ഈ ലേഖനം എഴുതി തയ്യാറാക്കിയത് – സജി മാർക്കോസ്.
ബെൽഗ്രേഡ്, സെർബിയ 1943. സെർബിയൻ രഹസ്യപ്പോലീസ് മേധാവി താസിയൊയും ഉറ്റസുഹൃത്ത് സാരോ മെലിക്കിയനും പതിവായി വേട്ടയ്ക്ക് പോകുന്ന വഴിൽ ഇറങ്ങി നടക്കുകയാണ്. അസാമാന്യ ധൈര്യശാലിയും ഷാർപ്പ് ഷൂട്ടറുമായ മെലിക്കിയനോട് വളരെ ഗൗരവതരമായ ചില കാര്യങ്ങൾ ചോദിച്ചറിയുവാനുണ്ട് എന്നാണ് താസിയോ പറഞ്ഞിരുന്നത്. “തുർക്കി ഇന്റെലിജന്റ്സ് ഏജൻസി സോഗാമൻ ടെയിലീരിയൻ എന്ന അർമ്മേനിയൻ വംശജനെ തിരയുന്നു“ മുഖവുര ഒന്നും കൂടാതെ തസിയോ പറഞ്ഞു. “അയാൾ ബെൽഗ്രേഡിൽ താമസിയ്ക്കുന്നു എന്ന് അവർക്ക് വിവരം ലഭിച്ചിട്ടുണ്ട്. അങ്ങിനെ ഒരാൾ ഇവിടെയുണ്ടെങ്കിൽ ഞങ്ങളറിഞ്ഞോ അറിയാതെയോ അയാൾ കൊല്ലപ്പെടും“
മെലിക്കിന്റെ പ്രതികരണത്തിനു കാത്തു നിൽക്കാതെ താസെ തുടർന്നു, “അതു താങ്കളാണെന്ന് ഞാൻ സംശയിക്കുന്നു- സത്യം തുറന്ന് പറഞ്ഞാൽ ഒരു പക്ഷേ, എനിയ്ക്ക് താങ്കളെ സഹായിക്കാനാകും“ കഴിഞ്ഞ ഇരുപതുകൊല്ലമായി പരിചയമുണ്ടായിരുന്ന താസയെ മെലിക്കിനു തെല്ലും സംശയം തോന്നിയില്ല. കഴിഞ്ഞ കുറെ മാസങ്ങളായി തന്നെ ചുറ്റിപ്പറ്റി അസ്വഭാവികമായി എന്തോക്കെയോ സംഭവിയ്ക്കുന്നുണ്ട് എന്ന് മെലിക്കിനു തോന്നിയിരുന്നു. ഏതാണ്ട് നാലോളം പുതിയ വ്യക്തികൾ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിയ്ക്കുവാൻ ശ്രമിച്ചതും മെലിക്ക് ശ്രദ്ധിച്ചിരുന്നു. പുതിയ വ്യക്തികൾക്ക് അംഗത്വം കൊടുക്കാൻ വിസമ്മതിയ്ക്കുന്ന ഹണ്ടിംഗ് അസോസിയേഷനിൽ ഉന്നത ശുപാർശയുമായി ഒരാൾ അംഗത്വം നേടിയതും, അയാൾ മെലിക്കിന്റെ കൂടെ വേട്ടയ്ക്ക് പോകുവാൻ പ്രത്യേക താല്പര്യം കാണിച്ചതും അസ്വാഭാവികമായി തോന്നിയിരുന്നു.
സംശയങ്ങളെല്ലാം ശരിയായി വന്നിരിയ്ക്കുന്നു. അപകടം തൊട്ടു മുന്നിൽ എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. രണ്ട് പതിറ്റാണ്ട് ഒളിച്ച് വച്ചിരുന്ന രഹസ്യം മെലിക് കൂടുതലൊന്നും ആലോചിയ്ക്കാതെ താസയ്ക്ക് മുന്നിൽ വെളിപ്പെടുത്തി. “അതെ, ഞാനാണ് സോഗാമൻ ടെയിലീരിയൻ.“ താസ ഒട്ടും പ്രതീക്ഷിയ്ക്കാത്ത മറുപടിയായിരുന്നു അത്. “അപ്പോൾ താലാത് പാഷയെ വെടിവച്ച് കൊന്നത്?” “അതെ, ഞാൻ തന്നെ- പക്ഷേ, ഞാൻ കൊലപതകിയല്ല. അയാളാണ് കൊലപാതകി“ ഇരുപത്തി ഒന്ന് കൊല്ലം മുൻപ് അതായത് 1922, ജൂൺ 4 ആം തീയതി ബെർളിൽ കോടതിയില്പറഞ്ഞ അതേ വാചകം അയാൾ ആവർത്തിച്ചു.
