിജോയ് ജോൺ രാഷ്ടീയത്തിനു അതീതമായി ജനസേവനം ചെയ്യുന്ന ആളായതിനാൽ അർഹിക്കുന്ന ആളുകൾക്കായെ അദ്ദേഹം സഹായം ആവശ്യപ്പെടുകയുള്ളു എന്നറിയാവുന്നതുകൊണ്ടു അദ്ദേഹത്തിന്റെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ചു .
വണ്ടി പ്രതേകം ചെക്ക് ചെയ്യിക്കുക , 20 കിലോമീറ്ററോളം കാട്ടിൽ കൂടി അതി കഠിനമായ ഓഫ് റോഡ് ആണ് , എന്തെങ്കിലും സംഭവിച്ചാൽ വണ്ടി പുറത്തെത്തിക്കുക ബുദ്ധിമുട്ടായിരിക്കും , ജിപ്സിയിൽ വിഞ്ച് ഘടിപ്പിക്കണം , ആദ്യമായിട്ടായിരിക്കും ഒരു മാരുതി ജിപ്സി ഇടമലകുടിയിൽ എത്തുക , സാധാരണ 2000 ക്ക് ക്കു മുകളിൽ ഉള്ള ജീപ്പുകൾ ആണ് അവിടേക്കു പോകാറ് , അവിടേക്കാണ് 1300CC യുടെ മാരുതി ജിപ്സി കയറി ചെല്ലേണ്ടത് , എന്നാൽ എന്റെ വണ്ടി മാരുതി ബലേനോയുടെ 1600CC എൻജിനിൻ കയറ്റിയതിനാൽ ഞാൻ തികഞ്ഞ ആത്മ വിശ്വാസത്തിൽ ആയിരുന്നു . പിന്നെ ഞങ്ങൾക്കൊപ്പം ബിജോയിയുടെ വേറെ കുറച്ചു ഫ്രണ്ട്സും വരുന്നുണ്ടായിരുന്നു , അവരുടെ 2 ജീപ്പുകളും
മാർച്ചു മാസം ആയതിനാലും ജോലിയുടെ തിരക്കും കാരണം എന്റെ യാത്ര അവസാന ദിവസം വരെ യാത്ര അനിശ്ചിതത്തിൽ ആയിരുന്നു , അങ്ങിനെ പോകേണ്ട ദിവസം അടുത്തു , വാട്ടർ ബോട്ടിലും , സ്കൂൾ ബാഗും വാങ്ങണം , അതിനായി ഞാൻ ഇതു പോലുള്ള ചാരിറ്റി വർക്കുകളിൽ എന്നെ സഹായിക്കാറുള്ള എന്റെ നല്ല സുഹൃത്തു പ്രീതയോടു ഒരു 37 വാട്ടർ ബോട്ടിൽ വാങ്ങി തരാമോ എന്ന് ചോദിച്ചു , വേറെ എന്താ വേണ്ടത് എന്നായി പ്രീത , 37 ബാഗുകളും വേണം , അങ്ങിനെ വാട്ടർ ബോട്ടിലുകൾ മാത്രം ആവശ്യപെട്ടിടത്തു വാട്ടർ ബോട്ടിലുകൾക്കൊപ്പം ബാഗുകളും വാങ്ങിത്തന്നു പ്രീത ഒരിക്കൽക്കൂടി എന്നെ ഞെട്ടിച്ചു.
അങ്ങിനെ 27 നു രാത്രി 8 -30 നു ഞാൻ കൊച്ചിയിൽ നിന്നും യാത്രതിരിച്ചു , ഒറ്റക്കായിരുന്നു യാത്ര , ബിജോയിയും സംഘവും മൂന്നാർ ഗോവെര്മെന്റ് റസ്റ്റ് ഹൗസിൽ റൂം എടുത്തിട്ടുണ്ട് , എനിക്കവിടെയാണ് എത്തേണ്ടത് , 11 -30 നു ഞാൻ മൂന്നാർ എത്തി , റസ്റ്റ് ഹൗസിൽ ബിജോയിയും കൂട്ടുകാരും പാട്ടും ആഘോഷവുമായി അരങ്ങു തകർക്കുന്നു , കൂട്ടത്തിൽ ബിജോയുടെ സുഹൃത്തു ബിജുവിനെ മാത്രമാണ് നേരത്തെ പരിചയം ഉള്ളത് , ബാക്കിയെല്ലാം പുതു മുഖങ്ങൾ , ട്രിപ്പിനായി മുണ്ടക്കയത്തു നിന്നും , തൃശൂർ നിന്നും , ഗുരുവായൂർനിന്നും എത്തിയവർ , എല്ലാവരെയും പരിചയപെട്ടു ആഘോഷങ്ങൾ എല്ലാം നിർത്തി ഒരു മണിയോടെ ഞങ്ങൾ ഉറക്കം പിടിച്ചു.
