കെ എസ് ആർ ടി സിയുടെ സിഎംഡി സ്ഥാനം ടോമിൻ തച്ചങ്കരി ഏറ്റെടുക്കുന്നത് കടുത്ത വെല്ലുവിളിയോടെയാണ്. നാശത്തിലേക്ക് കൂപ്പു കുത്തുന്ന കെ എസ് ആർ ടി സിയെ രക്ഷിക്കാൻ അവസാന ശ്രമമെന്ന നിലയിലാണ് കർകശക്കാരനായ തച്ചങ്കരി ആനവണ്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്. പുതിയ എംഡി കര്‍ക്കശ സ്വഭാവമുള്ള ടോമിന് തച്ചങ്കരി ആയിരിക്കും എന്ന് കേട്ടതോടെ അല്‍പ്പം ഭയന്നിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ അമ്പരപ്പിച്ചത് കഴിഞ്ഞ ദിവസം നടന്ന തച്ചങ്കരിയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങാണ്.
തബല വായനയോടെയാണ് തച്ചങ്കരി പരിപാടി ആരംഭിച്ചത്. ഇതോടെ കാഴ്ചക്കാര്‍ക്കും ആവേശമായി. തബലയും പാട്ടുമൊക്കെ എല്ലാവരും ആസ്വദിക്കുകയും ചെയ്തു. രാജമാണിക്യത്തിനു ശേഷം ജനകീയനായ ഒരു എംഡിയെ കാത്തിരിക്കുകയായിരുന്നു കെഎസ്ആര്‍ടിസിയും ജീവനക്കാരും. തച്ചങ്കരിയുടെ ഈ വരവോടെ എല്ലാവരിലും ഒരു പുതിയ പ്രതീക്ഷ മുളച്ചിരിക്കുകയാണ്.
ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം ഇരട്ടിപദവി ലഭിക്കുന്ന രണ്ടാമത്തെ ഐ.പി.എസുകാരനാണു ടോമിൻ തച്ചങ്കരി. കെ.എസ്.ആർ.ടി.സി. സി.എം.ഡിയായിമാത്രം നിയമിച്ചാൽ അത് തരംതാഴ്ത്തലിനു തുല്യമാകുമെന്നു തച്ചങ്കരി മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെതുടർന്നാണു പൊലീസിലെ പദവികൂടി നൽകി അദ്ദേഹത്തെ ഗതാഗതകോർപ്പറേഷനിലേക്കു നിയമിച്ചത്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിലെ ലാഭത്തിലാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കൊല്ലം ഡിപ്പോയില്‍ തച്ചങ്കരി നടത്തിയ മിന്നല്പരിശോധനയും വാര്‍ത്തകളില്‍ ഇടംപിടിച്ചു. പരിശോധനയ്ക്കിടയില്‍ ഞെട്ടിക്കുന്ന വിവരങ്ങളും അനുഭവങ്ങളുമാണ് തനിക്ക് ലഭിച്ചതെന്നു ടോമിന് തച്ചങ്കരി പറയുന്നു. കൊല്ലം ഡിപ്പോയില്‍ സാധാരണക്കാരനെപ്പോലെ എത്തിയ തച്ചങ്കരിയെ ആദ്യം ആര്‍ക്കും മനസ്സിലായില്ല. ഇതിനിടെ പേരും താനാണ് അടുത്ത എംഡി എന്നും വെളിപ്പെടുത്തിയതോടെ ജീവനക്കാര്‍ ഭയന്നു.
ഡിപ്പോയുടെ ഒപ്പമുള്ള വര്‍ക്ക്ഷോപ്പില്‍ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായത്. 23 ബസുകളാണ് ഗാരേജിലുള്ളത്. ഇതിൽ ജെന്റം ബസുകൾ പോലും ഉണ്ട്. എല്ലാത്തിനും ചെറിയ കേട് പാട് മാത്രം. പക്ഷേ പണി ചെയ്തിട്ടുമില്ല. ഇതിന്റെ കാരണം ജീവനക്കാരോട് തന്നെ തിരക്കി. 500 രൂപയുടെ സാധനം വരെ വാങ്ങാനെ വർക് ഷോപ്പിലുള്ളവർക്ക് അധികാരവും അവകാശവും ഉള്ളൂ. കിടക്കുന്ന പല ബസിനും ആയിരം രൂപ മുതൽ 5000 രൂപവരെ സ്പെയർ പാർട്സ് വേണം. അതു വാങ്ങാൻ കഴിയില്ല. ഇതിനായി ഹെഡ് ഓഫീസിലേക്ക് കത്തെഴുതും. പണം അനുവദിച്ച് മറുപടി വന്നാൽ മാത്രമേ സ്പെയർ പാർട്സ് വാങ്ങാനാവൂ. അതുകൊണ്ട് തന്നെ ചെറിയ പണി വന്നാൽ പോലും ദീർഘകാലം ബസുകൾ ഗാരേജിൽ കിടക്കും. അതായത് ബസ് നന്നാക്കാൽ 5000 രൂപ ചെലവാക്കാൻ ഗാരേജുകൾക്ക് അധികാരമില്ല. ഇങ്ങനെ ബസ് ഓടാത്തത് മൂലം ദിവസം പതിനായിരം രൂപയുടെ നഷ്ടമാണ് കെ എസ് ആർ ടിസിക്ക് കിട്ടുന്നത്.
നഷ്ടത്തിലായിരുന്ന മാർക്കറ്റ് ഫെഡ്, കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.