ഇന്നുവരെ ആരും കേൾക്കാത്ത കഥകളും കാണാത്ത കാഴ്ചകളൂം തേടി ഗവിയിലേക്ക്…….
“പോയവരാരും തിരികെ വരാത്ത ഗവി ” ആനവണ്ടിയിലൂടെ ആനകളെ കാണാൻ ഗവിയിലേക്ക് – അതായിരുന്നു യാേത്രാദ്ദേശ്യം. സാധാരണക്കാർ കൂടുതലുള്ള കേരളത്തിൽ സഞ്ചാരങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നതും നമ്മുടെ ആനവണ്ടിയെ തന്നെയാണ്. ഏത് യാത്രയും പരിപൂർണമാകണമെങ്കിൽ സാരഥി ആയി ആനവണ്ടിതന്നെ വേണം. കയറ്റങ്ങളും ഇറക്കങ്ങളും കുലുക്കങ്ങളും അങ്ങേയറ്റം ആസ്വദിക്കാനും വഴിമാറിക്കിടക്കുന്ന ശിലകളെ വഴിയോരത്തേക്ക് ചിതറിത്തെറിപ്പിച്ച് ജനൽക്കമ്പികൾക്കുള്ളിലൂടെ പ്രദർശനമേളയൊരുക്കി മുന്നേറുന്നു.

ഇരുണ്ട ആഫ്രിക്കയിൽനിന്ന് കടൽ താണ്ടി 1950 മാർച്ചിൽ ധവളമായ യൂറോപ്പിെൻറ മണ്ണിലെത്തി, താൻ കോഴിക്കോെട്ട പുതിയറയിൽനിന്ന് വരുന്നു എന്നു പറഞ്ഞപ്പോൾ ‘‘you are the prince of puthiyara’’ എന്ന ജമൈക്കക്കാരി റീമയിലൂടെ ‘യാത്ര നമ്മുടെ നാട്ടിൽ സമ്പന്നർക്ക് മാത്രമല്ല സാധാരണക്കാരനുകൂടി അവകാശപ്പെട്ടതാണെ’ന്ന് എസ്.കെ. പൊെറ്റക്കാട്ട് തുറന്നുകാട്ടി. അത്തരത്തിൽ സാധാരണക്കാരുടെ സ്വന്തം വണ്ടിയാണ് ആനവണ്ടി.
ഗവിയിലെ രാധാകൃഷ്ണൻ സാറിെൻറ ക്ഷണം സ്വീകരിച്ച് ഒരു വെള്ളിയാഴ്ച വൈകുന്നേരം തൃശൂരിൽനിന്ന് 3.45നുള്ള ഫാസ്റ്റിൽ യാത്ര തുടങ്ങി. ഒമ്പതുമണിയോടെ പത്തനംതിട്ടയിൽ വണ്ടി ഇറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിൽ 400 രൂപക്ക് റൂമെടുത്തു. അടുത്ത ദിവസം രാവിലെ 6.30ന് ഗവി ബസ് പുറപ്പെടുന്നതിനാൽ ആദ്യത്തെ സീറ്റ് പിടിക്കാനായി അഞ്ചുമണിക്കുതന്നെ എഴുന്നേറ്റ് ഫ്രഷ് ആയി ആറു മണിക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഗവി ബസിനു മുന്നിൽ ഹാജരായി. ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഇരിപ്പുറപ്പിക്കാം എന്ന ആശയിൽ ബസിനുള്ളിൽ കയറിയപ്പോൾ അതിനുള്ളിലെ കാഴ്ച കണ്ട് പടിയിൽതന്നെ നിന്നുപോയി.

ഒരൊറ്റ സീറ്റ് പോലും ഒഴിവില്ല. അതിരാവിലെ എന്നെക്കാളും വേഗത്തിലും ആകാംക്ഷയിലും വണ്ടിക്കുള്ളിൽ സ്ഥാനംപിടിച്ചവരായിരുന്നു ഒാരോരുത്തരും. ആ ഒരൊറ്റ നിമിഷത്തിെൻറ ആശയുടെ മുക്കാൽഭാഗവും നിരാശയിലേക്ക് വഴുതിവീണ എെൻറ മുഖഭാവങ്ങൾ ശ്രദ്ധിച്ചിട്ടാകാം ഡ്രൈവർ രമേശ് ചേട്ടൻ കാഴ്ചകളെ വേണ്ടുവോളം ആസ്വദിക്കാനും തനിക്കൊപ്പം മറ്റുള്ളവരെ നയിക്കാനുമായി വണ്ടിയുടെ എൻജിൻപുറത്ത് അൽപം സ്ഥലം നൽകി. ഗവിയുടെ വഴികളിൽ കാലങ്ങളായി വളയം പിടിക്കുന്ന കൈകളെത്തന്നെ ഗൈഡായി കിട്ടിയതിൽ അതീവ സന്തോഷവാനായിരുന്നു ഞാൻ.
പലർക്കും കേട്ടറിവുകളിലൂടെയും, ഒാർഡിനറി സിനിമ പോലുള്ള ദൃശ്യവിസ്മയങ്ങളിലൂടെയും ഉള്ളിൽ ഉണർന്ന മോഹമാണ് ഗവി ദർശനമെങ്കിൽ മറ്റു ചിലർക്ക് ഗവിയുടെ സൗന്ദര്യത്തിെൻറ ഒരംശമെങ്കിലും തെൻറ നാട്ടിൻപുറങ്ങൾക്കുണ്ടെങ്കിൽ ആ പ്രദേശം ആ നാടിെൻറ ഗവി ആയി മാറുകയാണ്. കോഴിക്കോടിെൻറ ഗവി, വയനാടിെൻറ ഗവി എന്നിങ്ങനെ പലയിടങ്ങളിലും ഗവിക്ക് തെൻറ പേരിൽ അറിയപ്പെടുന്ന സന്താനങ്ങളുണ്ട്. എന്തായാലും 6.30 കൂടി ആന വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ട് ഒാടിത്തുടങ്ങിയപ്പോൾ എെൻറ ഗവി.

പത്തുവർഷം മുേമ്പ ഒരു പെസഹ വ്യാഴം. സമയം രാവിലെ 4.30. നിൽക്കുന്നത് പത്തനംതിട്ടയിലെ വടശേരിക്കര എന്ന സ്ഥലത്ത്. സ്ഥിരമായി മൂന്നാറും, ഉൗട്ടിയും, കൊടൈക്കനാലും പോയി മടുത്ത ഞങ്ങൾക്ക് ഒരു പുതിയ സ്ഥലം – അതാണ് ലക്ഷ്യം. അങ്ങനെ കേട്ടറിവോ കണ്ടറിവോ മാപ്പ് അറിവോ (ഗൂഗ്ൾ) ഇല്ലാത്ത ഗവി എന്ന സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നു. വഴിയുടെ സംശയം തീർക്കാൻ നിർത്തിയതാണ് ഇവിടെ. അവിടെ പത്രക്കെട്ടുകൾ അടുക്കുകയായിരുന്ന ഒരു പുള്ളിക്കാരനോട് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ ഒരു സ്ഥലമേ കേട്ടിട്ടില്ല. രണ്ടാമത് ഒരാേളാട് ചോദിച്ചതുതന്നെ തെറ്റായിപ്പോയി എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. കാരണം, ‘‘നീയൊക്കെ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്, തിരിച്ച് ചെല്ലത്തില്ലെന്ന്’’ എന്നായിരുന്നു മറുപടി. ഇൗ സമയം അവിടെ ഉണ്ടായിരുന്ന ടാക്സി ഡ്രൈവറോട് അന്വേഷിച്ചപ്പോൾ പുള്ളിക്കാരൻ ബാക്കിയുള്ള ഡ്രൈവർമാരെ കൂടി വിളിച്ചുവരുത്തി.