രാവിലെ ഞങ്ങൾ പോകുവാൻ തെയ്യാറായി , ഞങ്ങളെ കാത്തു വിദ്യാഭാസ സംഘം ചെക്ക് പോസ്റ്റിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു , പക്ഷെ രാവിലെ 8 മണിക്ക് മുൻപ് ഫുഡ് കിട്ടുന്ന സ്ഥലം കണ്ടെത്താൻ ബുദ്ധി മുട്ടി , കാരണം ഫുഡ് കഴിക്കാതെ ഇരവികുളം പാർക്കിനുള്ളിൽ കയറിയാൽ പിന്നെ ഭക്ഷണം കിട്ടുവാൻ കഴിയില്ല , അങ്ങിനെ ഒരു കടയിൽ നിന്നും ഇഡ്ഡ്ലിയും കഴിച്ചു കുറച്ചു വടയും പാർസൽ വാങ്ങി ഞങ്ങൾ രാജമലയിലേക്കു യാത്രയായി. എനിക്കൊപ്പം ഗുരുവായൂർകാരൻ സജി അപർണ്ണ ആണ് കോ- ഡ്രൈവർ ആയി എത്തിയത് , ഒന്നാന്തരം ഒരു ചങ്ക് , നല്ലൊരു ഡ്രൈവറും വലിയൊരു ചാരിറ്റി പ്രവർത്തകനുമാണ് സജി. ഒപ്പം ഇരുന്ന് നിർദ്ദേശങ്ങൾ തന്നും , വേണ്ടിടത്ത് ഇറങ്ങി സൈഡ് പറഞ്ഞുതന്നും ഡ്രൈവിംഗിന് സഹായിച്ചുകൊണ്ടിരുന്നു സജി. ഞങ്ങൾ രാജമല എത്തി പക്ഷെ ഞങ്ങളുടെ പാസ് വിദ്യാഭാസ ഓഫീസിൽ അധികൃതർക്കൊപ്പം ആയിരുന്നു , പക്ഷെ ഞങ്ങൾ എത്തുവാൻ താമസിച്ചതിനാൽ അവർ കടന്നു പോയിരുന്നത് അൽപനേരം ഞങ്ങളിൽ ആശങ്കയുണ്ടാക്കി , പക്ഷെ അവർ ഓഫീസിൽ കാര്യങ്ങൾ രേഖപ്പെടുത്തി ഞങ്ങളുടെ കാര്യം പറഞ്ഞു ഏർപ്പാടാക്കിയിട്ടാണ് പോയത് , ഗാർഡ് ഫോണിൽ ഓഫീസുമായി ബെന്ധപെട്ടതിനു ശേഷം വണ്ടി നമ്പർ ചെക്ക് ചെയ്തു ഞങ്ങളെ കടത്തി വിട്ടു .
ഇരവികുളം നാഷണൽ പാർക്ക് വരയാടുകളുടെ പ്രജനന കാലമായതിനാൽ താൽക്കാലികമായി അടച്ചിരിക്കുകയായിരുന്നതുകൊണ്ടുതന്നെ , അവിടേക്കുള്ള പ്രവേശനം വളരെ സൂഷ്മമായിട്ടായിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം വീണ്ടും ഒരു ചെക്ക് പോസ്റ്റിൽ കൂടി വിവരങ്ങൾ രേഖപെടുത്തിയതിനു ശേഷം ഞങ്ങൾ യാത്രയായി , പതുക്കെ പാർക്കിലേക്ക് കടന്നു , ഇടയ്ക്കു വരയാടുകളെ കണ്ടു . അവയുടെ ഫോട്ടോ എടുത്തതിനു ശേഷം ഞങ്ങൾ മുന്നോട്ടു നീങ്ങി , ഇടയ്ക്കു ഒരു സ്ഥലത്തു ഞങ്ങൾ വണ്ടികൾ നിർത്തി , അവിടം മുതൽ 4 വീൽ ഗിയർ ഉപയോഗിക്കണം , അതിനായി വണ്ടിയുടെ ഫ്രീ വീൽ ഹബ്ബുകൾ ലോക്ക് ചെയ്തു , റേഡിയേറ്ററിൽ കൂൾണ്ട് ഒക്കെ ഒഴിച്ച് ഓഫ് റോഡിങ് നു റെഡിയായി , ഇടയ്ക്കു അവിടെ നിന്ന ഒരാളെ പരിചയപെട്ടു ആ മനുഷ്യൻ ഊരിന്റെ മൂപ്പൻ ആയിരുന്നു , ഒരു തലപ്പാവ് ഒക്കെ വെച്ച് , കോട്ട ഒക്കെ ഇട്ടു പഴയ തിരുവൻതാംകൂർ ദിവാന്മാരുടെ രൂപം , ഞങ്ങൾ എവിടേക്കാണ് പോകുന്നത് എന്ന് തിരക്കി , ഇടമലക്കുടി ആണ് എന്നറിഞ്ഞപ്പോൾ , പണ്ട് ഇടമലക്കുടി ഉൾപ്പെടുന്ന ഊരിന്റെ കൂടി മൂപ്പൻ ആയിരുന്നു താൻ എന്ന് അഭിമാനപൂർവം പറഞ്ഞു , അദ്ദേഹത്തെ നിർത്തി ഫോട്ടോയും എടുത്തു ഞങ്ങൾ യാത്ര തുടർന്നു.
പൊട്ടിപൊളിഞ്ഞ റോഡ് അവസാനിച്ചു , ഓഫ് റോഡ് ആയി . പ്രതീക്ഷച്ചതിലും കഠിനമായിരുന്നു വഴി , ഓഫ് റോഡ് എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല , കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും , വണ്ടികൾ കല്ലുകളിൽ നിന്നും കല്ലുകളിലേക്കു ചാടിച്ചാടി നീങ്ങിക്കൊണ്ടിരുന്നു , വളവുകൾ നന്നായി ബുദ്ധിമുട്ടിച്ചു , ശെരിക്കും ഹെയർപിൻ ആയ വളവുകൾ മിക്കയിടത്തും പലതവണ മുന്നോട്ടും പിന്നോട്ടും എടുത്തു വളയ്ക്കേണ്ടതായി വന്നു , എല്ലാ വണ്ടികളിലും കുട്ടികൾക്കുള്ള സാധന സാമഗ്രഹികൾ കയറ്റിയിരുന്നതിനാൽ സാമാന്യം നല്ല ലോഡ് ഉണ്ടായിരുന്നതും യാത്ര അൽപം ബുദ്ധിമുട്ടുള്ളതാക്കി , അങ്ങിനെ ഒന്ന് രണ്ടിടത്തും വിശ്രമിച്ചശേഷം ഞങ്ങൾ പതിയെ നീങ്ങിക്കൊണ്ടിരുന്നു.
