ഡൽഹിയും മണാലി യും കറങ്ങണം. ഞാനും ഭാര്യയും മാത്രമേ ഉള്ളൂ എന്നതായിരുന്നു പ്രധാന പ്രശ്നം. ഇവിടെ ഒരുപാട് സഞ്ചാരികൾ ബൈക്കിൽ ഭാര്യയെ കൂട്ടി നോർത്ത് ഇന്ത്യയിൽ പോകുന്നു എന്നറിയാം. എന്നെ സംബന്ധിച്ച് അവളെയും കൊണ്ട് ഒറ്റയ്ക്ക് പോകുക എന്നത് ഒരുപാട് ടെൻഷൻ തന്ന ഒരു കാര്യമാണ്. ഡൽഹി പോലുള്ള സ്ഥലത്തു ഞാൻ മാത്രം എന്റെ ഭാര്യയെ എന്ത് ഉറപ്പിൽ കൊണ്ട് പോകും എന്ന് ആലോചിച്ചു വിഷമിച്ചപ്പോൾ ആണ് പാക്കേജ് ടൂർ നോക്കിയാലോ എന്ന് ഒരു ഐഡിയ തോന്നിയത്. സാധരണ പാക്കേജ് ടൂർ നമുക്ക് നേരെചൊവ്വേ സ്ഥലങ്ങൾ കാണാൻ നല്ലതല്ല എന്നറിയാം എന്ന്നാലും ഇവിടെ പ്രശ്നം അവളുടെ സേഫ്റ്റി മാത്രം ആണെന്ന് വിചാരിച്ചു അങ്ങ് ബുക്ക് ചെയ്തു.
Himalayan Mysteries tours and travels 13500 രൂപയ്ക്ക് ഡൽഹി മണാലി വോൾവോ പാക്കേജ് തന്നു (ac വോൾവോ ബസിൽ് 2 പേർക്ക് ഡൽഹി മണാലി to and fro യാത്ര, 3 രാത്രിയും 4പകലും മണാലിയിൽ ഹോട്ടൽ താമസം, 3 ദിവസത്ത രാവിലത്തെ യും രാത്രിയിലെയും ഭക്ഷണം, 3 ദിവസം മണാലി കറങ്ങാൻ ആൾട്ടോ കാർ കൂടെ ഡ്രൈവർ ) ഇത്രയും ആണ് പാക്കേജ്. ഹോട്ടൽ നമുക്ക് തീരുമാനിക്കാം. അതനുസരിച്ചു 10500 മുതൽ 15000 വരെ പാക്കേജ് മാറും. ഞാൻ നെറ്റിൽ നോക്കി Apple green resort പാക്കേജ് തിരഞ്ഞെടുത്തു. ഹണിമൂൺ പാക്കേജ് ആയതു കൊണ്ട് ഒരു candle light ഡിന്നർ കൂടാതെ ഒരു ദിവസം ബെഡ് പൂക്കൾ കൊണ്ട് ഡെക്കറേഷൻ കൂടെ ഒരു കേക്ക് ഫ്രീ ആയിരുന്നു. 3 രാത്രിയും 2 ഗ്ലാസ്സ് ബദാം മിൽക്ക് വച്ചു കിട്ടും എന്നും പാക്കേജിൽ പറഞ്ഞു. ( ഹണിമൂൺ അല്ലാത്ത പാക്കേജ് റേറ്റ് അല്പം കുറവാണു ) itinerary full mail അയച്ചു തന്നു അവർ. കൊള്ളാമെന്നു തോന്നിയത് കൊണ്ട് ബുക്ക് ചെയ്തു അഡ്വാൻസ് 5500 ഓൺലൈൻ ആയി കൊടുത്തു. ബാക്കി നേരിട്ട് ഹോട്ടലിൽ അടയ്ക്കാൻ പറഞ്ഞിരുന്നു.
