യാത്രാവിവരണം – Sumesh G.
സിക്കിമിൽ പോകാൻ ഗവേഷണം നടത്താൻ തുടങ്ങിയ കാലം.. ഗൂഗിളിൽ നോക്കിയപ്പോൾ കാണാൻ പറ്റിയത് 3 ദിവസത്തെ നോർത്ത് സിക്കിം ടൂറും ഒരു ദിവസത്തെ നാഥുല പാസ് ടൂറും ആണ്. പിന്നെ ഉള്ള സ്ഥലങ്ങൾ ആയ പെല്ലിങ് , നാംച്ച പോലുള്ള സ്ഥലങ്ങൾ ഒറ്റയ്ക്കു ഷെയർ ടാക്സി എടുത്തു പോകാം.. അപ്പോഴാണ് സിക്കിമിന്റെ വടക്കു കിഴെക്കെ അറ്റത്തു ഒളിച്ചിരിക്കുന്ന സുന്ദരിയെ കണ്ടത്.. സുല്ക് വാലി. സഞ്ചാരികളുടെ ഇഷ്ടപാതയായ സിൽക്ക് റൂട്ട് ഈ താഴ്വരയിലാണ്. പക്ഷെ അവളെ കാണാൻ അത്ര എളുപ്പത്തിൽ സാധിക്കില്ല. കാരണം ഈ റൂട്ട് ഇൻഡോ ടിബറ്റിന് ആർമിയുടെ നിരീക്ഷണത്തിലാണ്. അത് വഴി പോകാൻ ഇന്നർ ലൈൻ പെര്മിറ്റി വേണം.
സിക്കിമിലെ പോകാൻ വേണ്ടി ട്രെയിനിൽ പോകുയാണെങ്കിൽ ഏറ്റവും അടുത്ത സ്റ്റേഷൻ ന്യൂ ജൽപൈഗുരി ആണ്. അവിടുന്ന് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് യിലേക്ക് ഷെയർ ടാക്സിയിൽ പോയി അവിടുന്ന് സിക്കിം കണ്ടു മടങ്ങാം. സിലിഗുരിയിൽ നിന്നും ഗാങ്ടോക്ക് പോകാൻ 2 റൂട്ടുകൾ ഉണ്ട്. ടീസ്റ്റ നദിക്കു സമാന്തരമായി മെല്ലി വഴി ഗാങ്ടോക്ക് എത്താം. മറ്റൊരു റൂട്ട് കലിംപോങ് – റോങ്ലി – സുല്ക് – നതങ് വാലി വഴി ആണ്. രണ്ടാമത്തെ വഴിയിലാണ് 22 ഹെർപിന്നുകൾ ഉള്ള മനോഹരമായ സിൽക്ക് റൂട്ട്.പക്ഷെ ഇന്നർ ലൈൻ പെര്മിറ്റി ഉണ്ടെങ്കിലേ രണ്ടാമത്തെ റൂട്ടിൽ കൂടെ യാത്ര ചെയ്യാൻ അനുവദിക്കൂ. അത്കൊണ്ട് തന്നെ ഗാങ്ടോക്ക് പോകുന്ന ഷെയർ ടാക്സികൾ എല്ലാം ആദ്യത്തെ വഴിയേ പോകുള്ളൂ. അപ്പൊ പിന്നെ സിൽക്ക് റൂട്ട് കാണാൻ എന്ത് ചെയ്യണം.
സിൽക്ക് റൂട്ട് പോകാൻ സിലിഗുരിയിൽ നിന്നും ടൂർ പാക്കേജ് തിരഞ്ഞെടുക്കുകയോ ( 10k -12k ആണ് റേറ്റ് )നാട്ടിൽ നിന്നും വണ്ടി കൊണ്ടുവന്നു പെര്മിറ്റി എടുത്തു ഓടിച്ചു പോകുകയോ വേണം. ഒറ്റയ്ക്കു യാത്ര ചെയുന്ന എനിക്ക് ഇത്രയും കാശു കൊടുത്തു പോകാൻ എന്തായാലും പറ്റില്ല.കുറഞ്ഞ ചിലവിൽ എങ്ങനെ സിൽക്ക് റൂട്ട് പോയി വരാം എന്ന അന്വേഷണം തുടങ്ങി.
പല സഞ്ചാരി ഗ്രൂപ്പിലും അന്വേഷിച്ചു.അവിടെ പോയ ആൾക്കാരുമായി സംസാരിച്ചു.. അവിടുത്തെ ടാക്സി ഡ്രൈവറുമായി ചാറ്റ് ചെയ്തു. പക്ഷെ ഒറ്റയ്ക്കു ബജറ്റ് ട്രിപ്പ് നടത്തിയ ആരെയും കിട്ടിയില്ല. അവസാനം അവിടുത്തെ ഒരു നാട്ടുകാരനെ പരിചയപ്പെട്ടു. അയാളാണ് കുറഞ്ഞ ബഡ്ജറ്റിൽ ഒറ്റയ്ക്ക് ഓൾഡ് സിൽക്ക് റൂട്ട് കാണാനുള്ള ഐഡിയ പറഞ്ഞു തന്നത്.. പക്ഷേ ആ റൂട്ടിൽ ഒറ്റയ്ക്കു പോകുന്നതിന്റെ റിസ്ക് എന്നെ പറഞ്ഞു ബോധിപ്പിച്ചു.. പക്ഷേ പോകാനുള്ള ആഗ്രഹം അതിനുമുന്നിൽ ഒന്നുമല്ലായിരുന്നു…
അപ്പൊ പടം ആരംഭിക്കുവാണേ… Lights off… start camera.. ACTION…
അയ്യോ.. ഏതോ യാത്രക്കാരന്റെ കാലിൽ പെട്ടി വീണതിന്റെ ശബ്ദം കേട്ടിട്ടാണ് ട്രെയിനിൽ നിന്നും ഞെട്ടി ഉണർന്നത്.. എല്ലാരും ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷൻ ഇറങ്ങാൻ ബാഗും എടുത്തു റെഡി ആയി..ഞാൻ ആണെങ്കിൽ ഉറക്കത്തിൽ നിന്നും എഴുന്നേറ്റിട്ടുപോലും ഇല്ല. അങ്ങനെ വേഗം മുകളിലെ ബെർത്തിൽ നിന്നും ചാടി ഇറങ്ങി എങ്ങനെയൊക്കെയോ ഷൂ തപ്പിയെടുത്തു. എന്നിട്ടു ബാഗും എടുത്തു സ്റ്റേഷനിൽ ഇറങ്ങി. ദൈവമേ ഈ സ്റ്റേഷൻ കടലുപോലെ നീണ്ടിരിക്കുയാണല്ലോ.. സ്റ്റേഷന് പുറത്തു നിന്നും ടാക്സി എടുത്താൽ റോങ്ലി പോകാൻ പറ്റില്ല. അതിനു സിക്കിം നാഷണൽ ട്രാൻസ്പോർട് (SNT) ബസ്റ്റാന്റിൽ പോണം.
എങ്ങനെയൊക്കെയോ അവിടുത്തെ ടാക്സിക്കാരുടെ കണ്ണ് വെട്ടിച്ചു സ്റ്റേഷനിൽ ആളെ ഇറക്കി തിരിച്ചു പോകുന്ന ഓട്ടോയിൽ കയറി SNT ബസ്റ്റാന്റിൽ എത്തി. അവിടെ ടിക്കറ്റ് കൗണ്ടറിൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് റോങ്ലിക്കു ആകെ ഒരു ബസ്സേ ഉള്ളൂ.. അതും ഉച്ചയ്ക്ക് 2.30 ന്. ദൈവമേ പെട്ട് പോയോ.. കയ്യിൽ കളയാൻ ദിവസങ്ങൾ ഇല്ല.. വേറെ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അടുത്തുള്ള ഡ്രൈവറോട് അന്വേഷിച്ചു. അയാളാണ് ഐഡിയ പറഞ്ഞു തന്നത്. ഇവിടുന്നു ഗാങ്ടോക്കിലെക്കു പോകുന്ന ബസ്സിൽ കയറുക.. എന്നിട്ട് റോങ്പോ എന്ന സ്ഥലത്തു ഇറങ്ങി അവിടുന്ന് ജീപ്പിൽ റോങ്ലി വരെ പോകാം. അങ്ങനെ ഏറ്റവും ആദ്യം പോകുന്ന ഗാങ്ടോക്ക് ബസ്സിന് ടിക്കറ്റ് എടുത്തു.. ബസ് 8 മണിക്കേ പോകൂ. ഇനിയും 30 മിനിറ്റ് സമയം ഉണ്ട്. അടുത്തുള്ള ഹോട്ടലിൽ കയറി ആലൂ പറാത്തയും ചായയും കുടിച്ചു ബസിൽ കയറി ഇരുന്നു. ac ബസ് ആണ്.. അതുകൊണ്ടുതന്നെ ഗ്ലാസ്സിനകത്തു കൂടെ തന്നെ കാഴ്ചകൾ മുഴുവൻ കാണാം. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ വിന്ഡോ സൈഡ് സീറ്റ് ചോദിച്ചു വാങ്ങി.
അങ്ങനെ ബസ് ജൽപൈഗുരി ടൗണിലൂടെ നീങ്ങി തുടങ്ങി.. റോഡിനു ഇടതു വശത്തായി മിലിറ്ററി ക്യാമ്പുകൾ കണ്ടുതുടങ്ങി.. പതുക്കെ നഗരം വിട്ടു ഗ്രാമത്തിലേക്ക് കടന്നു.. കൂട്ടിനു അവളും കൂടെ കൂടി… ടീസ്റ്റ നദി.. ആദ്യമൊക്കെ നേരം വെളുത്തതിന്റെ ആലസ്യത്തിൽ ഒഴുകാതെ ഒരിടത്തു മടിപിടിച്ചു ഇരിക്കുയായിരുന്നു ടീസ്റ്റ.. അവളുടെ കൂടെ ബസ് മലകൾ കയറി തുടങ്ങി.. എല്ലാരും ഉറങ്ങി തുടങ്ങി. ഞാൻ കൂടെ ഇരുന്നവനെ പരിചയപ്പെട്ടു.. ഛത്തിസ്ഗട്ടുകാരനാണ്. ജോലി അന്വേഷിച്ചു ഗാങ്ടോക്കിലേക്ക് ഉള്ള പോക്കാണ്. കൂടെ സിക്കിം കറങ്ങാനും പ്ലാൻ ഉണ്ട്..
മലകൾ കറങ്ങി തുടങ്ങിയതോടെ ഓരോരോ ആളായി വാളുവെക്കാൻ തുടങ്ങി.. ബസ് മുഴുവൻ DTS പടം പോലെ വാളുവെക്കുന്ന സൗണ്ട് മാത്രം(ദൈവമേ ഇത് ഇവിടുത്തെ വല്ല ആചാരവും മറ്റോ ആണോ ). കലിംപോങ് എത്തിയപ്പോൾ ടീസ്റ്റ ഒഴുകി തുടങ്ങി.. പിന്നെ അങ്ങോട്ട് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ഒരു മഹാ നദി പോലെയായി… അവിടെ തുടങ്ങി പിന്നെ എല്ലാം റിവർ റാഫ്റ്റിങ് പോയിന്റുകൾ ആണ്. കാഴ്ചകൾ ഒക്കെ കണ്ടു എപ്പോഴോ അറിയാതെ മയങ്ങിപ്പോയി.. കണ്ടക്ടർ വന്നു വിളിച്ചു “റാങ്പോ എത്തി ഇവിടെ ഇറങ്ങിക്കോ “.