“എന്റെ മനസാക്ഷി എന്നെ കുറ്റം വിധിയ്ക്കുന്നില്ല. “ “എന്റെ അമ്മയും സഹോദരനും മൂന്നു സഹോദരിമാരും ഉൾപ്പടെ കുടുംബത്തിലെ എൺപത്തി അഞ്ച്ചുപേരുടെയും അവരോടൊപ്പം കൊല്ലപ്പെട്ട പതിനെട്ടു ലക്ഷം നിസ്സഹായരും നിരായുധരുമായിരുന്ന അർമ്മേനിയക്കാരുടെയും രക്തത്തിനു ഞാൻ പകരം ചോദിച്ചു. എന്റെ ജനത്യ്ക്കുവേണ്ടി പ്രതികാരം ചെയ്യുന്നതിനാണ് ഞാൻ ജനിച്ചത്.” അപ്രതീക്ഷിതമായ വാർത്ത കേട്ട് അമ്പരന്നിരുന്ന താസയോട് ഒന്നാം ലോകമഹാ യുദ്ധക്കാലത്ത് ഒട്ടോമാൻ ഭരണകൂടം നടത്തിയ അർമ്മേനിയൻ വംശഹത്യയുടെ ചരിത്രം സോഗാമൻ വിവരിച്ച് പറഞ്ഞു കേൾപ്പിച്ചു.
1909 ൽ ആണ് ചെറുപ്പക്കാരായ മുന്നു പാഷാമാർ തുർക്കിയിലെ ഓട്ടോമാൻ ഭരണ കൂടത്തിന്റെ തലപ്പത്ത് എത്തിയത്. യംഗ് തുറുക് (യുവ തുർക്കികൾ) എന്ന പേരിൽ അറിയപ്പെട്ട, മൊഹമ്മെദ് തലാത് പാഷ (ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി ഉണ്ടായിരുന്ന പ്രധാനമന്ത്രി) ഇസ്മായേൽ എൻവർ പാഷാ (യുദ്ധകാര്യ മന്ത്രി) അഹ്മെദ് ദെജ്മൽ പാഷ ( നാവികസേനാ വകുപ്പ് മന്ത്രി) എന്നിവരെ അർമ്മേനിയക്കാർ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. കാരണം ലോകത്തിലെ ആദ്യത്തെ ക്രിസ്റ്റ്യൻ രാജ്യമായിരുന്ന അർമ്മേനിയക്കെതിരെ തുർക്കിയിലെ ഇസ്ലാം ഭരണകൂടം വിവേചനപരമായ നടപടികൾ തുടങ്ങിയിട്ടു കാലങ്ങളായിരുന്നു. ഭൂമിശാസ്ത്രപരമായി വേർതിരിയ്ക്കാനാകാത്തവിധം ഇരുരാജ്യങ്ങളും ചേർന്ന് കിടന്നിരുന്നതുകൊണ്ട്, അർമ്മേനിയക്കാർ തുർക്കിയിലെ മിക്ക പട്ടണങ്ങളിലും ധാരാളമുണ്ടായിരുന്നു. പുരാതന ക്രിസ്ത്യൻ ആശ്രമങ്ങളും, കൽദായ പള്ളികളും , അർമ്മേനിയൻ പള്ളികളും നിറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ പാർത്തിരുന്ന അർമ്മേനിയക്കാർ തികഞ്ഞ ദൈവവിശ്വാസികളും പൊതുവേ ശാന്തപ്രകൃതരും വിദ്യാസമ്പന്നരുമായിരുന്നു. ഓട്ടോമാൻ ഭരണകാലത്ത് അർമ്മേനിയ തുർക്കിയുടെ ഭരണത്തിൽ കീഴിലായിരുന്നു. പക്ഷേ യുവ തുർക്കികൾ അധികാരത്തിലെത്തിയപ്പോൾ കാര്യങ്ങൾ അർമ്മേനിയക്കാർ വിചാരിച്ച നിലയിലല്ല പുരോഗമിച്ചത്.
യുവ തുർക്കികൾ അധികാരസ്ഥാനങ്ങളിൽ എത്തിയതോടെ കുപ്രസിദ്ധമായ “തുർക്കിഫിക്കേഷൻ” നടപടികൾ ആരംഭിച്ചു. സർക്കാർ ജോലികളിൽകളിൽനിന്നും അർമ്മേനിയക്കാരെ പിരിച്ചുവിട്ടു, കൂട്ടമായി താമസിയ്ക്കുന്ന ഇടങ്ങളിൽ നിന്നും പാലായനം ചെയ്യുവാൻ കൽപ്പന ഇറക്കി. സോവിയറ്റ് അധിനതയിലായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബൂൾ) കരിങ്കടലിലൂടെയുള്ള സമുദ്രയാത്രയെ നിയന്ത്രിയ്ക്കുന്ന തന്ത്രപ്രധാനമായ പ്രദേശമായിരുന്നു. തുർക്കിയുടെ ശത്രു രാജ്യമായിരുന്ന റഷ്യയ്ക്ക് അർമ്മേനിയക്കാർ സഹായം നൽകുമെന്ന് അവർ ഭയന്നു. ധാരാളം അർമ്മേനിയക്കാർ വസിയ്ക്കുന്ന കോൺസ്റ്റാന്റിനോപ്പിൾ സോവിയറ്റ് അധീനതയിലാകുന്നത് തുർക്കികൾക്ക് ചിന്തിക്കാനാമകുമായിരുന്നില്ല. . അതിലുപരിയായി ക്രിസ്ത്യാനികക്കെതിരെ ദേശീയ വികാരം ഉണർത്തുന്നതിൽ മതാധികാര ഭരണകൂടമായിരുന്ന ഓട്ടോമാൻ സാമ്രാജ്യം വിജയിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അധിനിവേശത്തിനു മതവികാരത്തോടൊപ്പം കപടദേശീയതകൂടി ഉണർത്തിയാൽ മതിയെന്ന് അറിയാമയിരുന്നു നിഷ്ഠൂരന്മാരായ ഭരണകർത്താക്കൾ നൂറുകൊല്ലം മുൻപും ഈ ഭൂമിയിൽ ജീവിച്ചിരുന്നു! അർമ്മേനിയയിലെ അന്യമതസ്ഥർക്ക് അമിതമായ നികുതി ഏർപ്പെടുത്തി, ക്രിസ്ത്യാനികൾക്കും യഹൂദന്മാർക്കും കോടതിയിൽ പ്രവേശനം നിഷേധിച്ചു, മൃഗവാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി. എല്ലാ തരത്തിലും രണ്ടാം തരംപൗരന്മാരായി അവരെ പരിഗണിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ അർമ്മേനിയക്കാരെ കൂട്ടസംഹാരം നടത്തുവാൻ ഇതു തന്നെ നല്ല അവസരം എന്ന് യംഗ് തുർക്കികൾ മനസിലാക്കി.
25 ഏപ്രിൽ , 1915. ഞായറാഴ്ച – അർമ്മേനിയൻ വംശഹത്യയുടെ ആരംഭം കുറിച്ചത് അന്നായിരുന്നു. അതായത് ഇന്നേക്ക് ഏതാണ്ട് 104 കൊല്ലം മുൻപ്. അന്നു രാത്രിയിൽ കോൻസ്റ്റാന്റിനോപ്പിളിൽ താമസിച്ചിരുന്ന അർമ്മേനിയ്ക്കാരായിരുന്ന സാമൂഹികപ്രവർത്തകൾ , ഡോക്ടർമാർ, എഴുത്തുകർ തുടങ്ങിയ 250 പേരെ ഓട്ടോമാൻ സർക്കാരിന്റെ രഹസ്യപ്പോലീസ് അറസ്റ്റു ചെയ്തു. ഒരു വിചാരണയും കൂടാതെ അവരെ വധിച്ചു.തുടർന്ന് 1915 മുതൽ 1918വരെ ഓട്ടോമാൻ ഭരണകൂടം അർമ്മേനിയക്കാരെ കൂട്ടമായി കൊന്നൊടുക്കി. സ്ത്രീകളെ കൂട്ടം കൂട്ടമായി നഗ്നരാക്കി കുരിശിൽ തറച്ച് കൊന്നു. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും സിറിയൻ മരുഭൂമിയിലെ തടവറയിലേയ്ക്ക് ഡെത് മാർച്ച് നടത്തിച്ചു. പട്ടിണിയും ദാരിദ്ര്യവും പീഡനവും നിമിത്തം യാത്ര തുടങ്ങിയ ആരും തന്നെ തടവറയിൽ എത്തിയില്ല.
