ചെലവു കുറച്ച് ഒരു യാത്രപോകാം; അന്ധകാരനഴി ബീച്ചിലേക്ക്..

ആലപ്പുഴ ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രവും കടപ്പുറവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2004 ഡിസംബർ 26-ന് ഉണ്ടായ സുനാമിയിൽ ഇവിടെ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. 1960-കളിൽ കേരള ഇറിഗേഷൻ വകുപ്പ് അന്ധകാരനഴിയിൽ കാർഷിക സുരക്ഷയ്ക്കായി സ്പിൽവേ സ്ഥാപിച്ചിട്ടുണ്ട്. അന്ധകാരനഴി ബീച്ചിൽ എല്ലാ വർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു. ഇവിടെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കേപ്പാലം, ബീച്ച് ടൂറിസം പദ്ധതികൾ, ലേലഹാൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.

അന്ധകാരനഴി , ഈ പേര് കേൾക്കുബോൾ നിങ്ങൾക്കുണ്ടായ അതേ ആകാംക്ഷയാണ് എന്നെയും ഈ സ്ഥലത്തേക്ക് എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തെ പെട്ടന്നുള്ള ഒരു തീരുമാനമായിരുന്നു ഈ യാത്ര. എറണാകുളത്തുനിന്നുമായിരുന്നു യാത്ര തുടങ്ങിയത്. തോപ്പുംപടി-കണ്ണമാലി-ചെല്ലാനം വഴിയായിരുന്നു പോയത്. കടലിനോട് ചേർന്നു കിടക്കുന്ന ഈ വഴി ആലപ്പുഴ വരെ അങ്ങനെ നീണ്ടുനിവർന്നുകിടക്കുന്നു.. ഇടതു സൈഡിൽ കടലും , വലതു സൈഡിൽ കായലും കെട്ടുകളുമാണ്.

വള്ളവും വളയുമായി കുശലംപറഞ്ഞു വഴിയരുകിൽ നിരവധി ആളുകളുണ്ട്…. ചെറിയ ഫിഷിങ് ഹാർബർ , മത്സ്യസംസ്കരണ പ്ലാന്റ് എന്നിവയുമുണ്ട് പോകുന്നവഴി. കടലിനോട് വളരെ അടുത്തായി വീടുകൾ ഒത്തിരിയുണ്ട് ഇവിടെ , ഒരു വലിയ തിര അടിച്ചാൽ വെള്ളം മുറ്റത്തെത്തും. ഓഖി ചുഴലിക്കാറ്റിനെ ഒരു നിമിഷം ഓർത്തു ഞാൻ.. ഇടയ്ക് വണ്ടി നിർത്തി , പഴയ ഒരു കൊച്ചു പയ്യന്റെ സംശയം തീർക്കാൻ , കടൽഭിത്തി എങ്ങനിരിക്കും എന്നു നോക്കാൻ. ആ കരിംകല്ലിന്റെ മുകളിലൊക്കെ വലിഞ്ഞുകേറി. അതു നമ്മൾ വിചാരിച്ച പോലെ ഭിത്തി ഒന്നുമല്ലട്ടോ……….!

അങ്ങനെ ബീച്ച് എത്തി……. ഇതാണ് അന്ധകാരനഴി ബീച്ച് , പേരുപോലെയല്ല പൊതുവെ ശാന്തനാണ്.. ആളുകൾ കുറവാണ്…. എന്നാൽ മനോഹരിതയ്ക് ഒട്ടും കുറവുമില്ല….വൃത്തിയുള്ള ബീച്ചാണ്. കുട്ടികൾക്ക് ( ചില മുതിർന്നവർക്കും ) വെള്ളത്തിൽകളിക്കാൻ പറ്റിയ സ്ഥലമാണ്. അങ്ങിങ്ങായി കുട്ടികൾ അവരുടെ കലാപരിപാടികൾ തുടരുന്നുണ്ട്. മറ്റുചിലർ സെൽഫിയെടുത്തു സ്വയം ആത്മനിർവൃതിയടയുന്നു.



മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ കടൽ നമ്മുടെ അതേ ഉയരത്തിൽ പോലെ ഉള്ളതായി തോന്നും. സീ ലെവലിന് വളരെ അടുത്താണെന്നു തോന്നുന്നു ഈ ബീച്ച്. ഞാൻ കുറച്ചുനേരം എന്തൊക്കെയോ മണലിൽ എഴുതിയിട്ടു…( ബീച്ചിൽ ചെന്നാലുള്ള സ്‌ഥിരം പരിപാടിയാണ് ) എല്ലാം കടലമ്മ തന്നെ മായച്ചുകളഞ്ഞു. അപ്പോളേക്കും വീട്ടിൽനിന്നും വിളി വന്നു. ഇപ്പൊ വരാം….. എന്നുപറഞ്ഞിറങ്ങിയതാണ്……..!!! എനിക്ക് ഇന്‍ ഒന്നേ പറയാനുള്ളൂ… “പണവും സമയവുമൊന്നുമല്ലടോ മനസ്സാണ് , മനസ്സാണ് യാത്രയ്ക്ക് വേണ്ടത്.”

മിനി ഹാർബർ, മനക്കോടം ലൈറ്റ് ഹൗസ്, കായലും കടലും ചേരുന്ന അഴിമുഖം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. മുപ്പത് വർഷ മുൻപാട് ഇവിടെ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. അതിന് മുൻപ് ഇവിടെ സമുദ്ര സഞ്ചാരികൾക്ക് വഴികാട്ടിയായി ദീ‌പ സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു. പ്രദേശമുഴുവൻ അന്ധകാരം മാത്രമായിരിക്കും. അങ്ങനെയാണ് ഈ സ്ഥലത്തിന് അ‌ന്ധകാരനഴി എന്ന പേര് വന്ന. ആന്ധകാരം അഴി എന്നി വാക്കുകൾ ചേ‌ർന്നാണ് ഈ വാക്കുണ്ടായത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ മനക്കോടം ലൈറ്റ് ഹൗസിന് സമീപത്ത് എത്തിച്ചേരാം. കൊച്ചിയിൽ നിന്ന് കൊച്ചി ആലപ്പുഴ പാതയിലൂടെ 30 കിലോമീറ്റർ ‌യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം. കൂടാതെ ദേശീയ പാത 47 ലൂടെ സഞ്ചരിക്കുന്നവർക്ക് പട്ടണക്കാട് എത്തിച്ചേർന്നാൽ. ടൗണിൽ നിന്ന് 3 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്.

കടപ്പാട് – റിജോ ജോണ്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply