വിവരണം: ഷഹീർ അരീക്കോട്, ഫോട്ടോസ്: ഷഹീർ അരീക്കോട് & നൗഫൽ മൂർക്കനാട്.
ശനിയാഴ്ച വൈകിട്ട് നാലര മണിയായപ്പോ സുഹൃത്ത് നൗഫലിന്റെ ( Noufal Mrkd Arkd ) കോൾ വന്നു, ഈ ഞായറാഴച ഞങ്ങൾ രണ്ടു പേരും ഇടുക്കിയിലുണ്ട് (അവൻ നെടുംകണ്ടത്തും ഞാൻ അടിമാലിയിലും) അതുകൊണ്ട് എവിടെയെങ്കിലും ചുറ്റിയടിക്കാൻ പോകാം അതാണ് ചർച്ചാ വിഷയം, ഒന്നര മിനിറ്റ് കൊണ്ട് ലൊക്കേഷൻ തീരുമാനമായി. ‘പൊൻമുടി ഡാം’. ഞായറാഴ്ച രാവിലെ പൊൻമുടി ഡാമിൽ വെച്ച് സന്ധിക്കാമെന്ന ധാരണയിൽ ഫോൺ സംഭാഷണം അവസാനിച്ചു. (പൊൻമുടി ഡാം കാണാൻ മാത്രം എന്തിനാ ഒരു ഫുൾഡേ എന്ന് നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും, ഞങ്ങളുടെ ട്രിപ് അങ്ങിനെയാണ് വഴിയെ മനസ്സിലാകും.).
രാവിലെ 9:10 ന് അടിമാലിയിൽ നിന്നും പുറപ്പെടുന്ന രാജാക്കാട്ടേക്കുള്ള പൂജ ബസ്സിൽ ഞാൻ കയറി, പന്നിയാർകുട്ടിക്ക് 20 രൂപ ടിക്കറ്റെടുത്തു യാത്ര തുടങ്ങി, കല്ലാർകുട്ടി ഡാമും റിസർവോയറും കഴിഞ്ഞപ്പോൾ ബസ്സിന്റെ വേഗത കുറഞ്ഞു, അവിടന്നങ്ങോട്ട് റോഡിൽ കുഴികളും, ഡെയ്ഞ്ചർ വളവുകളും, വഴിയോരത്ത് ചിലയിടങ്ങളിൽ മണ്ണിടിഞ്ഞ് വീതി കുറഞ്ഞതുമൊക്കെയാണ്, വെള്ളത്തൂവലും പിന്നിട്ട് 10 മണിയോടെ ബസ്സ് പന്നിയാർ കുട്ടിയിലെത്തി.
ഡാമിന് പുറമെ പോകാൻ പറ്റിയ മറ്റ് ഇടങ്ങൾ എതൊക്കെയാണ് പൊൻമുടിയിലുള്ളത് എന്നാണ് ആദ്യം അന്വേഷിച്ചത്. ആട്ടു പാലം (ഹാംങ്ങിംഗ് ബ്രിഡ്ജ്), എക്കോ പോയിന്റ്, നാടുകാണിപ്പാറ എന്നിവ ചേർന്ന് നാലിടങ്ങൾ സന്ദർശിക്കാം എന്നറിഞ്ഞപ്പോൾ സന്തോഷമായി. നേരത്തെ ഡാം വഴി ബസ്സ് സർവ്വീസ് ഉണ്ടായിരുന്നു, പക്ഷെ റോഡ് ഇടിഞ്ഞതിനാൽ ഇപ്പോളത് നിർത്തിവെച്ചിരിക്കുകയാണ്, ചെറു വാഹനങ്ങൾ മാത്രമേ ഡാമിലേക്ക് കയറിപ്പോകൂ. സ്വന്തം വാഹനവുമായി വരാത്തവർക്ക് പൊൻമുടി യാത്ര കുറച്ച് ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. ആനച്ചാലിൽ നിന്നും പാക്കേജ് ജീപ്പ് സർവ്വീസുണ്ട്, 3000 മുതൽ 4000 രൂപ വരെ മുടക്കിയാൽ അത് ഉപയോഗപ്പെടുത്താം (മറ്റ് ചില ഇടങ്ങൾ കൂടി പാക്കേജിൽ വരും എന്നാണറിയാൻ കഴിഞ്ഞത് – വിദേശികളും ഇതര സംസ്ഥാന ടൂറിസ്റ്റുകളുമാണ് ഇത് തെരഞ്ഞെടുക്കുന്നവരിൽ ബഹുഭൂരിപക്ഷം). അല്ലെങ്കിൽ ഓട്ടോയിൽ പോയി ഡാമിനടുത്ത് ഇറങ്ങി ഡാം മാത്രം കണ്ട് ഏതെങ്കിലും മടക്ക ഓട്ടോയിൽ കയറി തിരിച്ചു പോരണം. മറ്റിടങ്ങളിൽ പോകണേൽ ഒന്നുകിൽ നടക്കണം അല്ലെങ്കിൽ പോകാതിരിക്കണം.
അതു കൊണ്ട് ഇനി ഓട്ടോയിൽ വേണം ഡാമിലേക്ക് പോകാൻ, അവിടെക്കണ്ട ഓട്ടോയിൽ കയറി ആട്ടുപാലത്തിനടുത്ത് ഇറങ്ങി, ഓട്ടോക്കാരൻ 40 രൂപ വാങ്ങിച്ചു. അവിടെ ചെന്നപ്പോൾ ഞാൻ തീർത്തും നിരാശനായി, ഒരു മനുഷ്യജീവി പോലും അവിടെയില്ല, ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാവുന്ന രൂപത്തിലുള്ള ചെറിയ ഒരു ആട്ടു പാലം (മലപ്പുറം സ്റ്റൈലിൽ പറഞ്ഞാൽ തൂക്കുപാലം), പാലത്തിന് താഴെയുള്ള പാറകൾ ആകർഷണീയമായി തോന്നി. ഞാൻ പാലത്തിൽ കയറി ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴേക്കും കുറച്ചു ജീപ്പുകൾ വന്നു, ഉത്തരേന്ത്യക്കാരും വിദേശികളുമൊക്കെയായിട്ടുള്ളവരാണ് സന്ദർശകർ. അധികം വൈകാതെ അവിടെ നിന്നും തിരിച്ചു നടന്നു ഡാമിലേക്ക് തിരിയുന്ന ജംഗ്ഷനിൽ വന്നു, അവിടെ ഒരു കുരിശടിയും ചെറിയ ഒരു കടയുമുണ്ട്.
കടയിൽ കയറി ഒരു സോഡാ നാരങ്ങ വെള്ളവും ഒരു പാക്കറ്റ് ചിപ്സും വാങ്ങി കഴിച്ചു (അവിടെ അതൊക്കെയേ കിട്ടുകയുള്ളൂ).
അവിടെ വെച്ച് ഒരു തീരുമാനമെടുത്തു, ഇനി ഇന്നത്തെ കറക്കം മൊത്തം നടന്നിട്ടാണ്, തിരികെ പന്നിയാർകുട്ടിയിൽ എത്തുന്നത് വരെ. നൗഫലിനെ വിളിച്ച് കാര്യം പറഞ്ഞു അവന് ഡബിൾ ഓക്കേ. (ഇപ്പോൾ മനസ്സിലായില്ലേ, പൊൻമുടി മാത്രം കറങ്ങാൻ എന്തിനാണ് ഒരു ദിവസം മുഴുവനെന്ന്). അവിടെ നിന്നും ഡാമിലേക്ക് നടന്നു, 11:45 ന് ഞാനവിടെ ചെന്നെത്തുമ്പേഴേക്കും ഒരു ഓട്ടോയിൽ നൗഫലും അവിടെയെത്തി. നയന മനോഹര കാഴ്ചകളുടെ സദ്യ തന്നെ പൊൻമുടി ഡാം ഞങ്ങൾക്ക് സമ്മാനിച്ചു കൊണ്ട് ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ജലം നിറഞ്ഞ് നിൽക്കുന്ന ഡാം കാണേണ്ട കാഴച തന്നെയാണ്, നല്ല വെയിലുള്ള തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഇളം കാറ്റ് വെയിലിന്റെ ചൂടറിയിച്ചില്ല. ഡാം നിറഞ്ഞതിനാൽ കഴിഞ്ഞയാഴ്ച ഷട്ടറുകൾ തുറന്നിരുന്നുവെന്നും, 40 കിലോയോളം തൂക്കം (അതിശയോക്തിയാണോയെന്നറിയില്ല) വരുന്ന മീനുകൾ വരെ പലർക്കും കിട്ടി എന്നൊക്കെ അവിടത്തെ ജീവനക്കാരൻ പറഞ്ഞപ്പോൾ വയനാട്ടിലെ ബാണാസുര സാഗർ ഡാം തുറന്നപ്പോഴത്തെ കാഴ്ചകൾ ഓർമ്മ വന്നു. 1:15 മണി വരെ ഡാമിൽ ചിലവഴിച്ചു, വിശപ്പിന്റെ വിളി വന്നു തുടങ്ങി ഐസ്ക്രീമല്ലാതെ മറ്റൊന്നും കിട്ടാനിത്തതിനാൽ അതിൽ തൃപ്തരായി, അടുത്ത ലോക്കേഷനായ എക്കോ പോയിൻറിലേക്ക് നടക്കാൻ തുടങ്ങി.
പോകുന്ന വഴിയിൽ കുടമ്പുളി കായകൾ മുന്നിലേക്ക് വീഴുന്നത് കണ്ട് മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു കുരങ്ങൻ തന്റെ കുഞ്ഞുമായി കുടമ്പുളി മരത്തിൽ ഓടിക്കളിക്കുന്നതാണ്. 20 മിനിറ്റോളം നടന്ന് എക്കോ പോയിന്റിലെത്തി. കുറച്ച് ഉത്തരേന്ത്യൻ സഞ്ചാരികൾ എക്കോ കേൾക്കാൻ വേണ്ടി എന്തൊക്കെയോ വിളിച്ചു കൂവുന്നതും അതിന്റെ എക്കോയും കേട്ട നൗഫലിന് ആവേശമായി, മൂർക്കനാട് കടവിൽ തോണിക്കാരനെ കൂവി വിളിച്ചു ശീലിച്ച അവൻ ആവേശത്തിൽ കൂവി, കൂടെ ഞാനും പക്ഷെ എന്റെ കൂവൽ നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി, ഏതായാലും പുള്ളിക്കാരന്റെ ശിഷ്യത്വത്തിൽ നല്ലൊരു കൂവൽ വിദഗ്ദനായിട്ടാണ് എക്കോ പോയിന്റിൽ നിന്നും ഞാൻ തിരിച്ചു പോന്നത്.
അവിടെ നിന്നും വാങ്ങിച്ച ചക്ക വറുത്തതും കഴിച്ചു കൊണ്ട് വീണ്ടും തിരിച്ച് നടന്നു, ലക്ഷ്യം നാടുകാണിപ്പാറ വ്യൂ പോയിന്റ്, പിന്നെ കനത്തിൽ വല്ലതും കഴിക്കാൻ കിട്ടുമോന്നും നോക്കണം, അവിടെ എത്താറായപ്പോഴേക്കും ആദ്യമായി വെയിലിന്റെ ചൂടറിഞ്ഞ് തുടങ്ങി. വ്യൂ പോയിന്റിലെത്തുന്നതിന്റെ തൊട്ടു മുൻപ് ഒരു ചെറിയ കട കണ്ട് അവിടെ കയറി, ഒരു അമ്മച്ചി നടത്തുന്ന കടയാണ്, പേര് പ്രസന്ന വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിൽ നിന്നും വന്ന് ഇവിടെ ഇടുക്കിയിൽ താമസമാക്കിയവരാണ്. ചായയുണ്ട്, കഴിക്കാൻ ഓംലെറ്റും അതു മാത്രമേ ഉള്ളൂ, എന്തായാലും വേണ്ടിയില്ല ഉള്ളത് പോരട്ടെ എന്നായി ഞങ്ങൾ. അമ്മച്ചിയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഓംലെറ്റിന് നല്ല രുചിയായിരുന്നു. അവിടെ കൊക്കോ കാ കണ്ടപ്പോൾ നൗഫലിന് കൊതിയായി, അവൻ അതും വാങ്ങി കഴിച്ചു.
അപ്പോഴേക്കും അയൽക്കാരിയായ മുണ്ടും ചട്ടയും ധരിച്ച മറ്റൊരു അമ്മച്ചി കൂടി അവിടേക്ക് വന്നു, പേര് ത്രേസ്യാമ്മ പാലായിൽ നിന്നും കുടിയേറിയവരാണ്. ഇടുക്കി ജില്ലയിൽ ജോലി ചെയ്യുന്ന, മലപ്പുറം ജില്ലക്കാരാണ് ഞങ്ങളെന്ന് പരിചയപ്പെടുത്തി കുശലാന്വേഷണത്തിലേർപ്പെട്ടപ്പോൾ അവർക്കും സന്തോഷമായി. അവർ ഇവിടെ വരുന്ന കാലത്ത് ഇവിടം കൊടും വനമാണ്, കാട്ടാനകളുടെ വിഹാരകേന്ദ്രം, അന്ന് ഡാം ഇന്നത്തെ പോലൊന്നുമല്ല, രണ്ട് കരയിലും കെട്ടുണ്ട്, നടുക്ക് മണൽചാക്കുകൾ വച്ച തടയണയും, അതാണ് അന്നത്തെ ഡാം. ഇനി തിരികെ പന്നിയാർകുട്ടിയിലേക്ക് നടന്നു പോകാനുള്ള കുറുക്കുവഴിയും അവർ പറഞ്ഞു തന്നു, ഞങ്ങളെപ്പോലെ നടന്ന് വരുന്ന ഭ്രാന്തന്മാരെ വല്ലപ്പോഴുമേ കാണാറുള്ളൂവെന്നും അവർ പറഞ്ഞു.
വ്യൂ പോയിൻറിലെത്തി, അവിടെ നിന്ന് നോക്കുമ്പോൾ താഴെ ഒരു വെള്ളച്ചാട്ടം കാണാം, നാരായണപുരം വാട്ടർ ഫാൾസ് ആണ് അതെന്ന് അവിടത്തെ കടക്കാരൻ പറഞ്ഞു, ഒരു അറബി സഞ്ചാരി ടീം ഭക്ഷണം പാകം ചെയത് കഴിക്കുന്നതും, ഉത്തരേന്ത്യൻ പെൺകുട്ടികൾ, “ചിൻ അപ്, ഷോൾഡർ ഡൗൺ” എന്നൊക്കെ പറഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുന്നതും അവിടെ കണ്ടു, അവിടെ കണ്ട കടയിൽ നിന്ന് പേരക്കയും വാങ്ങി കഴിച്ച് ഒരു ബോട്ടിൽ വെള്ളവും വാങ്ങി 4:10 ആയപ്പോൾ ഞങ്ങൾ മടക്കയാത്ര തുടങ്ങി.
നാടുകാണി – കച്ചിറപ്പടി – കാനത്തേൽ റോഡിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി കുറച്ചു ദൂരം കോൺക്രീറ്റ് വഴിയാണ് പിന്നെ മൺ വഴി ചിലയിടത്ത് ഓഫ് റോഡ് വഴി അതല്ലാം ആസ്വദിച്ച് അരികിൽ കണ്ട തോട്ടിൽ നിന്നും കെകാലുകളും മുഖവും കഴുകി ഫ്രഷായി, പിന്നീട് നല്ല കിടിലൻ ഹെയർ പിൻ വളവോടു കൂടിയ കോൺക്രീറ്റ് വഴിയിലൂടെ ഞങ്ങൾ താഴേക്ക് നടന്നു. 4:50 ന് കച്ചിറപ്പടി(പന്നിയാർ കുട്ടി) ബസ്റ്റോപ്പിലെത്തി. അവിടെ നിന്നും 5:10 ന്റെ ഗുരുദേവ് ബസ്സിന് കയറി 13 രൂപ ടിക്കറ്റെടുത്ത് 5:40 ന് കല്ലാർകുട്ടിയിലെത്തി. നേരെ കല്ലാർകുട്ടി ഡാമിലേക്ക് നടന്നു 6:10 ന്റെ നെടുംകണ്ടം KSRTC (നെടുംകണ്ടത്തേക്കുള്ള ലാസ്റ്റ് ബസ്സ്) വരുന്നവരെ കല്ലാർകുട്ടി ഡാമിൽ ചിലവഴിച്ചു. ആ ബസ്സിൽ നൗഫലിനെ യാത്രയാക്കി, 6:15 ന്റെ മരിയ മോട്ടോർസ് ബസ്സിൽ കയറി 13 രൂപ ടിക്കറ്റെടുത്തു 6:30 ന് ഞാൻ അടിമാലിയിൽ തിരികെയെത്തി.
തികച്ചും മനം നിറഞ്ഞ ഒരു ഫ്രന്റ്ഷിപ്പ് ഡേ സമ്മാനിച്ച, നൗഫലിനും ഇതിൽ പ്രതിപാദിച്ച മറ്റു കഥാപാത്രങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് ഈ കുറിപ്പിന് ഇവിടെ വിരാമമിടുന്നു.