സിറിയയിലേയ്ക്കുള്ള ഡെത് മാർച്ചിൽ ബോധരഹിതയായ വീണുപോയ അമ്മയുടെ അരികിൽ ബാലനായ സോഗാമൻ ഇരുന്നു- ഒന്നും രണ്ടുമല്ല, നാലു ദിവസം. കുടിവെള്ളമില്ലാതെ അവന്റെ കണ്മുൻപിൽ വച്ച് അമ്മ മരിച്ചു. അമ്മയുടെ ശരീരം ചീഞ്ഞു തുടങ്ങി. അവിടവിടങ്ങളിലായി കിടക്കുന്ന ജീവനറ്റ ശരീരങ്ങൾ. നടക്കുവാനോ കരയുവാനോ ഉള്ള ആരോഗ്യമില്ല. ചുറ്റും ചുട്ടുപൊള്ളുന്ന മണൽ പരപ്പ് മാത്രം. മരിച്ച്കിടക്കുന്നവരുടെ ശവശരീരത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ തിരഞ്ഞുവരുന്ന തുർക്കിപട്ടാളക്കാരെ ഒളിഞ്ഞ് സോഗാമൻ മണലിൽ കമിഴ്ന്ന് കിടന്നു. നാലാം ദിവസം അഴുകി തുടങ്ങിയ അമ്മയുടെ ശവശരീരമുപേക്ഷിച്ച് സോഗാമൻ സിറിയൻ മരുഭൂമിയിലേയ്ക്ക് ഓടിപ്പോയി. മരിയ്ക്കുവാനല്ലായിരുന്നു സോഗാമന്റെ നിയോഗം. ഒരു പകരം വീട്ടലിനുവേണ്ടി അവന്റെ ശരീരത്തിൽ ജീവൻ ശേഷിച്ചു!
സ്ത്രീകളേയും കുട്ടികളേയും ഒരുമിച്ച് കൊന്നൊടുക്കുന്നതിനു തുർക്കികൾ പുതിയൊരു തന്ത്രം കണ്ടുപിടിച്ചു. നീന്തൽ വശമില്ലാത്തവരെ തിരഞ്ഞ് പിടിച്ച് വലിയ ബാർജുകളിലും ബോട്ടുകളിലും കയറ്റി കരിങ്കടലിലേയ്ക്ക് തള്ളിവിട്ടു. അമിതഭാരം കയറിയ ഉരുക്കൾ ആ നിസ്സഹായരോപ്പം കടലിൽ മുങ്ങി താണു. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ അസർബൈജാനിലും തുർക്കിയിലും അർമ്മേയിനിയിലുമായി ഏതാണ് ഇരുപതു ലക്ഷം അർമ്മേനിയക്കാർ ഉണ്ടായിരുന്നു. അതിൽ പതിനെട്ടു ലക്ഷം പേരെയും തുർക്കികൾ കൊന്നൊടുക്കി.
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു. ഫ്രഞ്ച്, ഇറ്റാലിയൻ ബ്രിട്ടീഷ് സഖ്യ സേന കോൺസ്റ്റാന്റ്നോപ്പിൾ പിടിച്ചടക്കി. ഓട്ടോമാൻ ഭരണത്തിന്റെ അന്ത്യ നാളുകളായിരുന്നു അത്. അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യം ലീഗ് ഓഫ് നേഷൻസ് അംഗീകരിച്ചപ്പോൾ അവരും ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പിരിഞ്ഞു പോയി. മതമൗലികവാദവും അമിതദേശീയതയും വിതച്ച് കൂട്ടക്കൊലകൾ നടത്തി വളർത്തിയ ഒരു ഭീകര സാമ്രാജ്യം ഇല്ലാതെയായി. റിപ്പബ്ലിക് ഓഫ് തുർക്കി എന്ന പുതിയ ഒരു രാജ്യം നിലവിൽ വന്നു.
യുദ്ധാനന്തരം യുദ്ധ കുറ്റകൃത്യങ്ങൾക്ക് വിചാരണ നടന്നുവെങ്കിലും വംശഹത്യയുടെ സൂത്രധാരന്മാരിൽ പ്രധാനികളെല്ലാം തുർക്കിയിൽ നിന്നും പുതിയ സർക്കാറിന്റെ സഹായത്തോടേ രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. 90% അർമ്മേനിയൻ വംശജരും മൂന്നുവർഷങ്ങൾക്കുള്ളിൽ ക്രൂരമായി കശാപ്പു ചെയ്യപ്പെട്ടു, ശേഷിച്ചവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിപ്പോയി. എങ്കിലും ലോകത്തിന്റെ വിവധഭാഗങ്ങളിൽ കുടിയേറിയ അർമ്മേനിയൻ വംശജരിൽ ചിലർ തങ്ങളുടെ ജനതയോട് ചെയ്ത ക്രൂരതയ്ക്ക് പകരം ചെയ്യുവാൻ ഉറച്ചു.
ജൂലയ് 8 , 1920. അമേരിയ്ക്കയിലെ ബോസ്റ്റണിലെ ഒരു ഹോട്ടലിന്റെ ബാൾ റൂമിൽ മൂന്നു അർമ്മേനിയൻ വംശജർ ഒത്തു ചേർന്നു. അഹ്റോൻ സച്ചാക്ലിൻ, അർമ്മേൻ ഗാരോ എന്നിവരോടൊപ്പം സംഘത്തിന്റെ സൂത്രധാരൺ ഷഹാൻ നതാലി. അവരുടെ കൈയ്യിൽ 11 പേരുടെ ലിസ്റ്റും അവരുടെ നിരവധി ചിത്രങ്ങളും അവർ ഇപ്പോൾ കാണപ്പെടുവാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേരും ഉണ്ടായിരുന്നു. അർമ്മേനിയൻ വംശഹത്യയ്ക്ക് ചുക്കാൻ പിടിച്ച സുപ്രധാന വ്യക്തികളായ യുവതുർക്കികളുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് അവർ പരസ്പരം കൈമാറി. അവരുടെ രഹസ്യ പദ്ധതിയ്ക്ക് ഓപ്പറേഷൻ നെമെസിസ് എന്ന പേരും നൽകി. ലോകത്തിന്റെ വിവിധഭാഗങ്ങളുലുള്ള ധനികരായ അർമ്മേനിയ്ക്കാരുമായി അവർ ബന്ധം സ്ഥാപിച്ചു. പ്രതികാര നടപടികൾക്കുള്ള ആസൂത്രണം ആരംഭിച്ചു.
ഈ സമയം സിറിയൻ മരുഭൂമിയിലൂടെ അലഞ്ഞു തിരിഞ്ഞ മൃതപ്രായനായ സോഗാമൻ ടെയിലീരിയൻ എന്ന അർമേനിയൻ ബാലനെ ഒരു കുർദ്ദ് സ്ത്രീ രക്ഷിച്ചു. കുർദ്ദുകളുടേ പരബരാഗത വസ്ത്രം നൽകി തുർക്കി പട്ടാളക്കാർ കാണാതെ അവരുടെ വീട്ടിൽ ഒളിപ്പിച്ച് താമസിച്ചു. അർമ്മേനിയക്കാർക്ക് അഭയം നൽകരുത് എന്ന തുർക്കികളുടെ വിജ്ഞാപനം ആ കുർദ്ദ് സ്ത്രീ അവഗണിച്ചു. മുറിവുകളുണങ്ങി ആരോഗ്യം വരുന്നവരേയും അവനെ ആ സ്ത്രീ രഹസ്യമായി പരിപാലിച്ചു. ആരോഗ്യം വീണ്ടെടുത്ത ടെയിലീരിയൻ റഷ്യൻ അതിർത്തിയിലെ സൽമാസ്റ്റ് എന്ന ഗ്രാമത്തിൽ ഒളിച്ച് താമസിച്ചു.
1918 ൽ റഷ്യൻ സൈന്യം ടെയിലീരിയൻ ജനിച്ച് വളർന്ന എർസിങ്കാൻ ഗ്രാമം പിടിച്ചെടുത്തു. അതറിഞ്ഞ് വർഷങ്ങൾക്ക് ശേഷം സ്വന്ത ഗ്രാമത്തിലെത്തിയ ടെയിലീരിയൻ ബോധരഹിതനായി നിലം പതിച്ചു. ഗ്രാമത്തിൽ വെറും 20 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. റോഡുകൾ നശിപ്പിക്കപ്പെട്ടും വീടുകൾ കൊള്ളയടിക്കപ്പെട്ടും കാണപ്പെട്ടു. സമൃദ്ധിയിൽ കഴിഞ്ഞിരുന്ന ഒരു ഗ്രാമം ജനവാസമില്ലാത്ത ശവപ്പറമ്പായി മാറിയിരിയ്ക്കുന്നു.
നിരാശനും നിരാശ്രയനുമായ ടെയിലീരിയൻ പല നാടുകൾ ചുറ്റി അവസാനം പാരീസിൽ എത്തി. 1920 ന്റെ അവസാന മാസങ്ങളിലാണ് ഷഹാൻ നതാലി ടെയിലീരിയനെ കണ്ടു മുട്ടുന്നത്. ബന്ധുക്കൾ മുഴുവൻ നഷ്ടപ്പെട്ട ടെയിലീരിയന്റെ ഉള്ളിൽ പ്രതികാരത്തിന്റെ വിത്തുകൾ പാകുവാൻ നതാലിയ്ക്ക് എളുപ്പം കഴിഞ്ഞു. തങ്ങളുടെ പിതാക്കന്മാരെ കൊന്ന്, ദേശം മുടിച്ചു കളഞ്ഞ ക്രൂരഭരണത്തിന്റെ സൂത്രധാരന്മാരിൽ ശേഷിയ്ക്കുന്ന പതിനൊന്നു പേരുടെ ലിസ്റ്റ് ടെയിലീരിയനു കാണിച്ചു കൊടുത്തു.
ഈ ലിസ്റ്റിലെ ഒന്നാമൻ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി തലാത്ത് പാഷ. അതായിരുന്നു ടെയിലീരിയന്റെ ദൗത്യം. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തലാത്ത് പാഷ ബെർളിനിലെ ചാർളോട്ടൻ ബർഗിൽ ഒരു കച്ചവടക്കാരായി ജീവിയ്ക്കുന്നു എന്ന വിവരം നതാലി കൈമാറി. പാരീസിൽ നിന്നും അദ്ദേഹം ബെർളിനിലേയ്ക്ക് താമസം മാറ്റി. തലാത്ത് പാഷ താമസിയ്ക്കുന്ന ആഡംബര കെട്ടിടത്തിന്റെ എതിർവശത്തെ ഫ്ളാറ്റിൽ ടെയിലീരിയൻ താമസം ആരംഭിച്ചു. പാഷയെ നേരിട്ടു കണ്ട ടെയിലീരിയൻ ബോധം കെട്ടു വീണു. അമ്മയുടെ ദാരുണ മരണം നിസ്സഹനായി കണ്ടുനിൽക്കേണ്ടിവന്ന അദ്ദേഹത്തിനു വികാര വിക്ഷോപങ്ങൾ വരുമ്പോൾ ബോധം നഷ്ടപ്പെടുമായിരുന്നു.
ചില മാസങ്ങൾ ആർക്കും സശയം തോന്നാത്ത ടെയിലീരിയൻ പാഷയുടെ ചലങ്ങൾ നിരീക്ഷിച്ചു. ഒന്നാമതായി ഇതു തലാത്ത് പാഷ തന്നെ എന്നു ഉറപ്പാക്കേണ്ടിയിരിയ്ക്കുന്നു. ലഭ്യമായ ചിത്രങ്ങളുമായി പാഷയുടെ രൂപം ഒത്തു നോക്കീ. ആൾ ഇതു തന്നെയെന്ന് ഉറപ്പിച്ചു. “ഒരേ ഒരു ബുള്ളറ്റ്, ഒറ്റ പ്രാവശ്യത്തെ ശ്രമം. സഹായികളാരുമുണ്ടാകില്ല” നതാലിയുടെ കർശന നിർദ്ദേശമായിരുന്നു അത്.
കുറെ ദിവസങ്ങൾക്ക് ശേഷം രസകരമായ ഒരു കാര്യം ടെയിലീരിയൻ നിരീക്ഷിച്ചു. പാഷയുടെ മുന്നിലും പിന്നും സദാ സമയവും രണ്ടു പേർ സഞ്ചരിയ്ക്കുന്നുണ്ടാകും. സാധാരണ വസ്ത്രം ധരിച്ച അവരെ സ്ഥിരപരിചയം കൊണ്ടല്ലാതെ തിരിച്ചറിയുവാനാകില്ല. മാത്രമല്ല എന്നും പുറത്ത് ഇറങ്ങുന്നതിനു മുൻപ് ഒന്നാം നിലയിലെ ബാൽക്കെണിയിൽ നിന്നും റോഡും പരിസരങ്ങളും സസൂക്ഷ്മം വീക്ഷിച്ചിട്ടു മാത്രമേ പാഷ പുറത്തിറങ്ങാറുള്ളൂ. വളരെ കരുതലോടെ ടെയിലീരിയൻ കണക്കു കൂട്ടൽ ആരംഭിച്ചു. തോക്കിൽ ഒരു ബുള്ളറ്റ് മാത്രം! മുന്നിൽ ഒരേയൊരു അവസരം മാത്രം! കുറച്ചു മാസങ്ങളിൽ നിരീക്ഷണത്തിൽ നിന്നും ഒരു കാര്യം ബോധ്യമായി, സഹചാരികളായ സംരക്ഷരില്ലാതെ പാഷ പുറത്തിറങ്ങുന്നത് ഉച്ചതിരിഞ്ഞുള്ള നടത്തയ്ക്ക് മാത്രമാണ്. ആ സമയം അദ്ദേഹം ആ തെരുവു വിട്ടു പുറത്ത് പോകാറില്ല.
1921 മാർച്ച് 15 . ടെയിലീരിയൻ ചാർളോട്ടൻ ബർഗിൽ താമസം തുടങ്ങിയിട്ട് നാലു മാസം കഴിഞ്ഞു. പതിവു പോലെ ഉച്ചതിരിഞ്ഞ് പാഷ ബാൽക്കെണിയിൽ നിന്നും തല വെളിയിലേയ്ക് നീട്ടുന്നത് എതിർവശത്തെ കെട്ടിടത്തിന്റെ ജനാലയിലൂടെ അദ്ദേഹം കണ്ടു. ജനൽ കർട്ടൻ ഇട്ടശേഷം അയാൾ മുഖം പൊത്തിക്കരഞ്ഞു. അമ്മയുടേ അഴകിത്തുടങ്ങിയ ശരീരത്തിന്റെ ഓർമ്മയിൽ വന്ന അദ്ദേഹം ബോധരഹിതനായി വീഴുമെന്ന് ഭയന്നു. “അല്പ സമയത്തിനു ശേഷം അസാമാന്യമായ ഒരു ശാന്തത എന്നെ ഭരിച്ചു” കാലങ്ങൾക്ക് ശേഷം ആ ദിവസത്തെ ക്കുറിച്ച് നതാലിയ്ക് എഴുതിയ കത്തിൽ അദ്ദേഹം വിവരിച്ചു.
ടെയിലീരിയൻ പിസ്റ്റൾ എടുത്ത് പോകറ്റിൽ തിരുകി. പാഷയുടെ എതിർവശത്തുള്ള ഫുട്പാത്തിലൂടേ അയാൾക്ക് സമാന്തരമായി നടന്നു തുടങ്ങി. ഇരുവരും താമസിയ്ക്കുന്ന കെട്ടിടം കാഴ്ചയിൽ നിന്നു മറയുന്ന ദൂരമെത്തിയപ്പോൾ ടെയിലീരിയൻ നടത്തിയുടേ വേഗത കൂട്ടി. മുന്നിലെത്തിയ ടെഹലീരിയൻ നിരത്ത് കുറുകെ കടന്ന് പാഷയുടേ തൊട്ടു മുന്നിൽ എത്തി . വഴിമുടക്കി നിൽക്കുന്ന വെറും 25 വയസ്സു വരുന്ന ചെറുപ്പക്കാരനെ സംശയത്തോടേ പാഷ നോക്കി നിന്നു.
“തലാത്ത് പാഷ – ” അയളുടെ കണ്ണുകളിൽ ഭയം നിറയുന്നത് ടെയിലീരിയൻ കണ്ടു. മരണവെപ്രാളത്തിൽ പിന്തിരിഞ്ഞ പാഷയുടെ പിൻകഴുത്തിനെ ലക്ഷ്യമാക്കി ടെലിരിയൻ വെടി ഉതിർത്തു. അധികാരത്തിന്റെ തണലിൽ ഒരു ജനതയെ കൊന്നൊടുക്കുവാൻ തന്ത്രങ്ങൾ മെനഞ്ഞ ക്രൂരനായ ഭരണാധികാരിയുടെ ശിരസ്സ് തുളഞ്ഞ് ആ ബുള്ളറ്റ് കടന്നു പോയി! പട്ടാപ്പകൽ ബെർളിൽ തെരുവിൽ തലാത്ത് പാഷയുടെ ജഡം കിടന്നു. പോലീസ് വരുന്നതുവരെ സോഗാമൻ ടെയിലീരിയൻ എന്ന ചെറുപ്പക്കാരൻ കാത്തു നിന്നു .