എന്ത് നല്ല മനുഷ്യൻ, ഞങ്ങളെ സഹായിക്കാനായി എല്ലാവരെയും വിളിച്ചുവരുന്നു എന്ന തോന്നൽ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. അന്നാണ് ആദ്യമായി 7.1 ഡിജിറ്റൽ സറൗണ്ട് സിസ്റ്റം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത്. ഒാരോ വശത്തുനിന്നും ഒാരോരുത്തർ അങ്ങ് തുടങ്ങി. ‘‘എവിടെയ്ക്ക് ഗവിക്കൊ?’’ ‘‘അതേ… ഗവിയിൽ പോയവരാരും ഇന്നുവരെ തിരിച്ചുവന്നിട്ടില്ല’’. ‘‘കഴിഞ്ഞ ആഴ്ച പോയ ഒരാളെ കാട്ടുപോത്ത് കുത്തിക്കൊന്നു’’. ‘‘രണ്ടു ദിവസം മുന്നേ പോയ രണ്ടുപേരെ ആന ചവിട്ടിക്കൊന്നു’’. ‘‘ഒരു മാസം മുന്നേ പോയ അഞ്ചുപേരെ പിന്നെ ആരും കണ്ടിട്ടില്ല.’’ അങ്ങനെ ആകെ പേടിപ്പിക്കുന്ന കഥകൾ. അവിടമാകെ ഒരു ഭീതിജനകമായ അന്തരീക്ഷമായി മാറി. എല്ലാവരിലും ഭയത്തിെൻറ വേരുകൾ പടർന്നുകയറി. എങ്കിലും വെച്ച കാൽ പിന്നോട്ട് എടുക്കുന്ന സ്വഭാവം എനിക്കില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവർ പുറത്തു കാണിക്കുന്നില്ല. എന്തായാലും അവസാനമായി തൊട്ടടുത്ത ഒാേട്ടാ സ്റ്റാൻഡിലെ ഒരു ഒാേട്ടാക്കാരനോട് അന്വേഷിച്ചു.
ഗവി എന്ന് വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ച ഞങ്ങളോട് വളരെ ഉച്ചത്തിൽ ആയിരുന്നു പുള്ളിക്കാരെൻറ മറുപടി. അവിടേക്ക് ഇൗ കാറിലൊക്കെ പോയാൽ ആന ചവിട്ടി പൊട്ടിക്കും. മാത്രമല്ല നാലഞ്ച് മണിക്കൂർ കൊടും വനത്തിലൂടെ യാത്ര ചെയ്യണം. അതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാനോ മേറ്റാ വണ്ടി നിർത്തിയാൽ പാമ്പുകൾ വണ്ടിക്കുള്ളിൽ കയറും. അത്രക്ക് പാമ്പ് ശല്യമാണ് പോലും. ഒരു ഭാഗത്ത് ആദ്യമായി ഇങ്ങനെ കിട്ടുന്ന ഒരു യാത്രയുടെ ത്രില്ലും മറുഭാഗത്ത് ഭയാനകമായ ഗവിയും ആയിരുന്നു മനസ്സിൽ. ഒടുവിൽ ഗവി കാണാനായി ഞങ്ങൾ അങ്ങ് തിരുവനന്തപുരത്തുനിന്നുമാണ് വരുന്നത് എന്നൊക്കെ ഉള്ള ഞങ്ങളുടെ സങ്കട വാക്കുകൾ കേട്ട് പുള്ളിതന്നെ ഒരു ഉപായം പറഞ്ഞുതന്നു. ആ ഉപായം ആയിരുന്നു ഇന്ന് ഞാൻ യാത്ര ചെയ്യുന്ന ഇൗ ആനവണ്ടി. 6.30ന് ഗവിക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് വരും. അതിനു പുറകെ പോയാൽ വന്യജീവികളിൽനിന്നു രക്ഷപ്പെടാം.

വർഷങ്ങൾ പഴക്കമുള്ള ആ ഒാർമകളിൽനിന്ന് കണ്ടക്ടർ ജോണിച്ചേട്ടൻ എന്നെ തട്ടി ഉണർത്തി. ‘‘സർ, ഇതാണ് അവസാന കവല. ഇനി അങ്ങോട്ട് നിബിഡ വനമാണ്. ആഹാരം കഴിക്കാനാണ് വണ്ടി നിർത്തിയത്. അത്യാവശ്യ സാധനങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്ന് വാങ്ങിക്കോളൂ’’…ഇന്ന് ആ പഴയ പേടിപ്പിക്കുന്ന ഗവി അല്ല പുത്തൻ ഉടുപ്പ് അണിഞ്ഞുനിൽക്കുന്ന ഗവിയിൽ സഞ്ചാരികളുടെ പ്രളയം ആണെന്ന് പറയാം. ത്രില്ലടിപ്പിക്കുന്ന ഒരു കാട് യാത്ര ആണെങ്കിൽ ഇൗ ആനവണ്ടിയിൽ വരാം. അല്ലാതെ നഗരത്തിെൻറ തിരക്കുകളിൽനിന്ന് ഒഴിഞ്ഞു സമാധാനമായി രണ്ടു ദിവസം മണ്ണിനോടും മരങ്ങേളാടും കഥ പറഞ്ഞും കാടിെൻറ കാലൊച്ചകൾ കാതോർത്തും സായാഹ്നത്തിൽ മഞ്ഞ് മൂടുന്ന തടാകക്കരയിൽ കിന്നാരം പറഞ്ഞും രാവിലെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലനിരകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളിമേഘങ്ങളെ കണികാണാനും ആണെങ്കിൽ ഗവിയിൽ ഒരു ദിവസം താമസിക്കണം. ആർത്തുല്ലസിക്കാനും ഒരു അടിച്ചുപൊളിക്കും ഗവിയിൽ സ്ഥാനം ഇല്ല.
ഭക്ഷണത്തിനുശേഷം വണ്ടി പതുക്കെ നഗരയാമങ്ങളെ താരാട്ടുപാടി ഉറക്കി കാടിെൻറ വിജനതയിലും പ്രകൃതിയുടെ പുൽപ്പരപ്പിലും തണുപ്പുതേടി യാത്ര തുടർന്നിരിക്കുന്നു. നാലു ഡാം റിസർവോയറുകളാണ് പ്രധാനമായും ഗവിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നത്. മൂളിയാർ ഡാം, ആനത്തോട് ഡാം, കക്കി ഡാം, പമ്പ ഡാം. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ ഒരേ സമയം ഒരു വണ്ടിക്കു മാത്രമേ സഞ്ചരിക്കാനാകൂ. വഴിയിൽ പലയിടങ്ങളിലായി കാട്ടാനകൾ വലിച്ചെറിഞ്ഞ ഇൗറ്റയുടെ അവശിഷ്ടങ്ങളും വഴിയരികിൽ പറ്റിച്ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും യാത്രയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ അതിരാവിലെയുള്ള ബസ് യാത്ര ആയതിനാൽ ആനകൾ റോഡിൽ കാണാനുള്ള സാധ്യത കൂടുതലാണെന്നുള്ള കണ്ടക്ടറുടെ ഒാർമപ്പെടുത്തലും. കേവലം ഒരു ബസ് കഷ്ടിച്ച് കടന്നുപോകുന്ന ഇൗ കാനന പാതയിൽ കൊമ്പനെ കണ്ടാൽ എല്ലാം തീർന്നതുതന്നെ എന്ന ഭയപ്പാടിൽ ഇരിക്കുേമ്പാഴാണ് പെെട്ടന്ന് ആ ഒറ്റയാെൻറ എളുന്നള്ളത്.

