ഖത്തറിൽ നിന്നും കോഴിക്കോട്ടേക്ക് ഒരു പ്രവാസിയുടെ മടക്കയാത്ര…

ഇതൊരു സഞ്ചാര വിവരണമല്ല. എന്തെങ്കിലും മെസേജ് നൽകുന്ന കുറിപ്പുമല്ല. ഒരു സാധാരണ പ്രവാസിയുടെ നാട്ടിൽ പോക്കുമാത്രമാണ്. മണ്ണാർക്കാട് സ്വദേശിയായ അബ്ബാസ് ആണ് തൻ്റെ യാത്രയുടെ നർമ്മവും സ്നേഹവും നിറഞ്ഞ വിവരണം നമുക്കായി എഴുതിയിരിക്കുന്നത്. അബ്ബാസിന്റെ വാക്കുകളിലൂടെ നമുക്കത് കേൾക്കാം  …

നമുക്ക് പൊതുവെ ഒരു സ്വഭാവമുണ്ട്. 40 കിലോയാണ് അനുവദനീയമായ ലഗേജ് എങ്കിൽ 41 കിലോ കൊണ്ട് പോകും. 35 ആണേൽ 36 കിലോ.. ഖത്തർ എയർവേസിൽ ഒന്നോ രണ്ടോ കിലോ അധികമായാൽ അവർ ഒന്നും പറയാറില്ല. എന്നാൽ ജെറ്റ് എയർവെസിൽ ആദ്യമായി പോകുന്നത്കൊണ്ട് എനിക്കവരുടെ രീതി അറിയില്ലായിരുന്നു. 1 കിലോ 700 ഗ്രാം കൂടുതൽ ഉള്ളതിനു 190 റിയാൽ വാങ്ങി ജെറ്റ് എയർ വേസ്. കൊടുക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എങ്കിലും 700 ഗ്രാമിനൊക്കെ 95 റിയാൽ വാങ്ങുക എന്ന് പറഞ്ഞാൽ സങ്കടം തന്നെയാണ്. ആയതുകൊണ്ട് ജെറ്റ് എയർവെസിൽ ടിക്കറ്റ് എടുക്കുന്നവർ അനുവദനീയമായ തൂക്കത്തിൽ മാത്രം ലഗേജ് കൊണ്ട് പോവുക.

വിമാനത്തിൽ കയറാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്. പെട്ടെന്നു ഓർമ വന്ന ദോഹയിലെ കുറച്ചു കൂട്ടുകാരെയൊക്കെ വിളിച്ചു യാത്ര പറഞ്ഞു. പിന്നെ വീട്ടിലേക്ക് വിളിച്ച് എല്ലാം ഓക്കേ ആയി,വിമാനത്തിൽ കയറാൻ പോവാണെന്നു പറഞ്ഞു. ഉപ്പയും ഉമ്മയും അവളും കുട്ടികളും എല്ലാവരും വരുന്നുണ്ട് എന്നെ സ്വീകരിക്കാൻ. “ഡീ… എയർപോർട്ടിൽ നിന്നിറങ്ങി വരുമ്പോൾ നിന്നെയൊന്നു ഹഗ് ചെയ്യട്ടെ ഞാൻ…”

“അയ്യേ. അത്രേം ആളുകൾ നിൽക്കുന്നിടത് വെച്ചോ ? അതേയ് അങ്ങിനെ വല്ല പ്ലാനും മനസ്സിലുണ്ടേൽ ഞാൻ എയർപോർട്ടിൽ വരില്ലാട്ടോ…” അവളൊരു ശരാശരി മലയാളി യുവതിയാണ്. ഒരു വർഷത്തിന് ശേഷം കാണുന്ന തന്റെ ഭർത്താവിനെ അത്രയും ആളുകൾക്കിടയിൽ വെച്ച് ഒന്നാലിംഗനം ചെയ്യാൻ അവളുടെ മലയാളി സദാചാര ബോധം സമ്മതിക്കില്ല. അവൾ മാത്രമല്ല. നല്ലൊരു ശതമാനം മലയാളികളും ചിന്തിക്കുന്നത് അങ്ങിനെ തന്നെയാണ്. എന്നാണു നമ്മുടെ ഈ കപട സദാചാര ചിന്തകളിൽ നിന്നും നമുക്കൊരു മാറ്റമുണ്ടാവുക. എന്നാണ് ഒന്നോ രണ്ടോ വർഷത്തക്ക് അന്യനാട്ടിലേക്കു യാത്രയാവുന്ന ഒരാൾക്ക് അയാളുടെ ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി യാത്ര പറയാനാവുക. “ഓക്കേ. ഹഗ് ചെയ്യാൻ പറ്റില്ലെങ്കിൽ ഒരു ഷെയ്ക് ഹാൻഡ് തരോ?” “അത് ഓക്കേ. പക്ഷെ വണ്ടിയിൽ കയറുമ്പോൾ വല്യ ആളായി മുന്നിലിരിക്കാതെ എന്റെ അടുത്തിരിക്കണം.”

വിമാനത്തിലേക്കു അവസാനമായി കയറിയത് ഞാനാണ്. കുറച്ചു യാത്രക്കാരെ ഉള്ളൂ. മിക്ക സീറ്റുകളും കാലി. ഇപ്പോഴാണ് 190 പോയതിൽ സമാധാനമായത്. ജനലരികിൽ നിന്ന് മൂന്നാമത്തെ അവസാന സീറ്റ് ആണ് എന്റേത്. ഈ എയർ ഹോസ്റ്റസ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ നമ്മുടെ ദേഹത് തട്ടുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ രണ്ടു സീറ്റു പിറകിൽ ആരുമില്ലാത്ത ഒരു വരിയിൽ ജനലരികിലിരുന്നു. വിമാനത്തിൽ സുരക്ഷാ നിർദേശങ്ങൾ നൽകുന്നു. പണ്ട് കണക്കു മാഷ് എ സ്‌ക്വയർ പ്ലസ് ബി സ്‌ക്വയർ പഠിപ്പിക്കുമ്പോ നമുക്കുണ്ടായിരുന്ന അതെ നിസ്സംഗതാ ഭാവമാണ് പലരുടെയും മുഖത്ത്.

 

ഇപ്പൊ വിമാനം ചലിക്കാൻ തുടങ്ങിയിരിക്കുന്നു. എയർ ഹോസ്റ്റസ് വന്നു പറഞ്ഞാലേ സീറ്റ് ബെൽറ്റ് ഇടൂ…മൊബൈൽ ഓഫാകൂ എന്ന വാശിയിലാണ് പലരും. താൽക്കാലികമായി ദോഹയോട് വിടപറയുകയാണ്. ആദ്യമായാണ് പകൽസമയം ദോഹയിൽനിന്നും പറന്നുയരുന്നത്. കടൽ നികത്തിയുണ്ടാക്കിയ വിമാനത്താവളം ആയതുകൊണ്ട് ദോഹ കാഴ്ചകൾ ഒന്നുമില്ല പുറത്ത കാണാൻ. പകരം നല്ല പച്ച നിറത്തിൽ കടലുണ്ട്. താഴെ കറുത്ത നിറത്തിൽ കടലാഴവും കാണുന്നുണ്ട്. ജീവിതത്തിന്റെ ആഴം കണ്ട കുറെ ആളുകളിപ്പോൾ എന്നെ പോലെ തന്നെ ആ കടലിന്റെ ആഴങ്ങളിലേക്ക് വെറുതെ കണ്ണോടിച്ച് എന്തൊക്കെയോ ഓർത്തിരിക്കുന്നുണ്ടാകും.