ഡൽഹിയിൽ ട്രെയിൻ ഇറങ്ങിയാൽ അന്ന് രാത്രിയിലേക്ക് നല്ലൊരു ഹോട്ടൽ goibibo യിൽ ബുക്ക് ചെയ്തു. ബ്രേക്ഫാസ്റ് ഉൾപ്പടെ ac റൂം 1000 രൂപ. ഡൽഹിയിൽ കറക്കം മുഴുവൻ Ola cabs വഴി ആണ് പ്ലാൻചെയ്തത്. ഡിസംബറിൽ തന്നെ പ്ലാനിങ് തുടങ്ങിയത് കൊണ്ട് മാർച്ച് 1 ലേക്ക് ട്രെയിൻ ടിക്കറ്റ് തേർഡ് AC കിട്ടാൻ എളുപ്പം ആയിരുന്നു. റിട്ടേൺ ഫ്ലൈറ്റ് delhi to tvm മാർച്ച് 9ന് 9000 രൂപയ്ക്ക് 2 പേർക്ക് ബുക്ക് ചെയ്തു. മണാലി യിൽ മാർച്ചിൽ പോകാൻ കാരണം തണുപ്പ് അപ്പോഴേക്കും കുറയും എന്നാൽ മഞ്ഞു വീഴ്ച കാണാനും പറ്റും എന്ന് കരുതിയാണ്. പല ഇടങ്ങളിൽ നിന്നായി ആവശ്യത്തിന് sweater, കൈയുറ, കോട്ട് എന്നിവ കരുതി. ബാഗ് ഒക്കെ പാക്ക് ചെയ്തു തമ്പാനൂർ നിന്നും മാർച്ച് 1 ബുധനാഴ്ച ഉച്ചക്ക് 2. 15 ഉള്ള നിസാമുദ്ദിൻ superfast ട്രെയിനിൽ കയറി.
കൊങ്കണ് പാത വഴി ആണ് ഈ ട്രെയിൻ. കാണാൻ ഒത്തിരി കാഴ്ചകൾ ഉണ്ട് ഈ റൂട്ടിൽ പോയാൽ. പക്ഷെ pantry car ഇല്ല എന്നുള്ള ഒരു കുറവുണ്ട് ഈ ട്രെയിനിൽ. അതിനാൽ 2 ദിവസത്തെ ഭക്ഷണം കൈയിൽ കരുതി. Ac ആയതിനാൽ ചൂട് അറിയാതെ യാത്ര ചെയ്യാൻ പറ്റി. 2 ദിവസം പോയത് അറിഞ്ഞില്ല. എന്റെ partner പ്രിയ ഉറങ്ങി തീർത്തു 2 ദിവസവും. നന്നേ തിരക്കുള്ള സ്റ്റേഷൻ ആയിരുന്നു നിസാമുദ്ദിൻ. പെട്ടിയും പ്രമാണവും കൂടെ കൈ വിടാതെ അവളെയും പിടിച്ചു ഉന്തി തള്ളി മേൽപാലം കയറി പുറത്തു ഇറങ്ങി. ഒരുപാട് ഓട്ടോ ഉണ്ടെങ്കിലും ആരും വലിയ ശല്യം ഉണ്ടാക്കിയില്ല.ഹിന്ദി നന്നായി സംസാരിക്കാൻ അറിയാം എന്നത് ഈ യാത്രയിൽ ഉടനീളം ഞങ്ങൾക്ക് ഉപകരിച്ചു എന്ന് പറയാതെ വയ്യ.
അവിടെ വച്ചാണ് ആദ്യത്തെ OLA car ബുക്കിങ്. എനിക്ക് ഒറ്റക്ക് അവളെയും കൊണ്ട് ഒരു ഓട്ടോയിൽ പോലും കയറാൻ പേടി ആയിരുന്നു എന്നതാണ് സത്യം. അതു കൊണ്ട് കാശ് അല്പം കൂടിയാലും യാത്ര മുഴുവൻ Ola യിൽ ആണ് ചെയ്തത്. ബുക്ക് ചെയ്തു 5 മിനിറ്റ് കൊണ്ട് കാർ വന്നു. Gajini സിനിമയിൽ സൂര്യയെ പോലെ മൊട്ട അടിച്ചു തലയിൽ ഒരു വെട്ടിന്റെ പാടും ഒക്കെയുള്ള ഒരു ഭീകരൻ ആയിരുന്നു ഡ്രൈവർ. അടുത്ത ദിവസം വൈകിട്ട് മണാലി യിൽ പോകാനുള്ള ബസ് സ്റ്റേഷൻ പരിസരത്ത് ആണ് ഇന്നത്തെ ഹോട്ടൽ ബുക് ചെയ്തത്.karol Bagh metro Station ആണ് സ്ഥലം. പോകുന്ന വഴി ഒക്കെ അതിമനോഹരം ആണ്. വിദേശത്ത് ഒക്കെ കാണുന്ന തരം പൂക്കൾ ഒക്കെ കൊണ്ട് ഒരുക്കി വച്ച നല്ല റോഡുകൾ ആണ് ന്യൂ ഡൽഹിയിൽ. A/C off ആക്കി window ഗ്ലാസ്സ് താഴ്ത്തി ഞങ്ങൾ ഒക്കെ നോക്കി ഇരുന്നു. planned city ആയതിനാൽ ആവണം newdelhi ഒരു കാണേണ്ട കാഴ്ച ആണ്. ഇന്ത്യ ഗേറ്റ് കൂടാതെ ഒട്ടനവധി എംബസി ഓഫീസ് എന്നിവ കണ്ടു. എവിടെ തിരിഞ്ഞു നോക്കിയാലും പൂക്കൾ. അവസാനം എത്തേണ്ട ഹോട്ടൽ കഷ്ടപ്പെട്ട് ഫോണിലെ map ൽ നോക്കി ഭീകരനും ഞങ്ങളും കണ്ടുപിടിച്ചു.