അങ്ങിനെ കുത്തനെയുള്ള ഒരു കയറ്റം കയറി ചെല്ലുമ്പോൾ ഒരു വളവിൽ മൂന്ന് നാല് ആദിവാസികൾ താഴേക്ക് നോക്കി നിൽക്കുന്നു , വണ്ടി ഓഫ് ചെയ്യുവാൻ മുന്നിൽ പോയികൊണ്ടിരുന്ന ജീപ്പിൽ നിന്നും ബിജോയ് ആംഗ്യം കാണിച്ചു , താഴെ വഴിക്കരുകിൽ ചെറിയൊരു കാട്ടാനക്കൂട്ടം , ചെറുതും വലുതുമായി 6 എണ്ണമുണ്ട്, അവയെ കണ്ടത് കൊണ്ടാണ് ആദിവാസികൾ അവിടെ നിൽക്കുന്നത് , ആനകൂട്ടം വഴിയിലേക്ക് കയറിയിരുന്നില്ല , അവ കയറി വഴിയിൽ നിന്നാൽ അവ മാറുന്നതുവരെ വണ്ടികൾക്ക് കടന്നു പോകാനാകില്ല , അങ്ങിനെ സംഭവിച്ചാൽ ഞങ്ങളുടെ എല്ലാ പ്ലാനിങ്ങും തെറ്റും കാരണം , അകലെ ഇടമലകുടിയിൽ സ്കൂൾ യോഗം നടന്നുകൊണ്ടിരിക്കുകയാണ് , യോഗത്തിന്റെ അവസാനമാണ് കുട്ടികൾക്കുള്ള പഠനസാമഗ്രഹികളും വസ്ത്രങ്ങളും വിതരണം ചെയ്യേണ്ടത് , വിതരണം ചെയ്യേണ്ട ആ സാമഗ്രഹികൾ ഞങ്ങളുടെ വണ്ടിക്കുള്ളിലാണ് ഉള്ളത് , അത് കൊണ്ട് ഞങ്ങൾക്ക് പോകാതിരിക്കുവാനാകില്ല , അങ്ങിനെ ഞങ്ങൾ പോകുവാൻ തീരുമാനിച്ചു , അങ്ങിനെ ഞങ്ങൾ രണ്ടും കല്പിച്ചു മുന്നോട്ടു നീങ്ങി , കാടിന്റെ മക്കൾ ഞങ്ങളുടെ ആവശ്യം മനസിലാക്കിയിട്ടോ എന്തോ ഞങ്ങളെ ശല്യപ്പെടുത്തിയില്ല , അങ്ങിനെ കാട്ടാനക്കൂട്ടം നിന്നിരുന്ന ഭാഗത്തുകൂടെ ഞങ്ങൾ പതിയെ കടന്നു പോയി . വഴിയിൽ കാലം തെറ്റി പൂക്കുന്ന നീലകുറുഞ്ഞികൾ കണ്ടു , ഒറ്റതിരിഞ്ഞു ആയതു കൊണ്ട് കൂട്ടത്തോടെ നിൽക്കുന്ന ആ മനോഹാരിത തോന്നിയില്ല ,
അങ്ങിനെ ദുർഘടമായ വഴികൾ താണ്ടി ഒരുമണിയോടെ ഞങ്ങൾ ഇടമലകുടിയിൽ എത്തി. ഇടമലക്കുടി ട്രൈബൽ പഞ്ചായത് 26 ഓളം ഊരുകൾ ചേർന്നതാണ് , കാടിന് നടുവിൽ ഏകദേശം 104 ചതുരശ്ര കിലോമീറ്റർ ഉൾക്കൊള്ളുന്ന സ്ഥലം മുതുവാൻ ജാതിയിൽ പെട്ട ആദിവാസികൾ ആണ് അവിടുത്തെ ജനവിഭാഗം, ഈ ഊരുകൾക്കു എല്ലാം കൂടി ഒരു മൂപ്പൻ ഉണ്ടാകും , അദ്ദേഹമാണ് ഊരിലെ സമുദായപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് , ഈ മൂപ്പനെ കാണി എന്നാണു വിളിക്കാറ് , 2000 ത്തിനു മുകളിൽ മൊത്തം ജനസംഖ്യയുണ്ട് , അവിടെ ഒരു പ്രാഥമികാരോഗ്യ കേന്ത്രം ഉണ്ടെങ്കിലും , സൗകര്യവും ജീവനക്കാരും പരിമിതം , എന്തെങ്കിലും അത്യാവശ്യം വന്നാൽ മൂന്നാറോ അടിമാലിയോ ശരണം ,അതിനായി എറണാകുളം ഉള്ള ഒരു സന്നദ്ധ സംഘടനാ ഒരു താർ ജീപ്പ് മോഡിഫിയ് ചെയ്തു ആംബുലൻസ് ആക്കി കൊടുത്തിട്ടുണ്ട് , അതവിടെയുണ്ട് , പക്ഷെ കിടപ്പുകണ്ടിട്ടു കിടപ്പിലായതായി തോന്നി , പക്ഷെ ആ ജീപ്പ് വർഷത്തിൽ മാക്സിമം 7 മാസം മാത്രമേ ഓടിക്കാനാകു , മഴ തുടങ്ങിയാൽ രോഗിയെ മഞ്ചലിൽ കിടത്തി കാൽനടയായി കാടിന് പുറത്തെത്തണം.