വംശഹത്യയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അർമ്മേനിയൻ പുരോഹിതൻ ഗ്രിഗോറിയോസ് ബലാകിയാൻ ബെർളിൽ കോടതിൽ ടെയിലീരിയനുവേണ്ടി ഹാജരായി. സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ ദാരുണ മരണം നേരിൽ കണ്ട് മാനസിക നില തകരാറിലായ രോഗിയാണ് പ്രതിയെന്ന് പുരോഹിതൻ വാദിച്ചു. പക്ഷേ, ടെയിലീരിയൻ കുറ്റം സമ്മതിച്ചു. ചരിത്രപ്രധാനമായ ഒരു കുറ്റസമ്മതമായിരുന്നു അത്. ” എന്റെ മനസാക്ഷിയ്ക്കു മുന്നിൽ ഞാൻ നിരപരാധിയാണ്. ഞാൻ തലാത്ത് പാഷയെ കൊന്നു, പക്ഷേ ഞാൻ കൊലപാതികയല്ല.” അദ്ദേഹം തുടർന്നു, ” പാഷയെ കൊന്നതിന്റെ തലേന്ന് ഞാനൊരു സ്വപ്നം കണ്ടു. പാഷയെ വധിയ്ക്കാത്തിൽ എന്റെ അമ്മയുടേ ആത്മാവ് എന്നെ മകനല്ല എന്ന് പറഞ്ഞു പിരിഞ്ഞു പോയി. എനിയ്ക് അമ്മയോടൊപ്പം സ്വർഗ്ഗത്തിൽ വസിയ്ക്കണം. എന്നേ മരിയ്ക്കേണ്ടവനായിരുന്നു ഞാൻ. പകരം ചോദിയ്ക്കുവാനാണ് ഞാൻ ഇന്നുവരെ ജീവിച്ചത്.”
ഒരു മണിക്കൂറിനു ശേഷം കോടതി വിധി പ്രഖ്യാപിച്ചു. “സോഗാമൻ ടെയിലീരിയൻ ശിക്ഷാർഹനല്ല. !” ചില വർഷങ്ങൾക്ക് ശേഷം തന്റെ പിതാവ് കച്ചവടം നടത്തിയിരുന്ന എർസിങ്കാൻ ഗ്രാമത്തിൽ എത്തി. തകർന്നുപോയ കുടുംബത്തിന്റെ ഓർമ്മകൾ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങിനെയാണ് സ്വഗ്രാമം വിട്ട് ബെൽഗ്രേഡിൽ എത്തി സാരോ മെലിക്കിയ എന്ന പേരിൽ പുതിയ ജീവിതം ആരംഭിച്ചതും. താസയെ പരിചയപ്പെടുന്നതും. പക്ഷേ, ഇക്കാലമത്രയും തുർക്കിയുടേ രഹസ്യപ്പോലീസ് തലാത്ത് പാഷയുടേ ഘാതകനെ തിരയുകയായിരുന്നു.
താസയുടേ നിർബന്ധപ്രകാരം ടെയിലീരിയൻ കുടുംബസമേതം കാസംബ്ലാങ്കയിലേയ്ക്ക് കുടിയേറി. അവിടെയും തുർകി ഏജന്റുകൾ അദ്ദെഹത്തെ തിരഞ്ഞെത്തി. പക്ഷേ, ടെയിലീരിയൻ ഭാഗ്യവനായിരുന്നു. 1956 ൽ അദ്ദേഹം സാൻ ഫ്രാൻസിസ്കോയിലേയ്ക് ക്കുടിയേറി. 1960 ൽ 63 ആമത്തെ വയസിൽ ടെയിലീരിയൻ മരിച്ചു. കാലിഫോർണിയയിലെ അറാറത്ത് അർമ്മേനിയൻ സിമിത്തേരിൽ ടെയിലീരിയന്റെ ശവകുടീരത്തിൽ അർമ്മേനിയക്കാരുടെ എക്കാലത്തേയും വീര പുത്രൻ നിത്യ വിശ്രമം കൊള്ളുന്നു.
ഓപ്പറെഷൻ നെമിസിസ് പിന്നെയും മുന്നോട്ട് പോയി. ലിസ്റ്റിലുണ്ടായിരുന്ന 7 പേരെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ച് അർമ്മേനിയക്കാർ വധിച്ചു. കഴിഞ്ഞ നൂറുവർഷമായി അർമ്മേനിയൻ ജനത തങ്ങളുടെ വംശക്കാർ നേരിട്ട ക്രൂരമായ ഉന്മൂലനപദ്ധതിയെ വേദനയോടേ സ്മരിയ്ക്കുന്നു. ഒരു വംശഹത്യയായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി അവർ മുറവിളികൂട്ടുന്നു. വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന ഭീതിയിൽ തുർക്കി ഇന്നും അതിനെ വംശഹത്യയായി അംഗീകരിച്ചിട്ടില്ല. അർമ്മേനിയൻ കൂട്ടക്കൊല എന്ന വാക്കു പോലും തുർക്കിയിൽ ഇന്നും നിരോധിച്ചിരിയ്ക്കുന്നു. 104 വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു. ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കുന്ന ഭരണകൂടങ്ങൾ ഇന്നും നിലനിൽക്കുന്നു! ദേശീയത, മതം എന്ന അതേ പഴയ ആയുധങ്ങൾ തന്നെ ഇന്നും ഉപയോഗിക്കപ്പെടുന്നു!