റാങ്പൊയിൽ ബസ് ഇറങ്ങി അടുത്തുള്ള ടാക്സി സ്റ്റാൻഡിലേക്ക് നടന്നു. എന്റെ ബാഗും വേഷവും ഒക്കെ കണ്ടു അവർ നാടും വീടും ഒക്കെ ചോദിച്ചറിഞ്ഞു. എന്നിട്ട് ബാഗു വാങ്ങിച്ചു റോങ്ലി പോകുന്ന ജീപ്പിന്റെ മുകളിൽ കെട്ടിവെച്ചു. ആദ്യമൊക്കെ മോശമല്ലത്ത റോഡിൽ കൂടെ ആയിരുന്നു യാത്ര. പിന്നീട് അങ്ങോട്ട് ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്കുള്ള ജീപ്പിന്റെ ചാട്ടമായിരുന്നു. ഒരു നിമിഷം പോലും സീറ്റിൽ ഇരുന്നിട്ടില്ല(ഇറങ്ങുമ്പോ 50 രൂപ തിരിച്ചു ചോദിക്കണം എന്ന് വിചാരിച്ചതാ. സീറ്റിൽ ഇരുന്നു യാത്ര ചെയ്താൽ അല്ലെ കാശു കൊടുക്കേണ്ടൂ ).
അപ്പോഴേക്കും നേരം 12 മണി ആയി. വേഗം റോങ്ലി ചെക്ക് പോസ്റ്റിൽ പോയി വോട്ടർ ഐഡിയും ഫോട്ടോയും പെര്മിറ്റിനുള്ള അപേക്ഷയും കൊടുത്തു. ഒറ്റയ്ക്കാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി. കേരളത്തിൽ നിന്നാണെന്നും കൂടി കേട്ടപ്പോൾ കസേരയിൽ നിന്നും എഴുന്നേറ്റു (ബഹുമാനം കൊണ്ടല്ല കേട്ടോ ) എനിക്ക് വട്ടായതാണോ അതോ അയാൾക്ക് വട്ടായതാണോ എന്നരീതിയിൽ എന്നെ തുറിച്ചു നോക്കി. അവസാന നിമിഷം എന്നെ ചതിച്ച സുഹൃത്ത് കാരണം ഒറ്റയ്ക്ക് വരേണ്ടി വന്ന കള്ളക്കഥ ഞാൻ വളരെ വിനയകുനിയനായി അവിടെ അവതരിപ്പിച്ചു. അതിൽ അയാൾ വീണു. പെർമിറ്റ് ഫോമിൽ സീലും പതിഞ്ഞു.
ഇതുവരെ കാര്യങ്ങൾ ഓക്കേ ആയി. ഇനി അങ്ങോട്ട്.. ഒരു പിടിയും ഇല്ല.. ഓൾഡ് സിൽക്ക് റൂട്ട് കടന്ന് നാതാങ് വാലി കടന്ന് നാഥുല പാസ് കടന്ന് ചങ്കു lake കടന്ന് ഗാങ്ടോക്ക് എത്താൻ 120km. ഇന്ന് യാത്ര തുടങ്ങിയാൽ ഗാങ്ടോക്ക് എത്താൻ പറ്റില്ല.. എങ്ങനെയെങ്കിലും നാളെ ഗാങ്ടോക്ക് വരെ പോകാനുള്ള വഴി കണ്ടെത്തണം. അതിനു ഇന്ന് റോങ്ലിയിൽ താമസിച്ചു നാട്ടുകാരോടൊന്നു സംസാരിച്ചു നോക്കാം. അടുത്തുള്ള കടയിൽ പോയി കുറഞ്ഞ റേറ്ററിൽ ഹോംസ്റ്റേയ് കിട്ടുമോ എന്ന് അന്വേഷിച്ചു. കുറച്ചു ദൂരെയായി 800 രൂപയ്ക്കു ഭക്ഷണം അടക്കം ഹോംസ്റ്റേയ് കിട്ടും എന്നറിഞ്ഞു അവിടേക്കു നടന്നു. നല്ല ക്ഷീണം.. പക്ഷേ നടന്നു ചെന്നത് നാല് ഭാഗവും മലകൾ ഉള്ള..ഒരു കൊച്ചു വീട്ടിലേക്കായിരുന്നു.. അതിന്റെ ഓണറെ കണ്ടു ജനലിൽ കൂടി മലകൾ കാണാൻ പറ്റുന്ന റൂം ചോദിച്ചു വാങ്ങി.
നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ക്ഷീണം ഒക്കെ മാറ്റി വെറുതെ പുറത്തേക്കു നടക്കാൻ ഇറങ്ങി.അടുത്ത് തന്നെ റോങ്ലി പുഴ ഒഴുകുന്നുണ്ട് എന്നറിഞ്ഞ് അവിടേക്കു നടന്നു.വഴിയിൽ ബുദ്ധിസ്റ്റുകൾ താമസിക്കുന്ന ഒരു വലിയ വീട് കണ്ടു.. മൊണാസ്റ്ററി ആണെന്നാണ് ആദ്യം വിചാരിച്ചത്.പോകുന്ന വഴിയിൽ എല്ലാ വീടുകളിലും പച്ചക്കറി തോട്ടങ്ങൾ… പല നിറങ്ങളിൽ ഉള്ള പൂക്കൾ… ഒരില പോലും നിലത്തുവീണു കിടക്കുന്നില്ല.. അത്രയും വൃത്തിയുള്ള ഗ്രാമം. എല്ലാ വീടിനു വെളിയിലും വേസ്റ്റ് ഇടാൻ പാത്രങ്ങൾ.. അങ്ങനെ കാഴ്ചകൾ കണ്ടു പുഴയോരത്തെത്തി.അവിടെ കുറച്ചു നേരം ഇരുന്നു റൂമിലേക്ക് മടങ്ങി.
നാളത്തെ കാര്യം.. ?എന്റെ ആവശ്യം ഞാൻ അവിടെ ഉള്ള ആൾക്കാരോട് പറഞ്ഞു. ഒറ്റയ്ക്ക് വന്നത് അബദ്ധമായി എന്നാ അവരുടെ അഭിപ്രായം. റോങ്ലി നിന്നും ഷെയർ ടാക്സി ഒന്നും കിട്ടില്ല.. ഒറ്റയ്ക്കു ടാക്സി എടുത്തു പോയാൽ 4500 രൂപ കൊടുക്കണം. അതും എല്ലാരും ഒന്നും പോകാൻ തയ്യാറാവില്ല. പിന്നെ ആരെങ്കിലും ഒക്കെ ലിഫ്റ്റ് തന്നാൽ തന്നെ ഗാങ്ടോക്ക് വരെ ഒരേ വണ്ടി കിട്ടാൻ സാധ്യത ഇല്ല. സാരമില്ല.. ഒന്നോ രണ്ടോ മൂന്നോ വണ്ടി കയറി ഇറങ്ങി പോകേണ്ടി വന്നാലും.. കുറച്ചു നടക്കേണ്ടി വന്നാലും എനിക്ക് ഓൾഡ് സിൽക്ക് റൂട്ട് കണ്ടേ പറ്റൂ. എന്റെ വാശി കണ്ടു ദിലീപ് ഭയ്യാ ആരെയൊക്കെയോ ഫോൺ വിളിക്കാൻ തുടങ്ങി.. ഒന്നും ശരിയായില്ല എന്നമട്ടിൽ തലയാട്ടി.
റോങ്ലി മുതൽ നാഥുല പാസ് വരെയുള്ള 75km, അതിനിടയിലാണ് ഞാൻ സ്വപ്നം കണ്ടു നടന്ന ഓൾഡ് സിൽക്ക് റൂട്ട്..അത് നടന്നോ ലിഫ്റ്റ് അടിച്ചോ എത്തണം.. നാഥുലയിൽ നിന്നു ഗാങ്ടോക്കിലേക്ക് ടാക്സി കിട്ടാൻ ചാൻസ് ഉണ്ട്. ദിലീപ് ഭയ്യാ ധൈര്യം തന്നു. ഞാൻ ഭക്ഷണം കഴിച്ചു കിടക്കാനായി റൂമിലേക്ക് പോയി. അയാൾ വീണ്ടും ഫോൺ വിളി തുടർന്നു..
ഗുഡ് മോർണിംഗ് ഭായ്.. ഏക് ഗുഡ് ന്യൂസ് ഹേ ആപ്കേലിയെ..ദിലീപ് ഭയ്യ ചിരിച്ചു കൊണ്ട് ചായയുമായി റൂമിലേക്ക് വന്നു. അയാളുടെ ഒരു ഫ്രണ്ടിന്റെ കാർ ഇന്ന് ഗാങ്ടോക്കിലേക്ക് പോകുന്നുണ്ട്. അയാൾ ഗാങ്ടോക്കിൽ ഉള്ള ഭാര്യയെ കാണാൻ പോകുന്നതാണ്. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് : when you want something, all the universe conspires in helping you to achieve it. അത് ഇന്ന് ബോധ്യമായി.. ചായയുമായി ഞാൻ ബാൽകണിയിലേക്കു നടന്നു. മലമുകളിൽ മഴപെയ്യുന്നുണ്ട്… മലനിരകൾ കോട കൊണ്ട് പുതച്ചിരിക്കുന്നു.. ദൂരെ പുഴ ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം.. ഒന്നുമില്ലാത്തിടത്തുനിന്നും പറന്ന് മലമുകളിൽ എത്തിയപോലെ.
വേഗം പോയി ഫ്രഷ് ആയി ചായ കുടിക്കാനായി താഴേക്ക് പോയി.. 8 മണിക്ക് പുറപ്പെടണം.. എന്നാലെ സ്ഥലങ്ങൾ കണ്ടു വൈകിട്ട് 6 മണിക്ക് ഗാങ്ടോക്ക് എത്തുള്ളു.. എല്ലാരോടും യാത്ര പറഞ്ഞു പോകുമ്പോൾ ദിലീപ് ഭയ്യ കെട്ടിപിടിച്ചിട് പറഞ്ഞു : ഗാങ്ടോക്ക് എത്തിയിട്ട് എന്നെ വിളിക്കണം.. അതുവരെ എനിക്ക് സമാധാനം ഉണ്ടാകില്ല . എന്നിട്ട് അവരുടെ ആദിത്യ മര്യാദയുടെ ഭാഗമായി ഒരു ഷാൾ പുതപ്പിച്ചു തന്നു. കയ്യിൽ വെള്ളം നിറച്ച ഒരു കുപ്പിയും ബ്രഡ് ഓംലറ്റ് ഉണ്ടാക്കി പാക്ക് ചെയ്തു ബാഗിലും വെച്ചു തന്നു യാത്രയാക്കി. കാർ മുന്നോട്ട് നീങ്ങിയപ്പോൾ വീട്ടിൽ നിന്നും യാത്ര പറഞ്ഞു പിരിയുംപോലെ… അവർ എല്ലാരും മുറ്റത്തു നില്പുണ്ടായിരുന്നു.
