വളരെയേറെ പ്രത്യേകതകള്‍ ഉള്ളതും ലോകത്ത് മറ്റൊരിടത്ത് പോലും അതിനു സമാനമായ മറ്റൊന്ന് കാണാന്‍ കിട്ടാത്തതുമായ മനുഷ്യ നിര്‍മ്മിത കെട്ടിടങ്ങളെയോ അത് പോലെയുള്ള സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ട്രക്ചറുകളെയോ ആണ് സാമാന്യമായി ലോക മഹാത്ഭുതമെന്നു വിളിക്കാറ്… രണ്ട്, എന്താണ് ആലുവ ഫ്ലൈ ഓവറിനു ഈ പറഞ്ഞ ഗണത്തില്‍ പെടാനുള്ള യോഗ്യത ?
സാധാരണയായി പാലങ്ങള്‍ പണിയുന്നത് രണ്ടു കരകള്‍ തമ്മില്‍ പുഴ, തോട്, കായല്‍, തടാകം മുതലായവ കൊണ്ട് രണ്ടായി വേര്‍തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ അവയെ തമ്മില്‍ ബന്ധിപ്പിച്ചു പരസ്പര സഞ്ചാരം സാധ്യമാക്കാനാണ്. അല്ലെങ്കില്‍ രണ്ടു കരകള്‍ തമ്മിലോ രണ്ടു മലകള്‍ തമ്മിലോ വളരെ ആഴത്തിലുള്ള ഒരു ഭൂപ്രദേശം കൊണ്ട് വേര്‍തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ ആ ഉയര്‍ന്ന കരകളെ തമ്മില്‍ ബന്ധിപ്പിക്കാനും പാലം പണിയാറുണ്ട്. അതുമല്ലെങ്കില്‍ തിരക്കുള്ള ജംഗ്ഷനുകളെ ക്രോസ്സ് ചെയ്യാതെ ഗതാഗതം സാധ്യമാക്കാനും ഫ്ലൈ ഓവര്‍ എന്ന പേരില്‍ പാലം പണിയാറുണ്ട്. റെയില്‍ പാതകള്‍ റോഡുകള്‍ ഇവ മുറിച്ചു കടക്കുന്നത് ഒഴിവാക്കാനും പാലം പണിയാറുണ്ട്!..
എന്നാല്‍ ആലുവ ഫ്ലൈ ഓവറിന് മാത്രം സ്വന്തമായ പ്രത്യേകതകള്‍ അനവധിയാണ്. ലോകത്തു ആദ്യമായാണ് ഒരു ട്രാഫിക് സിഗ്നലില്‍ നിന്ന് മറ്റൊരു ട്രാഫിക് സിഗ്നലിലേക്ക് നിലവില്‍ ഉണ്ടായിരുന്ന നാല് വരി പാതയ്ക്ക് മുകളിലൂടെ അതിനു സമാന്തരമായി ഒരു ഫ്ലൈ ഓവര്‍ ഞങ്ങളുടെ സ്വന്തം ആലുവയില്‍ പണിയപ്പെട്ടത്. ഈ ഫ്ലൈ ഓവറിനു താഴെയായി ഒരു ജംഗ്ഷനോ ഇതിനു കുറുകെ ഒരു റോഡോ ഇല്ലെന്നു പറയുമ്പോള്‍ അത്ഭുതപ്പെടുന്നവരുടെ എണ്ണം കൂടും തീര്‍ന്നില്ല! ഈ ഫ്ലൈ ഓവര്‍ തുടങ്ങുന്ന സ്ഥലത്ത് നിന്ന് സര്‍വീസ് റോഡില്‍ കൂടി പോയാലും ഫ്ലൈ ഓവറില്‍ കൂടി പോയാലും ഫ്ലൈ ഓവര്‍ തീരുന്ന സ്ഥലത്ത് തന്നെയാണ് എത്തുന്നത് എന്നറിയുമ്പോള്‍ അത്ഭുതം കൊണ്ട് കണ്ണ് നിറഞ്ഞു പോകും. സര്‍വീസ് റോഡിലൂടെ പോകുന്നതിനേക്കാള്‍ അര കിലോമീറ്റര്‍ ദൂരക്കൂടുതല്‍ ഉണ്ടെന്നേ ഒള്ളൂ എന്താ മൊത്തത്തില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നില്ലേ…
മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൂടാതെ ആലുവ മേല്‍പ്പാലം ചെയ്യുന്ന സേവനങ്ങള്‍ അനവധിയാണ് മേനകാ ഗാന്ധിയുടെ മാനസ സന്തതികളായ തെരുവ് പട്ടികള്‍, കന്നുകാലികള്‍, അന്യ സംസ്ഥാന ചരക്കു ലോറികള്‍, ലോക്കല്‍ പൗരന്മാരുടെ വണ്ടികള്‍, ഇപ്പോള്‍ മെട്രോ പണിയുന്ന കമ്പനിയുടെ നിര്‍മ്മാണ യന്ത്രങ്ങള്‍, വീടും മേല്‍വിലാസവും ഇല്ലാത്ത നാടോടികള്‍ അങ്ങനെ എത്രയെത്ര വിഭാഗങ്ങളുടെ തണലും വീടും ആശ്രയവുമാണീ മേല്‍പ്പാലം. പച്ചക്കറികള്‍, ആക്രി സാധനങ്ങള്‍, മത്സ്യം, ജീവനുള്ളതും അല്ലാത്തതുമായ മാംസം തുടങ്ങി എന്തെല്ലാം വാണിഭങ്ങളാണ് ഇതിനു കീഴില്‍ നടക്കുന്നത് എന്ന് എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പൊതുയോഗങ്ങള്‍ നടത്താനും പാലത്തിന്റെ താഴെയുള്ള ഭാഗം ഉപയോഗിക്കപ്പെടുന്നു. നഗര പ്രദേശത്ത് പൊളിക്കപ്പെടുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, നഗര ജീവികളായ പകല്‍ മാന്യന്മാരുടെ ഗാര്‍ഹിക മാലിന്യം മുതലായ സകല മാലിന്യങ്ങളും ഒരു പരാതിയും കൂടാതെ ഈ മേല്‍പ്പാലം ഭദ്രമായി ശേഖരിച്ചു വെക്കുന്നു.
എറണാകുളത്തു നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുമ്പോൾ ഹൈവേ ജങ്ക്ഷനിലെ സിഗ്നൽ ലൈറ്റ് അതിലും അതിശയകരമാണ്. ആദ്യം വലത്തോട്ട് പോകാനുള്ള പച്ച സിഗ്നലിനൊപ്പം നേരെ പോകാനുള്ള പച്ച സിഗ്നലും തെളിയും. ഈ സമയത്തു സർവീസ് റോഡിന്റെ മുൻപിലുള്ള വലതു വശത്തേക്കുള്ള പച്ച സിഗ്നലും തെളിയും. അപ്പോൾ സർവീസ് റോഡിൽ കാത്തു നിൽക്കുന്ന വണ്ടികൾ അനങ്ങരുത് (ഇതു ബുദ്ധിപൂർവ്വം മനസിലാക്കിക്കൊള്ളണം). ഈ സമയത്ത് മേൽപ്പാലം കയറി വലതു വശത്തു നിർത്തിയ വണ്ടികൾക്ക് മാത്രം ടൗണിലേക്ക് പോകാം. വീണ്ടും ചുവപ്പ് കഴിയുമ്പോൾ ഇതേ പച്ച ലൈറ്റുകൾ തെളിയുമ്പോൾ സർവീസ് റോഡിലെയും മെയിൻ റോഡിലെയും വണ്ടികൾക്ക് ടൗണിലേക്ക് പോകാം. ഇതൊക്കെ മനസ്സിലാക്കിയാണ് ആലുവയിലെ പാവം ഡ്രൈവർമാർ ഈ സിഗ്നലിൽ വണ്ടി ഓടിക്കുന്നത്. അതിശയം തോന്നുന്നില്ലേ.
ഇത്രയുമേറെ പ്രത്യേകതകള്‍ ഉള്ള ഈ മേല്‍പ്പാലം ലോകമഹാത്ഭുതമായി ഗണിച്ചില്ലെങ്കില്‍ പിന്നെ എന്താണ് ലോകമഹാത്ഭുതമായി കണക്കാക്കാനാവുക….ഈ പാലത്തിന്റെ ശില്പികളെ റീത്ത് വച്ച് ആദരിക്കേണ്ടതാണ്.
Tail Piece : വികസന കാര്യങ്ങളിലെ പ്ലാനിങ്ങിന്റെ കുറവ്, ദീര്‍ഘ വീക്ഷണമില്ലായ്മ, കെടുകാര്യസ്ഥത എന്നിവയുടെ ഉത്തമ മാതൃകയായി ഇവനങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ. ഈ മേല്‍പ്പാല നിര്‍മ്മാണത്തിന് പിന്നില്‍ അഴിമതി താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു വികസനത്തെ പറ്റി ഒരു ധാരണയുമില്ലാത്ത ബ്ലഡി കണ്ട്രി മലയാളീസ് പറഞ്ഞു നടക്കുന്നുണ്ട്. ഞാന്‍ അത് വിശ്വസിക്കൂല്ല…….പുലിവാല്‍ക്കല്യാണം സിനിമയില്‍ സലിം കുമാറിന്റെ മണവാളന് പറയുന്നത് പോലെ “as well as the reason is possible; ഏത്! ???
കടപ്പാട് – വാട്സ് ആപ്പ്