സീറ്റിനു മുന്നിലെ ചെറിയ സ്‌ക്രീനിൽ ഞാൻ റൂട്ട് മാപ്പ് നോക്കി. അബുദാബിക് മുകളിലൂടെയാണ് ഇപ്പോൾ വിമാനം പോകുന്നത്. അതും വളരെ താഴ്ന്നാണ് വിമാനം പറക്കുന്നത്. എത്ര ഭംഗിയായാണ് മനുഷ്യർ മരുഭൂമിയെ കുറെ ചതുരകള്ളികളാക്കി വെച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മലമ്പാമ്പുകളെ പോലെ തോന്നിക്കുന്ന നീളൻ റോഡുകളും. പിന്നേയും കുറെ പോയപ്പോൾ ഒമാനിന് മുകളിലൂടെയായി യാത്ര. മനുഷ്യ സ്പർശം ഏൽക്കാത്ത കുറെ ഉണങ്ങിയ മലകൾ കാണാം. ഒരു പച്ചപ്പ്‌ പോലും എവിടെയുമില്ല. പോയി പോയി കര അവസാനിച്ചു. ഇനിയങ്ങോട്ടു കടലാണ്. ഞാൻ സ്‌ക്രീനിൽ മലയാള പ്രോഗ്രാം വല്ലതും ഉണ്ടോ എന്ന് നോക്കി. ദോഹ,കോഴിക്കോട് സ്ഥിരം റൂട്ട് ആയിട്ടുപോലും ഒരൊറ്റ മലയാളം പ്രോഗ്രാമുമില്ല. ജഗ്ജിത് സിംഗിന്റെ ഗസൽ ലിസ്റ്റ് അപ്പോഴാണ്‌ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അതിലൊരു ഗസൽ പ്ലേ ചെയ്തു ഇയർ ഫോൺ കുത്തി കണ്ണടച്ചിരുന്നു.

എയർ ഹോസ്റ്റസ് ഭക്ഷണ വിതരണം തുടങ്ങിയിട്ടുണ്ട്. എനിക്കും കിട്ടി. ചപ്പാത്തിയോ പൊറാട്ടയോ എന്ന് പറയാൻ പറ്റാത്ത രണ്ടു പൊറാത്തി. മൂന്നുരുള ചോറ്. കുറച്ചു വെജ് കറി. എലിക്കെണിയിൽ വെക്കാൻ പറ്റുന്ന അത്രേം വലുപ്പത്തിലൊരു മീൻ കഷ്ണം. ചെറിയ ടിൻ തൈര് ,ഒരു ബോട്ടിൽ വെള്ളം,ഒരു കിറ്റ് കാറ്റ്. ജ്യുസ്…. പക്ഷെ എന്താണെന്നറിയില്ല എത്ര കുറച്ചാണെങ്കിലും വിമാനത്തിൽ നിന്ന് ഭക്ഷണം കഴിച്ചാൽ വയറു നിറയും. ഇനി ഉറങ്ങാൻ ശ്രമിക്കണം. ജഗ്ജിത് സിംഗ് ഇപ്പോഴും പാടുന്നുണ്ട്. ഉറക്കം വരുന്നില്ല. എല്ലാ പ്രാവശ്യവും എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങിയാൽ ആദ്യം ചെയ്യുന്നത് മോനെ എടുത്തു ഉയർത്തി ഉമ്മ വെക്കുക എന്ന കാര്യമാണ്. കഴിഞ്ഞ ഒൻപത് വർഷവും അങ്ങിനെയാണ് ചെയ്തിട്ടുള്ളത്. ഇത്തവണ അവനു പത്തു വയസ്സ് കഴിഞ്ഞു. ഇനി അവനെ അങ്ങിനെ ഉയർത്താൻ പറ്റുമോ ആവോ ? എത്ര വേഗത്തിലാണ് മക്കൾ വലുതാകുന്നത്. മോൾക്ക് 3 വയസു കഴിഞ്ഞു. I M O കോളിൽ അവൾ നന്നായി സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കാണുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നറിയില്ല.

പുറത്തിറങ്ങുമ്പോൾ മഴയുണ്ടാകുമോ? അതോ ചൂട് തന്നെയായിരിക്കോ? കൊണ്ടോട്ടി അങ്ങാടി പാസ് ചെയ്തു പോകുമ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നാറുണ്ട്. അതിത്തവണയും തോന്നുമോ? കോടങ്ങാട് ജുമാ മസ്ജിദിന്റെ ഖബർസ്ഥാൻ കഴിഞ്ഞു പോകുമ്പോൾ വലിയുപ്പാക്കും വലിയുമ്മിച്ചിക്കും സലാം പറയണം… എപ്പോഴോ ഒന്ന് മയങ്ങി വന്നപ്പോഴാണ് ആരോ തോളിൽ തട്ടി വിളിച്ചത്. നോക്കുമ്പോൾ ഒരു പ്രായം ചെന്ന ഇക്ക.. എന്തെ എന്ന ചോദ്യത്തോടെ ഞാനദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. എവിടെ എത്തിയിട്ടുണ്ടാകും ഇപ്പൊ ? ഞാൻ ജനലിന്റെ ഷട്ടർ ഉയർത്തി പുറത്തെക്കു നോക്കിയിട്ട് പറഞ്ഞു പള്ളിക്കൽ ബസാർ എത്തിയെന്നു തോന്നുന്നു. ചോദിച്ചത് അബദ്ധമായി എന്ന ചിന്തയിൽ അദ്ദേഹത്തിന്റെ മുഖം കുനിഞ്ഞു. ഞാൻ സ്‌ക്രീൻ ഓൺ ചെയ്തു അദ്ദേഹത്തിന് വിമാനത്തിന്റെ സഞ്ചാര പഥം കാണിച്ചു കൊടുത്തു. നമ്മളിപ്പോഴുമുള്ളത് അറബി കടലിനു മുകളിൽ ആണ്. ആ കാണുന്ന പൊട്ട് ആണ് കോഴിക്കോട്. ഏകദേശം ഒരു മണിക്കൂർ കൂടിയുണ്ടാകും എത്താൻ..

അദ്ദേഹത്തിന് തൃപ്തിയായെന്നു തോന്നുന്നു. ആൾ ബാത്‌റൂമിൽ പോകാൻ വന്നിട്ട് തിരക്കായത് കാരണം എന്റെ അടുത്ത് ഇരുന്നതാണ്. പിന്നീട് കണ്ണടച്ചപ്പോൾ കാഞ്ഞിരപ്പുഴ തെളിഞ്ഞു വന്നു. കുറെ കഴിഞ്ഞപ്പോൾ പൈലറ്റിന്റെ ശബ്ദം കേട്ടു പ്രതീക്ഷിച്ചതിനേക്കാൾ അരമണിക്കൂർ മുന്നേ നമ്മൾ കോഴിക്കോടെത്തിയിരിക്കുന്നു. എല്ലാവരും ലാൻ്ഡിങ്ങിനായി തയ്യാറാവുക. ഞാൻ പെട്ടെന്ന് വിൻഡോ ഷട്ടർ നീക്കി പുറത്തേക്കു നോക്കി. ദൂരെ .. കുറെ ദൂരെ ഓരോരോ മിന്നാ മിന്നികൾ… പിന്നെയത് ഒരു കൂട്ടം മിന്നാ മിന്നികൾ .. പിന്നെ പിന്നെ ആയിരക്കണക്കിന് മിന്നാ മിന്നികൾ. ചിലത് നല്ല പ്രകാശം ഉള്ളത്. ചിലത് മിന്നി മിന്നി കത്തുന്നത്. പെട്ടെന്ന് ഒന്നും കാണാതായി.. എന്താ സംഭവിച്ചത് എന്നെനിക്കു മനസിലായില്ല. ഒന്ന് രണ്ടു നിമിഷങ്ങൾക്ക് ശേഷമാണ് മേഘപാളികൾ വന്നു കാഴ്ച മറച്ചതാണെന്നു മനസ്സിലായത്. അടുത്ത നിമിഷം തന്നെ മേഘം നേർത്തു വരുകയും ഒരുപാട് മിന്നാമിന്നികൾ പൂത്തു നിൽക്കുന്നത് കാണുകയും ചെയ്തു. യാത്ര സിനിമയുടെ അവസാനത്തിൽ ഒരായിരം മൺ ചിരാതുകൾ ഒരുക്കി മമ്മുട്ടിയെ ശോഭന കാത്തിരിക്കുന്ന പോലെ കുറെ ചിരാതുകളൊരുക്കി എന്റെ പ്രിയതമ എന്നെ കാത്തിരിക്കുന്നതായി എനിക്ക് തോന്നി.

ഒരു കുലുക്കത്തോടെ വിമാനം നിലം തൊട്ടു. അപ്പോഴേക്കും ആളുകൾ സീറ്റ് ബെൽറ്റ് അഴിക്കുന്ന ശബ്ദം കേട്ടു തുടങ്ങി. വിമാനം വേഗത കുറഞ്ഞപ്പോഴേക്കും സീറ്റിൽ നിന്ന് എണീറ്റ് നിൽക്കാനും തുടങ്ങി. ബൈട്ടോ ,ബൈട്ടോ എന്നും പറഞ്ഞു എയർഹോസ്റ്റസ് ശബ്ദമുണ്ടാക്കുന്നുണ്ട്. യാത്രക്കാർ അവനവന്റെ ഹാൻഡ് ബാഗുകൾ എടുക്കുന്ന തിരക്കിലാണ്. എന്റെ തൊട്ടുമുന്നിലുള്ളത് ഒരു ഫ്രീക്കനാണ്. ഫ്രീകന്റെ താടി അതിമനോഹരമായി വെട്ടിയൊരുക്കിയിരിക്കുന്നു. എന്റെ പിറകിൽ ഉള്ളത് ഒരു പ്രായം ചെന്ന ആളാണ്. മുഖം കണ്ടാലറിയാം എത്രയോ വിമാനയാത്ര നടത്തിയ അനുഭവ സമ്പത്തുള്ള ആളാണെന്ന്.. ഫ്രീക്കനിപ്പോൾ അത്യാവശ്യ സമയത്ത് ബെഡ് ആക്കി ഉപയോഗിക്കാവുന്ന അവന്റെ ഫോണിലേക്ക് നാട്ടിലെ സിം ഇടാനുള്ള പരിപാടിയിലാണ്. സിം ഊരിയെടുക്കാൻ പിൻ സൂചി ആവശ്യമുള്ള മൊബൈൽ ആണ് അവന്റേത്. ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ഫ്രീക്കൻ അവന്റെ തൊട്ടു മുന്നിൽ ഒരു കുട്ടിയുമായി നിന്നിരുന്ന ഏതോ ഒരു ഇത്തയുടെ മഫ്ത കുത്തിവെച്ച മഫ്ത പിന്നിൽ നിന്നും അവരറിയാതെ ഒന്ന് വലിച്ചെടുക്കുകയും സിം മാറ്റിയിടുകയും ശേഷം ആ പിൻ ഇത്തയുടെ മഫ്തയിൽ അവരറിയാതെ തന്നെ കുത്തി വെക്കുകയും ചെയ്തു. ഇവൻ ആള് കൊള്ളാമല്ലോ.. പ്രാക്ടിക്കൽ ഫ്രീക്കനാണ്..നേപാളികൾ നാട്ടിൽ പോകുമ്പോഴിടുന്നങ്ങനത്തെ ഒരു കോട്ട് ഇട്ടതു കാണാൻ ബോറാണ് എന്നതൊഴിച്ചാൽ ബാക്കി എല്ലാം ഓക്കേ.

എനിക്ക് പിറകിലെ കാക്ക തന്റെ ഹാൻഡ് ബാഗ് മുകളിൽ നിന്നെടുക്കാനുള്ള ശ്രമത്തിലാണ്. 7 കിലോ പരിമിതിയുള്ള ഹാൻഡ് ബാഗിൽ ഒരു 15 കിലോ സാധനങ്ങൾ ഉണ്ടാകും. ഹാൻഡ് ബാഗിന്റെ തൂക്കം സാധാരണ ഗതിയിൽ കൗണ്ടറിൽ നോക്കാറില്ല. ചുവന്ന ഒരു ട്രോളി ബാഗ് ആണ് അദ്ദേഹത്തിന്റേത്. ശ്രമപ്പെട്ട് വലിച്ചെടുത്ത ബാഗ് കയ്യിൽ താങ്ങാൻ പറ്റാത്തതു കൊണ്ട് അതയാൾ ശക്തിയോടെ നിലത്തുവെച്ചു. ട്ടക് എന്ന ശബ്ദത്തോടെ നിലത്തുവെക്കപ്പെട്ട ബാഗിൽ നിന്നും ഒരു പാറ്റ പെട്ടെന്ന് ചാടി ഇറങ്ങി ഒരു നിമിഷം എന്തോ ഓർത്തു നിന്ന് എന്റ കാലുകൾക്കിടയിലൂടെ ജെറ്റ് എയർവേസിന്റെ സീറ്റിനടിയിലേക്ക് പോയൊളിച്ചു.. ഖത്തറിൽ നിന്നും എക്സിറ്റ് പെർമിറ്റോ ടിക്കറ്റോ ഇല്ലാതെ കോഴിക്കോട് എത്തിയ പാറ്റ ഇനി ഏതെങ്കിലും കാലത്ത് പാറ്റകളുടെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിൽ അവരുടെ വാസ്കോഡഗാമ ആകുമോ എന്നറിയില്ല. ആകാൻ വഴിയില്ല. ഗൾഫിലെ പാറ്റയുടെയും മൂട്ടയുടെയുമൊക്കെ പൂർവികർ ഇന്ത്യക്കാർ തന്നെയായിരിക്കും.

വിമാനത്തിൽ നിന്നും അവസാനം ഇറങ്ങിയാൽ ഉള്ള മെച്ചം റൺവെയിൽ നിന്നും എയർപോർട്ടിലേക്കുള്ള ബസ്സിൽ ഡോറിന് അടുത്ത് കയറാം ശേഷം ആദ്യം ഇറങ്ങി എമിഗ്രെഷനിൽ ആദ്യം എത്താം എന്നുള്ളതാണ്. വിമാനം നിർത്തിയപ്പോഴേക്കും ചാടി എണീറ്റ് ക്രൂവിനെ ബുദ്ധിമുട്ടിച്ച് ആദ്യമിറങ്ങിയ ശശിമാരെല്ലാം എമിഗ്രെഷൻ ലൈനിന്റെ പിറകിൽ നിൽക്കുന്നുണ്ട്.

11 മാസങ്ങൾക്ക് ശേഷം നാട്ടിലെ കാറ്റ്.. നിലാവ്. ആകാശം. നക്ഷത്രം…..വിമാനം നേരത്തെ എത്തിയതുകൊണ്ടു വീട്ടുകാർ എത്തിയിട്ടില്ല. ട്രോളിയും തള്ളി പുറത്തേക്ക് നടക്കുമ്പോഴുണ്ട് അബ്ബാസെ എന്നൊരു വിളി. നൗഫലും ബഷീറും. കൊണ്ടോട്ടി GMUP സ്‌കൂളിലെ കൂട്ടുകാർ. അവസാനമായി കണ്ടിട്ട് 10 വർഷം കഴിഞ്ഞു. എത്ര വേഗത്തിലാണ് അബ്ബാസെ എന്നൊരു വിളി എന്നെ 23 വർഷം പിറകിലോട്ടു കൂട്ടി കൊണ്ട് പോയത്. വാട്സ് ആപ് കോൺടാക്ട് ഉള്ള നൗഫലിന് ഞാൻ ഇറങ്ങുന്ന സമയം അറിയാമായിരുന്നു. അവൻ ബഷീറിനെയും കൂട്ടി വന്നതാണ് അവരോട് കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും വീടിനടുത്തുള്ള വിനോദ് ചേട്ടായിയുടെ ബൊലീറോ ഞങ്ങൾക്ക് മുന്നിലെത്തി നിന്നു. അതിൽ എന്റെ കുടുംബം. എന്റെ സന്തോഷം…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply