ഓഗസ്റ്റ് 9 ,1925, ഞായറാഴ്ച :ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ(Shahjahanpur)ൽ നിന്നും ലക്നൗ(Lucknow)വിലേക്കുള്ള 8-ആം നമ്പർ “ഡൌൺ ട്രെയിൻ” ഇന്നും ലേറ്റ് തന്നെ.ഇതു ഞായറാഴ്ച ആയിട്ടുപോലും ആൾക്കാരെകൊണ്ട് തിങ്ങി നിറഞ്ഞിരിക്കുന്നു .ഇതിൽ യാത്രക്കാരായി ഉള്ളത് കുടുതലും പാവപെട്ട തൊഴിലാളികളും പിന്നെ ബ്രിട്ടീഷ് ഗവര്മെന്റ്റ് ഉദ്യോഗസ്ഥരും ആണ്.ഇവരെല്ലാം വാരാന്ത്യം കഴിഞ്ഞു ജോലിക്ക് പ്രവേശിക്കേണ്ടുന്നവർ ആണ് .പക്ഷെ ഇവരെ കൂടാതെ മറ്റു ചിലരും ഈ ട്രെയിനിൽ ഉണ്ട്.. ആരൊക്കെയാണവർ? കുറെ ഗാർഡുകൾ ആണ് അവർ .ലക്നൗവിലെ ഗവര്മെന്റ്റ് ട്രഷറിയിലെക്കുള്ള പണത്തിനു കാവൽ നോക്കുന്നവർ…പണം സുക്ഷിച്ചിരിക്കുന്നത് ഇവർ ഇരിക്കുന്ന ക്യാബിനിൽ ആണ് .ഇവരെ കൂടാതെ വേറെ ആരെങ്കിലും?….അതെ ഇവരെ കൂടാതെ വേറെ ചിലരുമുണ്ട് ഈ ട്രെയിനിൽ…!!ഒരു പത്തംഗ അജ്ഞാത സംഘമാണ് അവർ…!!! എന്താണ് അവരുടെ ഉദ്ദേശം ?…പറയാം …
പുക തുപ്പുന്ന ഈ വണ്ടി ഇപ്പോൾ കക്കൊരി (Kakori)സ്റേഷൻ പിന്നിട്ടു കാണും.അടുത്ത സ്റേഷൻ ആലംനഗർ(Alamnagar) ആണ്.ഇവിടെ നിന്നും വെറും16 കിലോമീറ്റർ കഴിഞ്ഞാൽ അവസാനത്തെ സ്റ്റോപ്പ് ആയ ലക്നൗ സ്റേഷൻ ആയി ….സമയം 6 മണി കഴിഞ്ഞു കാണും …പുറത്തു സൂര്യൻ താഴ്നിറങ്ങാൻ അധികം സമയം ഇല്ല…..നല്ല വരണ്ട കാറ്റ് വീശുന്നുണ്ട് .ആഗസ്ത് മാസം ആയിട്ടുപോലും ട്രെയിനുള്ളിൽ നല്ല ചൂടാണ്.അതു കാരണം യാത്രക്കാരെല്ലാം പാതി മയക്കത്തിൽ ആണ്…പെട്ടെന്നിതാ ചെറിയ ഒരു പ്രകമ്പനത്തോടെ ട്രെയിൻ നിൽക്കുന്നു…ആരോ ട്രെയിനിന്റെ അപായചങ്ങല വലിച്ചിരിക്കുന്നു….രണ്ടാംക്ലാസ് കംപാർട്ട്മെന്റിൽ നിന്നും മുന്ന് അജ്ഞാതർ പേർ ചാടിയിറങ്ങി….എന്താണിവിടെ സംഭവിക്കുന്നത്?…..
ഒരു ഗാർഡ് കാര്യം എന്തെന്ന് തിരക്കാൻ താഴെയിറങ്ങി …ഈ സമയം താഴെ മുന്പിറങ്ങിയ മുന്നുപേരിൽ രണ്ടുപേർ ഈയാളുടെ മുകളിൽ ചാടിവീണു നിശബ്ദനാക്കി നിലത്ത് കിടത്തി …..വേറെ രണ്ടു അജ്ഞാതർ ഇറങ്ങി വന്ന് ട്രെയിനിന്റെ ഡ്രൈവറുടെ ക്യാബിനിൽ ചാടികയറി അയാളെ കീഴ്പെടുത്തി കാവൽ നിന്നു …വേറെ രണ്ടുപേർ ട്രെയിനിന്റെ രണ്ടറ്റത്തും നിലകൊണ്ടു വെടി ഉതിർത്തു കൊണ്ട് ഇങ്ങനെ അലറി വിളിച്ചു “യാത്രക്കാരെ ,നിങ്ങൾ ആരും തല വെളിയിലേക്ക് ഇടരുത് ….നിങ്ങളെ ഞങ്ങൾ ഒന്നും ചെയ്യില്ല…ഞങ്ങൾ സ്വാതന്ത്ര്യ പോരാളികൾ ആണ് “…എന്നാൽ ഇതിനിടയിൽ അജ്ഞാതരുടെ തോക്കുകളിൽ നിന്നും അബദ്ധത്തിൽ ഉള്ള ഒരു വെടിയുണ്ട ഒരു യാത്രക്കാരന്റെ ജീവൻ എടുത്തു…. പൊടുനനെ വേറെ അജ്ഞാതരായ 4 ആളുകൾ ട്രെയിനിൽ നിന്നും ചാടി ഇറങ്ങി ഗാർഡിന്റെ ക്യാബിനിൽ കയറാൻ ശ്രമിച്ചു…. എന്തായാലും വലിയ ഏറ്റുമുട്ടൽ കുടാതെ തന്നെ ഗാർഡുകൾ കീഴടങ്ങി…കാരണം അവിടെ ഞൊടിയിടയിൽ അവിടെ നടന്ന ഈ അവിശ്വനീയരംഗങ്ങൾ കണ്ടു ഗാർഡുകൾ അമ്പേ വിരണ്ടുപോയിരുന്നു.
നാലുപേരും ഉടനെ തന്നെ ഗാർഡിന്റെ ക്യാബിനിൽ സുക്ഷിച്ചിരുന്ന പണം അടങ്ങുന്ന ആ വലിയ പെട്ടി വളരെ പ്രയാസപ്പെട്ടു വലിച്ചു താഴെയിട്ടു.എന്നിട്ട് ഒരു വലിയ ചുറ്റിക ഉപയോഗിച്ചു അതിന്റെ പൂട്ട് അടിച്ചു പൊളിക്കാൻ ശ്രമിച്ചു… “നിർത്തു” …!!!! കൂട്ടത്തിലെ അവരുടെ നേതാവ് ആജ്ഞാപിച്ചു…അപ്പോഴാണ് അവർ അതു ശ്രദ്ധിച്ചത് ദൂരെ നിന്നും ഒരു ട്രെയിൻ അവരെ ലക്ഷ്യമാക്കി വരുന്നു..ഭയം അവരുടെ സിരകളിലേക്ക് ഇരച്ചു കയറി … ഭാഗ്യം !!!….അത് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയി …വീണ്ടും അവർ പുട്ട് തുറക്കുന്നതിൽ വ്യാപ്രിതർ ആയി . പക്ഷെ നാലുപേരും ആവുന്നത്ര പണിതട്ടും പൂട്ടു തുറക്കാൻ സാധിച്ചില്ല…ഒടുവിൽ അവരുടെ കുട്ടത്തിൽ ഉള്ള അജാനുബാഹുവായ ഒരു മനുഷ്യൻ ഏതാനും നിമിഷം കൊണ്ട് തന്നെ പെട്ടി തുറന്ന് പണം അടങ്ങുന്ന കിഴികൾ വലിച്ചു പുറത്തിട്ടു ….
ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ ഒരു സംഭവത്തിലെ രംഗങ്ങൾ ആണ് നാം മുകളിൽ കണ്ടത് ..അതാണ് കാക്കോരി തീവണ്ടി കൊള്ള .ഇതിലെ “കൊള്ളതലവന്റെ “പേര് രാം പ്രസാദ് ബിസ്മിൽ(Ram Prasad Bismil) ,വയസ്സ് 28 ..പണപ്പെട്ടി തുറന്ന അജാനബാഹുവിന്റെ പേര് അഷ്ഫഖുള്ള ഖാൻ(Ashfaqulla Khan),”കൊള്ളതലവന്റെ’ വലം കൈയ്യും ആത്മാർത്ഥ സുഹൃത്തും ആണ് ഇയാൾ …വയസ്സ് 25 …ബാക്കി ഉള്ളവരെല്ലാം ഏകദേശം ഇതേ പ്രയാമുള്ളവർ തന്നെ .ഇവരെല്ലാം “ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ “എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങൾ ആണ് .ഇതിന്റെ തലവനായ രാം പ്രസാദ് ബിസ്മിലിനെക്കുറിച്ച് ചിലത്…ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഒരു ഉന്നത ഹിന്ദു കുടുമ്പത്തിൽ ജനനം(1897 ജൂൺ 11 ).പഠനത്തിൽ അതിസമർത്ഥൻ ….ഹിന്ദി ,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം….നന്നേ ചെറുപ്പത്തിലെ ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പുസ്തകം ആയ “സത്യാർത്ഥ പ്രകാശം” വായിച്ചു,ഒരു ഹിന്ദു സംഘടയായ ആര്യസമാജത്തിൽ ചേരുന്നു….പക്ഷെ സംഘടനയിലെ ഒരു അംഗമായ ഭായി പരമാനന്ദിനെ ബ്രിട്ടീഷ് കാർ മരണശിക്ഷ വിധിച്ചപ്പോൾ അതിൽ പ്രതിക്ഷേധിച്ച് ബ്രിട്ടീഷ്കാർക്ക് വിരുദ്ധമായി “റാം” ,”അജ്യത്” ,”ബിസ്മിൽ” എന്നീ പേരുകളിൽ കവിത എഴുതുന്നു…..19 ആം വയസ്സിൽ പഠനം മതിയാക്കി മുഴുവൻ സമയം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു…കുറച്ചു കൂട്ടുകാരുമായി ചേർന്ന് “മൈത്രിവേദി” എന്ന തീവ്രവാദ സംഘടന രൂപികരിക്കുന്നു….അതിന് വേണ്ടി പണം കണ്ടെത്താൻ കൊള്ളക്കാരുമായി കൂട്ടുകൂടി ഗവർമെന്റ് സ്ഥാപനങ്ങൾ കൊള്ള ചെയ്യുന്നു..ഇതിനിടയിൽ തന്നെ താൻ എഴുതിയ ബ്രിട്ടീഷ് കാർക്ക് എതിരെ എഴുതിയ സാഹിത്യ പുസ്തകങ്ങളും വിറ്റഴിക്കുന്നു ….
1918 ൽ ആഗ്രക്കടുത്തുള്ള “മെയിൻപുരി”എന്ന പട്ടണത്തിൽ മോഷണം പ്ലാൻ ചെയ്യുകയും പിടിക്കപെടും എന്നറിഞ്ഞു യമുനാനദിയിൽ ചാടി രക്ഷപെടുകയും ചെയ്യുന്നു…1921 -1922 കാലഘട്ടത്തിൽ ഗാന്ധിജിയുടെ നിസ്സഹാരണ പ്രസ്ഥാനമായി ബന്ധപ്പെടുകയും, ഗാന്ധിജി അത് പിൻവലിച്ചപ്പോൾ പ്രതിക്ഷേധിച്ചു 1924 ൽ “ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ”(HRA) എന്ന തീവ്രവാദ രൂപികരിക്കയും ചെയ്യുന്നു .