ഒരു സ്കൂൾ ഉണ്ട് എങ്കിലും കുട്ടികൾ 37 മാത്രം , പല കുട്ടികളും സ്കൂളുകളിൽ വരാറില്ല , ചില ഊരുകളിൽനിന്നും സ്കൂളിൽ എത്തണമെങ്കിൽ 10 കിലോമീറ്റർ എങ്കിലും കാട്ടിൽകൂടി നടക്കണം, അത് കൊണ്ടുതന്നെ ഇരുട്ടുന്നതിനു മുൻപ് കുട്ടികൾ വീട്ടിൽ എത്തേണ്ടതുകൊണ്ടു 3 മണിക്ക് തന്നെ സ്കൂൾ വിടും , സ്കൂൾ എന്ന് പറയാനാകില്ല , ഒരു ടിൻ ഷീറ്റു കൊണ്ട് ഉണ്ടാക്കിയ ചെറിയ കെട്ടിടം , ഹെഡ് മാസ്റ്ററും അധ്യാപകരും കിടക്കുന്നതു എല്ലാം ഓഫീസിൽ തന്നെ , 2 ടീച്ചർമാർ ഉണ്ട് അവർ രാത്രി കഴിച്ചു കൂട്ടുന്നത് അടുത്തൊരു ഹോമിയോ ഡിസ്പെൻസറി ഉണ്ട് അവിടെയാണ് , കറന്റ് ഇപ്പോൾ എത്തിയിട്ടുണ്ട് എങ്കിലും സോളാർ ലൈറ്റുകളും കൊടിത്തിട്ടുണ്ട് എല്ലാ വീടുകൾക്കും , കാട്ടാനകൾ നശിപ്പിക്കും എന്നതുകൊണ്ട് , മണ്ണിലൂടെ കേബിളുകൾ ഇട്ടുകൊണ്ടാണ് വൈദുതി ഇടമലകുടിയിൽ എത്തിച്ചിരിക്കുന്നത് . അവിടെ ഒരു അക്ഷയസെന്റർ ഉണ്ട് എങ്കിലും പ്രവർത്തനരഹിതം , v -sat വഴി ഇന്റർനെറ്റ് ലെഭിക്കുന്നുണ്ട് എന്നാൽ വല്ലപ്പോഴും അതും 2G തന്നെ കഷ്ടിച്ച്.
ഏലവും കാട്ടിനുള്ളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുമാണ് ജനങ്ങളുടെ പ്രധാന വരുമാനമാർഗം എന്നാൽ ഇടമലക്കുടി അധികാരവർഗത്തിനും , രാഷ്ടീയക്കാർക്കും നല്ലൊരു വരുമാനമാർഗം ആണ് , ഇവിടുത്തെ പദ്ധതികളുടെ പേരിൽ കോടികൾ അടിച്ചു മാറ്റപ്പെടുന്നു , അവിടെ വഴിയുടെ ഒരു ഭാഗത്തു 2 കിലോമീറ്റർ നീളത്തിൽ കരിങ്കല്ല് പാകിയതിന്റെ ചിലവു 3 -5 കോടിരൂപയാണ് , ഈ മൂന്നരക്കോടി രൂപയുടെ കറൻസി നിരത്തിവെച്ചാൽ മൂന്നാറിൽ നിന്നും ഇവിടെത്താമായിരുന്നു എന്ന് ഒരു അധ്യാപകൻ പറയുമ്പോൾ ആ കണ്ണുകളിലെ നിരാശ കാണാമായിരുന്നു , ഈ ഇടമലകുടിക്കായി കോടികൾ ബഡ്ജെറ്റിൽ വകയിരുത്തുന്നു എങ്കിലും അതിന്റെ പത്തിൽ ഒന്ന് പോലും അവിടെ എത്താതെ ചിലവായിൽ പോകുകയാണ് പതിവ് , പൊതുവെ തണുത്ത കാലാവസ്ഥയാണ് , മഴ തുടങ്ങിയാൽ ജീവിതം ദുസ്സഹമാണ് , വന്യമൃഗങ്ങൾക്കു പുറമെ അട്ടകളെയും ഭയക്കണം , പക്ഷെ കാടും കാട്ടരുവികളും എല്ലാം ചേർന്ന ഇടമകുടി ഒരു മനോഹാരിതന്നെ .
ഞങ്ങൾ ഊരിലെ വീടുകൾക്കു ഇടയിലൂടെ മുന്നോട്ടു നീങ്ങി , തോരണങ്ങളും ബാനറുകളും , ഇല തോരണങ്ങളുമൊക്കെയായി ചെയ്യാവുന്ന രീതിയിൽ എല്ലാം അവർ മനോഹരമാക്കിയിരുന്നു
ഞങ്ങൾ വണ്ടികളിൽ നിന്നും സാധനങ്ങൾ ഇറക്കി തുടങ്ങി , കുട്ടികൾക്ക് വേണ്ട സാധനങ്ങൾ എല്ലാം ഗുരുവായൂർകാരായ നൗഫൽ അൽഅമീനും സജി അപർണ്ണയും കൂടി കൊണ്ടുവന്നിരുന്നു , ഗുരുവായൂരിൽ നിന്നും ജീപ്പിൽ സാധനങ്ങൾ കയറ്റി നിറച്ചപ്പോൾ ഇരിക്കാൻ സ്ഥലം ഇല്ലാതെ വന്നതിനാൽ ഒരാൾ ജീപ്പിലും ബാക്കി രണ്ടുപേർ ബസ്സിനുമാണ് മൂന്നാർ എത്തിയത് , അവിടെ നിന്നും പകുതി സാധനങ്ങൾ ബാക്കി ജീപ്പുകളിൽ കയറ്റിയാണ് ഇങ്ങോട്ടു കൊണ്ട് വന്നത് , ബാഗും വസ്ത്രങ്ങളും , ക്രിക്കറ്റ് ബാറ്റും സ്തമ്പും ഷട്ടിൽ ബാറ്റും റെയിൻ കോട്ടും തുടങ്ങി ഒരു കുട്ടിക്ക് വേണ്ട എല്ലാ സാമഗ്രഹികളും , കൂടാതെ അടുത്ത വർഷം പുതുതായി കുട്ടികളെ സ്കൂളിൽ ചേർക്കുന്ന കുട്ടികളുടെ അമ്മമാർക്കുള്ള വസ്ത്രങ്ങൾ വരെ ഉണ്ടായിരുന്നു. ഇവരുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ വാട്സ് ആപ് കൂട്ടായ്മയാണ് ഈ സാധങ്ങൾ എല്ലാം എത്തിക്കാൻ സഹായിച്ചത്. കൂടാതെ ആ സ്കൂളിലേക്ക് ആദ്യമായി ഒരു ആംപ്ലിഫയറും മൈക്കും കൂടി സംഭാവനയായി കൊണ്ടുവന്നിരുന്നു.
ബിജോയ് ജോണിന്റെ ചെറിയൊരു പ്രസംഗത്തോടെ ചടങ്ങു തുടങ്ങി. വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് പറയുമ്പോൾ ബിജോയുടെ കണ്ണുകളിൽ അഭിമാനം സ്പുരിക്കുന്നുണ്ടായിരുന്നു , അത് ശെരി തന്നെയായിരുന്നു , കാരണം മുൻപൊരിക്കൽ ഇടമകുടിയിലെത്തിയ ബിജോയ് അന്ന് കുട്ടികൾക്കുള്ള പഠന സാമഗ്രഹികൾ നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നു , ആ വാഗ്ദാനമായിരുന്നു ഇന്നു പാലിക്കപ്പെട്ടതു രാഷ്ടീയക്കാരും ,ഒരു മെഗാസ്റ്റാറും ഒക്കെയായി നിരവധിപേർ ഇടമലകുടിക്കു നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു , പക്ഷെ ആദ്യമായി പാലിക്കപ്പെട്ടതു ബിജോയ് എന്ന തൊടുപുഴക്കാരന്റെ വാഗ്ദാനം മാത്രം , തുടർന്ന് കുട്ടികൾക്കായി ഞങ്ങളുടെ കൂട്ടത്തിലെ ബിജു കാരാക്കോയിലൂടെ ഒരു മനോഹരമായ ഗാനം ആലപിച്ചു , തുടർന്ന് അധ്യാപകർ സമഗ്രഹികൾ ഏറ്റുവാങ്ങി നന്ദിയും പ്രകാശിപ്പിച്ചു ചടങ്ങുകൾ അവസാനിച്ചു.
പുറത്തു സ്വാദിഷ്ടമായ ഒരു ചെറിയ ഊണ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു , നല്ല ഊണും അതിനോടൊപ്പം രുചിയേറിയ ഒരു പരിപ്പ് പായസവും ഞങ്ങൾ തൃപ്തിയോടെ കഴിച്ചു . അന്നവിടെ രാത്രി കഴിച്ചു കൂട്ടണം എന്നായിരുന്നു ഞങ്ങളുടെ മുൻ തീരുമാനം , പക്ഷെ അതിനുള്ള സ്ഥലങ്ങളോ , ജലത്തിന്റെ ലഭ്യതയും പരിമിതമായിരുന്നു , പുറത്തു കഴിച്ചു കൂട്ടുന്നത് അപകടകരമാണ് , രാത്രിയിൽ വന്യമൃഗങ്ങൾ എത്താനിടയുണ്ട് , ഞങ്ങൾ ചെന്നതിന്റെ ഒരാഴ്ച മുൻപ് കുട്ടികൾക്കുള്ള ഊഞ്ഞാലും മറ്റും കാട്ടു പോത്തുകൾ നശിപ്പിച്ചിരുന്നു , വൈകുനേരം ആയാൽ കാട്ടു മൃഗങ്ങൾ ഇറങ്ങും എന്നുള്ളതുകൊണ്ടും , വരുമ്പോൾ കണ്ട കാട്ടാനക്കൂട്ടം വഴിയിൽ ഉണ്ടാകുമോ എന്ന ശങ്കയും ആദ്യം യാത്ര വേണ്ടെന്നു വെച്ചു എങ്കിലും അവസാനം എല്ലാവരും പോകാം ഇന്നു തീരുമാനത്തിലെത്തി , അങ്ങിനെ ഞങ്ങൾ 3 -30 ഓടെ ഇടമലക്കുടി യോട് യാത്ര പറഞ്ഞു .
വന്നതിലും കഠിനം ആയിരുന്നു തിരിച്ചുള്ള യാത്ര , കാരണം കൂടുതലും കയറ്റങ്ങൾ ആയിരുന്നു , എതിരെ രണ്ടു തവണ ജീപ്പ് വന്നിരുന്നു , രണ്ടാം തവണ എന്റെ വാഹനം ഒരപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു , എതിരെ വന്ന ജീപ്പിനു സൈഡ് കൊടുക്കാനായി ഒരു കയറ്റത്തിൽ പുറകോട്ടു എടുക്കുന്നതിനിടയിൽ ബ്രേക്ക് ചെയ്തിട്ടും , ഹാൻഡ് ബ്രേക്ക് വലിച്ചിട്ടും നിൽക്കാതെ ജിപ്സി തെന്നി പുറകോട്ടു പോയി , അതിനിടയിൽ എൻജിനും ഓഫ് ആയി പുറകിലെ ഒരു വീൽ പകുതി പുറത്തായ നിലയിൽ വണ്ടി നിന്നു. ആ ഭാഗത്തു വലിയ താഴ്ചയായിരുന്നു , താഴേക്കു പോയാൽ പോയത് തന്നെ. കൂടെയുള്ള സജിയുടെ സമയോചിതമായ ഇടപെടൽ രക്ഷപെടുത്തി , വലിയൊരു കല്ല് അടവെച്ചു കൊണ്ട് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു , ഇതിനിടയിൽ എതിരെ വന്ന ജീപ്പിലെ ആളുകൾ കൂടി വന്നു തള്ളി തന്നതോടെ വണ്ടി മുകളിലേക്ക് കയറി , അങ്ങിനെ ഞങ്ങൾ 7 മണിയോടെ മൂന്നാർ എത്തി , എല്ലാവരും ശെരിക്കും ക്ഷീണിച്ചിരുന്നു.
ശരീരത്തിൽ ഇനി ഇളകാൻ ഒരു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല , അതുകൊണ്ടുതന്നെ രാത്രി മൂന്നാർ സ്റ്റേ ചെയ്തിട്ട് ക്ഷീണം എല്ലാം മാറ്റി രാവിലെ തിരിക്കാം എന്നായി തീരുമാനം , അങ്ങിനെ ഞങ്ങൾ മൂന്നാർ റൂം എടുത്തു. പക്ഷെ പിറ്റേ ദിവസം രാവിലെ ഒരു ആവശ്യം ഉണ്ടായിരുന്നതു കൊണ്ട് രാത്രി തങ്ങുവാൻ നിൽക്കാതെ ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സും മാറി എല്ലാവരോടും യാത്ര പറഞ്ഞ് 8 മണിയോടെ മൂന്നാർ നിന്നും ഒറ്റയ്ക്ക് കൊച്ചിക്കു തിരിച്ചു ഇടമലക്കുടി എന്ന സ്വപ്നം പൂവണിഞ്ഞ സംതൃപ്തിയോടെ .
വിവരണം – കെവിന് പീറ്റര്.