ഞാൻ കാറുകാരനെ പരിചയപ്പെട്ടു.. ചുങ് ഷി എന്നാ പേര്. നേപ്പാളി ആണ്. ആള് രസികനാണ്. ഞങ്ങൾ യാത്ര തുടങ്ങി. ലിംഗ്തം പോലീസ് ചെക്പോസ്റ്റിൽ പെര്മിറ്റ് കാണിച്ച് ഓരോരോ വളവുകൾ കയറാൻ തുടങ്ങി. പോകുന്ന വഴിയിൽ മുഴുവൻ പച്ചപുതച്ച മലനിരകൾ.. അതിനിടയിലൂടെ താഴോട്ടു ഒഴുകുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങൾ.. സൂര്യൻ ഇടക്കിടെ എത്തി നോക്കി പോകും. താഴെ നോക്കിയാൽ റോങ്ലി നദി കാണാം. ചെറിയ അരുവിയെ പോലെ.. കുറച്ചു കഴിഞ്ഞപ്പോൾ ചുങ് ഷി കാർ അരികത്തായി നിർത്തി. സിഗ്രെറ്റ് വലിക്കാൻ ആകും എന്ന് തോന്നുന്നു. അയാൾ എന്നോട് പുറത്തേക്ക് ഇറങ്ങി വരാൻ പറഞ്ഞു. എന്നിട്ട് ദൂരെ കാണുന്ന മലയിലേക്കു കാമറ സൂം ചെയ്തു എനിക്ക് തന്നു.. കുറെ മലകളുടെ ഇടയിൽ ഒരു ചെറിയ തടാകം. കണ്ണുകൾക്കു കാണാവുന്നതിനും അപ്പുറം കാഴ്ചകൾ ഉണ്ടെന്ന് അന്ന് മനസിലായി. 6 ദിവസം നടന്നാൽ അവിടേക്കു എത്താം എന്നാ അയാള് പറഞ്ഞത്. ആ തടാകം ഒരിക്കലും വറ്റാറില്ല. ഒരു വലിയ പാറയുടെ മുകളിൽ വലിഞ്ഞുകേറി എത്തിപിടിച്ചു നോക്കി. ഇപ്പൊ കാണാം കണ്ണെത്താ ദൂരത്തു ഹിമവാന്റെ മടിത്തട്ടിലെ ആ സുന്ദരിയെ.
പ്രയർ ഫ്ലാഗുകൾ കൊണ്ട് അലങ്കരിച്ച പാലത്തിൽ മുകളിലൂടെ കുതിരയെപോലെ വണ്ടി തുള്ളി ചാടി.. ഏതോ ഒരു ചാട്ടത്തിൽ കാറിന്റെ സ്റ്റീരിയോയിൽ നിന്നും നേപ്പാളി പാട്ട് പാടി തുടങ്ങി.. കാറിൽ നേപ്പാളി പാട്ട് വെച്ചു യാത്ര ഒന്ന് ഉഷാറാക്കി. ചുങ് ഷി നല്ല പാട്ടുകാരനാണ്. കുറെ സ്റ്റേറ്ജ് ഷോ ഒക്കെ പാടിയിട്ടുണ്ട്. ഞാനും താളം പിടിച്ചു കൂടെ കൂടി.. പോകുന്ന വഴിയിൽ ഒക്കെ പല നിറത്തിലുള്ള പ്രാർത്ഥന പതാകകൾ പറന്ന് കളിക്കുന്നു.. പഗോഡ ആകൃതിയിൽ ഉള്ള വീടുകൾ.. വളഞ്ഞു തിരിഞ്ഞു പോകുന്ന റോഡുകൾ… കൂടെ നല്ല നാടൻ നേപ്പാളി ഗാനങ്ങൾ..വഴിയിലെ മൈൽകുറ്റി കണക്കുപറഞ്ഞു… സുലുക് – 15കെഎം.
തണുപ്പ് മെല്ലെ ശരീരത്തിൽ അരിച്ചിറങ്ങാൻ തുടങ്ങി.പുറത്തു ചാറ്റൽ മഴ തുടങ്ങി. കോട വന്നു കാഴ്ചകൾ ഒക്കെ മറച്ചു. ദൈവമേ സിൽക്ക് റൂട്ട് എത്തുമ്പോഴേക്കും കാലാവസ്ഥ നല്ലതായിരിക്കണേ.. അങ്ങനെ സുലുക് എത്തി. 22 വളവുകൾ ഓരോന്നായി കയറാൻ തുടങ്ങി.ഇപ്പോൾ സഞ്ചരിക്കുന്നത് സിൽക്ക് റൂട്ടിലാണ്.. കടന്നുപോയ ഈ വഴികൾ എല്ലാം മുകളിലെ തമ്പി വ്യൂ പോയിന്റിൽ ചെന്ന് നിന്നാൽ കാണാം. കോടമഞ്ഞു കാരണം മുന്നിലെ വഴി ഒന്നും കാണുന്നില്ല.. കാറിന്റെ ഗ്ലാസ് തുറന്ന് കൈ പുറത്തേക്കു നീട്ടി തണുത്ത കാറ്റിനെ തഴുകി പറന്ന് പറന്ന് മലമുകളിൽ എത്തി..
കാർ റോഡിനു ഒരു വശത്തു നിർത്തി വ്യൂ പോയിന്റിലേക്കു ഓടി ചെന്നു. ചതിച്ചു… ഒന്നും കാണാനില്ല.. ആകെ പുകമയം. ചുങ് ഷി പറഞ്ഞു :” നമുക്ക് ഓരോ പ്ലേറ്റ് മോമൊ കഴിച്ചിട് വരാം.അപ്പോഴേക്കും കോടമഞ്ഞു മാറിപ്പോകും. നല്ല ചൂടൻ മോമൊ പ്ലേറ്റിൽ വാങ്ങി തിരിച്ചു വന്നു.. കാറ്റ് കോടയെ ഓടിച്ചു വിടുന്ന ആ രംഗം..അതൊന്നു കാണണം.. ഓരോരോ വളവുകളായി തെളിഞ്ഞു വരാൻ തുടങ്ങി.. അങ്ങനെ കോട അപ്പൂപ്പൻതാടിയെ പോലെ തലയ്ക്കു മുകളിലൂദേ പറന്നകന്നു.. ദേ എന്റെ മുന്നിൽ നിൽക്കുന്നു.. സിൽക്ക് റൂട്ട്.. പച്ചപരവതാനി വിരിച്ച മലകളിലൂടെ ഒഴുകി നടക്കുന്ന അവൾ..
ഓരോ വളവുകളും തിരിഞ്ഞു മുകളിലേക്ക് വരുന്ന കുഞ്ഞുറുമ്പുകളുടെ വലുപ്പം മാത്രം തോന്നിക്കുന്ന കാറുകൾ.. താഴെ നിന്നും മുകളിൽ എത്തുംവരെ കണ്ണെടുക്കാതെ അവയെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളപുതപ്പുമായി മേഘങ്ങൾ വന്നു. വളവുകളെ ഒക്കെ കോട പുതപ്പിച്ചു. വീണ്ടും പുകമയം.. മഴ പെയ്യാൻ തുടങ്ങി.. ചുങ് ഷി കാറിലേക്ക് ഓടിക്കയറി. പക്ഷേ അവിടെ നിന്നു മഴ നനയാനാ എനിക്ക് തോന്നിയത്.. തൂണിൽ ചാരി നിന്നു 2 കയ്യും നീട്ടി മഴയോട് പറഞ്ഞു : “ഒരുപാട് നന്ദി.. എനിക്ക് വേണ്ടി മേഘമറ മാറ്റി ഈ സ്വർഗ്ഗ പാത കാണിച്ചു തന്നതിന്. ഒരു പാട് നന്ദി.. എന്റെ സ്വപ്ന യാത്രയിൽ കൂട്ട് വന്നതിന്..
യാത്ര തുടരുന്നു..