ഇനി ഈ “കൊള്ളതലവനായ” ബിസ്മിലിന്റെ വലംകൈയും ആത്മാർത്ഥ സുഹൃത്തും ആയ അഷ്ഫഖുള്ള ഖാനെ കുറിച്ച് ചിലത് …ബിസ്മിൽ ജനിച്ച് കൃത്യം മൂന്നു വർഷം കഴിഞ്ഞു അദ്ദേഹത്തിന്റെ സ്ഥലമായ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തന്നെ അഷ്ഫഖുള്ള ഖാനും ജനിക്കുന്നു (ഒക്ടോബർ 22,1900)… ….. ഇദ്ദേഹവും മുസ്ലിങ്ങളിലെ ഉന്നത കുലജാതൻ തന്നെ(മുഗൾരാജക്കന്മാർ ബന്ധുക്കൾ ആണ് )……ചെറുപ്പത്തിൽ തന്നെ ഇദ്ദേഹവും ബിസ്മിലിനെ പോലെ കവിതകൾ എഴുതുന്നു(വാർസി ,ഹസ്രത്ത് എന്നീ പേരുകളിൽ)…..ജ്യേഷ്ഠനായ റിയാസതുള്ള ഖാന്റെ സഹപാഠിയായിരുന്നു രാം പ്രസാദ് ബിസ്മിൽ. അയതിനാൽ അദ്ദേഹത്തിന്റെ കവിതകളെ കുറിച്ച് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളെകുറിച്ചും മനസ്സിലാക്കുന്നു.1922 ലെ ഒരു ഇന്ത്യൻ നാഷണൻ കോൺഗ്രസിന്റെ യോഗത്തിൽ വച്ച് ബിസ്മിലിനെ പരിചയപ്പെടുകയും പിന്നീട് ആജീവനാന്ത ആത്മസുഹൃത്തുക്കൾ ആയി തീരുകയും ചെയ്യുന്നു(ഒരേ ചിന്താഗതിക്കാരായ അവർ തമ്മിൽ ചേർന്നില്ലങ്കിലേ അത്ഭുതം ഉള്ളു! )…രണ്ടുപേരും അക്കാലത്തെ പ്രശസ്തമായ പല കവിഅരങ്ങുകളിലും പങ്കെടുത്തു പ്രസിദ്ധി നേടുന്നു..സൗഹൃദം ഊട്ടി ഉറപ്പിക്കാൻ അഷ്ഫഖുള്ള ഖാനും ബിസ്മിലിന്റെ തീവ്രവാദസംഘടനയായ ഹിന്ദുസ്ഥാൻ “റിപ്പബ്ലിക്കൻ അസോസിയേഷനിൽ” ചേരുന്നു ..…പുതിയതായി തുടങ്ങിയ ഈ സംഘടനക്ക് ആയുധങ്ങളും മറ്റു സൌകര്യങ്ങളും വാങ്ങിക്കുന്നതിന് വേണ്ടി പണം ആവശ്യമായി വന്നു …അതിനു വേണ്ടി അവർ ആസൂത്രണം ചെയ്ത പദ്ധതി ആയിരുന്നു നാം മുകളിൽ കക്കൊരി തീവണ്ടികൊള്ള …
.ഈ കൊള്ളയിൽ നിന്ന് അവർക്ക് ഏകദേശം 8000 രൂപ യോളം കിട്ടി(ഇന്നത്തെ ഏകദേശം 4 ലക്ഷം രൂപ)….കൊള്ളമുതലും ആയി അവർ ലക്നൗവിലേക്ക് രക്ഷപെട്ടു ..വിവരം അറിഞ്ഞ ബ്രിട്ടീഷ്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.!!! ..ആരാണ് ഇത് ചെയ്തതെന്ന് അവർക്ക് പിടികിട്ടിയില്ല….കുറ്റവാളികളെ പിടികൂടാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന റെഡിങ് പ്രഭുന്(Lord Reading)അവസാനം ബ്രിട്ടീഷ് പോലിസായ സ്കോട്ട് ലാൻഡ് യാർഡിനെ തന്നെ ആശ്രയിക്കേണ്ടി വന്നു …അതിലെ CID കൾ ഒരു മാസം കൊണ്ട് തന്നെ കുറ്റവാളികളെ കുറിച്ച് മനസ്സിലാക്കി …ട്രെയിൻ കൊള്ളയുടെ സുത്രധാരനും തലവനുമായ രാം പ്രസാദ് ബിസ്മിലിനെ ഉടനെ തന്നെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷാജഹാൻപൂരിൽ നിന്നും അറസ്റ്റു ചെയ്തു (സെപ്റ്റംബർ 26 ,1925).അങ്ങനെ ഈ സംഭവുമായി ബന്ധപ്പെട്ടു ഉടനടി ഏകദേശം 40 പേരെ പോലീസ് അറസ്റ്റു ചെയ്തു ..എന്നാൽ ബിസ്മിലിന്റെ കൂട്ടുകാരനായ അഷ്ഫഖുള്ള ഖാനെ അവർക്ക് പിടിക്കാൻ സാധിച്ചില്ല..തീവണ്ടികൊള്ള കഴിഞ്ഞു രക്ഷപെട്ട അഷ്ഫഖുള്ള ഖാൻ ആദ്യം ബനാറസിലും പിന്നീട് ബീഹാറിലേക്കും കടന്നു…അവിടെ ഒരു എഞ്ചിനീയറിംഗ് കമ്പനിയിൽ ഒന്പതു മാസത്തോളം ജോലിചെയ്തു…പിന്നീട് വിദേശത്ത് കടക്കാനായി ഡൽഹിയിൽ എത്തി ..അവിടെ ഒരു സുഹൃത്തിനോടൊപ്പം താമസിച്ച അദ്ദേഹത്തെ സുഹൃത്ത് തന്നെ ഒറ്റികൊടുത്തു…
അങ്ങനെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഡൽഹി പോലിസ് ആസ്ഥാനത്തേക്ക് കൊണ്ട് വന്നു.പോലീസ് സുപ്രണ്ട് ഒരു മുസ്ലിം ആയിരുന്നു..തസാടുക്ക് ഹുസൈൻ (Tasadduk Husain)..അയാൾ മുസ്ലിം സെന്റിമെന്റ് ഇറക്കി അഷ്ഫഖുള്ള ഖാനിൽ നിന്നും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു…ഹിന്ദുവായ ബിസ്മിലുമായി കൂട്ടുകുടുന്നത് മുസ്ലിങ്ങൾക്ക് അപകടകരം ആണ് എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു…അപ്പോൾ അഷ്ഫഖുള്ള ഖാൻ പറഞ്ഞ വാചകം ശ്രദ്ധേയമാണ്…”ഹുസൈൻ സാബ്, എനിക്ക് നിങ്ങളെക്കാളും വളരെ നന്നായി എന്റെ സുഹൃത്ത് ബിസ്മിലിനെ അറിയാം,അഥവാ നിങ്ങൾ പറഞ്ഞതുപോലെ അവൻ ഒരു ചീത്തവ്യക്തി ആണെങ്കിൽ തന്നെയും ഒരു മുസ്ലിമിന് ഒരിക്കലും ഹിന്ദുവിന്റെ മേൽകൊയ്മയിൽ ഒരു ബ്രിട്ടീഷ്കാരന്റെ വേലക്കാരനെപ്പോലെ കഴിയേണ്ടി വരില്ല”……..
…കേസന്വേഷണം 18 മാസത്തോളം നീണ്ടു….ഒടുവിൽ കേസിൽ വിധിപ്രഖ്യാപിച്ചു ….അഷ്ഫഖുള്ള ഖാനെയും കൂട്ടുകാരനായ ബിസ്മിലിനെയും ഉൾപെടെ 4 പേരെ വധശിക്ഷക്ക് വിധിച്ചു (ട്രെയിൻ കൊള്ള നടത്തിയത് ,വെറും 10 പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വേറെ പലർക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു)…. ഒരേ ദിവസം തന്നെ (ഡിസംബർ 19 ,1927) ആ ആത്മാർത്ഥ സുഹൃത്തുക്കളെ തൂക്കി കൊന്നു..പക്ഷെ രണ്ടു സ്ഥലങ്ങളിൽ വച്ച് എന്നു മാത്രം ….അഷ്ഫഖുള്ള ഖാനെ ഫൈസാബാദ് ജയിലിൽ വച്ചും ബിസ്മിലിനെ ഗൊരക് പൂർ ജയിലിൽ വച്ചും..
.അങ്ങനെ ആ രണ്ടു സുഹൃത്തുക്കളും ചരിത്രതാളുകളിൽ ഈടുറ്റ ഒരു അധ്യായമായി അവശേഷിച്ചുകൊണ്ട് എന്നന്നേക്കുമായി പിൻവാങ്ങി…ധീരദേശാഭിമാനികൾ ആയിരുന്നു രണ്ടുപേരും …ഇത്തരുണത്തിൽ അഷ്ഫഖുള്ള ഖാന്റെ ഡയറിയിലെ വാചകങ്ങൾ ഇവിടെ കുറിക്കട്ടെ ..”ഞാൻ മരിച്ചാൽ എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഒരു പക്ഷെ കണ്ണീരൊഴുക്കുമായിരിക്കും…പക്ഷെ ഞാൻ കണ്ണീരോഴുക്കുന്നത് അവർക്ക് ബ്രിട്ടീഷ്ഭരണത്തോടുള്ള നിസ്സംഗത മനോഭാവ ത്തെകുറിച്ച് ഓർത്തിട്ടായിരിക്കും.”
കടപ്പാട് – ചരിത്രങ്ങളിലൂടെ FB പേജ്.