സ്വകാര്യ ബസുകൾക്ക് സൂപ്പർക്ളാസ് പെർമിറ്റ് പുതുക്കി നൽകുന്നതിനായി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്ന പേരിലാണ് സ്വകാര്യ ബസുടമകളുടെ പെർമിറ്റ് പുതുക്കി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് 20ന് പുറത്തിറങ്ങി.
സ്വകാര്യബസുകൾ സൂപ്പർക്ളാസ് സർവീസ് നടത്തി വന്നിരുന്ന 241 റൂട്ടുകളിൽ 185 എണ്ണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തിരുന്നു. ഈറൂട്ടുകളിൽ പോലും ഇപ്പോൾ സർക്കാർ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകിയിയിക്കുകയാണ്. മറ്റ് റൂട്ടുകളിൽ നിലവിൽ സൂപ്പർ ക്ളാസ് പെർമിറ്റ് ഉള്ളവർക്ക് അതു തുടരും. സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസ് പെർമിറ്റുകൾ അനുവദിക്കുവാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കെ.എസ്.ആർ.ടി സിയുടെ മരണ വാറണ്ട് ആകുമെന്ന് കെ.എസ്.ആർ.ടി. ഇ എ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
കോടതി വിധികളുടെയും നിയമത്തിന്റെയും നഗ്നമായ ലംഘനമാണിത്. 1966 ൽ ദേശസാൽക്കരിച്ച സപ്ലിമെന്റേഷൻ സ്കീമിൽപ്പെട്ട റൂട്ടുകളിൽ സ്വകാര്യ പെർമിറ്റുകൾ അനുവദിച്ചതിനെതിരെ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഇത്തരം പെർമിറ്റുകൾ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഇതിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതി വരെ കേസ് നടത്തിയെങ്കിലും എല്ലാ വിധികളും അസോസിയേഷനും കെ.എസ്.ആർ.ടി.സിക്കും അനുകൂലമായിരുന്നു. എന്നിട്ടും സർക്കാർ സ്വകാര്യ ബസ് ലോബികളെ സഹായിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
News: Kerala Kaumudi