കെഎസ്ആര്‍ടിസിയുടെ തിരുവല്ല – ബെംഗലൂരു സൂപ്പര്‍ ഡീലക്സ് ബസ് മറിഞ്ഞ് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്നും തിരുവല്ലയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയ്ക്ക് അടുത്തു വെച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനു കുറുകെ ചാടിയ ബൈക്ക് യാത്രികനെ രക്ഷിക്കുവാനായി ബസ് വെട്ടിച്ചപ്പോള്‍ ആണ് മറിഞ്ഞതെന്നു പറയപ്പെടുന്നു.
RPC 901 എന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളുപ്പിനെ തന്നെ വ്യാപകമായതോടെയാണ് ആളുകള്‍ സംഭവം അറിയുന്നത്. കെഎസ്ആര്‍ടിസിയുടെ ജനപ്രിയമായ സര്‍വ്വീസുകളില്‍ ഒന്നാണ് തിരുവല്ല – ബെംഗലൂരു സൂപ്പര്‍ ഡീലക്സ് ബസ്സുകള്‍. ഇതിലെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള സൌഹൃദത്തിന്റെ കഥകള്‍ സോഷ്യല്‍ മീഡിയ വഴി എല്ലാവര്ക്കും പരിചിതമാണ്. പുതിയ ബസ് ഇറങ്ങിയതിനു ശേഷം വലിയ അപകടങ്ങള്‍ ഒന്നും തന്നെ തിരുവല്ല ഡീലക്സ് ബസ്സുകള്‍ക്ക് സംഭവിച്ചിട്ടില്ല. ഈ സര്‍വ്വീസിലെ ജീവനക്കാര്‍ പരിചയ സമ്പന്നരും ഒപ്പം തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റവുമാണ് സര്‍വ്വീസില്‍ ഉള്ളതും.
ഇപ്പോള്‍ സംഭവിച്ച അപകടം ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. ഹൈവേയില്‍ നടന്ന അപകടത്തിനു ശേഷം ഓടിക്കൂടിയ മറ്റു യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.