എല്ലാവരും ഒരേ മനസ്സിൽ പറഞ്ഞു ‘‘െദെവമേ പെട്ടു.’’ ഇരു ഭാഗത്തുനിന്നും പച്ച വർണങ്ങളാൽ ഒരുക്കി ആലവട്ടവും വെഞ്ചാമരവും വീശിക്കൊണ്ടുള്ള ആ വരവ് കണ്ടപ്പോൾ കാട്ടിലെ കൊമ്പെൻറ എഴുന്നള്ളത്തായി തോന്നിപ്പോയി. കുമളിയിൽനിന്ന് രാവിലെ 5.45ന് ഗവി വഴി പത്തനംതിട്ടക്ക് പുറപ്പെടുന്ന ബസാണിത്. രണ്ടു കൊമ്പന്മാരുടെ കാഴ്ച ഇടുങ്ങിയ പാതകളിൽ വെച്ചായിപ്പോയാൽ ഏതെങ്കിലും ഒരു ബസ് ചിലപ്പോൾ കിലോമീറ്ററുകളോളം പിറകോട്ട് എടുക്കേണ്ടി വരും. അതാണ് ഇവിടെയും സംഭവിച്ചത്. ഇവിടെ ഞങ്ങൾ തോൽക്കാതെ നിവൃത്തിയില്ല എന്ന് മനസ്സിലാക്കിയ രമേഷേട്ടൻ ബസ് കുറെ ദൂരം കണ്ടകാഴ്ചകൾ ഒന്നുകൂടി റിവൈൻഡ് ചെയ്ത് കാണിച്ചുതന്നു. പുതിയ പാട്ട് എത്ര തവണ റിവൈൻഡ് ചെയ്ത് കേട്ടാലും മതിവരാത്തതുപോലെ ആ കാഴ്ചകൾ ഒന്നുകൂടി പിറകിലോെട്ടടുത്തപ്പോൾ കൂടുതൽ ആസ്വാദനമാണ് നൽകിയത്.
ബസിലെ സ്ഥിരം യാത്രക്കാരായ കവിതയും ജയയും, അടുത്തതായി ആ ബസിൽ പരിചയപ്പെട്ടത് അതിെൻറ സ്ഥിരം സഞ്ചാരികളായ കവിത, ജയ എന്ന രണ്ടു വനിതകളെ ആയിരുന്നു. ‘സുരക്ഷിത ബാല്യം സുന്ദര ബാല്യം’ എന്ന പ്രോഗ്രാമിെൻറ ഭാഗമായാണ് ഇവർ ഗവിക്ക് ബസ് കയറുന്നത്. അവിടെ വസിക്കുന്ന കുട്ടികളിൽ വിദ്യാഭ്യാസത്തിെൻറ ആവശ്യകത മനസ്സിലാക്കിക്കുക, ഇടക്കിടെ ക്ലാസ് മുടക്കി പണിക്കുപോകുന്നവരെ തിരിച്ച് സ്കൂളിലേക്ക് കൊണ്ടുവരുക, കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവയിൽ പെങ്കടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ കാടു കയറുന്നത്. രാവിലെ 6.30െൻറ ബസിൽ ഗവിക്കും തിരിച്ച് 2.45െൻറ ബസിൽ ഗവിയിൽനിന്ന് തിരിച്ചും പോകുന്ന ഇവർക്കും പറയാനുണ്ട് പേടിപ്പിക്കുന്ന ഒരുപാട് കഥകൾ. അവധി ദിവസങ്ങളിൽ മാത്രമാണ് ആനവണ്ടിയിൽ തിരക്ക് അനുഭവപ്പെടാറ്. അല്ലാത്ത ദിവസങ്ങളിൽ പലപ്പോഴും ഇവർ തനിച്ചാകാറുണ്ട്. അങ്ങനെ ഇൗ അടുത്തിടെ ഗവിയിൽനിന്നും തിരികെ വരുന്ന വഴി ബസിൽ നാലുപേർ മാത്രം. കണ്ടക്ടർ, ഡ്രൈവർ, ഒരു കെ.എസ്.ഇ.ബി ജീവനക്കാരൻ, പിന്നെ നമ്മുടെ കവിതയും. വഴിയുടെ മോശം അവസ്ഥ കാരണം ആനവണ്ടി കൊടുംകാടിനു നടുവിൽ പണിമുടക്കി. കവിത ആകെ പേടിച്ചു വിരണ്ടു. കാരണം, നേരം സന്ധ്യയോട് അടുക്കുന്നു. വന്യമൃഗങ്ങൾ ഏതു നിമിഷവും പ്രത്യക്ഷപ്പെടാം.

സ്ഥിരമായി ആനശല്യമുള്ള വഴിയാണ്. കാട്ടിൽ കയറിയാൽ പിന്നെ പുറത്തിറങ്ങുന്നതുവരെ മൊബൈൽ ഫോണിന് സിഗ്നലും ലഭിക്കില്ല. അതിനാൽ, ഗാരേജുമായി ബന്ധപ്പെടാൻ വർഷങ്ങളായി സംവിധാനങ്ങളില്ല. എത്തിച്ചേരേണ്ട സമയം കഴിഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞും എത്തിച്ചേർന്നില്ലെങ്കിൽ ഗാരേജിൽ ഉള്ളവർ മനസ്സിലാക്കുന്നു, വണ്ടി വഴിയിൽ കുടുങ്ങിയിട്ടുണ്ടെന്ന്. അതിനുശേഷമാണ് അവർ വണ്ടിയുമെടുത്ത് കാടു കയറുന്നത്. അന്ന് സമയം അഞ്ചുമണി. ബസ് അവിടെ എത്തേണ്ടത് ഏഴുമണിക്ക്, എട്ടു മണിവരെ അവർ നോക്കുമായിരിക്കും. അതിനുശേഷം കാടിനുള്ളിലേക്ക് വരുകയോ ഇവിടന്ന് അവിടേക്ക് പോകുകയോ നടക്കുന്ന കാര്യമല്ല എന്ന് അറിയാവുന്ന കവിത എല്ലാ ദൈവങ്ങളേയും വിളിച്ച് മനമുരുകി പ്രാർഥിച്ചു. അധികം താമസിയാതെ ദൈവം ആ ബസിൽ ഉണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരെൻറ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പുള്ളിക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയർ ആയിരുന്നതിനാൽ വണ്ടിയുടെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കൂറിന് ശേഷം വണ്ടിയുടെ തകരാർ പരിഹരിച്ചു. ഒരുപക്ഷേ, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്ന് കവിത ഇന്നും പറയുേമ്പാൾ കണ്ണുകളിൽ ആ ഭയപ്പാടുണ്ടായിരുന്നു.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത രീതിയിൽ അടുത്ത ദിവസവും ആ കുരുന്നുകൾക്കായി ബസ് കയറുന്ന ഇവരെ കണ്ടാൽ ഒരു സീറ്റ് കൊടുക്കാൻ ആരും മറക്കേണ്ട. ഒപ്പം ഇവരെ എന്നും പൊന്നുപോലെ കാത്തുസൂക്ഷിച്ച് കാട്ടിലൂടെ കൊണ്ടുവരുന്ന കണ്ടക്ടർമാർക്കും ഡ്രൈവർക്കും ഒരു ബിഗ് സല്യൂട്ടും. കഥകൾ ഒക്കെ കേട്ട് വണ്ടി വശ്യസുന്ദരമായ കക്കി ഡാമിനടുത്ത് എത്തിയിരിക്കുന്നു. സഞ്ചാരികളെ അവിടെ ഇറക്കി ആ മനോഹര കാഴ്ചകൾ കാണിച്ചശേഷമാണ് വണ്ടി പുറപ്പെടുന്നത്. കക്കി ഡാം കഴിഞ്ഞാൽ പിന്നെ വണ്ടി നിർത്തുക എക്കോ പാറയിലാണ്. കക്കി ഡാം പണിയാൻ വേണ്ടി പാറപൊട്ടിച്ച സ്ഥലമാണ് ഇവിടം. ഉറക്കെ കൂവിയാൽ ശബ്ദം പ്രതിധ്വനിക്കുന്നതു കാരണമാണ് ആ പേര് ലഭിച്ചത്. വഴിയോര കാഴ്ചകൾ ആസ്വദിച്ച് വീണ്ടും മുന്നോട്ടുപോയപ്പോഴാണ് മലമുകളിലെ സഹ്യെൻറ പുത്രൻ എല്ലാവർക്കും ദർശനം നൽകിയത്.

എെൻറ കാമറകൾ ആരെയാണ് തേടിവന്നത് അവർ അതാ ആ മലമുകളിൽ. ലെൻസിെൻറ പരിമിതിയിൽ ദൂരെയുള്ള ആ കാഴ്ച ഞാൻ പകർത്തിയെടുക്കുേമ്പാഴേക്കും ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലമായിരുന്നു. കൊച്ചു പമ്പ. ഇവിടെയാണ് ആനവണ്ടിയിൽ വരുന്നവർ ഇറങ്ങാറ്. കാരണം, അവർക്കുള്ള ആഹാരം, ബോട്ടിങ് ഒക്കെ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്. പാക്കേജ് എടുക്കുന്നവർക്ക് മാത്രമാണ് ഗവിയിൽ സൗകര്യങ്ങൾ ഉള്ളത്. അല്ലാത്തവർ ഭക്ഷണത്തിനുശേഷം കാട്ടിനുള്ളിലൂടെ ഒരു ബോട്ടിങ്ങും നടത്തി ഇൗ വണ്ടി തിരികെ വരുേമ്പാൾ അടുത്ത സാഹസികയാത്ര തുടരുന്നു.
കൊച്ചു പമ്പയിൽ വണ്ടി ഇറങ്ങുേമ്പാൾ കവിതയും ജയയും എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. ആ കാര്യം ഇത് വായിക്കുന്ന ഒാരോരുത്തരോടും ഞാനും ആവശ്യപ്പെടുന്നു. ‘‘സർ എന്നും ഇൗ പണി മുടക്കുന്ന പഴഞ്ചൻ വണ്ടികളാണ് ഗവിക്കു പോകാൻ തരുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചിട്ട് കുടുംബത്തിന് കൊടുക്കുന്ന നഷ്ടപരിഹാരത്തിെൻറ പകുതി തുക പോലും വേണ്ടല്ലോ ആ അപകടം നടക്കാതിരിക്കാൻ’’..

ശ്രദ്ധിക്കേണ്ടവ : പ്രധാനമായും രണ്ടു വഴികൾ മാത്രമാണ് ഗവിയിലേക്കുള്ളത്. 1. പത്തനംതിട്ട ആങ്ങമുഴി സീതത്തോട് കക്കി വഴി. 2. വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി. ആങ്ങമുഴി വളരെ മോശമാണ്. ചെറുവാഹനങ്ങൾ പോകുന്നത് ഉചിതമല്ല. ആനവണ്ടിയിൽ ഇതുവഴി പോകുന്നതാണ് നല്ലത്. കാരണം, കൂടുതൽ കാനനക്കാഴ്ചകൾ ഇൗ വഴിക്കാണ്. ചെറിയ വാഹനങ്ങൾ, കാറുകൾ എന്നിവ വണ്ടിപ്പെരിയാർ വഴി പോകുന്നതാണ് നല്ലത്. KSRTC ബസ്സുകളുടെ സമയവിവരങ്ങള് അറിയുവാന് – CLICK HERE.
By: Sabari Varkala.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog