തന്ത്രപരമായ വഴിതെറ്റിക്കല്‍ എന്ന് യുദ്ധതന്ത്രങ്ങളില്‍ വിശേഷിപ്പിക്കുന്ന രീതി. പക്ഷെ തന്ത്രപരമായി വഴിതെറ്റിക്കേണ്ടത് ലോകത്തിലെ ഏറ്റവും ശക്തരായ സൈന്യങ്ങളില്‍ ഒന്നിനെ. എന്നിട്ടും 23-ാം ഹെഡ്ക്വട്ടേര്സ് സ്പെഷ്യല്‍ ട്രൂപ്പ് എന്ന ‘ഗോസ്റ്റ് ആര്‍മി’ അത് ചെയ്തു. വിജയിക്കുകയും ചെയ്തു. 1,100 പേര് അടങ്ങുന്ന ഈ സൈന്യത്തില്‍ പക്ഷെ സൈനികര്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നടന്മാര്, കലാകാരന്മാര്, കലാസംവിധായകര്‍, എഞ്ചിനീയര്‍മാര്‍, വസ്തുശില്പ്പികള് എന്നിവര്‍ അടങ്ങിയ സംഘം.
ങ്ങനെയുള്ള ഒരു സംഘത്തിന് ലഭിക്കുന്ന ദൌത്യം ലോകത്തെ ഏറ്റവും ശക്തനും, ക്രൂരനുമായ ഏകധിപതിയെയും അയാളുടെ സൈന്യത്തേയും കബളിപ്പിക്കുക. അത് ഒരിക്കലും അത്ര ആയാസകരമായ കാര്യമല്ലെന്ന് അറിയാത്തവരല്ലായിരുന്നു ആ സംഘത്തിലെ ആരും. അന്നത്തെക്കാലത്ത് ഏറ്റവും സാങ്കേതികമായി വികസിച്ച ടീം ആയിരുന്നു നാസി സൈന്യം. എങ്കിലും നാസികളെ പൊട്ടന്മാരാക്കുവാന് ഈ സംഘത്തിന് യുദ്ധ രംഗത്ത് നാടകം കളിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.
ശാരീരികമായും മാനസികമായും ശത്രുവിനെ തളര്‍ത്തുക എന്നതായിരുന്നു ഈ സൈന്യത്തിന്റെ രൂപീകരണ ഉദ്ദേശം. ആകാശ നിരീക്ഷണം നടത്തുന്ന ചാര വിമാനങ്ങളുടെയും മറ്റും കണ്ണില്‍ പൊട്ടാത്ത ടാങ്കുകളും, റബ്ബര്‍ വിമാനങ്ങളും ഉപയോഗിച്ച് വലിയൊരു മിലിറ്ററി ഡ്രൂപ്പാണ് ശത്രുക്കള്‍ എന്ന് തോന്നിപ്പിക്കുകയായിരുന്നു ഈ ഗോസ്റ്റ് ആര്‍മിയുടെ ലക്ഷ്യം.
കളിക്കൊപ്പുകള്‍ പോലുള്ള ടാങ്കുകള്‍ നിരത്തിവയ്ക്കുന്നതിനിടയില്‍ ചില യഥാര്‍ത്ഥ ടാങ്കുകളും ഉണ്ടാകും എന്നതാണ് സത്യം. വന്‍ ടാങ്ക് ശേഖരമാണ് എതിരാളിക്കെന്ന് പലപ്പോഴും ഗോസ്റ്റ് ആര്‍മിയുടെ സെറ്റുകള്‍ കണ്ട് ജര്‍മ്മന്‍കാര്‍ ഞെട്ടിയെന്ന് ചരിത്രം പറയുന്നു.
ഇത്തരത്തില്‍ വിന്യസിക്കുന്ന യൂണിറ്റുകളെ ആക്രമിക്കാന്‍ വെറുതെ ആയുധങ്ങള്‍ പാഴാക്കിയിട്ടുണ്ടെ ജര്‍മ്മന്‍ സൈന്യം. ഒടുവില്‍ യാഥാര്‍ത്ഥ എതിരാളികള്‍ എത്തുമ്പോള്‍ ജര്‍മ്മന്‍ സൈന്യം ശരിക്കും വിയര്‍ത്തു എന്ന് തന്നെ പറയാം. ശബ്ദങ്ങള്‍ ഉണ്ടാക്കി ശസ്ത്രുവിന്റെ ശ്രദ്ധതിരിക്കാനും മറ്റും ഈ ട്രൂപ്പിന് സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. 20 കിലോമീറ്റര്‍ അകലേക്കുവരെ സൈന്യം മാര്‍ച്ച് ചെയ്യുന്ന ശബ്ദം ഇവര്‍ പ്രക്ഷേപണം ചെയ്യുമായിരുന്നു.
അതുപോലെ തന്നെ സന്ദേശങ്ങള്‍ കൈമാറുന്ന സൈനിക വയര്‍ലെസ് സന്ദേശങ്ങളുടെ മിമിക്രി സ്റ്റേഷന് ഇവര്‍ ഉണ്ടാക്കി. ഇത് പ്രകാരം നല്കിയ സന്ദേശങ്ങള്‍ യഥാര്‍ത്ഥ എതിരാളിയുടെ നീക്കമാണെന്ന് വിചാരിച്ച് ജര്‍മ്മന്‍ സൈന്യം കുരുക്കില്‍ പെട്ടത് പലതവണയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്താണ് സഖ്യസേന യൂറോപ്പിന്റെ പടിഞ്ഞാറന്‍ യുദ്ധമുഖത്ത് ഈ പരീക്ഷണം നടത്തിയത് 1944-45 കാലത്ത് ഈ സൈന്യം 21 വിജയകരമായ ദൌത്യങ്ങള്‍ നടത്തി. ജര്‍മ്മന്‍ സൈന്യം കാലക്രമേണ ഈ ഗ്രൂപ്പിനെ ഫാന്റം ട്രൂപ്പ് എന്നാണ് വിളിച്ചത്. യൂറോപ്പില്‍ മാത്രമല്ല അച്ചുതണ്ട് ശക്തികള്‍ക്കെതിരെ ലോകത്തിന്റെ പലഭാഗത്തും ഫാന്റം സൈന്യം ഉപയോഗിക്കപ്പെട്ടു.
1945 ല്‍ രണ്ടാംലോക മഹായുദ്ധം അവസാനിച്ചതോടെ പൂര്‍ണ്ണമായും പിരിച്ചുവിടപ്പെട്ട സൈന്യം. അമേരിക്കയുടെയും മറ്റും സൈനിക രഹസ്യമായി കിടന്നു. പക്ഷെ 1996ല്‍ ഈ സൈനിക സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തി. സംഘത്തിലെ മുഴുവന്‍ സൈനികരുടെയും പേരും പുറത്തുവന്നു. എന്നാല്‍ ഈ സംഘത്തിന്റെ പല ദൌത്യങ്ങളും ഇപ്പോഴും വെളിപ്പെടുത്താത്ത രഹസ്യങ്ങളാണ്.
കടപ്പാട് – അജോ ജോര്‍ജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).