സഞ്ചാരം കാണുമ്പോൾ അതിൽ അനീഷ് punnen പീറ്റർ പറയും പോലെ നല്ല വൃത്തിയുള്ള റൂം ആണ് Vista Inn ഹോട്ടലിൽ. 937 രൂപയ്ക് goibibo നല്ലൊരു ഓഫർ ആണ് തന്നത്. കുളിച്ചു ഫ്രഷ് ആയി നേരെ നടന്നു എത്തിയത് ഒരു chowk ൽ. Chandni chowk എന്ന് കേട്ടിട്ടില്ലേ അതുപോലെ. റോഡിനു ഇരു വശവും കടയും തുണികൾ മാത്രം വിൽക്കുന്ന സ്റ്റാൻഡ് നിറഞ്ഞ പാതയും ഇടക്കിടെ സൈക്കിൾ റിക്ഷകളും. ന്യൂഡൽഹി കണ്ടിട്ടു ഓൾഡ് ഡൽഹി കണ്ടാൽ ഒരുപാട് വ്യത്യാസം ഉണ്ട്. ഇവിടെയാണ് യഥാർത്ഥ ഡൽഹി കാണാനാവുക. സംസ്കാരം ഭക്ഷണം എന്നിവ അന്നും ഇന്നും പുരാനി ദില്ലി ഒരുപോലെ കാക്കുന്നു. ഒരു road തിരിഞ്ഞു നോക്കിയപ്പോൾ Saravana Bhavan എന്ന് കണ്ടതും പ്രിയ എന്നേം വലിച്ചു കൊണ്ട് കയറി. ഡൽഹിയിൽ ആയിട്ടു പോലും ഇഡലി തിന്നേണ്ട അവസ്ഥ ആയി. പുറത്തു ഇറങ്ങി ഒരു juice ഷോപ്പിൽ നിന്നും ഒരു mango ഷേക്ക് വാങ്ങി. ഏതോ ഇനം മസാല കൂടി ഇട്ടു തന്നത് കാരണം അത് ഒടുവിൽ കൊണ്ട് കളഞ്ഞു. ഇരുട്ടി തുടങ്ങിയപ്പോൾ റൂമിലേക്ക് തിരിച്ചു പോന്നു.
പിറ്റേന്ന് വൈകിട്ട് വരെ സമയം ഉണ്ട് ഡൽഹി കാണാൻ. രാവിലെ checkout ചെയ്തു ബാഗ് reception ൽ ഏല്പിച്ചു നേരെ Ola പിടിച്ചു. Sarojini Nagar മാർക്കറ്റ് ആണ് ലക്ഷ്യം. യൂട്യൂബിൽ കണ്ടതാണ് ഈ മാർക്കറ്റിലെ ഷോപ്പിംഗ് നെ പറ്റിയുള്ള വീഡിയോ. വസ്ത്രങ്ങൾ വാങ്ങാൻ ഇതിലും വിലകുറച്ചു എവിടെയും കിട്ടുമോ എന്ന് അറിയില്ല. Ladies dress ഐറ്റംസ് 100 രൂപ തൊട്ടു കിട്ടും 1000 രൂപയ്ക് പ്രിയ 9 ചുരിദാർ ടോപ് വാങ്ങി.!!! 400 രൂപയ്ക് നല്ലൊരു dress വേറെയും വാങ്ങി. രാവിലെ പോയാൽ കൈനീട്ടം ആയതു കൊണ്ട് വിലപേശുക എളുപ്പം ആണ്. ഹിന്ദിയിൽ boni എന്ന് പറയും ആദ്യത്തെ വില്പന.ഹിന്ദിയിൽ സംസാരിക്കാൻ അറിയാത്ത സുഹൃത്തുക്കൾകും പോകാം.ബാർഗൈൻ ഇല്ലാതെ fixed price 100 എന്ന് വിൽക്കുന്ന കടകൾ അനവധി ആണ്.
ഷോപ്പിംഗ് കഴ്ഞ്ഞു നേരെ പോയത് ഹുമയൂൺ tomb കാണാനാണ്. ടിക്കറ്റ് എടുത്തു അകത്തു കയറി കാണാൻ ഒരുപാടുണ്ട് അവിടെ. വലിയ പൂന്തോട്ടം നിറയെ പൂക്കൾ ഇടക്ക് തണൽ മരങ്ങൾ… ഹുമയൂൺ ചക്രവർത്തിയുടെ കബറിടം കണ്ടാൽ നമ്മൾ നിശബ്ദരായി പോകും.എത്ര ചെറുതാണ് ആ കബർ. കൊട്ടാരംപോലുള്ള ഒരു കെട്ടിടത്തിൽ ആണെന്നെ ഉള്ളൂ.
ഉച്ചയായി ഇറങ്ങിയപ്പോൾ. നിസാമുദ്ദിൻ ദർഗ കാണാൻ ആഗ്രഹിച്ചത് കൊണ്ട് അവസാനം അവിടേക് പോയി. അവിടെ നിന്നും ആണ് ദില്ലി ബിരിയാണി കഴിച്ചത്. പ്രിയ തിരികെ നാട്ടിൽ വരുന്ന വരെയും തൈരും ചോറും അച്ചാറും മാത്രം കഴിച്ചു മാതൃക ആയി . അവൾക്കു north indian ഫുഡ് അത്ര ഇഷ്ടമല്ല. പുറത്ത് ഇറങ്ങി പ്രിയ ഒരു സൈക്കിൾ റിക്ഷ യിൽ കയറണം എന്ന് പറഞ്ഞു. കയറി. നല്ല വേഗത്തിൽ ആണ് അതു ഓടിക്കുന്നതു.
ഹോട്ടലിൽ നിന്നും ബാഗ് ഒക്കെ എടുത്തു ബസ് സ്റ്റാൻഡിൽ പോയപ്പോൾ പറഞ്ഞ പോലെ കുറെ വോൾവോ ബസ് കിടക്കുന്നു. സൽമാൻ ഖാന് ചിരിച്ചു നിൽക്കുന്ന പടമുള്ള ഒരു പാക്കറ്റ് ചിപ്സ് വാങ്ങി മണാലി സ്വപ്നം കണ്ട് ഞങ്ങൾ ബസിൽ ഇരുന്നു.
മണാലിയിൽ രാവിലെ 8 മണിയോടെ എത്തിച്ചേർന്നു. മെസ്സേജിൽ ഡ്രൈവറുടെ നമ്പർ തലേന്നേ കിട്ടിയത് കൊണ്ട് കുളു കഴിഞ്ഞതും വിളിച്ചു പറഞ്ഞിരുന്നു. കുളു കഴിഞ്ഞു 1 മണിക്കൂർ ദൂരമുണ്ട് മണാലിയ്ക്. മാർച്ച് ആയതു കൊണ്ട് ദൂരെ മലമുകളിൽ ഒക്കെ മഞ്ഞു കാണുന്നുണ്ടാ യിരുന്നു. ആദ്യമായി മഞ്ഞു കാണുമ്പോഴും തൊടുമ്പോഴും ഉള്ള ഒരു ഫീൽ ഉണ്ട്… പറഞ്ഞു അറിയിക്കാൻ പറ്റാത്ത ആ ഫീൽ ആയിരിക്കും ചിലപ്പോൾ നമ്മളെ ഹിമാലയത്തിലേക്ക് എത്തിക്കുന്നത്.
ബസ് നിർത്തി പുറത്തേക്കു ഇറങ്ങിയതും ഒരു തണുപ്പ് അസ്ഥിയിലൂടെ തുളച്ചു കയറി. ഡൽഹിയിൽ വച്ചു Sweater ഉം coat ഉം ഒക്കെ വലിയ ബാഗിൽ ആക്കി ബസിന്റെ പള്ളയിൽ വച്ചത് അബദ്ധം ആയി. എത്രയും വേഗത്തിൽ അതു വാങ്ങി sweater ഇടാൻ പെട്ട പാട് ഒന്നു കാണേണ്ടതായിരുന്നു. 5 മിനിറ്റ് കൊണ്ട് ഡ്രൈവർ രാകേഷ് Alto കാറിൽ വന്നു. ആദ്യം ഞങ്ങളെ നേരെ ഹോട്ടലിലേക്കു കൊണ്ട് പോയി. ഫ്രഷ് അപ്പ് ആയിട്ടു വിളിച്ചാൽ വരാമെന്നു പറഞ്ഞു അയാൾ പോയി. 3 നില ഉള്ള, റൂം തടി കൊണ്ട് ഡെക്കറേഷൻ നടത്തിയ നല്ലൊരു ഹോട്ടൽ ആണ് apple green resort. ആദ്യമായി ബാൽക്കണി യിൽ നിന്നും കണ്ട ഹിമാലയത്തിന്റെ കാഴ്ച!!! അപ്പോൾ തന്നെ സ്കൈപ്പിൽ വീട്ടിൽ വിളിച്ചു. എല്ലാരും കണ്ടു അസൂയപെടട്ടെ എന്ന് കരുതി കുറെ ഫ്രണ്ട്സ് നെയും വീഡിയോ call വിളിച്ചപ്പോൾ ആണ് ഞങ്ങൾക്ക് ആദ്യം ശ്വാസം വീണത്. മണാലിയിൽ ഞങ്ങൾ കണ്ട ഏറ്റവും നല്ല കാഴ്ചകളിൽ ഒന്നു ആ balcony വ്യൂ ആയിരുന്നു.
ഇന്നത്തെ ടൂർ പ്ലാൻ പ്രകാരം ആദ്യം ഹിഡുംബി ദേവി ടെംപിൾ ആണ്. ഒട്ടനവധി ദേവതാരു വൃക്ഷങ്ങൾ വാനോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന കാട്ടിൽ ആണ് തടി കൊണ്ട് നിർമിച്ച പുരാതനമായ ആ അമ്പലം. തുടർന്ന് നേരെ vashishta temple കാണാൻ പോയി. അവിടെ ചൂട് നീരുറവ കാണാൻ കഴിഞ്ഞു. ഉറവയിലെ ചൂട് വെള്ളം കുളം പോലെ ഉണ്ടാക്കി കുളിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട് അവിടെ. പ്രിയ ആണുങ്ങൾ കുളിക്കുന്ന ഭാഗത്തു അറിയാതെ കയറി പോയി തിരിച്ചു ഓടി ഇറങ്ങുന്നത് കണ്ടു.
പിന്നെ പോയത് mall റോഡിന്റെ അടുത്തുള്ള budhist monastery കാണാൻ ആയിരുന്നു. മനോഹരം ആയ ഒരു ബുദ്ധ ക്ഷേത്രം ആണത്. അവിടെ 2 നില ഉയരം ഉള്ള ഒരു ബുദ്ധ വിഗ്രഹം കാണേണ്ട കാഴ്ച ആണ്. രണ്ടാമത്തെ നിലയിൽ കയറിയാൽ മാത്രമേ ബുദ്ധ ദേവന്റെ മുഖവും ഭാവവും കാണാൻ പറ്റു. Mall റോഡ് ഒരു പ്രധാന ഷോപ്പിംഗ് പോയിന്റ് ആണ് മണാലിയിൽ. ഒരു റോഡിന്റെ ഇരു വശത്തും നിറയെ കടകൾ. കൈയുറ മുതൽ leather coat വരെ കിട്ടും. Momos എന്ന northeastern food try ചെയ്തു നോക്കി. കൊള്ളാം. അതു കഴിഞ്ഞു അല്പം കാരറ്റ് ഹൽവ യും. സന്ധ്യ ആകും തോറും തണുപ്പ് കൂടുകയേ ഉള്ളു. കൈയുറ ഇട്ടിട്ടും ജാക്കറ്റ് ഇട്ടിട്ടും നോ രക്ഷ. നേരെ ഹോട്ടലിലേക്ക് രാകേഷ് ഭായ് വണ്ടി വിട്ടു. പാക്കേജിലെ ആദ്യത്തെ free ഡിന്നർ അന്ന് കിട്ടി. ആദ്യത്തെ 2 ദിവസവും ഹോട്ടലിൽ ഗസ്റ്റ് കുറവായിരുന്നു അതിനാൽ buffet അല്ലാതെ മെനു കാർഡിൽ ഉള്ള എന്തും ഓർഡർ ചെയ്യാൻ പറ്റി. മൂന്നാം ദിവസം buffet ആയിരുന്നെങ്കിലും നന്നായിരുന്നു. ഭക്ഷണം ഒക്കെയും high standard പുലർത്തുന്നതായിരുന്നു. പ്രിയ വളരെ കുറച്ചു മാത്രം കഴിച്ചു ആ 3 ദിവസവും. 2 ദിവസം ഇടക്ക് പുറത്തു പോയി ചൂട് മാഗ്ഗി കഴിച്ചത് മാത്രം ആയിരുന്നു അവളുടെ വിശപ്പ് മാറ്റിയത്. ഒരുവിധം എല്ലാ ഡിഷിലും മല്ലിയില ഇടുന്നത് ആണ് അവൾക്ക് ഇഷ്ടപെടാത്തതിന് പ്രധാന കാരണം.
Candle light ഡിന്നർ +കേക്ക്, bed ഡെക്കറേഷൻ എന്നിവ രണ്ടാമത്തെ ദിവസം ആണെന്ന് പറഞ്ഞിരുന്നു.
രാത്രി തണുപ്പ് അസഹനീയം ആയിരുന്നു. എത്ര വസ്ത്രം ധരിച്ചാലും കാര്യമില്ല എന്നായി അവസ്ഥ. അവർ തന്ന ഗജാഗഡിയൻ പുതപ്പ് പോലും തണുപ്പിന് മുന്നിൽ തോറ്റു തുന്നം പാടി. (ഹിമാലയത്തിൽ ആയതു കൊണ്ടാണോ എന്നറിയില്ല ഒരു ഹിമാലയൻ അബദ്ധം പറ്റി എനിക്ക്. മൂന്നാം ദിവസം ചെക്ക് ഔട്ട് ചെയ്യാൻ നേരം റിസപ്ഷനിസ്റ്റ് ചോദിച്ചു റൂം ഹീറ്റർ വാങ്ങിയോ എന്ന്. ഞാൻ പറഞ്ഞു ചൂട് വെള്ളം ബാത്റൂമിൽ കിട്ടി അതാണോ ഉദ്ദേശിച്ചത് എന്ന്. അപ്പോൾ അയാൾ ഒരു stabilizer പോലത്തെ ഒരു സാധനം കാണിച്ചിട്ട് പറഞ്ഞു ഇത് കിട്ടിയോ എന്ന്. റൂം ഹീറ്റർ എന്നാൽ ഇങ്ങനെ ഒരു ഐറ്റം ആണ് എന്ന് ഞാനപോഴാണ് അറിയുന്നത്. വെള്ളം ചൂടാക്കുന്ന ഹീറ്റർ മാത്രമേ എന്റെ അറിവിൽ ഉണ്ടായിരുന്നുള്ളു. ചെക്കിൻ ചെയ്തപ്പോൾ ഇരുന്ന ചേച്ചി ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയില്ലല്ലോ എന്നോർത്ത് ഞാൻ കുണ്ഠിതപ്പെട്ടു പോയി. ഈ ഐറ്റം ഉണ്ടായിരുന്നെങ്കിൽ ഈ 3 ദിവസം ഞങ്ങൾ വിറച്ചു മരവിച്ചു ഉറങ്ങേണ്ടി വരില്ലായിരുന്നു. വാടക എത്ര കൊടുത്താലും വേണ്ടില്ലായിരുന്നു. സഞ്ചാരി സുഹൃത്തുക്കൾ റൂം ബുക്ക് ചെയ്യുമ്പോൾ ഇതൊന്നു ശ്രദ്ധിക്കുക.
രണ്ടാമത്തെ ദിവസം snow point വരെ ആണ് യാത്ര. ജൂലൈ കഴിഞ്ഞാലേ മഞ്ഞുരുകി റോഹ്തങ് പാസ്സ് കാണാൻ പറ്റു. Snow point എന്നാൽ മഞ്ഞു വീണു കിടക്കുന്ന ആദ്യത്തെ സ്ഥലം. അവിടെ ഒത്തിരി ആക്ടിവിറ്റീസ് ഉണ്ട്. Mountain ബൈക്ക് റൈഡിങ് സ്കീയിങ് എന്നിവ. മണാലിയിൽ നിന്നും പോകും വഴി ഡ്രൈവർ ഒരു കടയിൽ നിർത്തി. ഇവിടുന്നു നമ്മുടെ ഡ്രെസ്സിനു മുകളിൽ ഇടേണ്ട ഓവർ കോട്ടും വലിയ ബൂട്ടും കൈയുറയും വാടകയ്ക്കു വാങ്ങണം. എല്ലാം കൂടി 800രൂപയോളം ആയി.
മഞ്ഞു ആദ്യമായി തൊടുമ്പോൾ നമ്മൾ കുട്ടികൾ ആയി മാറിപ്പോകും. തലേന്ന് വീണത് ആയതിനാൽ ഉറഞ്ഞു കിടക്കുക ആണ് വെളുത്ത മഞ്ഞ്. അന്ന് പാരാഗ്ലൈഡിങ് ചെയ്യാൻ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. അപ്പോൾ ഡ്രൈവർ രാകേഷ് പറഞ്ഞു അതു നാളെ കുളുവിൽ പോകുമ്പോൾ ചെയ്യാം അതാണ് ബെറ്റർ എന്ന്. ഞാനതും കേട്ടു ബാക്കി ഐറ്റംസ് മാത്രം ഒന്നു ട്രൈ ചെയ്തു. 2000 രുപയ്ക് 3 തരം റൈഡിൽ കയറി ഞങ്ങൾ. കാശ് പോയത് മാത്രം മിച്ചം. ഇഷ്ടായില്ല ഞങ്ങൾക്ക് ഒന്നും.
പിന്നെ ഞാനും പ്രിയയും ഒരു മലയുടെ വശത്തുടെ കയറിപ്പോയി 2-3 മണിക്കൂർ സമാധാനമായി ഇരുന്നു. നല്ല വ്യൂ ആണ് അവിടെ നിന്നും. ദൂരെ ഹിമാലയം അങ്ങനെ 4 ദിക്കിലും തല ഉയർത്തി നില്കുകയാണ്. അതിനു മുന്നിൽ നമ്മൾ എന്തു മാത്രം ചെറുതാണ് എന്ന് ഓർമിപ്പിക്കുന്ന കാഴ്ച. കുറേ നേരം ഞാനും അവളും ഒന്നും മിണ്ടാതെ ചുറ്റും നോക്കി ഇരുന്നു. മണാലിയിൽ പോയതിൽ ഞങ്ങൾ ഏറ്റവും ആസ്വദിച്ചത് ഇളം വെയിലത്തു അന്ന് ഇരുന്നു അത്രയും സമയം ചിലവഴിച്ചതാണ്.
ഇറങ്ങാൻ നേരം മഞ്ഞിനോട് tata പറഞ്ഞു ഞങ്ങൾ മൊബൈൽ ക്യാമറ ടൈമർ വച്ചു കുറെ ഫോട്ടോസ് എടുത്തു. ഞാനവളെ എടുത്തു പൊക്കുന്ന നല്ലൊരു പോസ് അങ്ങനെ കിട്ടി. അന്ന് 3 മണിയോടെ റൂമിലെത്തി evening mall റോഡ് ഒന്നുടെ കറങ്ങി. വന്നു നോക്കിയപ്പോൾ ബെഡിൽ നിറയെ പൂക്കൾ കൊണ്ട് അലങ്കാരം കൂടെ നല്ല ഒരു കേക്ക്. തണുപ്പ് കാരണം പൂക്കൾ ഉള്ള പുതപ്പ് അതുപോലെ തൂക്കി ചുരുട്ടി താഴെ വച്ചു. കേക്ക് നന്നായിരുന്നു. ഡിന്നർ റൂമിൽ candle light ഒക്കെ ആയി കൊണ്ട് വന്നു. ബദാം മിൽക്ക് ഒരു ദിവസമേ കിട്ടിയുള്ളൂ. രണ്ടാമത്തെ ദിവസം കൊണ്ട് വന്നില്ല. മൂന്നാം നാൾ ഞാൻ ഓർമിപ്പിച്ചു എങ്കിലും അന്നും കിട്ടീല.
മൂന്നാം നാൾ കുളിച്ചു ബ്രേക്ഫാസ്റ് കഴിച്ചു കുളു കാണാൻ പോയി. മഞ്ഞുരുകി Beas നദിയിൽ വെള്ളം ഉണ്ടെങ്കിൽ അവിടെ റിവർ റാഫ്റ്റിങ് ഉണ്ട്. അതാണ് പ്രധാന ആകർഷണം. ഹോട്ടലിൽ ഒക്കെ നദിയിലെ trout എന്ന ഇനം മീനിനെ പിടിച്ചു വറുത്തു തരും. 300-600 രൂപ വരെ ആകും അതിനു. താഴ്വരകളും ആപ്പിൾ തൊട്ടങ്ങളും ഒക്കെയാണ് കുളുവിലെ പ്രധാന കാഴ്ച. കുളു അമ്പലം ഒരു വിസ്മയ കാഴ്ച ആണ്. ഗുഹ ക്ഷേത്രം ഇപ്പോൾ വികസിച്ചു 3-4 നിലയായി പണിതു എങ്കിലും ശ്രീകോവിലിൽ നമ്മൾ കുനിഞ്ഞു ഇഴഞ്ഞു കയറണം. തടി കൊണ്ട് ഇത്രയും കൊത്തുപണിയും അലങ്കാരവും ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. അത്രയും മനോഹരം ആണ് മണിയറ പോലെ തടി കൊണ്ട് ചെയ്ത ഓരോ ദേവന്മാർക് ഉള്ള ശ്രീകോവിലുകൾ. ദേവ ഭൂമിയിൽ ആണല്ലോ ഞങ്ങൾ അപ്പോൾ നില്കുന്നത് എന്ന് ഓർമിപ്പിക്കുന്ന ഒരു അമ്പലം. ( ഫോട്ടോ എടുക്കാൻ അനുവദിക്കില്ല അവിടെ ).പ്രസാദം ആയി ചോറും സബ്ജി യും കിട്ടിയത് നല്ല രുചിയോടെ പ്രിയ കഴിച്ചു.
അപ്പോൾ തുടങ്ങി മഴ. എന്റെ പാരാഗ്ലൈഡിങ് സ്വപ്നം അങ്ങനെ പോയിക്കിട്ടി. തിരിച്ചു പോകും വഴി മഞ്ഞു പെയ്യാൻ തുടങ്ങി. അതൊരു സംഭവമാണ്… കൈയിൽ കുഞ്ഞു മഞ്ഞു ശകലങ്ങൾ വീഴും.. അതു അലിയും.. മുഖത്ത് മഞ്ഞു വീഴുമ്പോൾ തണുപ്പാണെങ്കിലും അതൊരു സുഖമാണ്. എതിരെ വരുന്ന വണ്ടിയൊക്കെ മഞ്ഞു മൂടി ആണ് വരവ്. ഞങ്ങളുടെ ഹോട്ടൽ മഞ്ഞിൽ പുതച്ചു കിടക്കുന്നു. Snow പോയിന്റിൽ ഉള്ള പോലെ അല്ല ഇത്.. സോഫ്റ്റ് മഞ്ഞും ആ തണുപ്പും..അന്ന് മഞ്ഞു വീഴ്ച കാണാൻ പറ്റിയത് വലിയ ഭാഗ്യം ആയി കരുതുന്നു ഇപ്പോൾ.
ആ രാത്രി കാളരാത്രി ആയിരുന്നു. ഹീറ്റർ ഇല്ലാത്തതു കൊണ്ടും മഞ്ഞു പെയ്യുന്നത് കൊണ്ടും തണുത്തു വിറച്ചു മണാലി താമസം മതിയായി ഞങ്ങൾക്ക്. പിറ്റേന്ന് വൈകിട്ട് ആയിരുന്നു ബസ് . പകൽ ചുറ്റുപാടും ഒന്നു നടന്നു വെറുതെ. മഞ്ഞു വീണു ഉരുകി ചെളിയിൽ പുതഞ്ഞു റോഡ് കിടക്കുന്നു. കൂടെ മഴയും. Bus 5 മണിക്ക് എടുത്തു ഡൽഹിയിൽ march 9 nu രാവിലെ 5. 30 ണ് എത്തിച്ചു.
വൈകിട്ട് 3:30മണിക്കാണ് ഫ്ലൈറ്റ്. ഫ്രഷ് ആവാൻ മാത്രം പകൽ റൂം എടുക്കുന്നത് നഷ്ടം ആയതു കൊണ്ടും ആദ്യത്തെ വിമാനയാത്ര ആയതിനാൽ ടെൻഷൻ ഉള്ളതിനാലും ഒരു Ola cab പിടിച്ചു നേരെ എയർപോർട്ടിൽ പോയി. അവിടത്തെ ബാത്റൂമിൽ ഫ്രഷ് ആയി dress മാറി 9 മണിയോടെ ചെക്ക് in ചെയ്തു. ഇത്ര നേരത്തെ ആണല്ലോ എന്ന് പറഞ്ഞു ചിരിച്ചു ആ സെക്യൂരിറ്റി അകത്തു ഒരുപാട് കാണാനുണ്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞു. 3 മണി വരെ കറങ്ങി നടന്നു അവിടെ. ചെറിയൊരു ലുലു മാള് പോലെ ആണ് അവിടം. Food ഭീകര റേറ്റ് ആണെന്ന് ഒരു പ്രശ്നം ഉണ്ട്. വിമാനം വിറച്ചു കുലുങ്ങി ഉയർന്നു പൊങ്ങി പറന്നു തുടങ്ങി. ഇടക്കിടെ ഗട്ടെരിൽ വീണുള്ള ksrtc bus യാത്ര ആണോ എന്ന് തോന്നിപോയി കുലുക്കം തുടങ്ങിയപ്പോൾ. മേഘത്തിനു മീതെയുള്ള ഫ്ലൈറ്റ് യാത്ര ആസ്വദിച്ചു trivandrum എത്തിയത് അറിഞ്ഞില്ല. Takeoff പ്രിയ പേടിച്ചു പോയെങ്കിലും landing smooth ആയതു കൊണ്ട് യാത്ര ചിരിയോടെ അവസാനിച്ചു. ഓർമയിൽ ഒത്തിരി പൂക്കളും മഞ്ഞും പർവ്വതങ്ങളും തണുപ്പും ആകാശവും എന്നും ബാക്കിയായി..
വിവരണം – വിഷ്ണു കെ.ജി.